scorecardresearch

വിയോജിപ്പിനായി അവശേഷിക്കുന്ന ഇടവും ഇല്ലാതാക്കുന്നു

സർക്കാരിനെതിരായ പരിമിതമായ വിയോജിപ്പുകളെപ്പോലും നിശ്ശബ്ദമാക്കാനാണ് ലോ കമ്മിഷൻ നൽകിയിട്ടുള്ള പിന്തിരിപ്പൻ ശുപാർശകളെന്ന് കപിൽ സിബൽ

സർക്കാരിനെതിരായ പരിമിതമായ വിയോജിപ്പുകളെപ്പോലും നിശ്ശബ്ദമാക്കാനാണ് ലോ കമ്മിഷൻ നൽകിയിട്ടുള്ള പിന്തിരിപ്പൻ ശുപാർശകളെന്ന് കപിൽ സിബൽ

author-image
Kapil Sibal
അപ്‌ഡേറ്റ് ചെയ്‌തു
New Update
sedition law, Law Commission of India, sedition

രാജ്യദ്രോഹ നിയമം കൂടുതൽ കഠിനമാക്കാനുള്ള 22-ാമത് ലോ കമ്മീഷൻ ശുപാർശകൾക്ക് നിരവധി മാനങ്ങളുണ്ട്, അതിനെ കുറിച്ച് ഗൗരവബുദ്ധിയോടെ ആലോചിക്കേണ്ടതുണ്ട്.

Advertisment

തിരിഞ്ഞു നോക്കുമ്പോൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 124 A പുനഃപരിശോധിക്കാനുള്ള തീരുമാനം സുപ്രീം കോടതിയെ (എസ്‌സി) അറിയിച്ചപ്പോൾ സർക്കാർ സ്വീകരിച്ച നിലപാട് വഞ്ചനയാണെന്ന് വ്യക്തമാകുന്നുവെന്ന് ആദ്യമേ പറയട്ടേ.പ്രത്യേകമായി പറഞ്ഞില്ലെങ്കിലും നിയമത്തിന്റെ രൂക്ഷത കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു എന്നായിരുന്നു അപ്പോൾ നൽകിയ ധാരണ. സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുന്നതിനിടെ, 2022 മെയ് 11-ന് (എസ് ജി. വോംബത്ഖേരെ Vs യൂണിയൻ ഓഫ് ഇന്ത്യ), ഐപിസി സെക്ഷൻ 124 A പ്രകാരം കൂടുതൽ എഫ്‌ഐആറുകളെടുക്കുന്നത് സ്റ്റേ ചെയ്തു. രാജ്യദ്രോഹ നിയമപ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങൾ സംബന്ധിച്ച എല്ലാ വിചാരണകളും അപ്പീലുകളും നടപടികളും തൽക്കാലത്തേക്ക് നിർത്തിവച്ചു.

കേദാർ നാഥ് സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാർ (1962) എന്ന കേസിൽ 124Aയുടെ ഭരണഘടനാ സാധുത ശരിയായി ഉയർത്തിപ്പിടിച്ചതിനാൽ അത് പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. നിർദിഷ്ട വിശദീകരണങ്ങളുടെ വെളിച്ചത്തിൽ, കടുത്ത ശിക്ഷകൾ ഏർപ്പെടുത്താനും നിയമം കൂടുതൽ അവ്യക്തവും വിവേചനാധികാരപരവുമാക്കാനും നിയമ കമ്മീഷനെ ഇപ്പോൾ ശുപാർശ ചെയ്യുന്നത് വളരെയേറെ ദൗർഭാഗ്യകരമാണ്.

രണ്ടാമതായി, സെക്ഷൻ 124A 1870ലാണ് ഐ പി സിയിൽ ഉൾപ്പെടുത്തിയത്. കൊളോണിയൽ സർക്കാരിനോടുള്ള അതൃപ്തിയെ "വാക്കിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ, ദൃശ്യങ്ങളിലൂടെയോ വിദ്വേഷമോ അധിക്ഷേപമോ വെറുപ്പോ വികാരമിളക്കിവിടാനുള്ളതോ ആയ ശ്രമം" എന്നിവയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.

Advertisment

അതുകൊണ്ട് തന്നെ ഈ വകുപ്പ് വിയോജിപ്പിനെ ക്രിമിനൽ കുറ്റമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. 1897-ൽ ബാലഗംഗാധര തിലകൻ മറാത്തി പത്രമായ 'കേസരി'യിൽ പ്രസിദ്ധീകരിച്ച വീക്ഷണങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. "യൂറോപ്പിൽ, സീസർ, നെപ്പോളിയൻ, ഫ്രഞ്ച് വിപ്ലവകാരികൾ എന്നിവരുടെ പ്രവർത്തനങ്ങളെ പുരോഗതിയുടെ അവശ്യ ഘടകമായി കണ്ടിരുന്നു, എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയമായ ഉൽപ്പതിഷ്ണുത്വം കേവലം പ്രാകൃതത്വത്തിലേക്ക് ചുരുങ്ങി, അത് പ്രാകൃത്വത്തിന്റെ അടയാളമാണ്" എന്ന് തിലക് വാദിച്ചു.

സമാധാനപരമായുള്ള പ്രതിഷേധങ്ങളെ പോലും സ്വേച്ഛാധിപത്യ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമായാണ് കാണുന്നത്. സ്വയം ഭരണത്തിനായുള്ള വിയോജിപ്പും പ്രക്ഷോഭവും വ്യവസ്ഥാപിത സംവിധാനത്തോടുള്ള അവഹേളനമായി വ്യാഖ്യാനിച്ചു.

1898-ൽ തിലകന്റെ വിചാരണയ്ക്കുശേഷം, ജീവപര്യന്തം തടവോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ പിഴയോ ചുമത്താൻ ജഡ്ജിക്ക് വിവേചനാധികാരം നൽകിക്കൊണ്ട് നിയമം ഭേദഗതി ചെയ്തു. കൊളോണിയൽ ശക്തിയുടെ അഭിപ്രായത്തിൽ പശ്ചാത്തപിക്കുന്നവരെ പിഴയടച്ച് വിട്ടയക്കുമെന്നും വിമർശനത്തിന്റെ സ്വഭാവവും അതിന്റെ സ്വാധീനവും അനുസരിച്ച് മറ്റുള്ളവർക്ക് മൂന്ന് വർഷം തടവോ മൂന്ന് വർഷം തടവും പിഴയും കൂടെയോ നൽകുമെന്നായിരുന്നു.

ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിനുശേഷം, നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് ഭരണഘടനാപരമായ അവകാശമുണ്ട്, വാസ്തവത്തിൽ, സർക്കാർ നയങ്ങളും പ്രവർത്തനങ്ങളും തുറന്നുകാട്ടാനും പ്രസംഗം, അടയാളങ്ങൾ, പ്രാതിനിധ്യം അല്ലെങ്കിൽ മറ്റുവിധത്തിൽ സർക്കാരിനെ വിമർശിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും മൗലികാവകാശമുണ്ട്

വാക്കാലോ മറ്റെന്തെങ്കിലും വിധത്തിലോ സർക്കാരിനോടുള്ള വെറുപ്പ്, അധിക്ഷേപം അല്ലെങ്കിൽ അസംതൃപ്തി എന്നിവയ്ക്ക് കാരണമാകുന്നുവെങ്കിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ കുറ്റം ചുമത്താൻ അനുവദിക്കുന്ന സെക്ഷൻ 124 Aയിലെ വ്യവസ്ഥകൾ, നമ്മുടെ റിപ്പബ്ലിക്കിന്റെ അടിത്തറയ്ക്ക് വിരുദ്ധമാണ്.

ആശയപരമായ ആശയക്കുഴപ്പം ലോ കമ്മീഷന്റെ സമീപകാല ശുപാർശകളിലുള്ളതായി തോന്നുന്നു. സർക്കാരിനെതിരായ വിമർശനങ്ങളും ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങളും വിവിധ നിയമങ്ങൾ പ്രകാരമുള്ള ശിക്ഷകളും അവ തമ്മിലുള്ള വ്യത്യാസവും അത് കൃത്യമായി മനസ്സിലാക്കിയിട്ടില്ല.

ഭരണഘടനയുടെ ആർട്ടിക്കിൾ 19 പോലും, രാജ്യത്തിന്റെ സുരക്ഷ, പൊതു ക്രമം, മാന്യത, ധാർമ്മികത, പരമാധികാരം, കുറ്റകൃത്യത്തിനുള്ള പ്രേരണയക്കും ഇന്ത്യയുടെ അഖണ്ഡത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികൾക്ക് നെരയും ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നിയമപ്രകാരം ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അനുവദിക്കുന്നു. ആശയപരമായ ഈ വീക്ഷണത്തെ ലോ കമ്മീഷൻ ഉപേക്ഷിച്ചതായി തോന്നുന്നു.

ഇതിനുപുറമെ, നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി തന്നെ വ്യക്തികളുടെ പ്രവൃത്തികളെ നിയന്ത്രിക്കാനാകും. ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ മറ്റെന്തെങ്കിലും രീതിയിലോ ആളുകൾക്കിടയിൽ ഭയം സൃഷ്ടിക്കുകയോ അല്ലെങ്കിൽ ഭീതജനകമായ രീതിയിൽ പ്രവർത്തിക്കുകയോ ചെയതാൽ 1973-ലെ ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 144-ാം വകുപ്പ് പ്രകാരം ഐക്യത്തിനും ഇന്ത്യയുടെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കാൻ ശ്രമിക്കുന്നവരെ തടയുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് അനുവദിക്കുന്നു.

സമീപകാലത്ത്, പ്രത്യേകിച്ച് 2014 മുതൽ, ദേശീയതലത്തിലെ ആശങ്കാജനകമായ വിഷയങ്ങൾ ഉയർത്തിയ മാധ്യമപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, രാഷ്ട്രീയ എതിരാളികൾ, വിദ്യാർത്ഥികൾ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ, എന്നിവർക്കെതിരെ രാജ്യദ്രോഹ നിയമം ഉപയോഗിക്കപ്പെട്ടു. സർക്കാരിന്റെ ഏകപക്ഷീയവും അന്യായവുമായ നയങ്ങൾക്കെതിരെയുള്ള എതിർക്കാനും പ്രതിഷേധിക്കാനുമുള്ള പരിമിതമായ അവകാശത്തെ പോലും നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ലോ കമ്മീഷൻ മുന്നോട്ട് വച്ചിട്ടുള്ള ശുപാർശകൾ.

ഈ ശുപാർശകൾ രാജ്യദ്രോഹ നിയമത്തെ കൂടുതൽ ക്രൂരതയുള്ളതാക്കാൻ ശ്രമിക്കുന്നു.യഥാർത്ഥ അക്രമത്തിന്റെ തെളിവോ അക്രമത്തിന്റെ ആസന്നമായ ഭീഷണിയോയല്ല, അക്രമത്തെ പ്രേരിപ്പിക്കുന്നതിനോ പൊതു സമാധാനത്തിന് ഭംഗം വരുത്തുന്നതിനുള്ള സാധ്യതയോ അതിനോടുള്ള കേവലമായ ചായ്‌വോ പോലും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരാം. ഒരു പൊലീസ് ഉദ്യോഗസ്ഥന് ആരുടെയെങ്കിലും പ്രവൃത്തികൾ പൊതുസമാധാനത്തിന് ഭംഗം വരുത്തുമെന്ന് ഊഹിച്ചുകൊണ്ട് മാത്രം വ്യക്തികളെ നോട്ടമിടാൻ ഇത് വിപുലമായ വിവേചനാധികാരം നൽകുന്നു.

നമ്മുടെ റിപ്പബ്ലിക്കിന്റെ അടിത്തറ സംരക്ഷിക്കാൻ അഹിംസാത്മകവും നിയമപരവും ഭരണഘടനാപരവുമായ മാർഗങ്ങൾ സ്വീകരിച്ചതിന് പ്രതിഷേധങ്ങളും ധർണകളും മറ്റും സംഘടിപ്പിക്കാൻ അർഹതയുള്ള വിദ്യാർത്ഥികളെയോ മാധ്യമപ്രവർത്തകരെയോ അക്കാദമിക് വിദഗ്ധരെയോ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുമോ എന്ന് ഒരാൾക്ക് ചോദിക്കാം.അക്രമാസക്തമായ മാർഗങ്ങൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെയുള്ള വിമർശനം ഭരണഘടനാപരമായി അനുവദനീയമാണ്. അക്രമാസക്തമായ മാർഗങ്ങൾ ഉപയോഗിച്ച് ഭരണകൂടത്തെയോ അതിന്റെ സ്ഥാപനങ്ങളെയോ അസ്ഥിരപ്പെടുത്താനും ജനങ്ങൾക്കിടയിൽ ഭീകരത സൃഷ്ടിക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ഏതൊരു പ്രവൃത്തിയും തീർച്ചയായും ശിക്ഷാർഹമാണ്, അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. എന്നാൽ സർക്കാരുകൾക്കെതിരെ ഒരു പ്രതിഷേധവുമില്ലാതെ ഒരു പുരോഗതിയും ഉണ്ടാകില്ല.

സർക്കാരിനെതിരായ പരിമിതമായ വിയോജപ്പിന്റെ ശബ്ദങ്ങളെപ്പോലും നിശ്ശബ്ദമാക്കാനാണ് ലോ കമ്മിഷന്റെ ഈ പിന്തിരിപ്പൻ ശുപാർശകൾ. ബ്രിട്ടീഷുകാർ ഈ നിയമം ഇല്ലാതാക്കിയെങ്കിലും, കാലങ്ങൾക്ക് മുമ്പ് 1977-ൽ ലോ കമ്മീഷൻ ഇത് നിർത്തലാക്കാൻ ശുപാർശ ചെയ്തുവെങ്കിലും, ചക്രവർത്തിക്ക് വിയോജിപ്പ് ഇഷ്ടപ്പെടാത്തതിനാൽ കൂടുതൽ കർശനമായ വ്യവസ്ഥകളോടെ നമ്മൾ അത് സ്വീകരിക്കുന്നതായി തോന്നുന്നു.

  • സീനിയർ അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമാണ് ലേഖകൻ
Government Law Commission Sedition

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: