ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു തമിഴകത്തെ ഏതാണ്ട് നാല് ദശകം നീണ്ടു നിന്ന ഒരു അസാധാരണ സൗഹൃദത്തിന്‍റെ കഥ അഭ്രപാളികളിലായിട്ട്. സിനിമയിലും രാഷ്ട്രീയത്തിലും ഒരേപോലെ സുഹൃത്തുക്കളായും പ്രതിയോഗികളായും ജീവിച്ച മുത്തുവേല്‍ കരുണാനിധിയുടെയും മരുതൂര്‍ ഗോപാലന്‍ മേനോന്‍ രാമചന്ദ്രന്‍റെയും ഐതിഹാസികമായ ജീവിത കഥ ‘ഇരുവര്‍’ എന്ന സിനിമയിലൂടെ ആവിഷ്കരിച്ച മണിരത്നം യഥാര്‍ത്ഥത്തില്‍ സമകാലീന തമിഴ രാഷ്ട്രീയം പ്രവചനാത്മകമായി അവതരിപ്പിക്കുകയായിരുന്നോ എന്ന് സംശയം തോന്നാം. അത്ര സാദൃശ്യങ്ങള്‍ നിറഞ്ഞതാണ്‌ വർത്തമാന കാല തമിഴ് രാഷ്ട്രീയം.

തുടക്കത്തില്‍ എം ജി ആറിനെ കേന്ദ്രികരിച്ച് ഒരു സിനിമയ്ക്ക് ഒരുമ്പെട്ട മണിരത്നം അത് പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ സര്‍ഗാത്മക പ്രവർത്തകരായ രണ്ടു സുഹൃത്തുക്കളുടെ വളര്‍ച്ചയും പിണക്കവും കാലത്തിനു മായ്ക്കാനാകാത്ത സൗഹൃദവുമായി മാറ്റിപ്പണിഞ്ഞതോടെ ചിത്രത്തിന് കൂടുതല്‍ മാനങ്ങൾ കൈവന്നു. മോഹന്‍ലാലിനെ എം ജി ആറിനെ പ്രതിനിധാനം ചെയ്യുന്ന ആനന്ദനായും അന്ന് അറിയപ്പെടാത്ത പ്രകാശ് രാജിനെ തമിഴ് ശെല്‍വന്‍ എന്ന കരുണാനിധിയായും അവതരിപ്പിച്ചുകൊണ്ട് മണിരത്നം തമിഴ് സിനിമയില്‍ അന്ന് വരെയാരും ശ്രമിച്ചിട്ടില്ലാത്ത വലിയൊരു സഹാസത്തിനാണ് മുതിര്‍ന്നത്. സിനിമ ഉപയോഗപ്പെടുത്തിയുള്ള ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ വളർച്ചയുടെയും അതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിയോഗികളായി മാറിയ രണ്ടു അടുത്ത സുഹൃത്തുക്കളുടെ ജീവിതവും രാഷ്ട്രീയവും അടയാളപ്പെടുത്തിയ ചിത്രത്തിന്‍റെ ക്യാമറ സന്തോഷ്‌ ശിവനായിരുന്നു.  ലോക സുന്ദരിയായിരുന്ന ഐശ്വര്യാ റായുടെ വെള്ളിത്തിരയിലെക്കുള്ള ചുവടു വയ്പ്പും കൂടിയായിരുന്നു എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കി, സുഹാസിനി സംഭാഷണങ്ങള്‍ രചിച്ച  ഈ ചിത്രം.

പരസ്പരപൂരകങ്ങളായ രണ്ടു വ്യക്തിത്വങ്ങളാണ് യഥാര്‍ത്ഥ ജീവിതത്തില്‍ കരുണാനിധിയും എം ജി ആറും. തന്‍റെ തിരക്കഥയിലൂടെ, സിനിമയിലൂടെ, എം ജി ആറിന് ഒരു പുതുജീവിതം നല്‍കുന്ന ദ്രാവിഡ രാഷ്ട്രീയക്കാരനാണ് കരുണാനിധി. ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ തലതൊട്ടപ്പനായിരുന്ന പെരിയാറിന്‍റെ അരുമശിഷ്യന്‍ അണ്ണാദുരയുടെ (അയ്യാദുരൈ ആയി നാസര്‍)വത്സല ശിഷ്യന്‍. തമിഴ് ദേശീയതയുടെ വികാരം ചൊരിയുന്ന വരികള്‍ ചൊല്ലുമ്പോള്‍ അതിനു എം ജി ആര്‍ ജീവന്‍ നല്‍കുന്നു. ‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്’ എന്ന ഗാനം വെറുമൊരു സിനിമാ ഗാനം മാത്രമല്ല, രണ്ടു രാഷ്ട്രീയ ജീവിതങ്ങളെക്കുറിക്കുന്ന ഒരു ‘ആന്‍ഥം’ കൂടിയായി മാറി.

ദേശീയ തലത്തിലും തമിഴകത്തിലും കോൺഗ്രസ് കത്തിനിന്നിരുന്ന കാലഘട്ടത്തിലാണ് ഇരുവരുടെയും രാഷ്ട്രീയ യാത്ര തുടങ്ങുന്നത്. കരുണാനിധി 1938 ൽ തന്‍റെ പതിനാലാം വയസ്സിൽ ജസ്റ്റിസ് പാർട്ടിയിലൂടെ രാഷ്ട്രീയ രംഗത്ത് വരുന്നു. ഡി എം കെയുടെ പോരാളിയായി മാറിയ കരുണാനിധി 33 ആം വയസ്സിൽ നിയമസഭയിലേയ്ക്ക് എത്തുന്നു. ഖദർധാരിയായിരുന്ന, കോൺഗ്രസ് അനുഭാവിയായ എം ജി ആർ അണ്ണാദുരൈയുടെ ആരാധകനായി മാറി, 1953 ഓടെ ഡി എം കെയുടെ ഭാഗമാകുന്നു. പിന്നെ മൂന്നര പതിറ്റാണ്ട് നീണ്ടു നിന്ന ഇണക്ക-പിണക്കങ്ങളുടെ രാഷ്ട്രീയ കാലം. തമിഴകമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്ന ഒരു യജ്ഞമായിരുന്നു ഇരുവര്‍ക്കും മുന്‍പില്‍. അണ്ണാദുരയുടെ പോരാളികള്‍.

പക്ഷേ, സിനിമയില്‍ അത് വ്യക്തിപരമായ ഒരു തലം ആർജ്ജിക്കുന്നു. ആനന്ദന്‍റെ ആദ്യ ഭാര്യയുടെ മരണവും അവരോടു സാമ്യമുള്ള ഒരു നടിയുമായുള്ള അടുപ്പവും(ഐശ്വര്യാ റായ്) തമിഴ് ശെല്‍വന്‍ തന്‍റെ ആരാധികയുമായി ഉണ്ടാകുന്ന അടുപ്പവുമെല്ലാം സിനിമയ്ക്ക് കുടുതല്‍ വ്യക്തിപരത നല്‍കുന്നു. രാഷ്ട്രീയത്തിനും അപ്പുറം നിറഞ്ഞു നില്‍ക്കുന്ന ഈ ഇഴയടുപ്പവും അകൽച്ചയുമാണ് ഒരു പക്ഷെ ‘ഇരുവര്‍’ എന്ന സിനിമയെ ആകര്‍ഷകമാക്കുന്നത്.

യഥാര്‍ത്ഥ ജീവിതത്തില്‍ കരുണാനിധിയും എം ജി ആറും തമ്മിലുള്ള വ്യക്തിപരമായ ഏറ്റുമുട്ടലുകളാണ് അവരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും അടയാളപ്പെടുത്തുന്നത്. പുറമെയുള്ളവര്‍ കരുതുന്നതിലും തികഞ്ഞ അടുപ്പം ഇരുവരും തമ്മില്‍ ഉണ്ടായിരുന്നുവെങ്കിലും ആ അകല്‍ച്ചയാണ് അവരുടെ രാഷ്ട്രീയ യാത്രയെ നിര്‍ണയിച്ചത്. സിനിമയില്‍ അതിന്‍റെ സൂചനകള്‍ ധാരാളം. അണ്ണാ മരിക്കുമ്പോള്‍ ആനന്ദന്‍റെ പ്രസംഗം ഗംഭീരമായി കൊടുക്കുന്നതില്‍ അസ്വസ്ഥനാകുന്ന തമിഴ് ശെല്‍വന്‍. അണ്ണാ ആനന്ദന് പ്രാധാന്യം നല്‍കുന്നതില്‍ ഖിന്നനാകുന്ന നേതാവ്. പക്ഷെ തന്നെ ഏറെ വിമര്‍ശിക്കുന്ന ഒരു പടം നിരോധിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഒരു മൂന്നു മണിക്കൂര്‍ പടം എന്ത് ചെയ്യാനാണ് എന്നാണ് ചോദ്യം. പക്ഷെ സിനിമയുടെ ശക്തി നന്നായി അറിയാവുന്ന ആ നേതാവിനു നിരോധനം കുടുതല്‍ ആപല്‍കരമാണെന്നും അറിയാം. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് അറിഞ്ഞപ്പോള്‍ ആനന്ദന്‍ പറയുന്നു, ‘വിടുതലൈ’- സ്വാതന്ത്ര്യമെന്ന് പരിഭാഷ. തമിഴില്‍ ഏറെ അര്‍ത്ഥഗര്‍ഭമായ വാക്കാണിത്. മാത്രമല്ല പായസം നല്‍കിയാണ്‌ അദ്ദേഹം ആ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. രാഷ്ട്രീയ ചതുരംഗത്തില്‍ കളങ്ങള്‍ വരച്ചു കഴിഞ്ഞു, അവര്‍ ആഗ്രഹിച്ചാല്‍ പോലും അതില്‍ നിന്നും ഒരു മോചനമില്ല.

എ ഐ ഡി എം കെ യും, ഡി എം കെയും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു പിന്നിട് തമിഴക രാഷ്ട്രീയം. അകമേ അടുപ്പമുണ്ടായിരുന്നിരിക്കാമെങ്കിലും രാഷ്ട്രീയത്തില്‍ ആ സൗഹൃദം കത്തി ചാമ്പലായി. ദ്രാവിഡ രാഷ്ട്രീയമാണ് ഇരു നേതാക്കളും അടിസ്ഥാനമാക്കിയതെങ്കിലും തങ്ങളുടെ വ്യക്തിപരമായ ഇമേജ് ആണ് ഇരുവരും അണികളെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചത്. പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലുടെയും ശക്തമായ ഒരു അണിയെ കരുണാനിധി സൃഷ്ടിച്ചപ്പോള്‍ എം ജി ആര്‍ സിനിമയിലൂടെ തന്‍റെ ഇമേജ് ഏവര്‍ക്കും സ്വീകാര്യമാകും വിധം ബ്രാന്‍ഡ് ചെയ്തു. ആദര്‍ശവാനായ നായകന്‍, സ്ത്രീകളെ രക്ഷപ്പെടുത്തുന്ന കണ്‍കണ്ട ദൈവം, അമ്മയുടെ ഇഷ്ട മകന്‍, സ്ത്രീകളുടെ ആരാധ്യപാത്രം, തിന്മക്കെതിരെ പോരാടുന്ന ‘ആയിരത്തില്‍ ഒരുവന്‍’- അതായിരുന്നു എം ജി ആറിന്‍റെ പ്രതിച്ഛായ. പില്‍ക്കാലത്ത് രജനി അനുവർത്തിച്ചതും ഇതേ സ്റ്റൈല്‍ തന്നെ. തന്‍റെ ആശയങ്ങള്‍ പ്രതിധ്വനിക്കുന്നതായിരുന്നു ‘നാളെ നമതെ’എന്ന സിനിമ. അത് പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെയായി പിന്നീട്.

മൂന്ന് ദശകങ്ങള്‍ക്ക് ശേഷം ആ മുദ്രാവാക്യം-‘നാളെ നമതു’-തന്‍റെ പാര്‍ട്ടിയുടെ പേരാക്കി കൊണ്ടാണ് തമിഴ് സിനിമയിലെ മുടിചൂടാമന്നനായ കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. തന്‍റെ ഉള്ളില്‍ രൂപം കൊണ്ട കൊടുങ്കാറ്റിനു പരിഹാരം എന്ന നിലയിലാണ് തന്‍റെ രാഷ്ട്രീയ പ്രവേശം എന്നദ്ദേഹം പറയുന്നു. എം ജി ആറിനെ ഓര്‍മ്മിപ്പിക്കുന്ന പേര് തെരഞ്ഞെടുത്തത് ആ പേര് മധുരമായ സ്മരണകള്‍ ഉണര്‍ത്തുന്നത് മൂലമാണ് എന്നും കമല്‍ വ്യക്തമാക്കുന്നു. വരുന്ന ഫെബ്രുവരി 21 നു രാമനാഥപുരത്തു നിന്ന് തന്‍റെ രാഷ്ട്രീയ പയനത്തിനിറങ്ങുകയാണ് അദ്ദേഹം.

കൗതുകകരമെന്നു പറയട്ടെ തമിഴ് സിനിമയിലെ സ്റ്റൈല്‍ മന്നനായ രജനികാന്തും ഇതേ അവസരത്തില്‍ ഭാഗ്യം പരീക്ഷിക്കാനായി രംഗത്ത്‌ വന്നിരിക്കുന്നു. ഏത് സമയത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും മത്സരത്തിനു തയ്യാര്‍ ആണെന്നാണ്‌ തമിഴകമെങ്ങും ഫാന്‍സ്‌ ക്ലബ്‌ ഉള്ള ഈ നായകന്‍റെ വെല്ലുവിളി.

ദേശീയ കക്ഷിയായ കോൺഗ്രസ്സിനെതിരെയുള്ള ഒരു പോരാട്ടമെന്ന നിലയിലാണ് ദ്രാവിഡ കക്ഷികള്‍ ഇവിടെ വളർന്നതെങ്കില്‍ ഇന്നത്തെ സ്ഥിതി തുലോം വ്യത്യസ്തമാണ്. ഡി എം കെ ഇന്നും ശക്തമാണ്. ഒരു പരിധി വരെ എ ഐ എ ഡി എം കെയും. മാത്രമല്ല പണം വാരിയെറിയുന്ന എ ഐ എ ഡി എം കെ യിലെ ടി ടി വി ദിനകരന്‍ വിഭാഗവും കറുത്ത കുതിരയായി രംഗത്ത് വരാം.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് അനാഥമായ എ ഐ എ ഡി എം കെ രാഷ്ട്രീയം സൃഷ്ടിച്ച വിടവിലാണ് ഇരുവരും പ്രതീക്ഷ അര്‍പ്പിക്കുന്നത്. എം ജി ആറിന്‍റെ മരണത്തെ തുടര്‍ന്നു ജയ അധികാരത്തില്‍ എത്തിയതുപോലെ ഒരു സ്ഥാനാരോഹണമാണ് ഇരുവരും പ്രതീക്ഷിക്കുന്നതും.

 

‘ഇരുവരി’ലെ കരുണാനിധിയില്‍ നിന്നും എം ജി ആറില്‍ നിന്നും വ്യത്യസ്തമായി ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് രജനിയും കമലും. ഇരുവരും തമിഴ് സിനിമയിലെ മുടി ചൂടാമന്നന്മാര്‍. മൂന്ന് ദശകം നീണ്ട അടുത്ത ബന്ധമാണ് ഇരുവര്‍ക്കുമുള്ളത്. സംവിധായകന്‍ കെ ബാലചന്ദറിന്‍റെ ശിക്ഷണത്തില്‍ കരുത്തരായ നടന്മാരായി ഉയര്‍ന്നവര്‍. തമിഴില്‍ വില്ലനായി എത്തിയ രജനി നായകനെ കവച്ചുവെയ്ക്കുന്ന അപൂര്‍വ്വനടനായി. ‘നിനൈത്താലെ ഇനിക്കും’ ആ നടനെ കുടുതല്‍ ഉയരങ്ങളില്‍ എത്തിച്ചു. കമലുമായി ചേര്‍ന്നു അവസാനം അഭിനയിച്ച ചിത്രവും അതാണ്‌. പിന്നിട് ഇരുവരുടെയും ചിത്രങ്ങള്‍ തമിഴില്‍ ഇതിഹാസമായി. ഇമേജ് മറന്നും കമല്‍ അഭിനയിച്ചപ്പോള്‍ രജനി അഭിനയത്തില്‍ തന്‍റെ ആരാധകര്‍ക്ക് രുചിക്കുന്ന വേഷങ്ങളെ മാത്രമേ അവതരിപ്പിക്കുകയുണ്ടായുള്ളൂ. പക്ഷെ സിനിമയിലെ ഇമേജ് കുറഞ്ഞ പക്ഷം തന്‍റെ വ്യക്തി ജിവിതത്തില്‍ ബാധ്യതയാക്കിയില്ല അദ്ദേഹം. നരയും കഷണ്ടിയും പോലെയുള്ള പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നതേയില്ല, ഈ 67 ആം വയസ്സിലും. എന്നാല്‍ കമല്‍ ഇപ്പോഴും നിത്യഹരിതനായകനാണ്. 63ആം വയസ്സിലും ആ വിലാസം കൈവിടാന്‍ അദ്ദേഹം ഒരുക്കമല്ല.

യുവാവായി ഇരിക്കുന്നതില്‍ സന്തോഷിക്കുന്ന ആള്‍. എന്നും തന്‍റെ സിനിമകളില്‍ രാഷ്ട്രീയം പറയാന്‍ ശ്രമിക്കുന്ന നടന്‍. ഓര്‍ക്കുന്നില്ലേ ‘അന്‍പേ ശിവ’വും ‘വരുമയിന്‍ നിറം ശിവപ്പു’മെല്ലാം? ‘ഹരേ റാം’ ഒരു വ്യത്യസ്തതയായിരുന്നു. ഒരു സ്വാതന്ത്ര്യ സമരഭടന്‍റെ മകന് തന്‍റെ നാടിന്‍റെ ദുരവസ്ഥ ദുഃഖകരമാകുന്നത് സ്വഭാവികം. പക്ഷെ അതൊക്കെ അണിയായി, വോട്ടാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിയുമോ? വേണ്ടി വന്നാല്‍ രജനിയുമായി ചേരുമെന്ന ഒരു സൂചനയും അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ട്. പക്ഷെ നാസ്തികനായ കമലിന് രജനിയുടെ ആത്മീയ യാത്ര എത്ര കണ്ട് പിടിക്കും?

‘ഇമേജ്’ എന്ന നൂല്‍പാലത്തില്‍ കൂടിയാണ് രജനിയുടെയും കമലിന്‍റെയും യാത്ര. ‘ഇരുവരി’ല്‍ കരുണാനിധിയും എം ജി ആറും അനുഭവിച്ച, അവരുടെ രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിച്ച ഒരു ലോകത്തല്ല ഈ പുതിയകാല സുഹൃത്തുക്കള്‍. ലോകം എഴുപതുകളില്‍ നിന്നും എണ്‍പതുകളില്‍ നിന്നും എത്ര മാറിയിരിക്കുന്നു എന്ന് തിരിച്ചറിവില്‍ നിന്ന് തന്നെ തുടങ്ങേണ്ടി വരും ഇരുവരും.

ചിത്രങ്ങള്‍. ഇന്‍സ്റ്റാഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook