Latest News

കീഴാറ്റൂരില്‍ ദൃശ്യമാവുന്നത് അധികാരപ്രമത്തത

കേന്ദ്ര സർക്കാരിനെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാ അവസരവും ഉണ്ടായിരുന്ന സംസ്ഥാനസര്‍ക്കാരും അതിന്‍റെ നേതൃത്വവും വേട്ടക്കാരായിരിക്കുന്നു. കേന്ദ്രം ജനങ്ങൾക്കൊപ്പവും! അങ്ങേയറ്റം വിചിത്രമായ ഒരവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാമാന്യ ബുദ്ധിയുള്ള ഒരു നേതൃത്വത്തിനും സംഭവിക്കാൻ പാടില്ലാത്ത തരം രാഷ്ട്രീയ വീഴ്ചയാണ് സിപിഎം നേതൃത്വത്തിനു സംഭവിച്ചിരിക്കുന്നത് എന്ന് ‘നിറഭേദങ്ങൾ’ പംക്തിയിൽ കെ.വേണു എഴുതുന്നു

തളിപ്പറമ്പിലൂടെ കടന്നുപോകുന്ന ആറുവരി ഹൈവേ നെല്‍വയലും തണ്ണീര്‍ത്തടവുമായ കീഴാറ്റൂര്‍ ഗ്രാമത്തെ ഒഴിവാക്കി ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് സി.പി.എമ്മുകാരായുളളവരുടെ മുൻകൈയിലുളള ഗ്രാമീണരുടെ സമരം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സി.പി.എം.പ്രവര്‍ത്തകരുടെ സജീവസാന്നിധ്യമുണ്ടായിരുന്നത് കൊണ്ടായിരിക്കാം സര്‍ക്കാര്‍ ഒരേറ്റുമുട്ടലിന് തയ്യാറാകാതിരുന്നത്. ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന സ്ഥിതി വന്നപ്പോഴാണ് പിണറായി സര്‍ക്കാരിന്‍റെ വികസന അജണ്ടപ്രകാരം തന്നെ ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റു ചെയ്തു സ്ഥലം അളന്നു കുറ്റിയടിച്ചത്.

സമരക്കാര്‍ നീക്കംചെയ്യപ്പെട്ട ഉടനെ തന്നെ സമരവേദി കത്തിച്ച പാര്‍ട്ടിയുടെ ഫാസിസ്റ്റ് രീതി സമര്‍ക്കാര്‍ക്കുള്ള പിന്തുണ വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 25-ന് വയൽക്കിളികള്‍ക്ക് സംസ്ഥാന തല പിന്തുണ നല്കിക്കൊണ്ട് കീഴാറ്റൂരില്‍ നടന്ന ശ്രദ്ധേയമായ സമ്മേളനം ഇതൊരു സംസ്ഥാന വിഷയമായിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് നല്‍കിയത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തില്ലെങ്കിലും വി.എം.സുധീരന്‍, സുരേഷ്ഗോപി എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ. തുടങ്ങിയവരും അനവധി പരിസ്ഥിതി, പൗരാവകാശ, യുവജന സംഘടനകളും, ചെറുപാര്‍ട്ടികളും ഇതില്‍ പങ്കാളികളായതോടെ കേരളീയ സമൂഹത്തിന്‍റെ വലിയൊരു പ്രാതിനിധ്യമാണ് കീഴാറ്റൂരില്‍ ദൃശ്യമായത്.

സി.പി.എം. പാര്‍ട്ടിതല തീരുമാനത്തെ ലംഘിച്ച് സമരത്തില്‍ തുടരുന്നതിന്‍റെ പേരില്‍ ആ പ്രവത്തകര്‍ക്ക് നേരെ നടപടികളെടുത്തിട്ടുണ്ട് എന്ന് അവകാശപ്പെടാമെങ്കിലും അവരെല്ലാം ഇപ്പോഴും പാർട്ടിക്കാരാണെന്നു വിശ്വസിച്ചു കൊണ്ടു തന്നെയാണ് ഈ സമരത്തിനു നേതൃത്വം നല്‍കുന്നതെന്ന കാര്യം വിസ്മരിച്ചുകൂടാ.

ഇത്രയും നാള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നേതൃത്വം നല്‍കിയിരുന്ന ഒരു സമരം നേതൃത്വത്തിലോ സമരരീതിയിലോ യാതൊരു മാറ്റവുമില്ലാതെ തുടർന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ സമരം ശത്രുക്കള്‍ ഏറ്റെടുത്തിരിക്കുന്നു എന്നു യാതൊരു ഉളുപ്പുമില്ലാതെ പ്രഖ്യാപിക്കാന്‍തക്ക യാഥാര്‍ത്ഥ്യ ബോധമില്ലാത്തവരായിരിക്കുന്നു സി.പി.എം. എന്നാണോ കരുതേണ്ടത്? ഇതിന് ഉത്തരം നല്‍കേണ്ടത് ആ പാര്‍ട്ടിക്കാര്‍ തന്നെയാണ്.

ഇത്തരം ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് മനസ്സിലാക്കി തൃപ്തികരമായ വിശദീകരണങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്നതിനു പകരം സുരേഷ്ഗോപിയെപ്പോലുള്ളവരുടെ പിന്തുണ ചൂണ്ടിക്കാട്ടി സമരം ബി.ജെ.പി. ഏറ്റെടുത്തിരിക്കുന്നു എന്നു പ്രചരിപ്പിക്കാനാണ് ഈ പാര്‍ട്ടി ഊര്‍ജം ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.

സാമാന്യബുദ്ധി ഉപയോഗിച്ച് സാഹചര്യങ്ങള്‍ മനസ്സിലാക്കി ഉചിതമായി ഇടപെടുന്നതിനു പകരം അധികാരമത്ത്‌ പിടിച്ച് കണ്ണ് കാണാതായവരെപ്പോലെയാണ് ഇക്കൂട്ടര്‍ പ്രതികരിക്കുന്നത്.

ബി.ജെ.പി.യെപ്പോലൊരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരം സാഹചര്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. കേന്ദ്രം ഭരിക്കുകയും എന്നാല്‍ കേരളത്തില്‍ സ്വന്തമായൊരു രാഷ്ട്രീയാടിസ്ഥാനം സൃഷ്ടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതുപോലൊരു അവസരം വന്നു ചേരുമ്പോള്‍ ആരാണ് അത് ഉപയോഗിക്കാതിരിക്കുക! അവരത് മാത്രമാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയാതെ ഇത്തരമൊരു ജനകീയ സമരത്തിന്‍റെ നേതൃത്വം ബി.ജെ.പി.ക്കു കേട്ടിയേല്പിച്ചു കൊടുക്കുന്നതിലെ രാഷ്ട്രീയ വങ്കത്തം തിരിച്ചറിയാന്‍ പോലും കഴിയാത്ത ഇക്കൂട്ടരുടെ അവസ്ഥ ദയനീയം തന്നെയാണ്.

ഈ വിഷയത്തില്‍ മറ്റൊരു പ്രധാന ഘടകം കൂടി ഉൾചേർന്നിട്ടുള്ളത് അവഗണിക്കാന്‍ പാടില്ല. ഇവിടെ വിവാദവിഷയമായിട്ടുള്ള ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അന്തിമമായി എടുക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിലെ ഗതാഗതവകുപ്പാണ്. യഥാര്‍ത്ഥത്തില്‍ അത് അവര്‍ക്ക് തലവേദന ആകേണ്ട വിഷയമാണ്. പക്ഷെ ഇവിടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌ നേരെ തിരിച്ചും.

വേട്ടക്കാരായി രംഗത്ത് ഉണ്ടാകേണ്ടിയിരുന്ന കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും ഇപ്പോള്‍ ഇരകളായ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ‘ജനപക്ഷ’ക്കാരായിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാ അവസരവും ഉണ്ടായിരുന്ന സംസ്ഥാനസര്‍ക്കാരും അതിന്‍റെ നേതൃത്വവും ഇപ്പോള്‍ വേട്ടക്കാരാവുകയും ചെയ്തിരിക്കുന്നു.

അങ്ങേയറ്റം വിചിത്രമായ ഒരവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാമാന്യ ബുദ്ധിയുള്ള ഒരു നേതൃത്വത്തിനും സംഭവിക്കാന്‍ പാടില്ലാത്ത തരം രാഷ്ട്രീയ വീഴ്ചയാണ് സി.പി.എം.നേതൃത്വത്തിനു സംഭവിച്ചിരിക്കുന്നത്. സി.പി.എം.നേതൃത്വം ഇത്തരമൊരു പതനത്തില്‍ എത്തുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. തൊഴില്‍പ്രശ്നങ്ങളുടെയും ട്രേഡ് യൂണിയന്‍ ആവശ്യങ്ങളുടെയും പേരില്‍ അര നൂറ്റാണ്ടിലധികം കാലമായി കേരളത്തിന്‍റെ വികസനം മുരടിപ്പിച്ചവര്‍ എന്നു വേരുറച്ചു കഴിഞ്ഞ ചീത്തപ്പേര് ഒരഞ്ചുവര്‍ഷ ഭരണം കൊണ്ട് തേച്ചുമാച്ചു കളഞ്ഞ് കേരളത്തെ വികസനത്തിന്‍റെ പുതിയ പാതയില്‍ എത്തിച്ചവര്‍ എന്ന പുതിയ പദവി നേടിക്കളയാം എന്ന ചിന്തയാണ് പിണറായി വിജയന്‍റെ നയങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശരിയാണെങ്കില്‍ പ്രായോഗികമായി നടപ്പിലാക്കപ്പെടാന്‍ ഇടയില്ലാത്ത പദ്ധതികള്‍ എന്ന വിമർശനം സാധുവാകുമ്പോഴും ഉദ്ദേശം നല്ലതാണെന്ന് പറയേണ്ടി വരും. പക്ഷെ ഈ വികസന ചര്‍ച്ചയൊക്കെ പുറം പൂച്ച്‌ മാത്രമാണെന്നും വികസനത്തിന്‍റെ മറവില്‍ ഇടുങ്ങിയ സാമ്പത്തിക നേട്ടങ്ങളാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. കൂടുതല്‍ ശരി ഇതാകാനും സാധ്യതയുണ്ട്.

കേരളം വാസ്തവത്തില്‍ അഭിമുഖീകരിക്കുന്നത് മറ്റൊരു രാഷ്ട്രീയ യാഥാര്‍ഥ്യത്തെയാണ്‌. മനുഷ്യ സമൂഹത്തിനു മുന്നില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ആവര്‍ത്തിച്ച് അവതരിപ്പിച്ചിട്ടുളള ദുരന്ത ചരിതങ്ങളുടെ ചെറിയൊരു വകഭേദ ആവര്‍ത്തനമാണ് നമ്മുടെ മുന്നില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അധികാരി വര്‍ഗത്തിനെതിരെ ജനപക്ഷത്തുനിന്ന് പോരാടുന്ന കമ്മുണിസ്റ്റു പോരാളികള്‍ അധികാരത്തില്‍ എത്തുന്നതോടെ ചരിത്രത്തില്‍ മറ്റൊരു അധികാരി വര്‍ഗത്തിനും കഴിഞ്ഞിട്ടില്ലാത്ത വിധം ഏകപക്ഷീയമായി അധികാരം കേന്ദ്രീകരിക്കുന്ന ഭീകര അധികാരിവര്‍ഗമായി മാറുന്നു.

കേരളത്തില്‍4 0-കളിലും 50-കളിലും ജനപക്ഷത്തു നിന്ന് പൊരുതിയ കമ്മുണിസ്റ്റുകാരെ കാണാമെങ്കില്‍ സമീപകാലത്ത് അത്തരത്തില്‍ ഒരു കമ്മുണിസ്റ്റു നേതാവിനെ കാണാന്‍ കഴിയില്ല. ഒരു ബ്രാഞ്ച് സെക്രട്ടറി പോലും ഇപ്പോള്‍ അധികാരിയാണ്.

ഇന്നത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരിവര്‍ഗപാര്‍ട്ടിയാണ്. ജനാധിപത്യ പാര്‍ട്ടികളെക്കാള്‍ സമര്‍ത്ഥമായും ശക്തമായും അധികാരം കേന്ദ്രീകരിച്ചു നിര്‍ത്താന്‍ കഴിവുള്ള പാര്‍ട്ടികളാണ് അവ. പിണറായി വിജയനെപ്പോലുള്ള ഒരു പക്കാ സ്റ്റാലിനിസ്റ്റ് അധികാരത്തില്‍ വന്നാല്‍ സംഭവിക്കാവുന്ന അധികാരകേന്ദ്രീ രണത്തിനു പിന്നെ യാതൊരു പരിധിയും ഉണ്ടാവില്ല.

അധികാരത്തിന്‍റെ നയരൂപീകരണ തലത്തിലൊന്നും തന്നെ, പാര്‍ട്ടിയുടെ, മന്ത്രിസഭയുടെ, മറ്റു അധികാര സംവിധാനങ്ങളുടെ തലത്തിലൊന്നും തന്നെ പ്രാഥമികതല ചര്‍ച്ചകള്‍ പോലും നടക്കുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു ഘടനയ്ക്ക് സ്വയം ജനാധിപത്യവല്‍ക്കരിക്കാനാവില്ല. അധികാരം ഏകപക്ഷീയമായി കേന്ദ്രീകരിച്ചു കൊണ്ടേയിരിക്കും. അതിനെ തടയാനോ നിയന്ത്രിക്കാനോ ആര്‍ക്കുമാവില്ല. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കുന്നത് കൊണ്ട് ഇത് അന്തിമമായ ഭീകരരൂപത്തിലേക്ക് പോകുന്നില്ലെന്ന് മാത്രം.

ഇനി കീഴാറ്റൂരിലെ അവസ്ഥയിലേക്ക് തന്നെ തിരിച്ചുവരാം. അവിടത്തെ സാഹചര്യത്തെക്കുറിച്ച് താരതമ്യേന ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ പഠനം നടത്തുകയും ബദല്‍ നിര്‍ദേശങ്ങള്‍മുന്നോട്ടുവെക്കുകയും ചെയ്തിട്ടുള്ളത് ശാസ്ത്രസാഹിത്യപരിഷത്താണ്. കേന്ദ്രസര്‍ക്കാര്‍ വിഭാഗങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ് താനും. ബന്ധപ്പെട്ടവരെ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുള്ള സമവായധാരണകള്‍ക്ക് സാധ്യതയുണ്ട്. പക്ഷെ, ഇതിനു മുൻകൈയെടുക്കേണ്ട സംസ്ഥാന സര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുമാണ് അത്തരമൊരു പ്രക്രിയക്ക് തടസ്സം. ഈ അധികാര പ്രമത്തതയെ നേരിടാന്‍ അവിടെ ഉയര്‍ന്നു വന്നിട്ടുള്ള പുതിയ കൂട്ടായ്മക്ക് എത്രത്തോളം കഴിയുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Keezhattoor highway farmers agitation pinarayi vijayan cpm bjp k venu

Next Story
മുലപ്പേടിയുടെ മത, മതേതര കാഴ്ചകൾj devika,
The moderation of comments is automated and not cleared manually by malayalam.indianexpress.com