കാക്ക നിർമ്മിക്കുന്ന രാഷ്ട്രീയ ചിന്തകൾ

പശുവിൽ തുടങ്ങി മത്സ്യത്തിലും കാക്കയിലും പന്നിയിലും എത്തി നിൽക്കുന്ന മനശാസ്ത്ര പരമായ ഈ വർഗ്ഗീകരണ സ്വഭാവം പഠിക്കേണ്ടതു തന്നെയാണ്. ഒന്നിൽ നിന്നും മറ്റൊന്നിനെ തിരഞ്ഞു മാറ്റി നിർത്തുക എന്നതുതന്നെ പ്രകൃതി വിരുദ്ധമാണ്

akhil muraleedharan, iemalayalam

ചില പ്രയോഗങ്ങൾ സമൂഹത്തിന്റെ മനഃശാസ്ത്രത്തെ പൂർണമായും ഉൾക്കൊള്ളുന്നതായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറ്റവുമധികം ചർച്ച ചെയ്ത ‘കാക്ക ‘പ്രയോഗത്തിന്റെ, വംശീയ അടയാളങ്ങളെ അതേ രീതിയിൽ തന്നെ തകർത്തു കളയാൻ കേരളം കാണിച്ച  സെൻസ് ഓഫ് ഹ്യൂമർ എടുത്തു പറയേണ്ടതാണ്.

പശുവിൽ തുടങ്ങി മത്സ്യത്തിലും കാക്കയിലും പന്നിയിലും എത്തി നിൽക്കുന്ന മനശാസ്ത്ര പരമായ ഈ വർഗ്ഗീകരണ സ്വഭാവം പഠിക്കേണ്ടതു തന്നെയാണ്. ഒന്നിൽ നിന്നും മറ്റൊന്നിനെ തിരഞ്ഞു മാറ്റി നിർത്തുക എന്നതുതന്നെ പ്രകൃതി വിരുദ്ധമാണ്. ആക്ഷേപമാണ് പലപ്പോഴും താരതമ്യത്തെ നിർമ്മിക്കുന്നത്.

പശു ഒരു ബ്രാഹ്മണിക്കൽ ആര്യൻ സങ്കല്പമാകുന്നതു പോലെ കാക്ക മോശപ്പെട്ട ഒന്നിന്റെ രൂപകമായി ചിത്രീകരിക്കപ്പെടുന്നു. അതിന്റെ ജീവിതം വൃത്തിക്കെട്ടതാണ് എന്ന സാരമുണ്ട് ഈ ചിന്തക്ക്. എന്തു തന്നെയായാലും, ഒരു മൂന്നാം ലോക രാജ്യത്തെ ആഭ്യന്തര വിഷയങ്ങളെ സ്വാധീനിക്കാൻ ഇത്തരം ബിംബങ്ങൾക്ക് സാധിക്കും. അഥവാ പ്രകൃതിയോടുള്ള വെറുപ്പ് മനുഷ്യരിലേക്ക്, അവർ സൃഷ്ടിക്കുന്ന ഇടങ്ങളിലേക്ക് വ്യാപിക്കും. അവിടെയാണ് വിശ്വാസത്തിന്റെ വ്യാപ്തി മറഞ്ഞു കിടക്കുന്നത്.

“ചില പക്ഷികൾ ഞാൻ മുതിർന്ന കാലത്ത് എന്റെ കവിതകളിൽ ചിറകടിച്ചു പോയി. കാക്കകൾ മാത്രം ഇന്നും വിടാതെ കൂടെയുണ്ട്”
വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന കവി അവിടെ നിർത്തിയില്ല.

പച്ചമുരുക്കിന്റെ ചില്ലതോറും
പത്മരാഗങ്ങള്‍ വിളഞ്ഞിടുമ്പോള്‍

കൂത്തടിപ്പൂ തേന്‍ കുടിച്ചു കാക്ക,
പൂത്തിരുവാതിരപ്പെണ്ണുപോലെ!

ആണിനെക്കൊത്തിച്ചൊറിഞ്ഞിടുന്നൂ,
നാണമാര്‍ന്നൂളിയിട്ടോടിടുന്നു.

ഉച്ചലല്‍പ്പീലിവിശറിയാലേ
മച്ചിലെദ്ദീപമണച്ചിടുന്നു….

എന്നെഴുതി കാക്കയുടെ പ്രണയത്തെ അത്രമേൽ ആവിഷ്‌കരിച്ച ഒരു കവി ലോക സാഹിത്യത്തിലുണ്ടാകുമോ? തീർച്ചയില്ല.akhil muraleedharan, iemalayalam

 

കേരളത്തിന്റെ സാമൂഹിക ജീവിതവുമായി ഇത്രയും അടുത്തു നിൽക്കുന്ന ഒരു പക്ഷി വേറെ കാണില്ല. കാക്കകൾ എക്കാലവും സഹവർത്തിത്വത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഏറ്റവും വലിയ മാതൃകയായിരുന്നു. കാക്കയുടെ കറുപ്പ് അല്ലെങ്കിൽ അതി ബൃഹത്തായ സ്വാതന്ത്ര്യ ബോധം മറ്റൊരു ജീവിക്കും അവകാശപ്പെടാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. വംശീയതയും കാക്കകളും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് സാരം. ഒരു പക്ഷിയുടെ സ്വഭാവത്തെ മനുഷനുമായി കൂട്ടിച്ചേർത്തു കൊണ്ട് നിർമ്മിക്കുന്ന പൊതു ബോധം ചിലപ്പോൾ അതും നിർമിക്കാം. പ്രാദേശിക നിർമിതികൾ ചരിത്രത്തെ പിൻപറ്റാം. കറുപ്പ് ഒരു പ്രശ്‌നമാകുന്നത് അങ്ങനെയാണല്ലോ.

ഇന്ത്യയിലെ തെറികൾക്ക് ആധാരമാകുന്നത് പലപ്പോഴും ലൈംഗിക ഭാഗങ്ങളും ചില ജീവികളുമാണ്. നായ, കഴുത, കുരങ്ങ്, പന്നി, കാക്ക എന്നിങ്ങനെ തെറികൾ പ്രധാനം ചെയ്യുന്ന ജീവികൾ അവയുടെ പാരിസ്ഥിതിക ചുറ്റുപാടുകളുടെയോ ജീവിതരീതിയുടെയോ വ്യത്യാസം കൊണ്ട് താഴ്ന്ന തരമെന്ന അപഹാസ്യത അനുഭവിക്കേണ്ടി വരാം. അതിന്റെ മേലാണ് ഈ തെറികളുടെ നിർമ്മാണം. ഒളിച്ചു വച്ചിരിക്കുന്ന ലൈംഗികതയിലും അതു തന്നെയാണ് നിലനിൽക്കുന്നത്.അതുകൊണ്ടു തന്നെയാണ് കാക്കയുടെ മേൽ വംശീയത ആരോപിക്കുന്നതും.

കാക്കകൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാക്കകളുടെ സാമ്രാജ്യം വിപുലമായിക്കിടക്കുന്നു. കാക്ക വർഗ്ഗത്തിലെ അനേകം ജാതികളിൽ രണ്ടു തരം കാക്കകളെയാണ് പൊതുവിൽ ഇന്ത്യൻ ഉപദ്വീപിൽ കാണാൻ കഴിയുക. കഴുത്തിൽ ചാര നിറമുള്ള പേനക്കാക്ക (House Crow/Corvus Splendens), ദേഹം മുഴുവൻ കറുപ്പ്‌ നിറമുള്ള കാക്ക (Jungle Crow/ Corvus Macrorhynchos). ഈ രണ്ടു വർഗ്ഗവും ഇന്ത്യൻ ദൈനംദിന ജീവിതത്തിലും മിത്തുകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യുത്പാദന സമയത്തുമാത്രമാണ് സാധാരണ (ഡിസംബർ മുതൽ ജൂൺ വരെ) കാക്കകൾ കൂടുണ്ടാക്കുന്നത്, മുട്ടവിരിഞ്ഞു കഴിഞ്ഞാൽ താമസിയാതെ കാക്കകൾ തങ്ങളുടെ ഗ്രൂപ്പിലേക്ക് മടങ്ങും. ഒരു സമൂഹ ജീവി എന്ന നിലയിൽ പരസ്പര സഹകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാക്കകളുടെ ജീവിതം.

വംശീയത ജീവികളുടെ മേൽ ആരോപിക്കപ്പെടുമ്പോൾ

ഒരു ജീവി അതിന്റെ സ്വതന്ത്ര ലോകത്തിൽ നടത്തുന്ന മൗലിക പ്രവർത്തികളാണ് ജീവിതം കൊണ്ട് അർത്ഥമാക്കുന്നത്. പൊതു ബോധത്തിനനുസരിച്ചുള്ള വിലയിരുത്തൽ വരുമ്പോൾ നിറം, ഗന്ധം, രൂപം, ജീവിതരീതി എന്നിവയെ അടിസ്ഥാനമാക്കി ഒരു വേർതിരിവിന്റെ നിർമ്മാണം നടക്കുന്നുണ്ട്. കാക്കകളാകട്ടെ, പന്നികളാവട്ടെ അതിനെ സമീപിക്കുന്ന രീതികളിൽ ആര്യൻ വൈരുധ്യത്തെ നമുക്ക് കാണാൻ കഴിയും. ദ്രവീഡിയൻ ഇന്ത്യൻ ആദിവാസി വിഭാഗങ്ങൾ എന്നിവയിൽ കാണാൻ കഴിയാത്ത സവർണ ബോധ്യം ആര്യൻ കേന്ദ്രീകൃത വ്യവസ്ഥയിൽ ഉണ്ടായി വന്നിരിക്കണം.

നായിന്റെ മകൻ മുതലുള്ള തെറികളുടെ വംശീയ ചിന്തയുടെ അടിസ്ഥാന രൂപം അതിൽ നിന്നാണെന്നു ഉറപ്പിക്കാം. പന്നിയെന്നും കാക്കയെന്നും നായയെന്നും വിളിക്കുന്നത് ഭൗതികപരമായ ജൈവ പ്രതിസന്ധിയിൽ നിന്നുകൊണ്ടാണ്. അവർ നിലനിർത്തുന്ന ശരീരത്തിന്റെ അപകർഷതയുടെ രാഷ്ട്രീയമുണ്ട്. ഇതാകട്ടെ അധികാരരൂപമാണ്.

നിങ്ങളെ ഒരാൾ കഴുത എന്നു വിളിക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങളെ അതിന്റെ മേൽ വിധേയപ്പെടുത്താനാണ് അധികാരം ശ്രമിക്കുന്നത്. എന്തു ചെയ്താലും പ്രതിരോധിക്കാത്ത ചിന്തിക്കാത്ത ഒരു ജീവിയായി കഴുതയെ ചിത്രീകരിക്കുന്നു. യഥാർത്ഥത്തിൽ കഴുത പ്രതികരിക്കും. പക്ഷെ നിർമിച്ചു കഴിഞ്ഞ ആ ബോധം കഴുതയുടെ വംശത്തെ തന്നെ ആ ശൈലിയുടെ മേൽ കെട്ടി നിർത്തുന്നുണ്ട്.akhil muraleedharan, iemalayalam

ഇന്ത്യൻ സാഹചര്യത്തിൽ വംശീയതയും പ്രയോഗങ്ങളും

തെറികളുടെ ചരിത്രം ചികഞ്ഞുപോയാൽ അതിനൊരു വിപുലമായ ചരിത്ര ഘടന ഉണ്ടെന്നു കാണാം. കൊളോണിയൽ കാലത്ത് യൂറോപ്യരും ഇതു തന്നെയാണ് സ്വീകരിച്ചത്. ആഫ്രിക്ക മുതൽ ഏഷ്യ വരെ അതിനൊരു ദീർഘകാല ചരിത്രമുണ്ടല്ലോ. ആര്യാധിനിവേശം സൃഷ്ടിച്ച ആഘാതം മുതൽ തന്നെ മനുഷ്യനെ കീഴ്പ്പെടുത്താനുള്ള മാനസിക ഉപകരണങ്ങളായി തെറികൾ പരിണമിച്ചു എന്നു പറയാം. തന്റെ സ്വത്വത്തെ മറ്റൊന്നിനോട് ഉപമിക്കുമ്പോൾ മറ്റൊരാൾക്ക് ഉണ്ടാകുന്ന അപകർഷതയാണ് അയാൾക്ക്‌ വിധേയപ്പെടാൻ വഴിവയ്ക്കുന്നത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ അടിയാള വിഭാഗത്തിന് മേലാളർ ഇട്ടു നൽകിയിരുന്ന വിചിത്രമായ പേരുകൾ മാത്രം മതി അതിന്റെ സാധുത പ്രഖ്യാപിക്കാൻ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽപ്പോലും അതിനൊരു മാറ്റം ഉണ്ടായില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം.

ഹർഭജൻ സിംഗിന്റെ കുരങ്ങു വിളി

2007 -08 കാലത്ത് സിഡ്‌നിയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഒരു മത്സരത്തിൽ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രൂ സിമണ്ട്സിനെ കുരങ്ങിന്റെ ആംഗ്യവിക്ഷേപങ്ങൾ കാണിച്ച് പ്രകോപിപ്പിച്ചത് ‘മങ്കി ഗേറ്റ്’ സംഭവം എന്ന പേരിൽ വൻ വിവാദമായി. ആസ്‌ട്രേലിയൻ ആദിമ വംശജരോട് കാണിച്ച വംശീയതയുടെ പ്രതീകമായി ഈ കുരങ്ങു വിളി മാറുകയുണ്ടായി. വൻ പ്രതിക്ഷേധങ്ങൾക്ക് ഒടുവിൽ ഐസിസി ഈ സംഭവത്തിന്റെ പേരിൽ വിലക്കും പിഴയും ചുമത്തുകയുണ്ടായി. സമാനമായ സംഭവങ്ങൾ ഫുട്ബോൾ ലോകത്തും നിരവധിയുണ്ടായി. ആഫ്രിക്കയിൽ നിന്നും യൂറോപ്യൻ ലീഗുകളിൽ കളിക്കാൻ എത്തിയ കറുത്ത വർഗ്ഗക്കാരായ കളിക്കാർക്ക് നേരെയാണ് പലപ്പോഴും അതുണ്ടായത്.

ഇത്തരം ആക്രമണങ്ങളുടെ പൊതുവായ മനശാസ്ത്രം താൻ മറ്റൊന്നിനെ താരതമ്യം ചെയ്തുകൊണ്ട് സമീപസ്ഥനെ ജയിക്കുക എന്ന വികാരം തന്നെയാണ്. സസ്യങ്ങളിലൂടെയും ജന്തുക്കളിലൂടെയും ഈ മനുഷ്യ നിർമിത ഉപമക്ക് വളർച്ച സാധ്യമാണ്. ലൈംഗികതയിലും ഈ വംശപരമായ ഉപമക്ക് പ്രാചീന കാലം മുതൽ സാധുതയുണ്ട്. ആണധികാര കേന്ദ്രങ്ങളെ പൊലിപ്പിക്കാനും ലൈംഗിക ശേഷിക്കുറവിനെ പരിഹസിക്കാനും ഉപയോഗിച്ചിരുന്ന അതേ രൂപകങ്ങൾ തന്നെയാണ് ഇപ്പോൾ ഫാസിസത്തിന്റെ അധികാര രൂപങ്ങളെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ബിംബങ്ങളും. ഈ ബദലിനെ രാഷ്ട്രീയ ശരികൾ കൊണ്ട്, ലിംഗപരമായ ബൗദ്ധിക ശേഷികൊണ്ട് മറികടക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തിന്റെ വിജയം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kakka sindhoor crow controversy

Next Story
ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടത് കേരളത്തിന്റെ കടമ
The moderation of comments is automated and not cleared manually by malayalam.indianexpress.com