തമിഴ് നാട്ടിലെ 39 സീറ്റുകളിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമല്‍ ഹാസ്സന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയം. അതിലുപരി ‘ബാറ്ററി-ടോര്‍ച്ച്’ പാര്‍ട്ടി ചിഹ്നമായി അനുവദിച്ചു കിട്ടിയതിന്റെ ആവേശത്തില്‍ കൂടിയാണ് നേതൃത്വം.
‘തീര്‍ത്തും ഉചിതം. തമിഴ് നാട്ടിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലാകെ തന്നെയും ഒരു നവ യുഗത്തിലേക്കായി ടോര്‍ച്ച് കൈയ്യിലെടുക്കുകയാണ് ഞങ്ങള്‍,’ തന്റെ പുതിയ ട്വീറ്റില്‍ കമല്‍ ഹാസന് പറഞ്ഞു. ഇതുവരെ എല്ലാം വളരെ നന്നായിട്ടുണ്ട്.
സ്ക്രീനില്‍ വലിയ രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്ന ഒരാളാണ് കമല്‍ ഹാസന്: സ്ക്രീനില്‍ ശക്തമായ സാന്നിദ്ധ്യം, കഴിവുറ്റവന്‍, ബഹുമുഖ പ്രതിഭ, അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന സിനിമാ ജീവിതം, 200ല്‍ അധികം ചിത്രങ്ങള്‍. തുടക്കം മുതലേ തൊട്ടതെല്ലാം പൊന്നാക്കിയ ആൾ.
സ്ക്രീനിലേക്കുള്ള അദ്ദേഹത്തിന്റെ വരവും സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതുവരെയുള്ള രാഷ്ട്രീയ വഴി നിശബ്ദമായിരുന്നു. സ്ക്രീനിനു പുറത്ത് വോട്ടര്‍മാരുമായി ആശയവിനിമയം നടത്തുമ്പോള്‍, സ്വയം ഒരു സാധാരണക്കാരനായി കാണിച്ച്, ലളിതമായ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തെ കേള്‍ക്കുന്നവര്‍ പലപ്പോഴും അത്ഭുതപ്പെടുകയും, ചിലപ്പോഴൊക്കെ അന്ധാളിക്കുകയുമാണ്. അമ്പത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ട്വിറ്ററില്‍ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്ന neo-polityculturist’ എന്ന വാക്ക് ശശി തരൂരിനെ പോലും നാണിപ്പിക്കുന്നതാണ്.
എന്നാല്‍ തമിഴ് സിനിമ കാണുന്നവര്‍ക്ക് കമലിന്റെ ഈ സ്വഭാവ വിശേഷം അറിയാം. അതുകൊണ്ടു തന്നെ അവര്‍ അദ്ദേഹത്തോട് ക്ഷമിക്കും. അവര്‍ ക്ഷമാശീലരായ രക്ഷിതാവിനെ പോലെ അയാളെ നോക്കിക്കാണുന്നു. അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍ തങ്ങള്‍ക്ക് ഉൾക്കൊള്ളാൻ പറ്റാതെ പോകുമ്പോഴും അവര്‍ അദ്ദേഹത്തെ ബുദ്ധിമാനായ ഒരു വ്യക്തിയായി പരിഗണിക്കുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു മനുഷ്യന് എന്ന നിലയിലും കമലിന് തമിഴ്നാട് അളവറ്റ സ്നേഹം നല്‍കിയിട്ടുണ്ട്.
എന്നാല്‍ രാഷ്ട്രീയത്തില്‍, അത്തരം ദീര്‍ഘവും സങ്കീര്‍ണവുമായ വാദങ്ങള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടും. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളേയും രാഷ്ട്രീയക്കാരയേയും അളക്കാന്‍ വ്യത്യസ്തങ്ങളായ മാനദണ്ഡങ്ങളാണ് ഉള്ളത്. തമിഴ് നാട്ടില്‍ രാഷ്ട്രീയ വായ്ത്താരികളും ആശയവിനിമയങ്ങളും വര്‍ഷങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ കമല്‍ ഹാസന് ഇതില്‍ നിന്നും ഒറ്റപ്പെട്ടു നില്ക്കുന്നു. തമിഴ് നാട്ടിലെ വോട്ടര്‍മാര്‍ സിനിമാക്കാര് രാഷ്ട്രീയക്കാരായി മാറുന്നത് ഏറെ കണ്ടിട്ടുണ്ട് എന്നതുകൂടി മനസിലാക്കണം.
ഒഴുക്കിനൊപ്പം നീന്താനാണ് കമല്‍ ഹാസന് ശ്രമിക്കുന്നത്. ചിലപ്പോഴൊക്കെ സംസ്ഥാനത്തിന്റെ നിരീശ്വരവാദത്തിലൂന്നിയ ദ്രാവിഡ രാഷ്ട്രീയവുമായി ചേർന്നു നിൽക്കും. അത് പക്ഷെ മാറ്റം ആഗ്രഹിക്കുന്ന യുവ തലമുറയ്ക്ക് സ്വീകാര്യമായെന്നു വരില്ല. എന്തായാലും 2019 തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്നും എഐഎഡിഎംകെയില്‍ നിന്നും അദ്ദേഹം അകലം പാലിച്ചിട്ടുണ്ട്.
രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹംമൗനം പാലിക്കുന്നില്ല. രണ്ടു തവണ അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും, പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്റെ പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ താത്പര്യമുണ്ടെങ്കില്‍ സന്തോഷമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡിഎംകെയെ പോലെ വിശ്വസനീയമായൊരു സഖ്യം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസിന് തീര്‍ച്ചയായും താത്പര്യമില്ല. എന്നാൽ ഇങ്ങനെയൊരു കാര്യം കമൽ മുന്നോട്ടു വച്ചത് ഡിഎംകെ നേതൃത്വത്തിന് രസിച്ചിട്ടില്ല.
പണം കൊടുത്ത് വോട്ട് ഉറപ്പിക്കുന്ന തമിഴ് നാട്ടില്‍ കമല്‍ ഹാസനും അദ്ദേഹത്തിന്റെ മക്കള്‍ നീതി മയവും ഒരു നിര്‍ണായക ശക്തിയല്ല. കൈയ്യിൽ ചെളി പുരളാൻ ആഗ്രഹിക്കാത്ത മധ്യവർഗത്തിന്റെ പാർട്ടിയായാണ് മക്കൾ നീതി മയം കരുതപ്പെടുന്നത്. പക്ഷെ തമിഴ് നാട്ടിലെ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് പ്രചരണവും ചെളി കലര്‍ന്നതാണ്. ആം ആദ്മി പാര്‍ട്ടിയുടെ തുടക്കകാലത്തെയാണ് കമലിന്റെ പാര്‍ട്ടി ഓര്‍മ്മിപ്പിക്കുന്നത്. കര്‍ക്കശമായ ആക്ടിവിസം ഇല്ലെന്നു മാത്രം. പേരെടുത്ത് പറയാവുന്ന നേതാക്കളോ കക്ഷികളോ ആരും തന്നെ അദ്ദേഹത്തോട് ചേർന്നു നിൽക്കുന്നുമില്ല.
2019ലെ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയം ഒരു നിർണായക കക്ഷിയായിരിക്കില്ല. അതിന് മാറ്റം വരണം എന്നുണ്ടെങ്കിൽ കമല്‍ ഹാസന് ഒരു സീറ്റിലെങ്കിലും മത്സരിക്കണം. എന്നാൽ പോലും ആ മണ്ഡലത്തിലെ മത്സരം മാത്രം കൗതുകമുണര്‍ത്തുന്ന ഒന്നാകാം എന്നതിനപ്പുറം ഒന്നുമില്ല.
ആവേശത്തിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ ശക്തിയെ കുറിച്ചും ബലഹീനതകളെ കുറിച്ചും കൃത്യമായി ബോധമുള്ള ആളാണ് കമൽ. തന്റെ കൈയ്യിലുള്ള കോപ്പുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്.
ചലച്ചിത്ര ലോകത്ത് അര്‍ത്ഥവത്തായ സിനിമകൾക്കു വേണ്ടിയുള്ള അന്വേഷണവും അതിന്റെ ഭാഗമാകാൻ കാണിക്കുന്ന ധൈര്യവും കമൽ ഹാസനെ വേറിട്ടു നിർത്തുന്നു. സിനിമയില്‍ തീര്‍ച്ചയായും അദ്ദേഹം ഒരു നവീകരണം നടത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ആ നവീകരണത്തിന് സാധിച്ചേക്കാം, പക്ഷെ, 2019 വളരെ പെട്ടെന്നിങ്ങെത്തി. എന്നാൽ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത ഒരു പോരാളിയും അത്ര എളുപ്പത്തില്‍ ആയുധം വച്ച് കീഴടങ്ങാത്ത ഒരാളുമാണ്.
വോട്ടര്‍മാരില്‍ ഒരു ചെറിയ വിഭാഗം, അദ്ദേഹം വ്യത്യസ്തമായി എന്തോ പറയാന്‍ ശ്രമിക്കുന്നു എന്നു കരുതുന്നുണ്ട്, പക്ഷെ ആ വിശ്വാസത്തിന്മേൽ കെട്ടിപ്പടുക്കാൻ തീരെ സമയമില്ല.