പരമകുടിയില്‍ നിന്ന് മധുരൈയിലേയ്ക്ക് അമ്പതു മൈല്‍ ദൂരമേ ഉള്ളു. എങ്കിലും അഭിനയജീവിതത്തില്‍ അമ്പത് വർഷം താണ്ടിയാണ് പ്രശസ്തനടന്‍ പരമകുടിക്കാരന് കമല്ഹാസന് മധുരൈയിലെ രാഷ്ട്രീയ അരങ്ങില്‍ എത്തിയത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരമകുടി ശ്രീനിവാസന്റെ മകന് രാഷ്ട്രീയം ഒരു കാലത്തും അന്യമായിരുന്നില്ല. എങ്കിലും അധികാരരാഷ്ട്രീയത്തിന്റെ കാണാക്കയങ്ങളില്‍ നിന്ന് മാറി നിൽക്കാനായിരുന്നു അദ്ദേഹം ഇന്നേ വരെ ശ്രമിച്ചത്. തമിഴ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന, താരറാണി, അന്തരിച്ച ജയലളിതയുടെ 70 ആം പിറന്നാളിനു മൂന്ന് നാള് മുന്‍പ് കമല്‍ തന്റെ രാഷ്ട്രീയക്കൊടി പാറിക്കുമ്പോള്‍ അത് ചുവപ്പോ കാവിയോ എന്നേ അറിയാനുണ്ടായിരുന്നുള്ളൂ.
താരങ്ങള്‍ ഒന്നിനൊന്നു പരാജയപ്പെടുന്ന തമിഴ്നാട്ടില്‍ 63 കാരനായ കമല്ഹാസന് മുന്‍പിന്‍ നോക്കാതെ കളം മാറി ചവിട്ടുകയാണ്. നടികര്‍ തിലകം ശിവാജിയും ‘കറുത്ത എം ജി ആര്’ വിജയകാന്തും പിന്നെ എത്രയോ ചെറുകിട താരങ്ങളും പരാജയപ്പെട്ട രംഗമാണ് ദ്രാവിഡ രാഷ്ട്രീയം. ഇന്നും തമിഴില്‍ തിരക്കേറിയ താരമാണ് കമൽ. ‘ദശാവതാര’വും ‘വിശ്വരൂപ’വും ഇപ്പോഴും തമിഴ് നാട്ടിലെ കൊട്ടകകളില്‍ ഓടുന്നുണ്ട്. എങ്കിലും പണി തുടങ്ങിയ മൂന്നു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം രാഷ്ട്രീയത്തിനായി സിനിമയോട് തന്നെ വിടപറഞ്ഞേയ്ക്കും എന്നൊരു സൂചനയും ഉണ്ട്. സിനിമയില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും താന്‍ നിശ്ചയിക്കുന്ന റോളില്‍ അവസാന ശ്വാസം പോലും കൊടുത്തു ജീവിക്കാന്‍ കെല്‍പ്പുള്ള വ്യക്തിയാണ് കമല്ഹാസന്. രാഷ്ട്രീയത്തില്‍ അത്തരമൊരു പരിവേഷത്തിന് വലിയ വിലയുണ്ട്. എം ജി ആറും ജയലളിതയും ആ പരിവേഷത്തിന്റെ സൃഷ്ടികളാണ്.
രാമേശ്വരത്ത്, അടുത്ത കാലത്ത് തമിഴ്നാട് സൃഷ്ടടിച്ച വിഗ്രഹമായ ഡോക്ടര്‍ അബ്ദുല്‍ കലാമിന്റെ വസതിയില്‍ നിന്ന് കമല്‍ തുടങ്ങി വെച്ച യാത്ര ഒരു ജൈത്രയാത്ര തന്നെയായി മാറുമോ?
എക്കാലത്തും രാഷ്ട്രീയമോഹങ്ങള്‍ പറഞ്ഞിരുന്ന, സിനിമകളില്‍ കൂടി അത് സൂചിപ്പിച്ചിരുന്ന രജനികാന്തില്‍ നിന്ന് വ്യത്യസ്തനായി കമല്‍ അതൊരു സാധ്യതയായി മാത്രമേ കണ്ടിരുന്നുള്ളൂ. രജനി ഒരുകാലത്ത് തമിഴ്നാട്ടിലെ ജനതയുടെ വികാരം തന്നെയായി മാറി. 96ല്‍ ജയലളിതയെ അധികാരത്തില്‍ നിന്നിറക്കുന്നതിന് വരെ അദ്ദേഹത്തിന്റെ ആഹ്വാനത്തിന് കഴിഞ്ഞു.പക്ഷേ, അദ്ദേഹത്തിലെ പ്രയോഗിക ബുദ്ധിക്കരനായ സിനിമാക്കാരന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ജയലളിത മരിക്കുന്നത് വരെ കാത്തിരുന്നു. അപ്പോഴേക്കും അണികള്‍ പല ക്യാമ്പുകളിലേക്ക് മാറികഴിഞ്ഞിരുന്നു എന്ന് മാത്രമല്ല ഡി എം കെ, എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ശക്തിപ്പെടുകയും ചെയ്തിരുന്നു. ‘ആത്മീയതയുടെ രാഷ്ട്രീയം’ എന്ന് പറഞ്ഞു തന്റെ പിന്നില്‍ കാവികൊടിയുണ്ട് എന്ന സൂചന അദ്ദേഹം നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വൈതരണികള്‍ക്കിടയിലും കമല ഹാസന് ശ്രദ്ധയോടെയാണ് കളം ചവിട്ടുന്നത്.
വായിക്കാം: ഉടല് മണ്ണിനും ഉയിര് തമിഴിനും പകുത്തു നല്കാന് വീണ്ടും ‘ഇരുവര്‍’
ചൂലില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്ന ആപ്പിന്റെ അരവിന്ദ് കേജ്രിവാളും തൃണമൂലിന്റെ മമതയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ തുടക്കത്തില്‍ ആശംസകള്‍ നേരുന്നു. സി പി എമ്മിന്റെ പിണറായിയും അദ്ദേഹത്തെ ആശംസിക്കുന്നു. കാവിയിലേയ്ക്കുളളതല്ല, കാവിക്കെതിരെയുള്ള പുറപ്പാടാകും ഈ പാര്‍ട്ടി എന്ന് അടിവരയിടുന്ന കാര്യം. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന നീക്കം.
‘ഉന്നാല് മുടിയും തമ്പി’ എന്ന മൂന്നു ദശകങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ, കമല്‍ തന്നെ നായകനായ കെ ബാലചന്ദര്‍ ചിത്രം കമലിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ പശ്ചാത്താലത്തില്‍ പ്രസക്തിയാര്‍ജ്ജിക്കുന്നു.
എം ജി ആറിന്റെ മരണശേഷം സന്നിഗ്ധമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ഈ ചിത്രം പുറത്തു വരുന്നത്. ഒരു ഗ്രാമത്തെ സമൂലമായ, വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയ ഉദയമൂർത്തിയുടെ കഥയാണ് ‘ഉന്നാല് മുടിയും തമ്പി’ പറഞ്ഞത്. മനുഷ്യനെക്കാള്‍ സംഗീതത്തെ സ്നേഹിക്കുന്ന അച്ഛനെ ധിക്കരിച്ച് ഗ്രാമത്തില്‍ മറ്റങ്ങള്‍ വരുത്തിയ ഒരു യുവാവിന്റെ കഥ. മതേതരത്വത്തിന്റെയും ജാതി ഉന്മൂലനത്തിന്റെയും രാഷ്ട്രീയം പറയുന്ന ചിത്രം. പക്ഷെ അതൊന്നും അക്കാലത്തെ തമിഴ് രാഷ്ട്രീയത്തെ സ്വാധീനിച്ചില്ല. പുഞ്ചയും നഞ്ചയും ഗംഗയും നിറഞ്ഞു കവിഞ്ഞിട്ടും പഞ്ഞം മാത്രം മാറാത്തതെന്തേ നാട്ടില്‍ എന്ന് പാടിയ സിനിമ ആയിരുന്നു അത്.
കമല്‍ എന്ന വ്യക്തിയുടെ മനസ്സിലെ സംഘര്‍ഷങ്ങള്‍ പുറത്തുകൊണ്ടു വരുന്നതായിരുന്നു ഈ സിനിമ. പ്രശസ്തനായ സംഗീതഞ്ജന്‍ ബിലഹരി മാര്‍ത്താണ്ഡം പിള്ളൈ എന്ന അച്ഛന്റെ നിഴലില്‍ നില്‍ക്കണോ അതോ തനിക്കായി സാമ്രാജ്യം സൃഷ്ടിക്കണോ എന്ന ഉദയമൂര്‍ത്തി എന്ന യുവാവിന്റെ സംഘര്‍ഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹത്തോടുള്ള സ്നേഹമാണോ വ്യക്തിപരമായ ഔന്നത്യമാണോ പ്രധാനം എന്ന ചോദ്യം.
അച്ഛനെ ധിക്കരിച്ചു വീട് വിട്ടു പോകുന്ന ഉദയമൂര്‍ത്തി, ഒടുവില്‍ സമൂഹത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തുന്നു, തന്റെതായ വഴികളിലൂടെത്തന്നെ.
“നിന്റെ പേരിന്റെ അറ്റത്തു നിന്നും എന്റെ പേര് മാറ്റി വച്ച് നോക്കൂ, ഒരാൾ പോലും വിലവയ്ക്കില്ല” എന്ന പറഞ്ഞ അച്ഛനെക്കൊണ്ട്, “ഉദയമൂര്‍ത്തി എന്റെ മകന് എന്ന് പറയുന്നതിലല്ല, ഞാനാണ് ഉദയമൂര്‍ത്തിയുടെ അച്ഛന് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു”, എന്ന് സവര്‍ണ്ണതയുടേയും സമ്പന്നതയുടേയും എല്ലാ ഗര്‍വ്വും അഴിച്ചു വച്ച അച്ഛനെക്കൊണ്ട് ഉദയമൂര്‍ത്തി പറയിക്കുന്നയിടത്താണ് സിനിമ അവസാനിക്കുന്നത്. ദലിതയായ കാമുകിയുമായുള്ള വിവാഹത്തിനു അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു.
ഈ സിനിമയുടെ മൂല രൂപം ‘വരുമയിന്‍ നിറം സിവപ്പ്’ ഉള്‍പ്പടെയുള്ള അദ്ദേഹത്തിന്റെ ചില മുന്‍കാല ചിത്രങ്ങളിലും കാണാം. തൊഴില്‍ ഇല്ലാതെ അലയുന്ന മകന് ബാര്‍ബര്‍ ആയി ഇരിക്കുന്ന സലൂണില്‍ നിന്ന് അഛന് ഇറങ്ങി ഓടുന്നുണ്ട് ഈ ചിത്രത്തിൽ. യഥാർത്ഥ ജീവിതത്തിൽ താന്‍ ബാര്‍ബര്‍ ആയി പരിശീലനം നേടിയിട്ടുണ്ട് എന്ന കമലിന്റെ വാക്കുകള്‍ ഇവിടെ ചേര്‍ത്തു വായിക്കണം.
ഈ വ്യത്യസ്തമായ രാഷ്ട്രീയധാരക്ക് സവിശേഷമായ ഒരു സ്വഭാവം വരുന്നത് ‘അൻപേ ശിവം’ എന്ന സിനിമയിലാണ്. ആ സിനിമയുടെ 15 ആം വർഷം എത്ര ഗൃഹാതുരതയോടെയാണ് തമിഴ്നാടും കേരളവും നോക്കി കണ്ടത്. ഗ്ലാമര്‍ ഒട്ടും ഇല്ലാതെ സ്നേഹവിശുദ്ധിയോടെ, ഒരു തൊഴിലാളി നേതാവായി കമല്‍ അഭിനയിച്ച ചിത്രം. ഇന്നും പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കാവുന്ന ചിത്രമാണത്. ഇതില്‍ നിന്ന് ഏറെ മാറി നിന്ന് ഗാന്ധിയെ തന്റെ കണ്ണിലൂടെ ചിത്രീകരിച്ച ‘ഹേ റാം’.
പല പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടുന്ന നടനാണ് കമല ഹാസന്. ‘ദശാവതാര’വും ‘മൈക്കേല്‍ മദന കാമരാജനും’, ‘അപൂര്‍വ സഹോദരര്‍കളു”മെല്ലാം അതിന് ഉദാഹരണമാണ്. വ്യക്തിജീവിതത്തിലും കമലിന് ആ ദ്വന്ദവ്യക്തിത്വം ഉണ്ടെന്ന് വേണം കരുതാന്‍. തന്റെ ഉള്ളിലെ ഒരു ചെറിയ മനുഷ്യനും വലിയ മനുഷ്യനും. അവര്‍ തമ്മിലുള്ള പോരാട്ടമാണ് അദ്ദേഹത്തിന്റെ പല സിനിമകളും. ആ മനസ്സില്‍ ഒളിച്ചിരിക്കുന്നത് എത്രയോ മോഹങ്ങളും പ്രതീക്ഷകളും എന്നാല്‍ അവ സാക്ഷാല്ക്കരിക്കാനാവുമോ എന്ന ഭീതിയും. പക്ഷെ ‘അൻപേ ശിവ’ത്തിലെ പോലെ അവസാന വിജയം തനിക്കാകുമെന്ന് കരുതുന്ന നടന് കമലിന് ഔപചാരിക വിദ്യാഭ്യാസം കുറവാണ്.
വളരെ പെട്ടെന്ന് എല്ലാം പഠിക്കാനുള്ള വാസനയും അദ്ദേഹത്തിന്റെ പ്രത്യകതയാണ്. തങ്കപ്പന് മാഷില്‍ നിന്ന് ഡാന്‍സ്, ഇളയരാജായില് നിന്ന് സംഗീത പാഠങ്ങൾ, കെ ബാലചന്ദറില്‍ നിന്ന് സിനിമ. കമല്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ച ഒരു വ്യക്തിക്ക് തമിഴകത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ പഠിക്കാനും പ്രയാസമുണ്ടാകില്ല. ദ്രാവിഡ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ എത്തിനില്ക്കുമ്പോള് അദ്ദേഹം എടുത്തു ചാടി എന്നത് തന്നെ ആ കുശാഗ്രബുദ്ധി വ്യക്തമാക്കുന്നു.
പക്ഷെ സിനിമയിലെ വില്ലന്മാരല്ല കമലിന് മുന്പില്; പണപ്പയറ്റും രാഷ്ട്രീയപയറ്റും പഠിച്ച കരുണാനിധിയും സ്റ്റാലിനും എടപ്പാടിയും ദിനകരനും ഉറ്റസുഹൃത്ത് രജനികാന്തും നില്ക്കുന്ന ദ്രാവിഡ രാഷ്ട്രീയതിലേയ്ക്കാണ് അദ്ദേഹത്തിന്റെ കടന്നു വരവ്. ‘ഉന്നാലെ മുടിയുമാ തമ്പീ?’ (നിന്നെക്കൊണ്ടാവുമോ സഹോദരാ?) എന്ന് തമിഴകം ചോദിച്ചാല്‍ അത്ഭുതപ്പെടാനില്ല.
ഇന്ത്യാടുഡേ മുൻ എക്സിക്യൂട്ടീവ് എഡിറ്റാണ് ലേഖകൻ