scorecardresearch

ചരിത്രത്തിനൊപ്പം നടന്ന എഴുത്തുകാരന്‍; അയാളുടെ മാത്രം വിധി

"നമ്മള്‍ എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കും, സുകുമാരന്‍റെ കഥകൾക്ക് കമ്മ്യൂണിസത്തോടും നക്സല്‍ബാരി കലാപത്തോടുമുള്ള സവിശേഷമായ ബന്ധം. അങ്ങനെയാണ് ആ ഇതിവൃത്തം നമ്മുടെ സാഹിത്യത്തില്‍ ആദ്യാന്തം പ്രവര്‍ത്തിച്ചത്", സുകുമാരന്‍റെ എഴുത്തിനെ കുറിച്ച് സാഹിത്യകാരനായ ലേഖകൻ

"നമ്മള്‍ എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കും, സുകുമാരന്‍റെ കഥകൾക്ക് കമ്മ്യൂണിസത്തോടും നക്സല്‍ബാരി കലാപത്തോടുമുള്ള സവിശേഷമായ ബന്ധം. അങ്ങനെയാണ് ആ ഇതിവൃത്തം നമ്മുടെ സാഹിത്യത്തില്‍ ആദ്യാന്തം പ്രവര്‍ത്തിച്ചത്", സുകുമാരന്‍റെ എഴുത്തിനെ കുറിച്ച് സാഹിത്യകാരനായ ലേഖകൻ

author-image
Karunakaran
അപ്‌ഡേറ്റ് ചെയ്‌തു
New Update
karunakaran on sukumaran featured1

കാലമോ ചരിത്രമോ പിടികൂടുന്ന ‘എഴുത്തില്‍’ (Writing) തങ്ങളുടെ ഇതിവൃത്തങ്ങള്‍ അനുഭവിക്കുന്ന അരക്ഷിത്വത്തെ സാഹിത്യപരമായ വാസനകൊണ്ട് മാത്രം മറികടക്കുക എന്നത് എഴുത്തുകാര്‍ നേരിടുന്ന ഒരു വെല്ലുവിളിയാണ്. അതില്‍ പലപ്പോഴും ആ  ഇതിവൃത്തങ്ങള്‍ തന്നെ അവരെ തോല്‍പ്പിച്ചു കൊണ്ടുമിരിക്കും. കാരണം, ഓര്‍മ്മ കൊണ്ടും ദിനേനയുള്ള തങ്ങളുടെ ജീവിതം കൊണ്ടും സാഹിത്യത്തിനും മുമ്പേ മനുഷ്യചരിത്രത്തിന്‍റെയും കാലത്തിന്‍റെയും നിര്‍മ്മാതാക്കള്‍ ആവുന്നു അവര്‍ എന്നതു തന്നെ.

Advertisment

ഒരു എഴുത്തുകാരനെ നമ്മള്‍ ഓര്‍ക്കുന്നത് ഒരുപക്ഷെ അയാളുടെ കൃതികളിലൂടെയല്ല. ഒരു സാഹിത്യാനുഭവം എന്ന നിലയില്‍ അയാളുടെ എഴുത്ത് അടയാളപ്പെടുത്തുന്ന ഒരാകാരമാകാം(a shape), അല്ലെങ്കില്‍ ഒരവസ്ഥയാകാമത്. എങ്കില്‍, എം സുകുമാരന്‍റെ, അദ്ദേഹത്തിന്‍റെ കഥയിലെ ആ ‘അവസ്ഥ’, അനുഭവം എന്താണ്?

തന്‍റെ കഥകളുടെ ‘ഇതിവൃത്ത’ത്തിന്‍റെ ‘തോല്‍വിയെ’പറ്റി എം സുകുമാരന്‍ ഓര്‍ത്തത്, ഒരുപക്ഷെ, അദേഹത്തിനു വേണ്ടി മാത്രമായിരിക്കില്ല. താന്‍ വിശ്വസിച്ച (വിപ്ലവ) രാഷ്ട്രീയത്തിന്‍റെ പരാജയത്തെപ്പറ്റി പറഞ്ഞതുമാവില്ല. മറിച്ച്, ‘സാഹിത്യ’ത്തിന്‍റെ അതിജീവനം തന്‍റെ ‘ഇതിവൃത്തം’ ഇല്ലാതെയും, എന്തു കൊണ്ട് പിന്നെയും നടക്കുന്നു എന്ന് അത്ഭുതപ്പെടുകയുമായിരുന്നിരിക്കണം അദ്ദേഹം : കഥകള്‍ പിന്നെയും ഉണ്ടാകുന്നു, സാഹിത്യം പിന്നെയും ഉണ്ടാകുന്നു.

m.sukumaran-3

ലളിതമായ അര്‍ത്ഥത്തില്‍, രാഷ്ട്രീയം സ്വപ്നമല്ല; പകരം വിവേകമാണ്. തങ്ങളെ അധമമായ ജീവിതത്തിലേക്ക്‌ തള്ളുന്ന ഹേതുക്കളെ ഓരോ സമൂഹവും തിരിച്ചറിയുന്നതിന്‍റെ പ്രകാശനമായാണ് രാഷ്ട്രീയം എപ്പോഴും പ്രവര്‍ത്തിക്കുന്നത്. അങ്ങനെയാണ് അതിന്‍റെ തന്നെ അസംഖ്യം ജീര്‍ണ്ണതകളെ തിരിച്ചറിയാനുള്ള ആന്തരികശേഷി രാഷ്ട്രീയം കൈവരിക്കുന്നത്. അങ്ങനെ അല്ലാത്ത സമയം, അത് ഭരണകൂടത്തിന്‍റെ നിര്‍മ്മാണമാണ്. മര്‍ദ്ദനോപകരണമാണ്. എഴുത്തിലും, രാഷ്ട്രീയം ഇടപെടുന്നത് അങ്ങനെയാണ്.

Advertisment

കഥകളുടെ വായനക്കാർ ഓര്‍മ്മയുടെ തടവുകാരാവാത്തതുപോലെ, കഥാകൃത്തുക്കളും തങ്ങളുടെ ഓര്‍മ്മയെ, തങ്ങള്‍ എഴുതുന്ന ഭാഷയ്ക്കും ഭാവനയ്ക്കും വേണ്ടി, തുറന്നിടുന്നു.

അല്ലെങ്കിലും, ചരിത്രത്തിനൊപ്പം എഴുത്തുകാര്‍ക്കേ നടക്കാനാവു. അങ്ങനെ അവര്‍ക്കേ നടിക്കാനാവൂ. സാഹിത്യം, പക്ഷെ, അതിന്‌ ഒരുമ്പെടുന്നതേ ഇല്ല. സാഹിത്യം, ചരിത്രത്തെ, ഓരോ നിമിഷവും, ഒരു വലിയ യന്ത്രം പോലെ, അതിന്‍റെ ഓര്‍മ്മയിലേയ്ക്ക് തട്ടുന്നു.

ജീവിതത്തെ ഒരേ ഒരു അവസരമായി കാണാന്‍ സാഹിത്യം വിസമ്മതിക്കുന്നു. അതു കൊണ്ടു തന്നെ, സാഹിത്യത്തില്‍ (കലയില്‍ പൊതുവെയും) 'ചരിത്രപരമായ ആദര്‍ശാത്മകത'യും 'രാഷ്ട്രീയമായ പ്രതിജ്ഞാബദ്ധത’യും അധികപ്പറ്റാവുന്നു. കാരണം, ഏതു തരം ആദര്‍ശാത്മകതയും അവസരങ്ങളെ നിഷേധിക്കുന്നു എന്നതു തന്നെ. തന്‍റെ കഥകളിലും മൗനത്തിലും വെളിപാടുകളിലും സുകുമാരന്‍ നേരിട്ടതും, ഒരുപക്ഷെ തന്‍റെ കലയിലെ ഈ അധികപ്പറ്റിനെയാണ്. തന്‍റെ 'ഇടതുപക്ഷബോധ'ത്തെ തന്‍റെ തന്നെ എഴുത്തിന്‍റെ ഓര്‍മ്മയും പ്രതിസന്ധിയുമായി, തനിക്ക്‌ കിട്ടിയ ഒരേയൊരു അവസരം എന്ന നിലയില്‍, സുകുമാരന്‍ കണ്ടുമുട്ടുന്നു.

“വാക്കുകള്‍ അഭിമാനത്തിന്‍റെ നെറ്റിപ്പട്ടങ്ങള്‍ അണിയുന്നു, വെഞ്ചാമരങ്ങള്‍ വീശുന്നു” എന്ന് തന്‍റെ ചരിത്രപരമായ ആദര്‍ശ ജീവിതത്തെ ഓര്‍ക്കുന്ന ഒരു നായകനുണ്ട്, ‘പിതൃതര്‍പ്പണം’ എന്ന കഥയില്‍.

ഈ കഥ, അദേഹത്തിന്‍റെ അവസാന കഥകളില്‍ ഒന്നുമാണ്. ഒരുപക്ഷെ, സുകുമാരന്‍റെ കഥാജീവിതത്തിന്‍റെ കാമ്പിനെ തൊടുന്ന പോലെയാണ് ആ വരികളില്‍ ഞാന്‍ തടഞ്ഞു നിന്നിട്ടുള്ളത്: കവിതയും സ്വപ്നവും ഇടകലരുന്ന സവിശേഷമായ ആ രചനാശൈലിയെ പിന്നൊരിക്കല്‍ തന്‍റെ ഇതിവൃത്തം തന്നെ പരാജയപ്പെടുത്തുമ്പോള്‍, തന്‍റെ ഇതിവൃത്ത നഷ്ടത്തിന്‍റെ അതേ വേദനയോടെ, തന്‍റെ എഴുത്തിന്റെ അഭിമാനം എന്തായിരുന്നുവെന്ന് ഈ വരികൾ ഓര്‍ക്കുകയായിരുന്നു എന്ന് അപ്പോഴൊക്കെ എനിക്ക് തോന്നിയിരുന്നു. ആ കഥയിലെ വൈകാരികസന്ധി കൂടിയാണ് അത്. അഭിമാനിക്കാന്‍ നീ എന്ത് ചെയ്തു എന്നോ എങ്ങനെ ജീവിച്ചുവെന്നോ അത് ചോദിക്കുന്നു. അതും, അദ്ദേഹത്തിന്‍റെ കലയുടെ തന്നെ സവിശേഷമായ ഐതിഹ്യ നിര്‍മ്മിതിയുടെ രീതിയില്‍.

നമ്മള്‍ എപ്പോഴും ഓര്‍ത്തു കൊണ്ടിരിക്കും, സുകുമാരന്‍റെ കഥകൾക്ക് കമ്മ്യുണിസത്തോടും നക്സല്‍ബാരി കലാപത്തോടുമുള്ള സവിശേഷമായ ബന്ധം. അങ്ങനെയാണ് ആ ഇതിവൃത്തം നമ്മുടെ സാഹിത്യത്തില്‍ ആദ്യാന്തം പ്രവര്‍ത്തിച്ചത്.

എന്നാല്‍, ആ ‘ലിറ്ററേച്ച’റിന് മാവോ സെ തുങ്ങ് കൃതികളോടുള്ള ആഭിമുഖ്യം കൗതുകമുണര്‍ത്തുന്നതാണ്, അത് നമ്മള്‍ ഓര്‍ത്തിരിക്കണമെന്നില്ല. തന്‍റെ ജനതയെ (വായനക്കാരെ) ഒരു വമ്പന്‍ മടിയില്‍ നിന്നും ഉണര്‍ത്താന്‍, അവരോട്‌ വിപ്ലവോന്മുഖരാവാന്‍, മാവോ ചൈനീസ് ജീവിതത്തിലെ കഥകളും തലക്കെട്ടുകളും കണ്ടെത്തുന്ന പോലെ സുകുമാരനും തന്‍റെ ‘കഥ’ യെ കണ്ടെത്തി, വിപ്ലവത്തിനു വേണ്ടി ഉറക്കമൊഴിച്ചും കാത്തിരിക്കുന്ന ഒരാളായി, അത്തരം ഒരു സ്വരൂപമായി, തന്‍റെ എഴുത്തിനെതന്നെ കണ്ടെത്തി; അത്രയും അത് 'സാഹിത്യ വിരുദ്ധ'വുമായി.

കാരണം, നേരത്തെ പറഞ്ഞപോലെ, സാഹിത്യം മറവിയുടെയോ ഓര്‍മ്മയുടെയോ പ്രവര്‍ത്തി മാത്രമായിരുന്നില്ല എന്നുതന്നെ. വര്‍ത്തമാനത്തിന്‍റെ (present)തന്നെ മറ്റൊരു രൂപമായിരുന്നു അത്.

Malayalam Writer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: