scorecardresearch

തുടർഭരണം എന്ന യക്ഷപ്രശ്നം

അഞ്ച് വർഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പിൽ മുന്നണി മാറി മാറി വരുന്നു എന്നത് ഏതാണ്ടൊരു ആചാരം പോലെ നടന്നുവരുന്നതാണ് കേരളത്തിലെ നിയമസഭയുടെ സ്വഭാവം. ഇത്രയും കാലം പലരും പണി പതിനെട്ടും പയറ്റിയിട്ടും പലകാരണങ്ങളാൽ മലയാളിയുടെ ആ ആചാരത്തെ തിരുത്തിയെഴുതാൻ സാധിച്ചിട്ടില്ല

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, ldf, എൽഡിഎഫ്, cpm, സിപിഎം, udf, യുഡിഎഫ്, congress, കോൺഗ്രസ്, iuml, മുസ്ലിം ലീഗ്, nda, എൻഡിഎ, bjp, ബിജെപി, pinarayi vijayan, പിണറായി വിജയൻ, kk shailaja, കെ കെ ശൈലജ, vs achuthandan, വിഎസ് അച്യുതാനന്ദൻ, ek nayanar, ഇകെ നായനാർ, oommen chandy, ഉമ്മൻ ചാണ്ടി, ramesh chennithala, രമേശ് ചെന്നിത്തല, mullappally ramachandran, മുല്ലപ്പള്ളി രാമചന്ദ്രൻ, sabarimala, ശബരിമല, kerala assembly election results 2016, നിയമസഭാ തിരഞ്ഞെടുപ്പ് 2016 ഫലം, kerala assembly by election results 2019, നിയമസഭാ ഉപതിരഞ്ഞെടുപ്പ് 2019 ഫലം, pala by election results 2019, പാലാ ഉപതിരഞ്ഞെടുപ്പ് ഫലം, loksabha election results 2019, ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ഫലം,  ie malayalam, ഐഇ മലയാളം

മഹാഭാരതത്തിലെ *യക്ഷപ്രശ്നം  ഉന്നയിക്കുന്ന എക്കാലവും  പ്രസക്തമായ ഒന്നാണ്  “എന്താണ് ആശ്ചര്യം” എന്ന ചോദ്യവും അതിനുള്ള  ഉത്തരവും.  എന്താണ് ആശ്ചര്യം?” എന്ന യക്ഷന്റെ ചോദ്യത്തിന് യുധിഷ്ഠിരന്‍ നൽകിയ   മറുപടി ഇങ്ങനെയാണ്, “ഓരോ ദിവസവും നിരവധി പേർ മരണമടയുന്നു. എന്നാൽ ആ മരണം കാണുന്നവരൊന്നും  തങ്ങള്‍ ഒരിക്കലും മരിക്കുകയില്ല എന്നു വ്യാമോഹിക്കുന്നവരാണ്.”

ഇതുപോലെ ഒരു അവസ്ഥാ വിശേഷമാണ്  എന്താണ് അധികാരം എന്നത്. അധികാരത്തിലിരിക്കുന്നവർ എന്നും തുടർച്ച ആഗ്രഹിക്കുന്നവരാണ്. യയാതിമോഹമാണ് അധികാരത്തിലിരിക്കുന്നവരുടെ മനസിലെല്ലാം പൊതുവിൽ ഉറഞ്ഞുകൂടിയിരിക്കുന്നത്. യൗവനം നിലനിർത്താനായുള്ള യയാതിയുടെ ആഗ്രഹം പോലയാണ് അധികാരം നിലനിർത്താനുള്ള ഭരണാധികാരികളുടെ സ്വപ്ന സഞ്ചാരം.  അമരത്വം എന്ന മനുഷ്യ വ്യാമോഹം പോലെ ഒന്നാണിത്.

കേരള രാഷ്ട്രീയത്തിൽ മുന്നണികൾ മാറി മാറി ഭരിക്കുന്നുണ്ടെങ്കിലും കാലാവധി പൂർത്തിയാക്കുന്ന ഭരണം തുടർച്ചയായി ഉണ്ടായിട്ട് നാൽപത് വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. 1957 മുതലുള്ള കേരള ചരിത്രം പരിശോധിച്ചാൽ 1970 -77 വരെയുള്ള കാലഘട്ടത്തിൽ അടിയന്തരാവസ്ഥയുടെ കൂടി പശ്ചാത്തലത്തിൽ  ഭരണം തുടരുകയും പിന്നീട് അതേ മുന്നണിയുടെ ഭരണം വരുകയും ചെയ്തു എന്നതാണ് സംഭവിച്ചത്. 1970 മുതലുള്ള കാലത്ത് അധികാരത്തിലിരുന്ന സി പി ഐ – കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായിരുന്നു അന്നത്തേത്.

1980 ഓടെ എൽ ഡി എഫ്, യു ഡിഎഫ് എന്നീ സംജ്ഞ മുന്നണി രാഷ്ട്രീയത്തിൽ രൂപപ്പെട്ടു. 1982 ഓടെ അത് ഏതാണ്ട് ലക്ഷണമൊത്ത സമ്പൂർണത കൈവരിച്ചു. പിന്നീട് അഞ്ച് വർഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പിൽ മുന്നണി മാറി മാറി വരുന്നുവെന്നത് ഏതാണ്ടൊരു ആചാരം പോലെ നടന്നുവരുന്നതാണ് കേരളത്തിലെ നിയമസഭയുടെ സ്വഭാവം. ഇത്രയും കാലം പലരും പണി പതിനെട്ടും പയറ്റിയിട്ടും പലകാരണങ്ങളാൽ മലയാളിയുടെ ആ ആചാരത്തെ തിരുത്തിയെഴുതാൻ  സാധിച്ചിട്ടില്ല.

Also Read: തിരഞ്ഞെടുപ്പിലെ മക്കൾ മാഹാത്മ്യം

എന്നാൽ 1987ൽ അധികാരത്തിലേറിയ നായനാർ സർക്കാർ തിരിച്ചുവരവിലെ ചില ലക്ഷണങ്ങൾ കാണിച്ചു. അന്നത്തെ വിലക്കയറ്റവും മറ്റ് പ്രതിസന്ധികളും പരിഹരിക്കുന്നതിൽ ആ സർക്കാർ താരതമ്യേന നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ഭക്ഷ്യമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ നടന്ന മാവേലി സ്റ്റോറുകൾ, സഹകരണ മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്റെ നേതൃത്വത്തിൽ ത്രിവേണി സ്റ്റോറുകൾ എന്നിവയൊക്കെ സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിൽ റേഷൻകടകൾക്കു പുറമെ വലിയ പങ്ക് വഹിച്ചു. അക്കാലത്ത് എല്ലാവർക്കും റേഷൻ ഒരുപോലെ ലഭ്യമായ കാലവുമായിരുന്നു. മാത്രമല്ല, ഇടക്കാലത്ത് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ വി.പി സിങ് സർക്കാർ കേരളത്തിനെ പലവിധത്തിൽ കൈയയച്ച് സഹായിക്കുകയും ചെയ്തു. കേരളത്തിൽ അതുവരെയില്ലാത്ത വിധം കൃത്യയോടെ ക്ഷേമപെൻഷനുകൾ, തൊഴിലില്ലായ്മ വേതനം എന്നിവ വിതരണം ചെയ്തു.  ഇതിനൊപ്പം സർക്കാർ നേതൃത്വത്തിൽ നടത്തിയ സാക്ഷരതാ പ്രവർത്തനം ജനങ്ങളെ അണിനിരത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.

ഇറാഖിനെതിരെ അമേരിക്ക നടത്തിയ അധിനിവേശത്തിനെതിരെ നിലപാടെടുത്ത സിപിഎമ്മിനൊപ്പം കേരളത്തിലെ വലിയൊരു വിഭാഗം നിലകൊണ്ടു. അന്ന് കേരളത്തിൽ നിലനിന്നിരുന്ന സാമ്രാജ്യത്വവിരുദ്ധതയും സെക്കുലർ മനോഭാവവും ഗൾഫ് മലയാളികളുടെ ആശങ്കയുമൊക്കെ ആ നിലപാടിന് കൂടുതൽ പിൻബലമായി. ഈ പശ്ചാത്തലത്തിലാണ് അധികാരവികേന്ദ്രീകരണത്തിലെ ആദ്യ ശ്രമമായ ജില്ലാകൗൺസിൽ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 14 ജില്ലകളിൽ 13 ലും എൽ ഡി എഫ് ഭൂരിപക്ഷം നേടി. അതേത്തുടർന്ന് ഭരണത്തുടർച്ച എന്ന മോഹം എൽ ഡിഎഫിലും സിപി എമ്മിലും മൊട്ടിട്ടു. മുഖ്യമന്ത്രിക്കുപ്പായം തുന്നി,  നാല് വർഷം പ്രായമായ മന്ത്രിസഭ പിരിച്ചുവിട്ട് 1991ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം എൽ ഡി എഫ് രംഗത്തിറങ്ങി. എന്നാൽ ഫലം തോൽവിയായിരുന്നു. അതിന് പ്രധാന കാരണങ്ങളിലൊന്ന്  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതാണ്. അതേത്തുടർന്നുണ്ടായ സഹതാപ തരംഗം കേരളത്തിലെ വിധി മാറ്റിയെഴുതുന്നതിൽ വലിയ പങ്ക് വഹിച്ചു.  എന്നാൽ, അത് മാത്രമായിരുന്നില്ല കാരണം, ഒന്ന് നാല് വർഷത്തെ ഭരണം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരിൽ നല്ലൊരു പങ്കും സർക്കാരിന് എതിരായിരുന്നു. അതുപോലെ ഭരണമാറ്റം വേണമെന്ന മലയാളിയുടെ ആഗ്രഹത്തിന് മാറ്റം വരുത്താൻ ഒരുവർഷം മുന്പ് നടന്ന തിരഞ്ഞെടുപ്പിന് സാധിച്ചില്ല. പിന്നീട് കുറച്ചുകാലത്തേക്ക് ആ മോഹം ആർക്കുമുണ്ടായില്ല.

1636 വോട്ടിനു നഷ്ടമായ തുടർഭരണം

തുടർഭരണം എന്ന വ്യാമോഹം പൂട്ടിക്കെട്ടി തട്ടിനു മുകളിലിട്ടാണ് പിന്നെ കുറച്ചുകാലം, ഏകദേശം 20 വർഷം മുന്നണികൾ ഭരിച്ചത്. തുടർഭരണം എന്നു കേൾക്കുമ്പോൾ “മോഹങ്ങൾ മുരടിച്ചു”എന്ന,  കെ പി എ സിയുടെ ‘അശ്വമേധ’ത്തിലെ നാടകഗാനം നമ്മുടെ രാഷ്ട്രീയലോകത്തെ ബി ജി എമ്മായി കേൾക്കുന്നതായിരുന്നു ആ കാലം. അങ്ങനെ മോഹമുക്തരായി ബുദ്ധമനോഭവത്തിലായ മലയാളി രാഷ്ട്രീയക്കാർക്കുമേൽ ജനം വീണ്ടും മോഹമുദ്ര പതിപ്പിച്ചു. സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ ചെറിയ ചില കൈക്കുറ്റപ്പാടുകൾ കൊണ്ട് വി എസ് സർക്കാരിന് 2011ൽ  തുടർഭരണം നഷ്ടമായി.

തിരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് വരെ വി എസ് സർക്കാരിന് ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. തിരിച്ചുവരവ് എന്നത് അജണ്ടയിലേ ഉണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ സി പിഎമ്മിനും തുടർഭരണം എന്ന താൽപ്പര്യം ഉണ്ടായിരുന്നില്ല.  എന്നാൽ ദേശീയതലത്തിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. 2 ജി അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിവിരുദ്ധ പ്രക്ഷോഭ തരംഗം ഇന്ത്യയൊട്ടാകെ  പടർന്നുപിടച്ച കാലമായിരുന്നു അത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമൊന്നും ഇല്ലാതെ എൽ ഡി എഫ് കടന്നുപോകുമ്പോഴാണ് ഈ വിഷയം ഉയർന്നുവരുന്നത്.

ഇതേ സമയത്താണ്, 1982-87ലെ കോൺഗ്രസ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന  ആർ ബാലകൃഷ്ണപിള്ള അഴിമതി നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്  കേസിലെ വിധിവന്നത്. 2011ൽ സുപ്രീം കോടതി വിധി പ്രകാരം ബാലകൃഷ്ണപിള്ളയെ ഒരു വർഷം കഠിന തടവിന് ശിക്ഷിച്ചു. നീണ്ട 25 വർഷം വി എസ് അച്യുതാന്ദൻ നടത്തിയ അഴിമതി വിരുദ്ധ സമരമാണ് ബാലകൃഷ്ണപിള്ളയക്ക് ജയിൽ വാസം ഒരുക്കിയത്. ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. വി എസ് പങ്കെടുക്കുന്ന യോഗങ്ങളിൽ വൻ ജനക്കൂട്ടം എത്തി. അത് ഇന്നത്തേതു പോലെയോ അതിന് മുമ്പുണ്ടായിരുന്ന കാലങ്ങളിലെ പോലെയോ പാർട്ടി മെഷിനറിയുടെ പ്രവർത്തനഫലമായുണ്ടായ ഒന്നായിരുന്നില്ല. മറിച്ച് ഇന്ത്യയൊട്ടാകെ ഉയർന്ന അഴിമതി വിരുദ്ധ സമരത്തിലെ ഊർജ്ജം കൂടെയായിരുന്നു. ദേശീയതലത്തിൽ അത് ബി ജെ പിക്കും തമിഴ്‌നാട്ടിൽ പ്രതിപക്ഷമായിരുന്ന  അണ്ണാ ഡി എംകെയ്ക്കും കേരളത്തിൽ ഭരണപക്ഷമായ എൽ ഡി എഫിനും ഗുണമാകുകയാണു ചെയ്തത്.

Also Read: തിരഞ്ഞെടുപ്പിൽ വിടർന്നും വാടിയും മലയാള സിനിമയും സാഹിത്യവും

2011ൽ പാറശാല, പിറവം, മണലൂർ, അഴീക്കോട് എന്നിങ്ങനെ  നാല് സീറ്റിൽ എല്ലാം കൂടെ ചേർത്താൽ ഭരണമുന്നണിയ്ക്ക് 1636 വോട്ടിന് തോൽവി.  68 സീറ്റ് എൽ ഡി എഫ് നേടിയപ്പോൾ 72 സീറ്റുമായി യു ഡി എഫ് ഭരണം പിടിച്ചെടുത്തു. പിറവം മണ്ഡലത്തിൽ 157 വോട്ടിനാണ് സി പി എമ്മിലെ   എം ജെ ജേക്കബ് യു ഡി എഫ് സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായിരുന്ന കേരളാ കോൺഗ്രസ് (ജേക്കബ്) നേതാവ്   ടി എം ജേക്കബിനോട് തോറ്റത്. തൃശൂരിലെ മണലൂരിൽ സി പിഎമ്മിലെ ബേബി ജോൺ  കോൺഗ്രസിലെ പി എ മാധവനോട്  തോറ്റത് 481 വോട്ടിനാണ്. അഴീക്കോട് എം പ്രകാശൻ മാസറ്റർ ലീഗിലെ കെഎം ഷാജിയോട് 493 വോട്ടിനും പാറശാലയില്‍ ആനാവൂർ നാഗപ്പൻ 505 വോട്ടിന് കോൺഗ്രസിലെ എ ടി ജോർജിനോടും തോറ്റപ്പോൾ എൽ ഡി എഫിന് തുടർഭരണം വീണുടഞ്ഞു.  അങ്ങനെ കഷ്ടിച്ചാണ്  72 എന്ന മാന്ത്രിക സഖ്യയിലേക്ക് യുഡിഎഫ് കടന്നുകൂടിയത്.

പിന്നെ കയ്യാലപുറത്തെ തേങ്ങപോലെ എന്ന ചൊല്ലിനെ അനുസ്മരിപ്പിച്ച് അഞ്ച് വർഷം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി ഭരിച്ചു. അതിനിടെ, സി പി എമ്മിലെ നെയ്യാറ്റിൻകര എം എൽ എ ആയിരുന്ന ശെൽവരാജിനെ അടർത്തിയെടുത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ച് യു ഡി എഫിനുള്ള ആൾബലം ഒന്ന് വർധിപ്പിക്കുകയും ചെയ്തു.

“താക്കോൽ” കൊണ്ട് തുറക്കാനാകാതെ പോയ തുടർഭരണം

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ  2011-16 ലെ യു ഡി എഫ് സർക്കാരിന് കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്കായിരുന്നു വിജയം. അതായത് ഭരണകക്ഷിക്ക് സമ്പൂർണ വിജയം. നെയ്യാറ്റിൻകരയിൽ സി പി എം വിട്ട് എം എൽ എ സ്ഥാനം രാജിവച്ച് കോൺഗ്രസിൽ ചേർന്ന് മത്സരിച്ച ശെൽവരാജ് വിജയിച്ചു. സ്പീക്കറായിരുന്ന  ജി കാർത്തികേയൻ നിര്യാതനായതിനെത്തുടർന്ന് അരുവിക്കരയിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥനും വിജയിച്ചു.

2011 മുതൽ 2016 വരെയുള്ള യു ഡി എഫ് കാലത്ത് അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ ആരോപിക്കപ്പെട്ട സംഭവങ്ങളുണ്ടായി. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയാരോപണവും സമരവുമൊക്കെ ഉയർന്നുവന്നുവെങ്കിലും സെക്രട്ടേറിയറ്റ് ഉപരോധ സമരം 24 മണിക്കൂർ കൊണ്ട് സി പി എം പിൻവലിച്ചു. അത് പ്രതിപക്ഷമുന്നേറ്റത്തിന് കനത്ത തിരിച്ചടിയായി. എന്നാൽ അഴിമതി ആരോപണങ്ങൾ ഉറച്ചുതന്നെ നിന്നു. അഴിമതിക്കേസിലെ പ്രതി സരിത നായർ, തനിക്കെതിരെ വിവിധ നേതാക്കൾ നടത്തിയ ലൈംഗികാതിക്രമങ്ങൾ പറഞ്ഞ് പരാതി നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി എന്ന നിലയിൽ ജില്ലകൾ തോറും നടത്തിയ ജനസമ്പർക്ക പരിപാടിക്ക് നല്ല പബ്ലിസിറ്റി മാധ്യമങ്ങൾ വഴി കിട്ടിയെങ്കിലും ജനങ്ങൾക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നതായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. അത് വോട്ടാകില്ലെന്ന് മാത്രമല്ല, തിരിച്ചടിയാകുമെന്നും നിരീക്ഷിക്കപ്പെട്ടു. എന്നാൽ, കേരളത്തിലെ മാധ്യമങ്ങൾ തുടർഭരണം എന്ന പ്രതീക്ഷ ജനസമ്പർക്കത്തെ അടിസ്ഥാനമാക്കി  പുലർത്തി. യു ഡി എഫും അത് വിശ്വസിച്ചു.

താഴെതട്ടിലെ സ്ഥിതി പി ആർ വർക്കിന് അനുസൃതമായിരുന്നില്ല.  ഇതിനു പുറമെ  സർക്കാരിന്റെ കാലത്തുണ്ടായ അനാവശ്യവിവാദങ്ങളും പങ്കു വഹിച്ചു. എൻ എസ് എസാണ് ആ വിവാദങ്ങളൊക്കെ ഉണ്ടാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത്. നായർ സമുദായ അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ മാറ്റി മറ്റൊരു നായർ സമുദായംഗമായ രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയ താക്കോൽ സ്ഥാന വിവാദം,  മുസ‌്‌ലിം ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടെ നൽകിയതിനെത്തുടർന്ന് എൻ എസ് എസ് നേതൃത്വത്തിൽ കലുഷിതമാക്കിയ അഞ്ചാം മന്ത്രി വിവാദം  തുടങ്ങിയവ അതിൽ പ്രധാനമായിരുന്നു.oomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം

കാരുണ്യ പദ്ധതി ജനോപകരപ്രദമായിരുന്നുവെങ്കിലും പല ജനക്ഷേമപദ്ധതികളും പ്രഖ്യാപനങ്ങളിലും ചടങ്ങളിലുമായി ഒതുങ്ങിയെന്നതായിരുന്നു യാഥാർത്ഥ്യം. ഭരണവിരുദ്ധ വികാരത്തിലെ ശക്തി കാണാൻ  സർക്കാരോ മാധ്യമങ്ങളോ തയാറായില്ല. സ്ഥാനാർത്ഥി നിർണയവും അതുമായി ബന്ധപ്പെട്ട്  നടന്ന വിവാദങ്ങളും ഈ വിഷയത്തെ കൂടുതൽ വഷളാക്കി. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ തന്നെ മാറ്റം വരുത്തി. ഇതൊക്കെ യു ഡി എഫിന് എതിരായി വന്നപ്പോൾ സി പി എമ്മും എൽ ഡി എഫും നടത്തിയതു ചിട്ടയായ ക്യാംപെയിൻ ആയിരുന്നു. ഇത് എൽ ഡി എഫിനെ ഭരണത്തിൽ വരുന്നതിന് സഹായിച്ചു. അതോടെ തുടർഭരണത്തിലെ മൂന്നാം സ്വപ്നവും പൊലിഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായി.

തുടർഭരണ സ്വപ്നത്തിന് വഴിവെട്ടി നൽകിയത് പ്രതിപക്ഷം

ഇ. അഹമ്മദ് നിര്യാതനായതിനെത്തുടർന്ന് നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹം എം എൽ എ സ്ഥാനം രാജിവച്ചതിനെത്തുടർന്ന്  നടന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെഎൻഎ ഖാദും ലീഗ് സ്ഥാനാർഥികളായി ജയിച്ചു. ചെങ്ങന്നൂർ എം എൽ എയായിരുന്ന കെ. കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാൻ സി പി എം സീറ്റ് നിലനിർത്തി.

Also Read: കോ ലീ ബി സഖ്യം -1991ൽ നിന്നും 2021ൽ എത്തുമ്പോൾ

ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ കോൺഗ്രസ് തുടങ്ങിവച്ചതും ബി ജെപിയും മറ്റ് ഹിന്ദുത്വവാദികളും എൻ എസ് എസും ഏറ്റെടുത്തു നടത്തിയതുമായ സമരവും ബഹളവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വെല്ലുവിളികളും ഹർത്താലുമൊക്കെ കഴിഞ്ഞ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫാണ് വിജയം കണ്ടത്. എൽഡിഎഫ് ഒരു സീറ്റിൽ ഒതുങ്ങിയപ്പോൾ ബി ജെ പി ഒരു സീറ്റിൽ പോലും ജയിച്ചില്ല. അതുകഴിഞ്ഞ് കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന പാല  ഉപതിരഞ്ഞെടുപ്പിൽ, എൽ ഡി എഫിനൊപ്പം ഉണ്ടായിരുന്ന മാണി സി കാപ്പൻ ജയിച്ചു.

ലോക്‌സഭയിലേക്കു ജയിച്ചുപോയ എം എൽ എ മാർ രാജിവച്ച മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല വച്ചായിരുന്നു കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡിഎഫും ബി ജെ പി നേതൃത്വം നൽകുന്ന എൻഡിഎയും കളിച്ചത്. പക്ഷേ, ഫലം എൽ ഡി എഫിന് എതിരായില്ലെന്നു മാത്രമല്ല,  മൊത്തത്തിൽ അനുകൂലമാവുകയും ചെയ്തു. കുറച്ചുകാലമായി ഉപതിരഞ്ഞെടുപ്പുകളിൽ തോൽവി മാത്രം നേരിട്ടിരുന്ന ഇടതുമുന്നണി, യു ഡി എഫിൽനിന്നു രണ്ട് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു.  സിപി എമ്മിന്റെ സിറ്റിങ് സീറ്റായ അരൂർ എൽ ഡി എഫിന് നഷ്ടമായെങ്കിലും കോൺഗ്രസിൽനിന്ന് വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ പിടിച്ചെടുത്തു.

ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ നഷ്ടമുണ്ടായ പാർട്ടി ബി ജെ പിയായിരുന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിക്കെതിരെ  യു ഡി എഫിന്റെ ലീഗ് സ്ഥാനാർത്ഥി ലീഡ് വൻ തോതിൽ വർധിപ്പിച്ചു. വട്ടിയൂർക്കാവിലുണ്ടായിരുന്ന രണ്ടാം സ്ഥാനം പോയി. മൊത്തത്തിൽ അരലക്ഷത്തിലേറെ വോട്ടും കുറഞ്ഞു.

ഇതു കഴിഞ്ഞ് വൈകി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ശബരിമല പ്രധാനവിഷയമായി. ഒപ്പം സ്വർണക്കടത്ത്, സ്പ്രിങ്ക്ളർ, ബ്രൂവറി, പി എസ് സി  എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ സജീവമായി  നിലനിർത്തി. എന്നാൽ അതൊന്നും പ്രതിപക്ഷ കക്ഷികൾക്ക് അധിക വോട്ടായി മാറിയില്ല. കോവിഡ് കാലത്തെ സർക്കാർ നടപടികളാണോ പ്രാദേശിക തലത്തിലെ സംഘടനാപ്രവർത്തനം ശക്തമായിരുന്നതോ അതോ  പ്രതിപക്ഷ പാർട്ടികളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളിയതാണോ?  അവർ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായതാണോ? തുടങ്ങി എന്തെല്ലാം ഘടകങ്ങളാണ്  എൽ ഡി എഫിന് അനുകൂലമായതെന്ന് സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ട വസ്തുതകളാണ്.pinarayi vijayan,Tashi Tobgyal, interview

ഈ ഫലത്തിന്റെ തുടർച്ചയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം എത്തുന്നത്. ഇതോടെയാണ് കേരളത്തിൽ തുടർഭരണം എന്ന വിഷയം സജീവ ചർച്ചയാകുന്നതും. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ഒരു സർവേ ഫലം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. കേരളത്തിലെ സമീപകാലാവസ്ഥയിൽ തുടർഭരണം അസാധ്യമായ ഒന്നല്ല എന്ന വിശ്വാസം പ്രകടിപ്പിക്കുന്നവർക്കു പോലും മുൻകാല അനുഭവങ്ങൾ അതിന് അനുകൂലമല്ല എന്ന കാര്യം പറയേണ്ടി വരുന്നുണ്ട്.

കേരളത്തിൽ 2016 ൽ അധികാരത്തിലെത്തിയ എൽ ഡി എഫ് സർക്കാരിന് തുടർഭരണം എന്ന സ്വപ്നത്തിന് വഴി വെട്ടിക്കൊടുത്തത് ശരിക്കും പ്രതിപക്ഷമാണ്. ഒന്ന് കൂടി വിരൽ ചൂണ്ടി പറഞ്ഞാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്നൊരു രസകരമായ നിരീക്ഷണം മുന്നോട്ട് വെക്കുന്നവരുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അതിഭീമമായ തോൽവിയും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചുവരവും ഒക്കെയായി നിൽക്കുകയായിരുന്നു എൽ ഡി എഫ് സർക്കാർ. പ്രതിപക്ഷവുമായി ഏതാണ്ട് തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. ബ്രൂവറി അനുമതി മുതൽ ലോക്കപ്പ് മർദ്ദന കൊലപാതകങ്ങൾ, മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലൽ, പിഎസ്സി പരീക്ഷാ വിവാദം, ജനകീയ സമരങ്ങളെ അടിച്ചൊതുക്കൽ, അങ്ങനെ ആവശ്യത്തിന് വിവാദങ്ങളുമായി മുൻതൂക്കം പ്രതിപക്ഷത്തിനായിരുന്നു.

കൊവിഡ് ലോകമാകെ പടർന്ന തുടങ്ങിയ കാലത്ത് ഇന്ത്യയിൽ ആദ്യം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. തുടർന്ന് കേരളത്തിൽ ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ഓഖി, നിപ, രണ്ട് പ്രളയകാലം ഇവയൊക്കെ നൽകിയ ആഘാതവുമായാണ് കേരളം ഈ മഹാമാരിയെ നേരിടുന്നത്. ഈ സാഹചര്യത്തിൽ എല്ലാ ദിവസവും ആരോഗ്യമന്ത്രി കെ. കെ. ശൈലജ കൊവിഡ് സംബന്ധിച്ച കാര്യങ്ങൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് മാധ്യമങ്ങൾക്ക് ബ്രീഫ് ചെയ്യുന്ന പരിപാടി തുടങ്ങി.

ആരോഗ്യമന്ത്രി അവശ്യം ചെയ്യേണ്ടുന്ന കാര്യം മാത്രമായിരുന്നു അത്. ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനം നടത്തുന്നതിനെ ‘മീഡിയാ മാനിയ’ എന്ന് അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമസമ്മേളനം തന്നെ നടത്തി. മുറതെറ്റാതെ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷനേതാവ് ഈ ആരോപണം ഉന്നയിച്ചത് ആരോഗ്യമന്ത്രിക്കല്ല പ്രതിപക്ഷത്തിനാണ് തിരിച്ചടിയായത്. മാത്രമല്ല, പത്രസമ്മേളനം നടത്തുന്ന ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തു. അധികം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആറ് മണി പത്രസമ്മേളനം കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ കാണുന്ന പ്രധാനപ്പെട്ട ഒന്നായി മാറി. അത് ടെലിവിഷനിൽമാത്രമല്ല, യൂട്യൂബിലും ഫേസ് ബുക്കിലും ഓൺലൈൻ സൈറ്റുകളിലെ ലിങ്കുകളിലുമൊക്കെയായി വ്യാപകമായി പ്രചരിച്ചു.
ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനം എന്നത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നായി മാറിയതോടെയാണ് മുഖ്യമന്ത്രിയും സർക്കാരും ശരിക്കും ജനങ്ങളിലേക്ക് ഇറങ്ങി ചെന്നത് എന്ന് ഈ കാലയളവിലെ വസ്തുതകൾ നോക്കിയാൽ മനസിലാകും. ഈ പത്രസമ്മേളനങ്ങളിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ പാർശ്വവൽക്കരിച്ച് മറുപടി നൽകി മുന്നേറാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സാധിച്ചുവെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

ഈ പത്രസമ്മേളനവും കൊവിഡ് നിയന്ത്രിക്കാനുള്ള എൽ ഡി എഫ് സർക്കാർ നടപടികളും ദേശീയ തലത്തിലും രാജ്യാന്തരതലത്തിലും പ്രകീർത്തിക്കപ്പെട്ടു. ഇതോടെ അതുവരെയുണ്ടായിരുന്ന സ്ഥിതി മാറി. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ ഉയർന്നു. പ്രതിപക്ഷവും മാധ്യമങ്ങളും കൊണ്ടുവന്ന ആരോപണങ്ങൾക്കൊക്കെ മുഖ്യമന്ത്രിക്ക് കൊവിഡ് കണക്കുകളുടെയിടയിൽ തരാതരം പോലെ മറുപടി പറയാനും ആരോപണങ്ങളെ അരികിലേക് മാറ്റി ക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാനും അതുവഴി കേരളത്തെ വേറൊരു ദിശയിൽ നയിക്കുന്ന നേതാവാണ് താനെന്ന് ചിത്രം രൂപപ്പെടുത്തിയെടുക്കാനും പിണറായി വിജയന് സാധിച്ചു. പ്രളയകാലത്ത് അണികൾ ക്യാപ്റ്റൻ എന്ന് പിണറായി വിജയനെ വിളിച്ചുവെങ്കിൽ അവരുടെ വിശ്വാസം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഈ പത്രസമ്മേളനങ്ങൾ വഴി അദ്ദേഹത്തിന് സാധിച്ചു.

ആ പത്രസമ്മേളനത്തിന് ലഭിച്ച ജനപ്രീതി വളരെ വലുതാണ്. പക്ഷേ, ഇത് വോട്ടായി മാറണം എന്നില്ല, എന്നാൽ, പിണറായി വിജയൻ എന്ന നേതാവിന് അതുവരെയില്ലാതവിധം മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ ഇത് വലിയ പങ്ക് വഹിച്ചു. അതിന് സി പി എമ്മുകാർ രമേശ് ചെന്നിത്തലയോട് നന്ദിയുള്ളവരായിരിക്കണം.

ഈ സമയത്ത് കത്തി നിന്ന ആരോപണങ്ങളൊന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ മുന്നണിക്ക് ചെറിയൊരു പോറേലേൽപ്പിക്കാൻ പോലും സാധിക്കാതെ പോയതിന് ഇത് കാരണമായിട്ടുണ്ടെന്ന് രാഷ്‌ട്രീയ പ്രവർത്തകർ തന്നെ വിലയിരുത്തുന്നുണ്ട് . അഴിമതി ആരോപണങ്ങൾ ഉയർന്നാൽ, അത് ജനം വിശ്വസിച്ചാൽ ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം ഒരു സർക്കാരും അധികാരത്തിൽ തിരിച്ചു വരില്ല എന്നതാണ് അനുഭവം.

തമിഴ് നാടിലെ 2011ലെ ഡി എം കെ സർക്കാർ നേരിട്ട തകർച്ച അതാണ് വ്യക്തമാക്കുന്നത്. 2011 ൽ വി എസ് സർക്കാർ ഭരണ തുടർച്ചയ്ക്ക് തൊട്ടരുകിൽ വരെ എത്തിയതിന് പിന്നിലും ഈ അഴിമതി വിരുദ്ധ മനോഭാവമായിരന്നു. എന്നാൽ ഇത്തവണ പ്രതിപക്ഷം കേരളത്തിൽ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ വിശ്വാസ്യത നഷ്ടമാക്കിയത് ഇത്തരം അധിക്ഷേപങ്ങളും പാതിവെന്ത ആരോപണങ്ങളുമാണ്. അഴിമതിയുടെ വേരുകൾ ആണ്ടുകിടക്കുന്ന ഭരണസംവിധാനങ്ങളിലേക്ക് വെളിച്ചം വീശിയ പ്രതിപക്ഷ നേതാവിന്റെ നടപടികൾ പോലും ജനം ഗൗരവമായി കാണാൻ വിസമ്മതിച്ചതും സന്ദർഭോചിതമല്ലാത്ത പ്രസ്താവനകളും വ്യക്തിവിരോധ സ്വഭാവമുള്ള പരാമർശങ്ങളുമായിരിക്കാം. എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. പുതിയ വോട്ടർമാർ പുതിയ ലോകവും പുതിയ ചിന്തയുമുള്ളവരാണ്. അവരെ പഴയ നാഴി കൊണ്ട് അളന്നാൽ, ആ അളവ് തെറ്റിയേക്കാം എന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്.

തദ്ദേശ തിരഞ്ഞെടുപ്പ്,ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിങ്ങനെ ഏതെങ്കിലും ഫലം പോലെയാകും നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഫലം എന്ന് വിശ്വസിക്കാൻ സാധിക്കില്ല. അതാണ് കേരളത്തിലെ മുൻകാല തിരഞ്ഞെടുപ്പ് അനുഭവങ്ങൾ നൽകുന്ന പാഠം. തുടർഭരണ കണക്ക് കൂട്ടലുകൾ ഉയർന്ന 1991ഉം, 2011 ഉം 2016 ഉം ഉൾപ്പടെ മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങളും അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയും ചരിത്രമായി നമ്മുടെ മുന്നിലുണ്ട്.

തുടർഭരണം ഉണ്ടായാലും ഇല്ലെങ്കിലും അത്തൊരുമൊരു ചർച്ച ഇത്രയധികം സജീവമാകുന്നതിനുള്ള കാരണങ്ങളും അതുമായി ബന്ധപ്പെട്ട മാധ്യമ, പി ആർ, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ ഇടപെടൽ തുടങ്ങി എല്ലാത്തരംപ്രവർത്തനങ്ങളും വരുംകാലത്ത് കേരളത്തിലെ രാഷ്ട്രീയ വിദ്യാർത്ഥികളുടെ മാത്രമല്ല, മാധ്യമ വിദ്യാർത്ഥികളുടെയും മാനേജ്മെന്റ് വിദ്യാർത്ഥികളുടെയും പഠനവിഷയമാക്കാവുന്നതാണ്. വളരെയധികം സങ്കീർണതകൾ നിറഞ്ഞതാണ് ഇത്തവണത്തെ തുടർഭരണ ചർച്ച. യക്ഷപ്രശ്നം പോലെ എല്ലാവർക്കും ആ ആഗ്രഹം ഉണ്ടാകും ഭരണത്തിൽ നിന്നും തോറ്റ് മാറേണ്ടിവന്ന് പുതിയ ആൾ വന്നാൽ ആൾക്കും തുടർച്ച തന്നെയായിരിക്കും ആഗ്രഹം. പക്ഷേ, മരണം എന്നതുപോലെ മാറ്റവും നിത്യസത്യമാണ് എന്ന് അധികാരത്തിലിരിക്കുന്നവർ മാത്രം ആലോചിക്കുന്നില്ല.

* മഹാഭാരതത്തില്‍ യക്ഷരൂപം ധരിച്ച യമനും യുധിഷ്ഠിരനുമായുള്ള സംവാദമാണ് “യക്ഷപ്രശ്നം.” യമധര്‍മ്മന്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും യുധിഷ്ഠിരന്‍ നല്കുന്ന ഉത്തരങ്ങളുമാണ് ഇതിലുൾപ്പെടുന്നത്

 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala assembly elections 2021 will ldf buck the trend pinarayi vijayan

Best of Express