scorecardresearch
Latest News

ഹിജാബ് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം, എല്ലാ പെൺകുട്ടികളും സ്കൂളിൽ പോകണം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടേതായ ചട്ടങ്ങൾ രൂപീകരിക്കാം, എന്നാൽ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കാനാവില്ല. മാത്രമല്ല, യൂണിഫോമിനു വിദ്യാഭ്യാസത്തേക്കാൾ പ്രാധാന്യം നൽകാനുമാവില്ല

ഹിജാബ് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം, എല്ലാ പെൺകുട്ടികളും സ്കൂളിൽ പോകണം

സ്‌കൂൾ വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ വിധി, മതപരമായി ധ്രുവീകരിക്കപ്പെട്ട നമ്മുടെ രാഷ്ട്രത്തിലെ ഏറ്റവും പുതിയ വൈകാരിക വിഷയമായി മാറിയ വിവാദങ്ങൾക്കു പരിഹാരം കണ്ടെത്താനായില്ല. അനുശാസിച്ച യൂണിഫോം ധരിക്കണമെന്ന ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചത്.

കോളജ് അധികൃതരും രക്ഷിതാക്കളും തമ്മിൽ ചർച്ച നടത്തി എളുപ്പത്തിൽ വിഷയം പരിഹരിക്കാമായിരുന്നു. അതിനുപകരം, വിവിധ മത-രാഷ്ട്രീയ സംഘടനകൾ തങ്ങളുടെ തീവ്രവും ശത്രുതാപരവുമായ നിലപാടുകളുമായി ചാടിവീണ് അതിനെ രാഷ്ട്രീയവൽക്കരിച്ചു. വിദ്യാഭ്യാസത്തിനുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും എന്ന മട്ടിലാണ് വിഷയത്തിലെ തർക്കം രൂപപ്പെട്ടത്. ഖേദകരമെന്നു പറയട്ടെ, ഈ തെറ്റായ ധാരണ ഹൈക്കോടതി തിരുത്തിയില്ല. സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിനാശകരമായ അന്തരീക്ഷത്തെ ഇത് അഭിസംബോധന ചെയ്തില്ല. ഹിജാബ് ധരിച്ച പെൺകുട്ടിയെ ആക്രോശങ്ങളോടെ തടയുന്ന, കാവി തലക്കെട്ടുമായി എത്തിയ ആൺകുട്ടികളുടെ ഞെട്ടിക്കുന്ന വീഡിയോയ്ക്കു വലിയ പ്രാധാന്യം കിട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടേതായ ചട്ടങ്ങൾ രൂപീകരിക്കാം, എന്നാൽ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കാനാവില്ല. മാത്രമല്ല, യൂണിഫോമിനു വിദ്യാഭ്യാസത്തേക്കാൾ പ്രാധാന്യം നൽകാനാവില്ല. സ്ഥാപനപരമായ പിടിവാശികളുടെ മുന്നിൽ, സാമൂഹിക പ്രശ്നങ്ങൾ പരസ്പരം പരിഹരിക്കുന്നതിൽ പൗരർ പരാജയപ്പെടുമ്പോള്‍ കോടതികൾക്കു സഹായിക്കാനാവില്ല. ഹൃദയങ്ങൾക്കുള്ളിൽ നീതി മരിക്കുമ്പോൾ, കോടതികളും വിധികളും അപ്രസക്തമാകും.

മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹിജാബ് ധരിച്ച പെൺകുട്ടികൾ അപേക്ഷിച്ചു. എന്നാൽ മതേതര കാഴ്ചപ്പാട് നിലനിർത്തുന്നതിന് ന്യായമായ നിയന്ത്രണങ്ങൾ, സ്ഥാപനപരമായ അച്ചടക്ക തത്വങ്ങൾ പ്രകാരം നടപ്പാക്കേണ്ടി വരുമെന്നായിരുന്നു കർണാടക സർക്കാരിന്റെ വാദം.

Also Read: മഹാമാരിക്കാലത്തെ സ്ത്രീജീവിതങ്ങള്‍

മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ വാദിക്കുന്ന ബിജെപി സർക്കാർ തന്നെ കുറച്ചധികമാണ്. മതേതരത്വം എന്ന ആദർശത്തെ പ്രായോഗികമായി നടപ്പാക്കുന്ന ഫ്രാൻസിനെ പോലെയല്ല ഇന്ത്യ. ഹിന്ദുത്വ നേതാക്കൾ മതേതരത്വത്തെ ഒരു പാശ്ചാത്യ സങ്കൽപ്പമായി പരസ്യമായി അപലപിക്കുകയും പൊതുജീവിതത്തിൽ മതത്തെ പരസ്യമായി ആവേശത്തോടെ ഉൾക്കൊള്ളുകയും ചെയ്യുന്നു.

കാവിധാരികളായ എംപിമാരുടെയും മന്ത്രിമാരുടെയും കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തീർച്ചയായും പാർലമെന്റും ക്ലാസ് മുറി പോലെ ഒരു പൊതു ഇടമാണ്. കൂടാതെ, ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഒരു ക്ലാസ് മുറി പോലെ തന്നെ മതേതര വസ്ത്രധാരണ രീതി പാലിക്കപ്പെടേണ്ട ഇടമാണ്. ഹിജാബ് ധരിച്ച പെൺകുട്ടികളെ ഒറ്റപ്പെടുത്തുന്നത് തികച്ചും വിവേചനപരവും ഇരട്ടത്താപ്പ് കാണിക്കുന്നതുമാണ്.

ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരങ്ങളുടെ ഭാഗമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. മാത്രമല്ല, അതിന്റെ അഞ്ച് തൂണുകളിൽ ഒന്നല്ല എന്നതും. ഫാത്തിമ മെർനിസിയെ പോലുള്ള നിരവധി ഇസ്ലാമിക പണ്ഡിതർ ഇസ്‌ലാമിലെ മൂടുപടത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഗവേഷണം നടത്തി, അത് നിർബന്ധമല്ലെന്നു മാത്രമല്ല സ്ത്രീകളുമായി ഒരു ബന്ധവുമില്ലെന്ന് സമർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മതിൽ, ഒരു തടസം, ഒരു വേലി, ഒരു വിഭജനം എന്നിവയെ വിവരിക്കാൻ മതഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന നിരുപദ്രവകരമായ അറബി പദം, അത് നൂറ്റാണ്ടുകളായി പുരുഷ അധീശത്വമുള്ള സമൂഹങ്ങളിൽ മുസ്‌ലിം സ്ത്രീകളുടെ മേൽ ശിരോവസ്ത്രം അടിച്ചേൽപ്പിക്കാൻ വളച്ചൊടിച്ചിരിക്കുന്നു.

അടുത്തിടെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹിജാബ് എത്തിയത്. ഞങ്ങളുടെ അമ്മൂമ്മമാരും അമ്മമാരും പർദ ധരിച്ചിരുന്നില്ല. പ്രധാനാധ്യാപികയായിരുന്ന എന്റെ മുത്തശ്ശി ഗുജറാത്തി സാരി ഉടുത്താണ് സ്കൂളിൽ പോയിരുന്നത്. എന്റെ അമ്മയുടെ തലമുറ കൂടുതൽ ഫാഷനബിളായിരുന്നു. അവർ ബംഗാളി സാരിയും സൽവാർ-കുർത്തയും ഉപയോഗിച്ചു. വളർന്നുവരുമ്പോൾ, നമ്മുടെ പ്രദേശങ്ങളിൽ സ്ത്രീകൾ സാരിയോ സൽവാർ-കുർത്തയോ പോലുള്ള മാന്യമായ വസ്ത്രം ധരിക്കുന്നത് ഞങ്ങൾ എപ്പോഴും കണ്ടു. സ്ത്രീകൾ പർദ ധരിക്കുന്ന ഒന്നോ രണ്ടോ കുടുംബങ്ങൾ മാത്രമമേ പ്രദേശത്തുണ്ടായിരുന്നുള്ളൂ.

Also Read: അപ്പോള്‍, ഇനിയെന്ത്?

സമൂഹം മുഴുവൻ അവരുടെ മുൻഗണനകളെ മാനിക്കുകയും അപ്രതീക്ഷിതമായ സംഭ്രമങ്ങളിൽനിന്ന് അവരെ രക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തു. മതപരമായ ചടങ്ങിലോ ആരെങ്കിലും മരിക്കുന്നതോ പോലുള്ള സന്ദർഭങ്ങൾ ആവശ്യപ്പെടുമ്പോഴെല്ലാം എല്ലാ സ്ത്രീകളും തല മറയ്ക്കുന്നു. പല പ്രായമായ സ്ത്രീകളും പതിവായി ദുപ്പട്ടയോ സാരി തലപ്പുകളോ ഉപയോഗിച്ച് തല മറയ്ക്കുന്നു. തങ്ങളുടെ മുടിനാരിഴയെങ്കിലും പുറത്തുകാണുമോ എന്നതുപോലെയുള്ള ആശങ്കകളൊന്നും അവരെ അലട്ടിയിരുന്നില്ല.

ഹിജാബ് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പാണെന്ന തർക്കം വഴുക്കലുള്ള പാതയിലേക്കു നയിച്ചേക്കാം. എന്നിരുന്നാലും, സ്ത്രീയുടെ തിരഞ്ഞെടുപ്പിനെ മാനിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ദക്ഷിണേഷ്യയിലെ മുസ്‌ലിം സമൂഹങ്ങളിൽ സാമൂഹിക പരിഷ്‌കരണത്തിന്റെ അഭാവം പുരുഷാധിപത്യത്തെ മതത്തിന്റെ മുഖംമൂടി അണിയിക്കുന്നന്നതിൽ കലാശിച്ചു. പ്രത്യേകിച്ചും മതം ഒരുതരം റോക്കറ്റ് സയൻസായി മാറുമ്പോൾ, അവിടെ വിശുദ്ധ പുരുഷന്മാർക്ക് മാത്രമേ അധികാരമുള്ളൂ. യാഥാസ്ഥിതിക ലോകവീക്ഷണത്തിൽ, ഇസ്‌ലാമിക സ്വത്വമെന്ന് വിളിക്കപ്പെടുന്നതിന്റെ ഭാരം പേറേണ്ട ചുമതല സ്ത്രീകൾക്കായി മാറി. നീതി, ദയ, അനുകമ്പ, ജ്ഞാനം എന്നിവയുടെ അടിസ്ഥാന ഖുർആനിക മൂല്യങ്ങൾ വിസ്മരിക്കപ്പെടുകയും ബാഹ്യരൂപത്തിൽ ഊന്നൽ ചെലുത്തുകയും ചെയ്യുന്നു. ഭക്തയായ സ്ത്രീ ഹിജാബ് ധരിച്ചിരിക്കണം.

ഹിജാബ് ധരിച്ച ഒരു സ്ത്രീക്ക് സിന്ദൂരം ധരിക്കുന്ന ഒരു സ്ത്രീയെപ്പോലെ തന്നെ അത് തിരഞ്ഞെടുക്കാം – പെരുമാറ്റ മാനദണ്ഡങ്ങൾ ഇരുവർക്കും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ മതത്തിന്റെ ശക്തി അത്രയേറെയാണ്, ഒരു നല്ല സ്ത്രീയുടെ മുൻ‌കൂട്ടി നിർവചിക്കപ്പെട്ട ലക്ഷണങ്ങളുണ്ട്, അവൾ എങ്ങനെ പ്രത്യക്ഷപ്പെടണം, എങ്ങനെ പെരുമാറണം എന്നിങ്ങനെ. സ്ത്രീവിരുദ്ധതയ്ക്കും മതഭ്രാന്തിനും മതത്തെ എളുപ്പത്തിൽ ഉപയോഗിക്കാം. തല മുതൽ കാൽ വരെ ബുർഖ ധരിച്ച് കെജി ക്ലാസുകളിലേക്ക് പോകുന്ന കൊച്ചു പെൺകുട്ടികൾ എന്നിലും മറ്റ് പലരിലും പല വികാരങ്ങളും ഉണർത്തുന്ന ഒരു കാഴ്ചയാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഇസ്ലാമിക വസ്ത്രം ധരിക്കാത്തത്? എന്ന്, ഞാൻ സ്ഥിരമായി ചോദ്യം ചെയ്യപ്പെടാറുണ്ട്.

വടക്കേ ആഫ്രിക്കയിലെയും പൂർവേഷ്യലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും പുരോഗമന മുസ്‌ലിങ്ങൾക്ക് പർദ ധരിച്ച സ്ത്രീയെ ചിഹ്നമാക്കിയ രാഷ്ട്രീയ ഇസ്‌ലാമിനോട് പോരാടേണ്ടതുണ്ട്. അറേബ്യയിൽനിന്ന് ഇറക്കുമതി ചെയ്ത മുഖപടം, ഈ സമൂഹങ്ങളിൽ ഭൂരിഭാഗത്തിനും അന്യമാണെങ്കിലും ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹങ്ങളിൽ അതിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയയോടുള്ള വ്യത്യസ്‌ത സമുദായങ്ങളുടെ പ്രതികരണം ഉൾപ്പെടെ നിരവധി കാരണങ്ങളാൽ ഇത് സംഭവിക്കാം. എന്നാൽ ഈ മുഖപടം പ്രാഥമികമായി ഒരു പുരുഷാധിപത്യ നിർമിതിയാണ്, അല്ലാതെ ഇസ്‌ലാമിൽ അന്തർലീനമായതല്ല എന്നത് മറക്കരുത്.

Also Read: തിഹാറില്‍നിന്ന് ഒരു ജയില്‍ ഡയറി

നീതി, സമത്വം, ബഹുസ്വരത എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഭരണഘടനയുള്ള ബഹുവിശ്വാസ ജനാധിപത്യമാണ് നമ്മുടേത്. മതേതരത്വത്തിന്റെ പ്രയോഗത്തിൽ നമ്മുടെ രാഷ്ട്രീയത്തിൽ ആഴത്തിലുള്ള പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നതിൽ സംശയമില്ല, അതിനൊപ്പം മതപരമായ വിള്ളലുകൾ എപ്പോഴും നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ വർഗീയതയും വർഗീയ കലാപങ്ങളും ഉണ്ടായിട്ടും നമ്മൾ ബഹുസ്വരവും സമാധാനപരവുമായ ഒരു സമൂഹമായി തുടർന്നു. അടുത്തിടെ ഹരിദ്വാറിൽ നടന്ന വിദ്വേഷ പ്രസംഗങ്ങളും മുസ്‌ലിംകളുടെ വംശഹത്യയ്‌ക്കുള്ള തുറന്ന ആഹ്വാനങ്ങളും നമ്മുടെ രാഷ്ട്രീയത്തിന്റെ പുതിയ അധഃപതനത്തിലേക്കു വിരൽ ചൂണ്ടുന്നു.

സാധാരണ ഇന്ത്യക്കാർ – ഹിന്ദുക്കൾ, മുസ്‌ലിങ്ങൾ, സിക്കുകാർ, ക്രിസ്ത്യാനികൾ – വിദ്വേഷത്തിന്റെ വിഭജന രാഷ്ട്രീയത്തെ നിരാകരിക്കണമെന്നത് പ്രധാനമാണ്. സമാധാനപരമായ സഹവർത്തിത്വത്തിനും സഹിഷ്ണുതയ്ക്കും പരസ്പര ബഹുമാനത്തിനും ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ കഴിയും. മതവിശ്വാസം സ്വകാര്യതയിൽ മാത്രമാകണം. പ്രത്യക്ഷമായ പ്രദർശനവും മത്സരിക്കുന്ന മതങ്ങളും നമ്മെയെല്ലാം ദോഷകരമായി ബാധിക്കും. നമ്മുടെ അയൽപക്കത്തുള്ള അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും രാഷ്ട്രീയ മതം സാധാരണക്കാരുടെ ജീവിതത്തിൽ നാശം വിതച്ചിരിക്കുകയാണ്.

എല്ലാ പെൺകുട്ടികളും ഹിജാബ് ഉപയോഗിച്ചോ അല്ലാതെയോ സ്കൂളിൽ പോകണം. പെൺകുട്ടികൾ വിദ്യാഭ്യാസം നേടി ശാക്തീകരിക്കപ്പെടുമ്പോൾ രാഷ്ട്രം പുരോഗമിക്കും. ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കു കൂടുതൽ പ്രവേശനം സാധ്യമാക്കുന്നതിൽ സർക്കാരുകൾ ശ്രദ്ധ കേന്ദ്രീകരിക്കണം. യൂണിഫോമിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് അവരുടെ വസ്ത്രധാരണം നിഷേധിക്കുന്നതിനായി നിയമപരമായ കേസുകളുമായി പോരാടുന്നതിനു പൊതുവിഭവങ്ങളും വിലപ്പെട്ട ജുഡീഷ്യൽ സമയവും അവർ പാഴാക്കരുത്.

  • ദ് ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ ‘Much ado about attire’ എന്ന തലക്കെട്ടിൽ മാർച്ച് 18 ന് പ്രസിദ്ധീകരിച്ച പംക്തിയാണിത്. സാമൂഹ്യപ്രവർത്തകയും ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളൻ സ്ഥാപകാംഗവുമാണ് ലേഖിക

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Karnataka hijab row uniform cannot be more important than education