കാള്‍ മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മദിനത്തില്‍ നമ്മളെങ്ങനെയാണ് അദ്ദേഹത്തെ ഓര്‍ക്കുന്നത്? മാര്‍ക്‌സിയന്‍ ആശയങ്ങളുടെ സ്വാധീനം സമൂഹത്തിന് നല്ലതോ മോശമോ എന്ന സംവാദം മാറ്റി നിര്‍ത്തിയാല്‍ രാഷ്ട്രീയപരമായി മാര്‍ക്‌സ് സൃഷ്ടിച്ചെടുത്ത സ്വാധീനം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിനുമപ്പുറത്തേക്ക് മാര്‍ക്‌സ് സൃഷ്ടിച്ച Reflective Departure -റിലൂടെ ബൗദ്ധികലോകം എത്രമാത്രം നവീനമായി എന്നത് ചിന്തനീയമാണ്. സാമൂഹിക അവബോധത്തിലെ സുപ്രധാനമായ വര്‍ഗത്തിന്റെ അപഗ്രഥനം മുതല്‍ ആവശ്യങ്ങളും കഠിനാധ്വാനവും തമ്മിലുള്ള അടിസ്ഥാനപരമായ വൈരുദ്ധ്യത്തിന് തൃപ്തികരമായ വ്യഖ്യാനം സൃഷ്ടിക്കുകയെന്നത് വരെ ഇതില്‍ ഉള്‍പ്പെടും. ഇതില്‍ വ്യക്തികളുടെ ധാര്‍മ്മികശരികളും ഉള്‍പ്പെടും. ധാര്‍മ്മിക മൂല്യങ്ങളാവട്ടെ ആളുകള്‍ക്കനുസരിച്ച് മാറുന്നതുമാണ്. ഇതില്‍ ചില സ്വാധീനങ്ങള്‍ ജനസാമാന്യത്തിനിടയില്‍ രൂഢമൂലമായിപ്പോയവയാണ്. അടിയുറച്ചുപോയ ഇത്തരം ആശയങ്ങളുടെ ഉറവിടം എവിടെയെന്ന് നമുക്ക് ദൈനംദിന വിലയിരുത്തലുകള്‍ക്കൊടുവില്‍ പോലും കണ്ടെത്തുക സാധ്യമല്ല. ഷേക്‌സ്പിയറിന്റെ ഹാംലറ്റ് ഇഷ്ടപ്പെടുമ്പോള്‍ തന്നെ ,എന്തിനാണിതിനും മാത്രം ഉദ്ധരണികളിതില്‍ കുത്തി നിറച്ചിരിക്കുന്നതെന്ന് ഒരു നാടകപ്രേമി ആശ്ചര്യപ്പെടുന്നത് പോലെയാണ് മാര്‍ക്‌സിന്റെ ചില ക്ലാസിക്കല്‍ വര്‍ക്കുകള്‍ വായിക്കുമ്പോള്‍ വായനക്കാരന് അനുഭവപ്പെടുന്നത്. ഇത്തരമൊരു അസ്വസ്ഥത അവ വായനക്കാരനില്‍ നിറയ്ക്കുന്നുണ്ട്.

മാര്‍ക്‌സിന്റെ സ്വന്തം സൃഷ്ടിയെന്നതിലുപരി മാര്‍ക്‌സിയന്‍ അപഗ്രഥനം ഇന്നത്തെ കാലത്ത് സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മാർക്സിന്റെ മൗലിക കൃതി എന്നതിലുപരി ഇതിലേയക്ക് അസാധാരണമായ തലത്തിൽ​സംഭാവനകൾ നൽകിയ നിരവധി പ്രമുഖ ചരിത്രകാരന്മാരും സാമൂഹിക ശാസ്ത്രജ്ഞരും സർഗ പ്രതിഭകളും ഉണ്ട്. അന്റോണിയോ ഗ്രാംഷി, റോസാ ലക്‌സംബര്‍ഗ്, സാര്‍ത്ര്, ബ്രഹ്ത് എന്നീ മഹാരഥന്‍മാരില്‍ തുടങ്ങി പിയറോ സ്രാഫാ,മോറിസ് ഡോബ്, എറിക് ഹോബ്‌സ്‌വാം തുടങ്ങിയവർ‍ അവരിൽ ചിലരാണ്. ഇവർ നടത്തിയ മികവുറ്റ പഠനങ്ങള്‍ മാര്‍ക്‌സിയന്‍ അപഗ്രഥനത്തെ പ്രസക്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മാര്‍ക്‌സിന്റെ ആശയങ്ങളുടെ കാമ്പ് അറിയുന്നതിനും സത്ത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി ഒരാള്‍ ഒരിക്കലും മാര്‍ക്‌സിന്റെ അനുയായി(marxist) ആവേണ്ടതില്ല. അരിസ്‌റ്റോട്ടിലില്‍ നിന്നും പഠിക്കുന്നതിന് അരിസ്‌റ്റോട്ടിലിന്റെ പാത പിന്തുടരണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ലാത്തതുപോലെയാണിതും.

വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ കിടക്കുന്ന ജീവസ്സുറ്റ നിരവധി ആശയങ്ങള്‍ മാര്‍ക്‌സിന്റെ പുസ്തക/ലേഖനങ്ങളില്‍ ഇനിയും ഒട്ടേറെയുണ്ട്. അത്തരത്തില്‍ തിരസ്‌കൃതമായി പോയ ആശയങ്ങളിലൊന്നാണ് മാര്‍ക്‌സിന്റെ objective illussion. അതിനോട് ചേര്‍ത്ത് വയ്ക്കാനാവുന്ന മറ്റൊന്നാണ് അദ്ദേഹത്തിന്റെ തന്നെ false consciousness എന്നിവ. മാര്‍ക്‌സ് പറയുന്ന ഒബ്ജക്ടീവ് ഇല്യൂഷന്‍ വ്യക്തി ,താനിരിക്കുന്ന പദവിയിലിരുന്ന് ഒരു വസ്തുതയെ വീക്ഷിക്കുന്നതും ആ പ്രത്യേക സ്ഥലത്ത് നിന്നുള്ള അതിന്റെ കാഴ്ചയേയും ആശ്രയിച്ചിരിക്കുന്നു.ഇത് തെറ്റിദ്ധാരണജനകമാണോ എന്നത് ഇവിടെ വിഷയമേ ആകുന്നില്ല. സൂര്യ-ചന്ദ്രന്‍മാരുടെ സാമാന്യ വലിപ്പത്തെ പരിശോധിച്ചാല്‍, ഭൂമിയില്‍ നിന്നും നോക്കുന്ന ഒരാളെ സംബന്ധിച്ച് ഇരു ഗ്രഹങ്ങളുടെയും വലിപ്പം ഏകദേശം ഒന്നുതന്നെയാണ്. ഈ ആശയത്തെ സത്യജിത്ത് റായ് അദ്ദേഹത്തിന്റെ ‘ആഗന്തുക്’ എന്ന ചിത്രത്തില്‍ കൃത്യമായി കാണിക്കുന്നുണ്ട്. എന്നാല്‍ വ്യാപ്തത്തില്‍ ഇവ ഒന്നുപോലെയാണെന്ന് കരുതുന്നതും, ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഇവയുടെ വലിപ്പം തുല്യമാണെന്ന് തീരുമാനിക്കുന്നതും യാഥാര്‍ത്ഥ്യം വച്ച് വിലയിരുത്തുമ്പോള്‍ തികച്ചും അബദ്ധമാകും. വസ്തുവിന്റെ ബാഹ്യഭാഗത്തെ കണക്കിലെടുത്തുള്ള അന്വേഷണമാണ് ഒബ്ജക്ടീവ് ഇല്യൂഷനില്‍ മാര്‍ക്‌സ് സ്വീകരിച്ചത്. നിരീക്ഷണങ്ങളുടെ സ്ഥാനാശ്രയത്തിന്റെ സാധ്യതകളെ കുറിച്ച് മനസിലാക്കുന്നതില്‍ മാര്‍ക്‌സിന്റെ വിലയിരുത്തല്‍ നിര്‍ണായകമായ സംഭാവനയായിരുന്നു.

karl marx,amartya sen

ചിത്രീകരണം :സി.ആര്‍ ശശികുമാര്‍

ചൂഷണം തുടര്‍ന്നു പോരുന്ന ഒരു വ്യവസ്ഥിതിയില്‍/സമൂഹത്തില്‍ ഉള്ള തൊഴിലാളി സമൂഹത്തിന് തങ്ങള്‍ ജീവിക്കുന്ന / തൊഴിലെടുക്കുന്ന ചുറ്റുപാടിലെ ചൂഷണം മനസിലാക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇത് ഒബ്ജക്ടീവ് ഇല്യൂഷനെന്ന മാര്‍ക്‌സിയന്‍ ആശയത്തിന്റെ സഹായത്തോടെ കൃത്യമായി മനസിലാക്കാനാവും. ഇത് തന്നെയാണ് false consciousness’ എന്ന പേരില്‍ അദ്ദേഹം വിശദീകരിച്ചതും. മാര്‍ക്‌സ് വരച്ചിട്ടതിനും അപ്പുറത്തേക്ക് ഈ ആശയത്തിന് സാധ്യതകളുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ പുല്ലിംഗാധീശത്വ സമൂഹത്തില്‍ വലിയ തോതില്‍ ലിംഗഅസമത്വങ്ങളുണ്ടായിട്ടും സ്ത്രീകള്‍ മുന്‍കൈയെടുക്കുന്ന രാഷ്ട്രീയമുന്നേറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഈ ആശയത്തിന്റെ സഹായത്തോടെ മനസിലാക്കാവുന്നതാണ്.

മാര്‍ക്‌സിനെ വെറും ഭൗതികവാദിയെന്ന് മുദ്രകുത്തി ഒതുക്കുന്നതില്‍ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. ആശയങ്ങളിലും വിശ്വാസങ്ങളിലും മാര്‍ക്‌സിന് തീരെ വിശ്വാസമുണ്ടായിരുന്നില്ലെന്നും അദ്ദേഹം തികഞ്ഞ ഭൗതികവാദിയായിരുന്നുവെന്നുമുള്ള വിലയിരുത്തലിലാണ് പാളിച്ച സംഭവിക്കുന്നത്. അങ്ങേയറ്റം തെറ്റായ മാര്‍ക്‌സിയന്‍ വായനയാണിത്. ആശയങ്ങളെയും ഭൗതിക സാഹചര്യങ്ങളെയും ബന്ധപ്പെടുത്തുന്നതില്‍ കൃത്യമായ നിരീക്ഷണങ്ങളായിരുന്നു മാർക്സ് മുന്നോട്ട് വച്ചത്.

നമ്മുടെ കാലത്ത് വളരെ പ്രസക്തമായ ഒരു വസ്തുത വിശദമാക്കി ഞാന്‍ ഈ ഭാഗം വ്യക്തമാക്കാം.എറിക് ഹോബ്‌സ്‌വാമിന്റെ അത്ര പ്രശസ്തമല്ലാത്ത ഒരു ലേഖനമാണ് ‘മാര്‍ക്‌സിസ്റ്റ് ക്വാര്‍ട്ടേര്‍ലി’യില്‍ 1955 ല്‍ പ്രസിദ്ധീകരിച്ച ‘where are Bristish Historians going’ എന്നത്. ഇതില്‍ ആശയങ്ങളും ഭൗതീക സാഹചര്യങ്ങളും തമ്മിലുള്ള പരസ്പര പൂരകമായ ബന്ധത്തെ കുറിച്ചുള്ള മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് ഹോബ്‌സ്‌വാം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ബൗദ്ധികലോകത്തില്‍ ഉള്ളതിനെക്കാള്‍ സമകാലിക ലോകത്തില്‍ അതിന്റെ പ്രസക്തി എന്താണ് , അതിന്റെ വ്യത്യസ്ത മാനങ്ങള്‍ എന്താണ്, അതിന്റെ കേന്ദ്രം, മാര്‍ക്‌സിന്റെ വീക്ഷണം എന്നിവ അദ്ദേഹം വിവരിക്കുന്നുണ്ട്. ഹെഗലും അനുയായികളുമാണ് ഭൗതികസാഹചര്യങ്ങളില്‍ ആശയങ്ങളുടെ സ്വാധീനത്തെ കുറിച്ച് ഊന്നി പറഞ്ഞത് എന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എന്നാല്‍ തികച്ചും വൈരുദ്ധ്യമുള്ള നിലപാടാണ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പ്രാമാണിക ചരിത്ര സ്‌കൂളുകള്‍ സ്വീകരിച്ചത്. ലൂയീ ബേണ്‍സ്റ്റെയിന്‍ നമിയറെ പോലുള്ളവരുടെ ചരിത്ര രചനകള്‍ ഭൗതികവാദത്തിന്റെ മൂര്‍ധന്യത്തിലുള്ളവയാണെന്ന് ഹോബ്‌സ്‌വാം പറയുന്നു. മാനവരാശിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഭൗതിക താൽപര്യങ്ങളിലധിഷ്ഠിതമാണെന്നും സ്വാര്‍ത്ഥതയില്‍ ഊന്നിയുള്ളതാണെന്നും നമിയറിന്റെ രചനയില്‍ പറയുന്നു. മാര്‍ക്‌സിന്റെ സമകാലീനരായിരുന്ന ചരിത്രകാരന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ പക്ഷംചേര്‍ന്നുള്ള ഒരു ചരിത്രമെഴുത്തായിരുന്നു ഇത്. എന്നാല്‍ ആശയങ്ങളെയും ഭൗതികതയെയും സന്തുലിതമാക്കിയുള്ള കാഴ്ചപ്പാടാണ് മാര്‍ക്‌സിനെ ഇന്ന് വിലയിരുത്തുന്നതില്‍ വേണ്ടതെന്നാണ് ഹോബ്‌സ്‌വാമിന്റെ അഭിപ്രായം. അതില്‍ തന്നെ ആശയങ്ങള്‍ക്കാണ് ഭൗതികതയെക്കാള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഹോബ്‌സ്‌വാം വ്യക്തമാക്കുന്നുണ്ട്.karl marx,amartya sen

വാറന്‍ ഹേസ്റ്റിങ്സിന്റെ ഇന്ത്യയിലെ പെരുമാറ്റ ദൂഷ്യം സംബന്ധിച്ച് എഡ്മണ്ട് ബര്‍കിന്റെ വിലയിരുത്തലുകളാണ് ഇതിന് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇംപീച്ച്‌മെന്റ് വിചാരണവേളയിലുള്ള ഹേസ്റ്റിങ്സിന്റെ രീതികള്‍ ബര്‍കിന്റെ നീതിന്യായ ആശയങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ വേണം വായിക്കപ്പെടാന്‍. എന്നാല്‍ നമിയറെ പോലുള്ള ഭൗതികവാദികള്‍ മാത്രമായ ചരിത്രകാരന്മാര്‍ ബര്‍കിന്റെ ആശങ്കകളെ/ ഇംപീച്ച്‌മെന്റ് രീതിയോടുള്ള അതൃപ്തിയെ വിലവച്ചത് പോലുമില്ലെന്ന് പറയേണ്ടിവരും. ഭൗതികതയിലൂന്നിയുള്ള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധക്ഷണിക്കുകയായിരുന്നു തങ്ങളുടെ ചരിത്രപരമായ ബാധ്യതയെന്ന് വിശ്വസിച്ചിരുന്ന മാര്‍ക്‌സിസ്റ്റുകള്‍ നമിയറിന് മുമ്പുള്ള കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മുതലാളിത്തവര്‍ഗ്ഗത്തിലെ ചരിത്രകാരന്‍മാരുടെ ഉദയത്തോടുകൂടി ചരിത്രമെന്നത് ആശയങ്ങള്‍ക്കായുള്ള സമരമാണെന്നും ഭൗതിക സാഹചര്യങ്ങളുടെ പ്രതിഫലനമാണെന്നുമുള്ള വസ്തുത മാര്‍ക്‌സിസ്റ്റുകള്‍ സ്വയം ബോധ്യപ്പെടുത്തി തുടങ്ങുകയായിരുന്നു. ഇംഗ്ലീഷ് വിപ്ലവമെന്നത് രാജ്യത്തിന്റെ പ്രതാപകാലം അവസാനിച്ചുവെന്നുള്ള വസ്തുതയെക്കാളുപരി, കുമിഞ്ഞു കൂടുന്ന കടബാധ്യതകളുടെ പ്രതിഫലനമായിരുന്നു പ്യൂരിറ്റനിസ(puritansim*)മെന്ന തിരിച്ചറിവാണ് തങ്ങള്‍ക്ക് നല്‍കിയത് എന്നായിരുന്നു പ്രമുഖ വലതുപക്ഷ ചരിത്രകാരനായ ട്രെവര്‍ റോപറിന്റെ വിലയിരുത്തൽ.

മനുഷ്യചോദനയുടെ ആത്യന്തികമായ വസ്തുത സ്വാര്‍ത്ഥതയാണെന്ന് കരുതുന്നയിടത്ത് മാത്രമേ റാഷ്ണല്‍ ചോയിസ് തിയറിക്ക് പ്രസക്തിയുള്ളുവെന്നതാണ് ഹോബ്‌സ്‌വാമിന്റെ വിമര്‍ശനത്തോട് കൂട്ടിവായിക്കേണ്ടത്. ഹോബ്‌സ്‌വാം പറയുന്ന ഈ അതിഭൗതികത/ റാഷ്ണല്‍ ചോയിസ് തിയറി മുഖ്യധാരാ സമ്പദ്‌വ്യവസ്ഥലകളിലെല്ലാം അടുത്തിടെ വരെ ശക്തിയാര്‍ജ്ജിച്ച് നിലനിന്നിരുന്നതാണ്. ആശയങ്ങളും ഭൗതികതയും തമ്മില്‍ സന്തുലിതാവസ്ഥയില്‍ പോകണമെന്ന മാര്‍ക്സിയന്‍ ആശയത്തിന് തീര്‍ത്തും വിരുദ്ധമായിരുന്നു ഇത്. അതുകൊണ്ട് തന്നെ , മാര്‍ക്‌സിന്റെ ഇക്കണോമിക് ആന്റ് ഫിലോസഫിക് മാനുസ്‌ക്രിപ്റ്റില്‍ നിന്നും ദ് ജര്‍മ്മന്‍ ഐഡിയോളജിയില്‍ നിന്നും ഒരു റാഷ്ണല്‍ ചോയിസ് തിയറിസ്റ്റിന് ഏറെ പഠിക്കാനുണ്ട്. ഹെഗലിയന്‍സ് പരിഗണിക്കണമെന്ന് മാര്‍ക്‌സ് തന്നെ കരുതിയ വീക്ഷണത്തില്‍ നിന്നും (ആശയവും ഭൗതികതയും തമ്മിലുള്ള വിശാലമായ ബോധന ശാസ്ത്രത്തില്‍ )തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്നതില്‍ സംശയമില്ല. മാര്‍ക്‌സിന്റെ പേരില്‍ പ്രചരിക്കുന്ന ലളിതമായ തത്വങ്ങളിലേക്ക് മാര്‍ക്‌സിയന്‍ ചിന്തകളെ ചുരുക്കികളയുന്ന പ്രവണത ഒഴിവാക്കുകയെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

മഹാനായൊരു പ്രതിഭാശാലിയെ ആഘോഷിക്കുകയെന്നതിനപ്പുറത്തയ്ക്ക് നൂറ്റാണ്ടുകള്‍ക്കിപ്പുറവും പ്രസക്തമായ അദ്ദേഹത്തിന്റെ പഠനങ്ങളെയും കാഴ്ചപ്പാടുകളെയും വിമർശനാത്മകമായ രീതിയില്‍ സമീപിക്കുകയെന്നതാണ് മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മദിനത്തില്‍ നമ്മള്‍ ചെയ്യുന്നത്. മാര്‍ക്‌സിനെ ബഹുമാനിക്കുകയെന്നതിലുപരി മാര്‍ക്‌സിലേക്ക് കണ്ണും കാതും കൂര്‍പ്പിക്കുകയെന്നതാണ് പ്രധാനം.

*Puritanism- 16- 17 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടില്‍ പ്രബലമായിരുന്ന ക്രൈസ്തവ നവോത്ഥാന വിഭാഗമാണ് പ്യൂരിറ്റനുകള്‍. കര്‍ക്കശമായ ധാര്‍മ്മിക നിലപാടുകളാണ് പ്യൂരിറ്റനുകള്‍ പിന്തുടര്‍ന്ന് വന്നിരുന്നത്.

പരിഭാഷ: റീനു മാത്യു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook