കമലയെക്കുറിച്ച് കമല്‍ സിനിമയെടുക്കുന്നു. കേള്‍ക്കാന്‍ തന്നെ എന്താ രസം! കമലല്ലാതെ പിന്നെരാണ് കമലയെക്കുറിച്ച് സിനിമയെടുക്കുകല്ലേ കുട്ടീ? ആദ്യം വിദ്യാ ബാലന് നായിക എന്നു കേട്ടു. ഇപ്പോ കേക്കണു മഞ്ജു വാര്യരെന്ന്. രണ്ടാളും സുന്ദരികള്‍. അത്രേമൊക്കെ സൗന്ദര്യം ണ്ടോ കുട്ടി എനിക്ക് ? നാലപ്പാട്ടിലെ കമലയെക്കുറിച്ച് സൗന്ദര്യംളള കുട്ടീന്ന് ആരും പറഞ്ഞിരുന്നില്ല്യ. അമ്മമ്മ മാത്രം അങ്ങനെ പറഞ്ഞു.. പിന്നെ ഒന്നിച്ച് കളിച്ചു നടന്നപ്പോള്‍ ശ്രീകൃഷ്ണനും. സ്നേഹിക്കപ്പെടുമ്പോഴാണ് ഒരു സ്ത്രീ സുന്ദരിയാവുക… സ്നേഹം നിരസിക്കപ്പെട്ടപ്പോഴൊക്കെയാണ് എന്റെ കണ്‍തടം കറുത്തതും തൊലി ചുളിഞ്ഞതും. സ്നേഹനിരാസത്തേക്കാള് വല്യ മുറിവെന്തുണ്ടു കുട്ടീ?
പ്രേമംണ്ടെങ്കില് കുറച്ച് കാമംണ്ടാവും. പ്രേമംളള ആളെ കെട്ടിപ്പിടിക്കാന്‍ തോന്നും. ഭയങ്കര പ്രേമം വേണം, എന്നാലേ എനിക്ക് കാമംണ്ടാവൂ. എനിക്കതിന് യോഗംണ്ടായില്ല. കാമം മാത്രമായിട്ട് എങ്ങന്യാ, അതാ എനിക്കീ ആണുങ്ങളെപ്പറ്റി അത്ഭുതം. എന്നെ ഇമോഷനാ റൂള്‍ ചെയ്യുന്നത്. ലോജിക്കും ഇല്ല റീസണിങ്ങും ഇല്ല. ജീവിതം മുഴുവന്‍ ഞാനങ്ങനെ തന്യായിരുന്നു. സ്നേഹത്തിന് സൗന്ദര്യം എന്നു പറയണ കാലം – അതാ ന്റെ സ്വപ്നം. അങ്ങനൊരു കാലത്ത് വന്നു ജനിക്കേണ്ട്യതായിരുന്നു ഞാനൊക്കെ.
ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞ് പേടിപ്പിച്ചിട്ടാണ് വിദ്യാ ബാലന്, ആമിയാകണില്ല എന്നു പറഞ്ഞതെന്നു കേട്ടു. “തിരക്കഥ മുഴുവന്‍ വായിച്ചു നോക്കീതാ, മുസ്ലീമായ കമലാ സുരയ്യയാവാന് വയ്യ” എന്നു പറഞ്ഞ് ഒടുക്കം കാലു മാറി വിദ്യാ ബാലന്ന്നും കേട്ടു. You cant stick to what you have said. അതില്‍ ഒരു തെറ്റുമില്ല. മാറ്റങ്ങള്‍ ആണ് ജീവിതം. ഒന്നോ മൂന്നോ നാലോ പത്തോ മതമൊന്ന്വല്ല ലോകത്തില്‍. എത്ര ആളുകള്ണ്ടോ അത്രേം മതങ്ങളുമുണ്ട്. ഓരോരുത്തര്‍ക്കും ഓരോ റിലീജ്യനാ. ഞാന്‍ മുസ്ലിമായ സ്ഥിതിക്ക് ശ്രീകൃഷ്ണനെ കാണാനൊന്നും തരപ്പെടില്ല്യാന്ന് വിചാരിക്കണവര്ണ്ടാവും. ഒരു ഭാഷേലും ചുണ്ടിളക്കി സംസാരിച്ചില്ലെങ്കിലും He is talking to me…, ഭാഷയില്ല, പക്ഷേ സംസാരിക്കും.
മഞ്ജൂന് ന്റെ ഛായ വരുത്താന്‍ കമലിന് കഷ്ടപ്പെടണ്ടി വരില്ല്യേന്നാ ചെലരടെ സംശയം. ഞാന്‍ ജാനുവമ്മയെക്കുറിച്ച് ഒരു പാട് കഥകളെഴുതീട്ടുണ്ട്. എനിക്ക് ചോറും മാമ്പഴപ്പുളിശ്ശേരീം കായ ഉപ്പേരീം വെച്ചു വിളമ്പിത്തന്ന അതേ ജാനുവമ്മയായിരുന്നില്യ കഥേലെ ജാനുവമ്മ. ചെലപ്പോ ഞാന്‍ ജാനുവമ്മയെ നേര്‍പ്പിച്ചു, ചെലപ്പോ കനപ്പിച്ചു. മായാജാനുവമ്മയേത്, ശരി ജാനുവമ്മയേത് എന്നറിഞ്ഞിട്ട് ന്താ കാര്യം?
മായാമാധവിക്കുട്ടിയേത് ശരിമാധവിക്കുട്ടിയേത് എന്നറിയാന്‍ പറ്റണില്യ എന്നൊരു പത്രക്കാരന് ഇന്നാള് എഴുതിക്കണ്ടു. ഈ പത്രക്കാര് വല്യ പ്രശ്നം തന്ന്യാ . You may be a mature person talking to an immature audience. But they take what they want… മഞ്ജു ആമിയാവ്ണു, that doesn’t mean that she should look exactly like me… ജനിക്കുമ്പോ കിട്ടണ Intuition, അതാണ് ഡെവലെപ് ചെയ്യേണ്ടത്. അതിനാണ് ജ്ഞാനം എന്ന വാക്ക് ചേര്‍വ. മറ്റേത് നോളജ്, ഇന്‍ഫോര്‍മേഷന്‍,വിവരം. അത്രേളളു അത്… സാമ്യം ഉള്ളിലാണ് വരേണ്ടത്. മഞ്ജു പ്രണയം അനുഭവിച്ചിട്ടുണ്ട്. പ്രണയനിരാസവും. അതുകൊണ്ടുതന്നെ ആ കുട്ടിക്ക് ഞാനാകാന്‍ പറ്റ്വായിരിക്കും. ആ കുട്ടി അതിതീവ്രമായി മോഹിച്ചിട്ട്ണ്ടാവും നീര്മാതാളാവാനും കടല്മയൂരാവാനും. അതോണ്ടാവും ‘ആമി’യില്‍ നിന്ന് വിദ്യാ ബാലന് മാഞ്ഞു പോയത്.
തീവ്രമായി കൊതിച്ചാല്‍ സ്വന്താക്കാന്‍ പറ്റാത്തൊന്നൂല്യ ന്നാണ് അമ്മമ്മ എന്നെ പഠിപ്പിച്ചത്. അങ്ങനെയാണ് എനിക്ക് കുട്ടിക്കാലത്തുതന്നെ ശ്രീകൃഷ്ണന് സ്വന്തായത്. ഞാനായി അഭിനയിച്ചു വരുമ്പോള്‍ ആ വാരസ്യാര് കുട്ടി ഞാനുമായി പ്രണയത്തിലാവില്യ ന്നാരു കണ്ടു? പ്രണയിക്കുമ്പോഴാണ് എന്തും നന്നായി ചെയ്യാനാവ്വ, ല്ലേ കുട്ടീ? മഞ്ജു കുപ്പിവള ഇട്വോ? ഇടും ന്നാണ് എന്നെ അറബി പഠിപ്പിക്കാന്‍ വരുന്ന റ്റീച്ചര്‍ പറഞ്ഞത്. കുപ്പിവളകളിടണതിന്റെ ആരോഗ്യേളളു കുട്ടീ ന്റെ കൈകള്‍ക്ക്.