Latest News

കെ സി വേണുഗോപാലിന്റെ സ്മാഷും, അടിതെറ്റിയ നേതാക്കളും

കേരള രാഷ്ട്രീയത്തിലെ ചെറിയവട്ടത്തിലെ കളത്തിൽ നിന്നും മാറി നിൽക്കുകയും റഫറിയുടെ റോളിൽ നിൽക്കുമ്പോൾ തന്നെ തന്റെ ടീമിന് വേണ്ടി കെ സി ഓവർഹെഡ് സെർവ് ചെയ്തതും. അതിൽ അടിപതറുകയായിരുന്നു കേരളത്തിലെ വ്യവസ്ഥാപിത ഗ്രൂപ്പ് നേതൃത്വങ്ങൾ

കേരളത്തിലെ കോൺഗ്രസിൽ എ, ഐ യുഗത്തിന് തിരശ്ശീല വീഴുന്നുവെന്ന സൂചന നൽകുന്നതാണ് കഴിഞ്ഞ കുറച്ച് കാലമായി രൂപപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണം. കെ. സുധാകരൻ പുതിയ കെ പി സിസി പ്രസിഡന്റും വി.ഡി. സതീശൻ പുതിയ പ്രതിപക്ഷ നേതാവുമായി ഹൈക്കമാൻഡിനാൽ നിയമിക്കപ്പെട്ടപ്പോൾ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒരു രംഗത്തിലെ രണ്ട് ഗ്രൂപ്പുകൾക്കാണ് റോൾ അവസാനിക്കുന്നത്. ഗ്രൂപ്പകൾക്ക് മാത്രമല്ല, അവർക്ക് നേതൃത്വം നൽകിയ നേതാക്കളുടെ ഭാവിയും ചോദ്യം ചെയ്യപ്പെടുന്നതാകും. കോൺഗ്രസ് പോലൊരു പാർട്ടിയിൽ അധികാരമില്ലാതെ നേതാക്കൾക്ക് എത്രകാലം വാഴാനാകും എന്നത് വലിയ ചോദ്യമാണ്. എ.കെ ആന്റണിയെയും വി എം സുധീരനെയും പോലെ പ്രതിച്ഛായയിൽ മികച്ചവർ പോലും പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന കാലത്താണ് പുതിയ നീക്കം ഈ നേതാക്കൾക്ക് വെല്ലുവിളിയാകുന്നത്.

പുതിയ ഗ്രൂപ്പും പുതിയ നേതാക്കളും ഉണ്ടാകുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാത്ത നേതാക്കൾക്ക് ഇനി സ്ഥാനമെവിടെയാകും. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നിയമസഭയിലുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ മുൻഗാമിയായ വി എം സുധീരനെ പോലെ സ്ഥാനമാനങ്ങളില്ലാതെ നിൽക്കേണ്ടി വരുമോ? മുൻകാലങ്ങളിൽ ഇങ്ങനെ സംസ്ഥാനത്ത് നിന്നും മാറ്റുന്ന നേതാക്കൾക്ക് അഭയം നൽകാൻ കേന്ദ്രത്തിൽ ഭരണം ഉണ്ടായിരുന്നു. കെ.കരുണാകരനെയും എ. ക. ആന്റിണിയെയും അങ്ങനെ കേന്ദ്രത്തിൽ മന്ത്രിമാരാക്കി അഭയം നൽകാൻ സാധിച്ചിരുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എ. കെ ആന്റണി, വി എം സുധീരൻ എന്നീ നേതാക്കൾക്ക് പാർട്ടിക്കും സ്ഥാനത്തിനും അപ്പുറത്ത് പൊതുസമൂഹത്തിൽ സ്വീകാര്യതയും ഇമേജും ഉള്ള നേതാവാണ്. അതില്ലാത്ത നേതാക്കൾക്ക് പാർട്ടിയിലോ ഭരണത്തിലോ അധികാരമില്ലാതെ എത്രകാലം മുന്നോട്ട് പോകാനാകും എന്ന ചോദ്യം കൂടി ഈ നടപടി ഉയർത്തുന്നു.

ഇതിപ്പോൾ തുടങ്ങിയ കളിയല്ല, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടപെടാൻ ഹൈക്കമാൻഡ് ശ്രമം ആരംഭിച്ചത്. ഹൈക്കമാൻഡാണ് എന്ന് പ്രത്യക്ഷത്തിൽ തോന്നിച്ചുകൊണ്ട് ഹൈക്കമാൻഡിനെ മുന്നിൽ നിർത്തി കേരളത്തിലെ ചില നേതാക്കളായിരുന്നു ഇതിന് പിന്നിലെന്ന് കോൺഗ്രസിലെ പരസ്യമായ ഗ്രൂപ്പ് രഹസ്യം. ഹൈക്കമാൻഡ് എന്നാൽ ഗാന്ധി കുടുംബം കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ രാഹുൽഗാന്ധിയുടെ താൽപ്പര്യങ്ങൾക്കുള്ള മുൻതൂക്കം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു.

2016 ലെ നിയമസഭയിലേക്ക് ചിലരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. അതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടി നാട്ടിലേക്ക് മടങ്ങിയതൊക്കെ അന്നത്തെ ചരിത്രം. അന്ന് ഉമ്മൻ ചാണ്ടി വരച്ച വരയിലേക്ക് വരേണ്ടി വന്ന ഹൈക്കമാൻഡിന് വിജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ, കേരളത്തിലെ ഗ്രൂപ്പുകൾ നിശ്ചലമായ നീക്കമെന്നാണ് കരുതിയതെങ്കിലും ഡൽഹി കേന്ദ്രീകരിച്ച നടത്തിയ നീക്കങ്ങളുടെ തുടർചലങ്ങൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിലാണ് പ്രതിഫലിച്ചത്.

കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന കരുത്തന്മാർ അരങ്ങൊഴിയുകയും പിന്നാലെ വന്നവർക്ക് മുന്നിൽ നിന്ന് ഗ്രൂപ്പ് നിയന്ത്രിച്ച് പയറ്റിയ രാഷ്ട്രീയം പുതിയ കാലത്ത് അടിപതറുകയും ചെയ്തതോടെ പുതിയ അടുക്കളസഖ്യങ്ങളും കുറുമുന്നണികളും ഗ്രൂപ്പ് സമവാക്യങ്ങളുമൊക്കെ ഇവിടെ രൂപപ്പെട്ടു. ഇപ്പോൾ പുതുതായി രൂപപ്പെട്ട ഗ്രൂപ്പിന്റെ ഗുരുത്വാകർഷണ കേന്ദ്രം ഡൽഹിയിലാണെങ്കിലും കണ്ണും കാതും കേരളത്തിലാണ്. തന്റെ പഴയകാല രാഷ്ട്രീയ എതിരാളികളെയും ഗുരു തുല്യരായവരെയുമൊക്കെ വരച്ചവരയിൽ നിർത്തിയെടുക്കുന്ന രാഷ്ട്രീയ കരുനീക്കമാണ് കേരളത്തിലെ കോൺഗ്രസിൽ നടക്കുന്നത്.

എഴുപതുകൾ മുതൽ കോൺഗ്രസിൽ കേരളത്തിൽ രൂപം കൊണ്ട രാഷ്ട്രീയ ചേരിതിരിവിൽ 80കളോടെ രൂപം പ്രാപിച്ച ഗ്രൂപ്പ് സമവാക്യമായിരന്നു എ യും ഐയും. കെ. കരുണാകരൻ നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പും എ. കെ. ആന്റണിയെ മുൻ നിർത്തി രൂപീകരിച്ച എ ഗ്രൂപ്പും കേരളത്തിലെ കോൺഗ്രസിലെ മാത്രമല്ല കേരള രാഷ്ട്രീയത്തെന്നെ നിർണ്ണയിക്കുന്ന ഘടകങ്ങളായിരുന്നു. ഇരു ഗ്രൂപ്പുകളും മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മന്ത്രിസ്ഥാനങ്ങൾ മുതൽ ബുത്ത് കൺവീനർ വരെയുള്ള സ്ഥാനങ്ങൾ പങ്കിട്ടെടുക്കുക എന്നതായിരുന്നു രീതി.

എന്നാൽ, കെ. മുരളീധരന്റെ രാഷ്ട്രീയ രംഗപ്രവേശവും കരുണാകരൻ നേരിട്ട അപകടവും കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റിമറിച്ചു. കേരളത്തിൽ ഐ ഗ്രൂപ്പിൽ നിന്നും തിരുത്തൽവാദി എന്ന പുതിയ ഗ്രൂപ്പ് ഉദയം ചെയ്തു. കരുണാകരഭക്തരായിരുന്ന രമേശ് ചെന്നിത്തലയും ജി.കാർത്തികേയനും എം ഐ ഷാനവാസുമൊക്കെ തിരുത്തൽവാദത്തിന്റെ മുന കൂർപ്പിച്ചു. പിന്നീട് നാലാം ഗ്രൂപ്പും കോൺഗ്രസിൽ ജന്മം കൊണ്ടു. അങ്ങനെ 1990കളും 2000ത്തിലെ ആദ്യദശകത്തിലെ ആദ്യപകുതിയും ഉൾപ്പടെ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകളാൽ സജീവമായി.

1992ലാണ് കരുണാകരൻ- ആന്റണി എന്ന ഗ്രൂപ്പ് സമവാക്യത്തെ പൊളിച്ചെഴുതി മൂവർ സംഘത്തിന്റെ മൂന്നാം ഗ്രൂപ്പ് രൂപം കൊണ്ടത്. ഒരുകാലത്ത് ഏകകക്ഷി ഭരണം എന്ന മുദ്രാവാക്യം മുന്നോട്ട് വച്ച കരുണാകരനെ പോലും വിറപ്പിച്ച പഴയ യുവതുർക്കി ജി. കാർത്തികേയനായിരുന്നു മൂന്നാംഗ്രൂപ്പ് എന്ന തിരുത്തൽവാദി സംഘത്തിലെ തുല്യരിൽ ഒന്നാമൻ. ഒപ്പം കെ.കരുണാകരന്റെ വിശ്വസ്തരും പ്രിയപ്പെട്ടവരുമായ എം ഐ ഷാനവാസും രമേശ് ചെന്നിത്തലയും. കരുണാകരനൊപ്പം നിലയുറിപ്പിച്ചവരുടെ മാറ്റം അന്നത്തെ കാലത്ത് പലർക്കും അവിശ്വസീനയമായിരുന്നു. ഈ സജീവത നിൽക്കുമ്പോൾ കരുണാകരനൊപ്പം ഉണ്ടായിരുന്ന അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.സി. വേണുഗോപാലും തിരുത്തൽവാദികളായ മൂവർ സംഘത്തിനൊപ്പം എത്തി.

മുതിർന്ന നേതാവ്​ എ.കെ. ആൻറണിയുമായും എ ഗ്രൂപ്പുമായും അടുത്തതോടെ, ഗ്രൂപ്​​ വടംവലി നേരിടാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന അഭിപ്രായവുമായി ​ എം ഐഷാനവാസ്​ തിരുത്തൽവാദം തിരുത്തി. പിന്നാലെ ജി.കാർത്തികേയനും ഗ്രൂപ്​​ വേണ്ടതില്ലെന്ന നിലപാടിലേക്ക് കളംമാറി.

കുറച്ച് കാലം കഴിഞ്ഞപ്പോൾ തിരുത്തൽവാദ ഗ്രൂപ്പിന് പുറമെ വയലാർ രവിയുടെ നേതൃത്വത്തിൽ അജയ് തറയിലും കെ. സുധാകരനുമൊക്കെ അടങ്ങുന്ന പുതിയ ഗ്രൂപ്പ് പൊട്ടിമുളച്ചു. നാലാം ഗ്രൂപ്പ് എന്ന് നാമകരണം ചെയ്യപ്പെട്ട ഗ്രൂപ്പും സജീമായി കോൺഗ്രസിലെ ഗ്രൂപ്പുപോരിലും വീതം വെക്കലിലും സജീവമായി.

ഇത് കഴിഞ്ഞാണ് കെ. മുരളീധരൻ കെ പി സിസിയുടെ ഒറ്റ വൈസ് പ്രസിഡന്റാകുന്നു. പിന്നീട് കേരളത്തിലെ പി സിസി പ്രസിഡന്റാകുന്നു. മന്ത്രിയാകാനുന്നു ഉപതിരഞ്ഞെടുപ്പിൽ തോൽക്കുന്നു തുടങ്ങിയ സംഭവവികാസങ്ങളൊക്കെ ഉണ്ടാകുന്നു. ഇതിനിടയിൽ കരുണാകരൻ പുതിയ പാർട്ടി ഉണ്ടാക്കാൻ പോകുന്നു. പിന്നീട് പിന്മാറുന്നു. അവസാനം ഡി ഐ സി (കെ) എന്ന പാർട്ടി രൂപം കൊള്ളുന്നു. ഈ സമയം കേരളത്തിലെ പഴയ ഐ ഗ്രൂപ്പും തിരുത്തൽവാദികളും പുനരേകോപന സാധ്യകളെ കുറിച്ച് ആലോചിച്ച് തുടങ്ങി. കരുണാകരനും മുരളിയുമില്ലാത്ത ഐ ഗ്രൂപ്പിലേക്ക് പഴയ തിരുത്തൽവാദികളിലെ അവശേഷിക്കുന്നവരുമായി ചേർന്നു.

പിന്നീട് കെ. മുരളീധരനും ഒപ്പം പോയവരും കോൺഗ്രസിലേക്ക് മടങ്ങി വന്നു. 2014 അവസാനത്തോടെ നാലാം ഗ്രൂപ്പ് ഐ ഗ്രൂപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വയലാർ രവി ഗ്രൂപ്പുകൾക്ക് അതീതനായി നിൽക്കുമെന്ന് അന്ന് തീരുമാനിച്ചു. കെ. സുധാകരൻ, അജയ് തറയിൽ, മാത്യുകുഴൽനാടൻ തുടങ്ങിയവർ നാലാം ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കെ മുരളീധരനും പത്മജ വേണുഗോപാലും കെ.സുധാകരനും വി ഡി സതീശനും ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ഐ ഗ്രൂപ്പ് പുനരേകീകരണം നടന്നത്. ഈ യോഗത്തിൽ വച്ച് രമേശ് ചെന്നിത്തലയെ ഗ്രൂപ്പ് നേതാവായി അംഗീകരിക്കുകയും ചെയ്തു. കരുണാകരൻ കാലത്തെ ഐഗ്രൂപ്പ് ലക്ഷ്യം വച്ചാണ് 2014 ഒക്ടോബറിൽ ചേർന്ന ഈ യോഗം തീരുമാനിച്ചത്.

ഐ ഗ്രൂപ്പ് വിഘടനത്തിന് ശേഷം ഈ തരത്തിൽ സംയോജിക്കുമ്പോൾ മറുവശത്ത് എ ഗ്രൂപ്പിലും വിട്ടുപോവലും കൂട്ടിച്ചേർക്കലും ബഹളമൊന്നുമില്ലാതെ നടക്കുന്നുണ്ടായിരന്നു. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തോൽവിയെ തുടർന്ന് എ, കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. അതിന് ശേഷം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. ഇത് എ ഗ്രൂപ്പിനെ ശരിക്കും ഒസി ഗ്രൂപ്പാക്കി മാറ്റുകയായിരുന്നു. എ ഗ്രൂപ്പുകാർ എന്നാണ് അവകാശപ്പെട്ടതെങ്കിലും പൊതുവിൽ ആന്റണി അനുകൂലികളേക്കാൾ ഉമ്മൻചാണ്ടി അനുകൂലികളുടെ ഗ്രൂപ്പായി അത് രൂപാന്തരം പ്രാപിച്ചു തുടങ്ങി. ഐ ഗ്രൂപ്പിലെ അനഭിമതരായവരും പതുക്കെ എ ഗ്രൂപ്പിലേക്ക് ചേക്കേറി തുടങ്ങി. 2016 നിയമസഭാ സീറ്റ് വിവാദത്തിൽ ഉമ്മൻചാണ്ടി സ്വീകരിച്ച കടുത്ത നിലപാട് ഐ ഗ്രൂപ്പുകാരനായി അടൂർ പ്രകാശിനെ പോലുള്ളവരെ ഉമ്മൻചാണ്ടിയോട് അടുപ്പിക്കുന്നതിന് കാരണമായി. അങ്ങനെ രണ്ട് ഗ്ലൂപ്പുകളും പലതരത്തിലുള്ള പിരിയലും ചേരലുമായി മുന്നോട്ട് പോയി.

ഇതിനിടയിലാണ് കേരളത്തിൽ നിന്നും കെ സി വേണുഗോപാൽ കേന്ദ്രത്തിൽ തന്റെ നിലയുറപ്പിച്ചത്. രാഹുൽഗാന്ധിയുടെ വിശ്വസ്ത വൃന്ദത്തിലേക്ക് കെ സി വേണുഗോപാൽ കടന്നതോടെ കേരള രാഷ്ട്രീയത്തിൽ അത് ചെറിയ തോതിൽ പ്രതിഫലിക്കാൻ തുടങ്ങി. 2017 ഓടെ കെ സി വേണുഗോപാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി. അതോടെ വീണ്ടും ശക്തനായി. ഡൽഹിയിലിരുന്ന് കേരളത്തിലെ കോൺഗ്രസിനുള്ളിലെ അധികാരകേന്ദ്രമാകാൻ കരുക്കൾ നീക്കിയ കെ സി വേണുഗോപാലിനെ തളയ്ക്കാൻ കേരള നേതാക്കൾ നടത്തിയ ശ്രമങ്ങൾക്ക് കാര്യമായ ഫലമുണ്ടായില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പല മണ്ഡലത്തിലും കെ സിയുടെ സ്വാധീനം കണ്ടു. അതിന് ശേഷം പ്രതിപക്ഷനേതാവിനെ മാറ്റുന്നതിനും നിർണായക സ്വാധീനമായത് കെ സി വേണുഗോപാൽ ഒരേ സമയം കേരളത്തിലും ഡൽഹിയിലും നടത്തിയ കരുനീക്കങ്ങളായിരുന്നു. വി ഡി സതീശനൊപ്പം എം എൽ എ മാരെ നിർത്തുന്നതിനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നടത്തിയ കരുനീക്കത്തെ വെട്ടിനിരത്തുന്നതിനും പ്രധാനമായത് മുന്നിൽ തന്റെ അനുയായികളെ നിർത്തി നടത്തി കെ സിവേണുഗോപാലിന്റെ സൃഗാല തന്ത്രമായിരുന്നു. നിയമസഭയിലേക്ക് സ്ഥാനാർത്ഥി നിർണയം മുതൽ നടത്തിയ കരുനീക്കമായിരുന്നു പ്രതിപക്ഷനേതാവിനെ മാറ്റുന്നതിൽ വരെ എത്തി കെ സി വേണുഗോപാലിന് വിജയം നേടിക്കൊടുത്തത്.

1990കളിലൊരു കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ കണ്ണൂർ ടൗൺ ഹാളിൽ കെ. സുധാകരനും എൻ രാമകൃഷ്ണനും ഏറ്റുമുട്ടിയപ്പോൾ സുധാകരന് മുന്നിൽ മുട്ടുവിറച്ച കെ സി വേണുഗോപാലല്ല, ഇപ്പോളെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഒരുപക്ഷേ കെ. സുധാകരൻ തന്നെയായിരിക്കും. കെ. സുധാകാരന് ഏറെക്കാലമായി ഉണ്ടായിരുന്ന മോഹമാണ് കെ പി സി സി പ്രസിഡന്റാവുക എന്നത്. സി കെ ജിക്ക് ശേഷം കെ പി സിസി പ്രസിഡന്റാകുന്ന കണ്ണൂർക്കാരൻ എന്ന് സ്വപ്നം പലപ്പോഴും അദ്ദേഹം പലരോടും പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുമുണ്ട്. കെ പി സി സി പ്രസിഡന്റ് പദവി ഭാവി മുഖ്യമന്ത്രിയുടെ പദവി കൂടെയാകാം എന്നതും ആ സ്വപ്നത്തിന് ചിറക് നൽകുന്നുണ്ടാകാം. അതുകൊണ്ട് തന്നെ പണ്ട് തന്റെ കൈക്കരുത്തിന് മുന്നിൽ മുട്ടുവിറച്ച യുവാവിനെ ഇന്ന് കൈകൂപ്പി അംഗീകരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നതും.

കേരള രാഷ്ട്രീയത്തിൽ കരുണാകരന്റെ അനുയായിരുന്ന വേണുഗോപാൽ 1992 മുതൽ 2000 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. കണ്ണൂരിൽ സുധാകരനോട് ഏറ്റുമുട്ടി ജയിക്കാനാകില്ലെന്ന തിരിച്ചറിവ് വേണുഗോപാലിനെ കളം മാറ്റാൻ പ്രേരിപ്പിച്ചു. ഡി സിസി തിരഞ്ഞെടുപ്പ് വേദി ആ തീരുമാനം ഉറപ്പിക്കുകയും ചെയ്തു. ആലപ്പുഴ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും പോയതും അതുകൊണ്ടാണ് എന്ന് കോൺഗ്രസിനുള്ളിലെ കഥയാണ്. കണ്ണൂരിൽ നിന്നും വടകരയിലേക്ക് പോകേണ്ടി വന്ന മുല്ലപ്പള്ളിയുടെയും, സതീശൻ പാച്ചേനിയുടെയും കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോയ സി പി എമ്മിന്റെ എം പിയായിരന്നു എ. പി അബ്ദുല്ലക്കുട്ടിയുടെയും, കോൺഗ്രസിൽ ഒന്നുമല്ലാതെ പോയ കരുണകാരന്റെ വലംകൈയായിരന്ന രാമകൃഷ്ണന്റെയും കഥകൾ ഇതിനെ സാധൂകരിക്കുന്ന പലകാല ഉദാഹരണമായി കോൺഗ്രസുകാർ തന്നെ പറയുന്നു.

വോളിബോൾ താരമായിരുന്ന കെ സി രാഷ്ട്രീയത്തിലും അതേ തന്ത്രം തന്നൊയണ് പയറ്റുന്നത്. പിന്നിലേക്ക് മാറാനും ആഞ്ഞടിക്കാനുമുള്ള ആ കളി മികവിൽ ഇത്തവണ അടി തെറ്റിയത് കേരളത്തിലെ രാഷ്ട്രീയത്തിലെ മികച്ച കളിക്കാർക്കായിപോയി. കേരള രാഷ്ട്രീയത്തിലെ ചെറിയവട്ടത്തിലെ കളത്തിൽ നിന്നും മാറി നിൽക്കുകയും റഫറിയുടെ റോളിൽ നിൽക്കുമ്പോൾ തന്നെ തന്റെ ടീമിന് വേണ്ടി കെ സി ഓവർഹെഡ് സെർവ് ചെയ്തതും. അതിൽ അടിപതറുകയായിരുന്നു കേരളത്തിലെ വ്യവസ്ഥാപിത ഗ്രൂപ്പ് നേതൃത്വങ്ങൾ.


കെസിയുടെ സ്മാഷിൽ തോറ്റവർക്ക് കേരള രാഷ്ട്രീയത്തിലെ കളിക്കളത്തിലേക്ക് മടങ്ങിവരാനായി ഇനിയെത്ര പരിശീലനം വേണ്ടിവരും. അവർ തങ്ങൾക്ക് പകരം പുതിയ താരങ്ങളെ ഇറക്കി കളം പിടിക്കുമോ അതിനുള്ള ആലോചനകളും വർത്തമാനങ്ങളും തുടങ്ങുന്നതുവരെ പരമ്പരാഗത എ, ഐ ഗ്രൂപ്പുകൾകളത്തിന് വെളിയിലായിരിക്കും. ആ കാലം മുഴുവൻ കേരളത്തിൽ ഐ ഗ്രുപ്പിലെ കെ സി വിഭാഗത്തിലെ കളികളായിരിക്കും നടക്കുക.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kc venugopal rising influence force congress faction leaders to rethink strategy

Next Story
പാസയും ടി പി സി ആറും: ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് എന്ത്?Lakshadweep, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep tourism, Lakshadweep administration, Lakshadweep administrator Praful Khoda Patel, Lakshadweep development authority regulation, Lakshadweep panchayath regulation amendment, Lakshadweep covid, Lakshadweep covid case, ie malayalam,Lakshadweep land acquisition, opinion, mujeeb khan,
The moderation of comments is automated and not cleared manually by malayalam.indianexpress.com