അഖിലേന്ത്യാതലത്തിൽ രാഷ്ട്രീയ നിരീക്ഷകരെല്ലാംം സാകൂതം കാത്തിരുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും തുടർന്നുളള സംഭവവികാസങ്ങളും എല്ലാ കണക്കൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത ഫലമായിരിക്കുമെന്ന് പ്രവചനം ശരിയായെങ്കിലും ബി ജെ പിയും കോൺഗ്രസ്സും ഒപ്പത്തിനൊപ്പം നിൽക്കുമെന്ന വിലയിരുത്തലാണ് ഏറെ പാളിപ്പോയത്. താരതമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവച്ച സിദ്ധരാമയ്യ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന പൊതുവിലയിരുത്തലിനെ അസാധുവാക്കിക്കൊണ്ട് കോൺഗ്രസ് പിന്തളളപ്പെടുകയും അതിന്റെ നേട്ടം ബി ജെ പിക്ക് ലഭിക്കുകയുമാണ് ഉണ്ടായത്. ജനതാഗൾ( എസ്) കഴിഞ്ഞ തവണത്തെ സീറ്റുകൾക്കടുത്ത് എത്തിയത് പ്രതീക്ഷയ്ക്ക് അനുസൃതവുമായിരുന്നു. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതപദവി നൽകികൊണ്ട് സിദ്ധരാമയ്യ നടത്തിയ അവിഹിതമായ രാഷ്ട്രീയക്കളി തിരിച്ചടിച്ചതാണ് കോൺഗ്രസിനേറ്റ ക്ഷതത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു കഴിഞ്ഞു.
കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ കുറവ് വന്നാലും തങ്ങൾ തന്നെ ഭരണത്തിൽ വരുമെന്ന ബി ജെ പിയുടെ ആത്മവിശ്വാസത്തെ തകർക്കുന്ന രീതിയിലുളള കരുനീക്കങ്ങൾ നടത്തുന്നതിൽ കോൺഗ്രസ് നേതൃത്വം അസാധാരണ മെയ്‌വഴക്കമാണ് പ്രകടിപ്പിച്ചത്. ഗോവയിലടക്കം പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ച ബി ജെ പി തന്ത്രങ്ങൾക്ക് മറുപടിയെന്ന നിലയിലുളള നീക്കങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജെ ഡി എസ്സിന് മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസ് പൂർണ പിന്തുണ നൽകികൊണ്ട് ജെ ഡി എസ് – കോൺഗ്രസ് സഖ്യത്തിന് തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ, രൂപം നൽകിയതിലൂടെ ബി ജെ പിയെ അമ്പരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ജെ ഡി എസ് ബി ജെ പിയുടെ സഖ്യകക്ഷിയാണെന്നും ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരുന്നപ്പോൾ തങ്ങളുടെ പരാജയത്തിന് കാരണം പല മണ്ഡലങ്ങളിലും ജെ ഡി എസ്സും ബി ജെ പിയും നീക്കുപോക്കുകൾ നടത്തിയതാണെന്നും ആരോപിച്ച കോൺഗ്രസ് ജെ ഡി എസ്സിന് മുഖ്യമന്ത്രി പദം തന്നെ നൽകികൊണ്ടുളള ഒരു സഖ്യനീക്കത്തിന് തയ്യാറാകുമെന്ന് ആരും കരുതിയിരുന്നില്ല. കോൺഗ്രസ്സിന്റെ ഭാഗത്ത് നിന്നും അങ്ങേയറ്റത്തെ രാഷ്ട്രീയ ജാഗ്രതയോടു കൂടിയ ഇത്തരം ഒരു കരുനീക്കം ബി ജെ പി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കേന്ദ്രാധികാരം ഉപയോഗിച്ച് ഈ വെല്ലുവിളി നേരിടാനാണ് ബി ജെ പിയുടെ നീക്കം.
Read More: ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ കേരളത്തിലും ഇന്ത്യയിലും ചുവരെഴുത്താകുമോ?
തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പ് കാലത്തും ബി ജെ പിക്കെതിരായി ചെറുതും വലുതുമായ മതേതര ജനാധിപത്യ കക്ഷികളെ ഒന്നിപ്പിച്ച് നിർത്തിക്കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് കോൺഗ്രസ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതുണ്ടായില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ജെ ഡി എസ് അത്തരമൊരു സഖ്യത്തിന് തയ്യാറായിരുന്നോ എന്ന് വ്യക്തമല്ല. എന്നാലും അത്തരമൊരു നീക്കത്തിന് കോൺഗ്രസ് തയ്യാറായില്ല. ചെറുകക്ഷികളെയും ഗ്രൂപ്പുകളെയും ഒന്നിച്ച് നിർത്താൻ അവർ ശ്രമിച്ചില്ല. ഭരണവിരുദ്ധ വികാരമില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഒറ്റയ്ക്ക് ഭരണം നിലനിർത്താമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടിയത്. അഖിലേന്ത്യാതലത്തിൽ വിശാലമായ മുന്നണിയുണ്ടാക്കാൻ ഉത്തരവാദിത്വമുളള കോൺഗ്രസ്സിന്റെ കേന്ദ്രനേതൃത്വം, പ്രാദേശിക നേതൃത്വത്തിന്റെ തന്നിഷ്ടത്തിന് വഴങ്ങിക്കൊടുക്കയാണ് ഉണ്ടായത്. ആ രാഷ്ട്രീയ വീഴ്ചയ്ക്ക് പരിഹാരം കാണാനെന്ന നിലയ്ക്കാണ് ബി ജെ പിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് പ്രകടമായി തുടങ്ങിയതോടെ കോൺഗ്രസ് നേതൃത്വം ഈ പുതിയ നീക്കത്തിന് മുൻകൈയെടുത്തത്.
ലിംഗായത്തുകളെയും മുസ്‌ലിങ്ങളെയും മറ്റും നേടിയെടുക്കാൻ വേണ്ടി സിദ്ധരാമയ്യ നടത്തിയ കരുനീക്കങ്ങളെല്ലാം തിരിച്ചടിക്കുകയായിരുന്നു. മതേതര ജനാധിപത്യ വോട്ടുകൾ ഒന്നിക്കാതിരിക്കാനുളള സൂക്ഷ്മമായ കരുനീക്കങ്ങളാണ് ബി ജെ പി നടത്തിയത്. വോട്ട് ശതമാനം നോക്കിയാൽ കോൺഗ്രസ് ബി ജെ പിക്ക് ഒപ്പം തന്നെയുണ്ട്. പക്ഷേ, എതിർവോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ട് ചെറിയ ഭൂരിപക്ഷത്തിന് പല സീറ്റുകളും പിടിച്ചെടുത്തുകൊണ്ടാണ് ബി ജെ പി മുന്നേറിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ ജാഗ്രതയില്ലായ്മയാണ് അവരുടെ മോശം പ്രകടനത്തിന് കാരണമെന്ന് വ്യക്തമാണ്.
ഈ സാഹചര്യത്തെ മറികടക്കാനുളള ആദ്യ ചുവടുവെയ്പുകൾ വെയ്ക്കുന്നതിൽ കോൺഗ്രസ് വിജയിച്ചു നിൽക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 113 എം എൽ എ മാരെ വേണ്ടിടത്ത് ബി ജെ പിക്ക് ലഭിച്ചത് 104 പേരെയാണ്. കോൺഗ്രസിന് 78 ഉം ജെഡി എസ്സിന് 37 ഉം ചേർന്ന് 115 എം എൽ എ മാരുണ്ട്. മറ്റുളളവർ മൂന്നുപേരാണ്. ജെ ഡി എസിന് മുഖ്യമന്ത്രി പദം നൽകി കൊണ്ട് രണ്ട് പാർട്ടികളും ചേർന്ന് മന്ത്രിസഭയുണ്ടാക്കാനുളള സംയുക്ത തീരുമാനം ഔപചാരികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണ് ബി ജെ പി നീക്കങ്ങളാരംഭിച്ചത്. മുഖ്യമന്ത്രിപദം ലഭിച്ച ജെ ഡി എസിനെ ആകർഷിക്കാൻ ബി ജെ പിക്ക് കഴിയില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ കേന്ദ്രാധികാരംം ഉപയോഗിച്ച് ഗവർണറെ സ്വാധീനിച്ച് മുൻകൈ നേടാനുളള ശ്രമമാണ് ബി ജെ പി ആരംഭിച്ചിട്ടുളളത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ആരെ മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കണമെന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം. ഒരുമിച്ച് നിന്ന് ഭൂരിപക്ഷം ഉണ്ടെന്ന് ഗവർണറെ ബോധ്യപ്പെടുത്താൻ കഴിയുന്ന സഖ്യത്തെയോ ഏറ്റവും വലിയ ഒറ്റകക്ഷിയെയോ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർക്ക് ക്ഷണിക്കാവുന്നതാണ്. ബി ജെപിയുടെ യെഡിയൂരപ്പയ്ക്ക് ആദ്യമായി ഗവർണറെ കാണാൻ അവസരമുണ്ടാക്കിക്കൊണ്ടാണ് കേന്ദ്ര നേതൃത്വം നീക്കങ്ങൾ ആരംഭിച്ചത്. ജെ ഡി എസ് – കോൺഗ്രസ് സഖ്യത്തിന്റെ അഭ്യർത്ഥനയും ആദ്യം തന്നെ ഗവർണർ സ്വീകരിച്ചിട്ടുണ്ടെങ്കിലും വലിയ ഒറ്റകക്ഷിയെന്ന നിലയ്ക്ക് യെഡ്യൂരിയപ്പയെ മന്ത്രിസഭയുണ്ടാക്കാനായി ഗവർണർ ക്ഷണിക്കാനുളള സാധ്യതയാണ് കാണുന്നത്.
ബി ജെ പി നേതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിശ്ചിത സമയത്തിനുളളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുളള സാധ്യത, ജനാധിപത്യവിരുദ്ധനടപടിയായി വ്യാഖ്യാനിക്കാമെങ്കിലും സാധ്യത അതുതന്നെയാണ്. ആവശ്യമായ ഭൂരിപക്ഷമുണ്ടാക്കാനുളള കുതിരക്കച്ചവടമായിരിക്കും നടക്കുകയെന്ന് മാത്രം. കുതിരക്കച്ചവടത്തിന് വിലപേശാൻ നിൽക്കുന്നവർ കോൺഗ്രസ്സിലും ജെ ഡി എസ്സിലും ഉണ്ടെന്നിരിക്കെ സംഭവവികാസങ്ങൾ അങ്ങോട്ട് തന്നെയാണ് നീങ്ങുന്നത്.
കർണാടകയിൽ കോൺഗ്രസിനേറ്റ തിരിച്ചടി അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിന് ഉണ്ടാക്കിയിട്ടുളള ആഘാതം ചെറുതല്ല. രാഹുൽഗാന്ധി പ്രസിഡന്റായി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധി പ്രചാരണരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് നരേന്ദ്രമോദിയും സിദ്ധരാമയ്യയും തമ്മിലുളള മത്സരമായിട്ടാണ് മാധ്യമങ്ങൾ വിലയിരുത്തിയത്. അഖിലേന്ത്യാ ഉത്തരവാദിത്വങ്ങൾക്കനുസരിച്ച് രാഹുൽഗാന്ധിക്ക് ഇടപെടാനായില്ലെന്നതും വ്യക്തമാണല്ലോ. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാനുളള കോൺഗ്രസ് നീക്കത്തെ വിമർശിക്കാൻ തയ്യാറായിരുന്ന മറ്റ് മതേതര ജനാധിപത്യ പാർട്ടികളിൽ ചിലർ ഈ കർണാടക അവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ നിലപാട് കടുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിൽ രാഹുൽ ഗാന്ധി നടത്തിയ നേതൃത്വപരമായ പങ്ക് കർണാടകയിൽ കാര്യമായി നിറവേറ്റിയില്ലെന്നത് അദ്ദേഹത്തിന്റെ നേതൃപാടവത്തെ കുറിച്ചുളള പഴയ വിമർശനത്തിന് ആക്കം കൂട്ടുന്നത് തന്നെയാണ്. വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളിൽ കൂടി രാഹുൽ ഗാന്ധിക്ക് ശക്തമായി മുന്നോട്ട് വരാനാവുന്നില്ലെങ്കിൽ മോദി വിരുദ്ധ അന്തരീക്ഷത്തെ പ്രയോജനപ്പെടുത്താനാവാതെ വരുമെന്നുറപ്പാണ്.