scorecardresearch

മുത്തലാക്കും ഏകീകൃത സിവില്‍കോഡും

ഇന്ത്യയുടെ ബഹുസ്വരതയും കെട്ടുറപ്പും നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഏകീകൃത സിവില്‍കോഡ് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് മതേതരജനാധിപത്യവാദികളാണ്. മുത്തലാക്ക് വിധി അതിന് അന്തരീക്ഷമൊരുക്കുന്നുണ്ട് ” നിറഭേദങ്ങൾ” പംക്തിയിൽ കെ വേണു എഴുതുന്നു

muthalaq, opinion , k.venu ,

ഇസ്‌ലാമിക മതാധിഷ്ടിത രാജ്യങ്ങള്‍ ഉള്‍പ്പെടെ 20-ല്‍പരം മുസ്‌ലിം രാജ്യങ്ങളില്‍ മുത്തലാക്ക് നിരോധിക്കപ്പെട്ടിരുന്നപ്പോഴും ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തില്‍ ഇങ്ങനെയൊരു നിയമം ഇത്രയും നാള്‍ നിലനിന്നു പോന്നു എന്നത് അത്ഭുതകരമായി തോന്നാം. ജനാധിപത്യ സമ്പ്രദായത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം സൃഷ്ടിക്കുന്ന താല്‍ക്കാലികമായ ഇടുങ്ങിയ താല്‍പര്യങ്ങളാണ് പല പ്പോഴും ഇത്തരം അവസ്ഥയ്ക്ക് കാരണമാവുന്നത്. ഷാ ബാനു കേസില്‍ സുപ്രീം കോടതി വിധി മുസ്‌ലിം യാഥാസ്ഥിതികത്വത്തിനു പ്രഹരമേല്‍പിച്ചപ്പോള്‍ അവരെ പ്രീണിപ്പിക്കാനായി കോടതി വിധിയെ നിഷ്‌പ്രഭമാക്കും വിധം 1986-ലെ മുസ്‌ലിം സ്ത്രീ നിയമം പാര്‍ലമെന്റില്‍ പാസാക്കി എടുക്കുകയാണ് രാജീവ്ഗാന്ധി സര്‍ക്കാര്‍ ചെയ്തത്. ഏതായാലും, മുത്തലാക്കിനെതിരായ ഇപ്പോഴത്തെ സുപ്രീംകോടതി വിധിക്ക് ആ ഗതി സംഭവിക്കുകയില്ല. മോദി സര്‍ക്കാര്‍ ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ഉപയോഗിക്കാനാണെങ്കിലും കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് നല്ല കാര്യം തന്നെയാണ്. മുത്തലാക്ക് നിരോധിച്ചതിലും പുതിയ ബില്ല് കൊണ്ടുവരുന്നതിലും ഇസ്‌ലാമിക മൗലികവാദികള്‍ അല്ലാത്തവര്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ക്ക് സാദ്ധ്യത കുറവാണ്. ബില്ല് യഥാര്‍തത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഗുണമാണോ ദോഷമാണോ നല്‍കുന്നത് എന്നു വിലയിരുത്തുന്നതില്‍ ആണ് അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളത്. അത് പരിശോധിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ വിഷയത്തെ എങ്ങിനെ സമീപിക്കണം എന്നത് സംബന്ധിച്ച് ഒരു വിചാരമാവാം.
ഏറെ വിശാലമായ ഇന്ത്യന്‍ മതേതര ജനാധിപത്യ ഘടനയില്‍ വിവധ മതങ്ങള്‍ക്കും സാമൂഹ്യവിഭാഗങ്ങള്‍ക്കും തങ്ങളുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി നിലനില്‍ക്കാന്‍ സാഹചര്യം അനുവദിക്കുന്നുണ്ട്. പൊതുഘടനയില്‍ നിന്നു വ്യത്യസ്തമായ രീതികള്‍ നിലനിര്‍ത്തുന്നവര്‍ സ്വയമായിട്ട് തന്നെ തിരുത്തലുകള്‍ വരുത്തുകയാണ് വേണ്ടതെന്നും അത് പുറത്തുനിന്നു അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടതെന്നുമുളള ഒരു പൊതുധാരണയും നിലനില്‍ക്കുന്നുണ്ട്. ഭരണഘടന അംഗീകരിക്കപ്പെടുന്നതോടൊപ്പം തന്നെ ഏകീകൃത സിവില്‍ കോഡും നിലവില്‍ വരണമെന്ന് നെഹ്‌റു ഉള്‍പ്പെടെ പല പ്രമുഖരും ചിന്തിച്ചിരുന്നെങ്കിലും സാവകാശം അതിലേക്കെത്തിയാല്‍ മതിയെന്ന് ഭരണഘടനയില്‍ പറഞ്ഞുവെക്കാന്‍ നെഹ്‌റുവും മറ്റും തയ്യാറായത് മുകളില്‍ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. മതേതര ജനാധിപത്യവാദികള്‍ പൊതുവില്‍ ഈ സമീപനം സ്വീകരിച്ചു പോന്നിട്ടുമുണ്ട്.

മതേതര ജനാധിപത്യ സംവിധാനങ്ങള്‍ നല്‍കുന്ന വിശാലമായ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യാനാണ് വിവിധ മതമൗലികവാദശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഹിന്ദുത്വവാദികള്‍ അത് ചെയ്തുകൊണ്ടിരിക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുക യാണല്ലോ. ന്യൂനപക്ഷ മൗലികവാദികളും അവരുടേതായ രീതിയില്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. ഖുറാനില്‍ ഇല്ലാത്തതെന്ന് മാത്രമല്ല, ഖുറാന്‍ വിരുദ്ധമെന്ന്‌ ഇസ്‌ലാമിക പണ്ഡിതര്‍ തന്നെ പറയുന്ന മുത്തലാക്ക് പോലുള്ള ഒരു അറുപിന്തിരിപ്പന്‍ ചട്ടം നിലനിര്‍ത്താന്‍ ഇക്കൂട്ടര്‍ സ്വീകരിച്ചുപോന്ന രീതികള്‍ കാണുമ്പോള്‍ മതേതര ജനാധിപത്യ ഘടനക്കനുസൃതമായി സ്വയം പരിവര്‍ത്തനപ്പെടാന്‍ മുസ്‌ലിം സമൂഹത്തെ ഇവര്‍ എളുപ്പത്തിലൊന്നും അനുവദിക്കുകയില്ലന്ന് വ്യക്തമാണ്. അപ്പോള്‍ പിന്നെ പൊതു ചട്ടക്കൂടിന് അനുസൃതമായി ഭിന്നവിഭാഗങ്ങള്‍ സ്വയം പരിവര്‍ത്തനപ്പെട്ടു വരുമെന്നു പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ത്ഥമു ണ്ടെന്ന ചോദ്യം പ്രസക്തമാവുന്നു.

പീഡിതരായ ചില മുസ്‌ലിം സ്ത്രീകളും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന സംഘടനാപ്രതിനിധികളും മുത്തലാക്കിനെതിരെ നല്‍കിയ ഹര്‍ജികള്‍ കോടതിയില്‍ വിചാരണ നടന്നപ്പോള്‍ മുസ്‌ലിം വ്യക്തിനിയമ ബോഡിന്റെ പ്രതിനിധികള്‍ കോടതിയോട് പറഞ്ഞത് മുത്തലാക്ക് ഖുറാന്‍ അംഗീകരിക്കുന്ന സമ്പ്രദായമാല്ലെന്നും പില്‍ക്കാലത്ത് വന്നുപെട്ട ആചാരമാണെന്നും അത് നടപ്പിലാക്കുന്നത് തടയാനുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിക്കുന്നതാണ് എന്നുമാണ്. പക്ഷെ ഇപ്പോള്‍ മുത്തലാക്ക് നിരോധിച്ചുകൊണ്ടുള്ള കോടതി വിധി വരുകയും കോടതി നിര്‍ദ്ദേശപ്രകാരം നിയമനിര്‍മ്മാണം പുരോഗമിക്കുകയും ചെയ്തപ്പോള്‍ എന്ത് വില കൊടുത്തും ഇത് തടയാനുള്ള കരുനീക്കങ്ങളാണ് വ്യക്തിനിയമ ബോർഡും ബന്ധപ്പെട്ടവരും നടത്തിക്കൊണ്ടിരിക്കുന്നത്.

നിര്‍ദ്ദേശിക്കപ്പെട്ട നിയമത്തില്‍ പോരായമകളുണ്ടെന്നും തിരുത്തലുകള്‍ ആവശ്യമാണെന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഈ നിയമം തന്നെ നിലവില്‍വരാതെ നോക്കുകയും നിയമം വന്നാല്‍ തന്നെ അത് പാലിക്കെണ്ടതില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ന്യൂനപക്ഷത്തിന്‍റെ പേരില്‍ സംരക്ഷിക്കപ്പെടെണ്ടവരല്ല.
ന്യൂനപക്ഷ സമൂഹങ്ങളില്‍ ഭൂരിപക്ഷവും പൊതുസമൂഹവുമായി പൊരുത്തപ്പെട്ട് പോവാന്‍ ആഗ്രഹിക്കുന്നവരും അതിനാവശ്യമായ ക്രമീകരണങ്ങള്‍ക്ക് സന്നദ്ധരുമാണ്. പക്ഷെ തലപ്പത്തുള്ള ഒരു ചെറു വിഭാഗം അതിനു അവരെ അനുവദിക്കുന്നില്ലെന്നുള്ളതാണ് പ്രശ്നം.
ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള ബില്ലിനെതിരായി ഉയര്‍ന്നുവന്നിട്ടുള്ള വിമർശനങ്ങളില്‍ പ്രധാനം രണ്ട് വിഷയങ്ങളാണ്. വിവാഹമോചനം പോലുള്ള ഒരു സിവില്‍ വിഷയത്തില്‍ ഈ ബില്ല് അനുശാസിക്കുന്ന പോലെ മൂന്ന് വർഷം തടവ്‌ പോലുള്ള ക്രിമിനല്‍ ശിക്ഷ നല്‍കുന്നത് നിയമപരമായി ശരിയല്ല. സിവില്‍ വിഷയങ്ങള്‍ പലതും ഒരു ഘട്ടം കഴിഞ്ഞാല്‍ ക്രിമിനല്‍ ആകുന്നത് സാധാരണമാണ്. അതുകൊണ്ട് ഈ വാദത്തിനു സാങ്കേതികമായ പ്രസക്തിയെ ഉള്ളൂ. മുത്തലാക്ക് പോലുള്ള ഒരു ഭീകര നടപടിയെ സാധാരണ വിവാഹമോചനം പോലുള്ള സിവില്‍ നടപടിയായി കണ ക്കാക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌. നിയമം പ്രാബല്യത്തില്‍ വന്നാലും മുത്തലാക്ക് തുടരുമെന്ന് പ്രഖ്യാപിക്കുന്ന മത ഫാസിസ്റ്റുകള്‍ ശക്തരായി നിലനില്‍ക്കുന്ന ഈ നാട്ടില്‍ പണം പിഴയടയ്ക്കുന്ന സിവില്‍ ശിക്ഷ കൊണ്ടൊന്നും ഇതുപോലത്തെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനാവില്ല. അതുകൊണ്ടു ഇപ്പോഴത്തെ ശിക്ഷാ നിര്‍ദ്ദേശം ഒഴിവാക്കണമെന്ന വാദത്തിന് കരുത്ത് പോരാ.

മുത്തലാക്ക് വളരെ കുറച്ചേ നടക്കുന്നുള്ളൂ എന്നും തന്മൂലം ഇത്ര വലിയ നിയമ സന്നാഹങ്ങളൊന്നും ആവശ്യമില്ലെന്നുമാണ് മറ്റൊരു വാദം. ബാലിശമാണ് ഈ വാദം. മുത്തലാക്ക് എത്ര നടക്കുന്നു എന്നതല്ല പ്രശ്നം. വിവാഹിതരായ മുഴുവന്‍ മുസ്‌ലിം സ്ത്രീകളുടെയും മുന്നില്‍ പ്രായവ്യത്യാസമൊന്നും നോക്കാതെ ഏതു നിമിഷവും വന്നുപതിക്കാവുന്ന അപകടമാണിത്. മുത്തലാക്ക് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതിലും എത്രയോ വലിയ പീഡനമാണ് എന്നെന്നും ഈ ഭയത്തില്‍ ജീവിക്കുക എന്നത്. മറ്റൊരു സാമൂഹിക വിഭാഗവും നേരിടാത്തത്ര ഭീകരമായ അവസ്ഥയാണ് മുസ്‌ലിം സ്ത്രീകള്‍ നേരിടുന്നത്. അത് അവസാനിപ്പിക്കണമെങ്കില്‍ ശക്തമായ നടപടികള്‍ തന്നെ വേണ്ടിവരും.
പരിഗണനയിലുള്ള ബില്ല് മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന സമഗ്രമായ നിയമമല്ലെന്നതാണ് മറ്റൊരു വിമർശനം. ശരിയാണത്. പക്ഷെ, മുസ്‌ലിം സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഒരു ബില്ലിലൂടെയോ ഒറ്റയടിക്കോ പരിഹാരം കാണാന്‍ കഴിയുമെന്നോ കഴിയണമെന്നോ കരുതുന്നതില്‍ അര്‍ത്ഥമില്ല. അങ്ങിനെ സാധ്യമല്ല. ഒരു ദീര്‍ഘ കാല പ്രക്രിയയിലൂടെ മാത്രമേ അത്തരം വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ഇവിടെ മുത്തലാക്കില്‍ തന്നെ കേന്ദ്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മുത്തലാക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തന്നെ പരിഹരിക്കാന്‍ ബില്ലിന് കഴിയുന്നില്ല എന്ന വിമർശനം ഗൗരവമുള്ളത് തന്നെയാണ്. ഉദാഹരണത്തിന് മുത്തലാക്കു നടന്നതിനു ശേഷം സ്ത്രീ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുരുഷന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ തലാക്ക് റദ്ദാക്കപ്പെടും. പക്ഷെ ആ വിവാഹബന്ധം എങ്ങിനെ തുടരും? തടവിലാക്കപ്പെടുന്ന പുരുഷന്‍ സ്ത്രീക്ക് എങ്ങിനെ ചെലവിന് കൊടുക്കും? ബന്ധപ്പെട്ട പല പ്രയോഗിക പ്രശ്നങ്ങള്‍ക്കും ഈ ബില്ല് പാരിഹാരം കാണുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കൂടി നല്‍കുന്ന നിയമമാണ് പാസാക്കപ്പെടേണ്ടത്.

Read More:ചരിത്രപരമായ മണ്ടത്തരം ആവർത്തിക്കുന്ന സിപിഎം

മുത്തലാക്കിനെതിരായ കോടതി വിധിയെയും തുടര്‍ന്നുള്ള നിയമ നിര്‍മ്മാണത്തെയും മോദി സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്ന വിമർശനത്തെ സാധൂകരിക്കുന്നതാണ് ബില്ലിന്‍റെ പ്രകടമായ പോരായ്മകള്‍. പക്ഷെ പോരായ്മകള്‍ പരിഹരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് മുത്തലക്ക് നിരോധിച്ചു കൊണ്ടുള്ള കോടതി വിധി നടപ്പിലാക്കപ്പെടും വിധം നിയമം നിലവില്‍ കൊണ്ട് വരുവാനായി യത്നിക്കുകയാണ് മതേതരജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്ക് ചെയ്യാനാവുക.

ഏകീകൃത സിവില്‍കോഡിന്റെ കാര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രധാന വിമർശനം അത്തരമൊരു നിയമനിര്‍മ്മാണം വ്യത്യസ്ത സമൂഹങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ തനത് നിലനിൽപ്പിനെ അപകടപ്പെടുത്തുമെന്നാണ്. ഭരണഘടനാശില്‍പ്പികള്‍ കണ്ടിരുന്നത് പോലെ വിവിധ ഉപസമൂഹങ്ങള്‍ പൊതുസമൂഹവുമായി പൊരുത്തപ്പെടാവുന്നവിധം സ്വയം പരിഷ്ക്കരിക്കാനുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നും നമ്മള്‍ കാണുകയുണ്ടായി. മാത്രമല്ല, നേതൃത്വത്തിലുള്ള മൗലികവാദികള്‍ അത്തരം പരിഷ്ക്കരണങ്ങളെ ശക്തമായി ചെറുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വിവിധ സമൂഹങ്ങളുടെ ആന്തരിക പരിഷ്കരണങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടേത്‌ പോലുള്ള ചലനാത്മകമായ ജനാധിപത്യ സമൂഹങ്ങളുടെ ബഹുസ്വര തയ്ക്ക് കോട്ടം തട്ടാതെ ഏകീകൃത സിവില്‍കോഡിനു രൂപം നല്‍കാനാണ് ശ്രമിക്കേണ്ടത്. പല ബഹുസ്വര ജനാധിപത്യ രാജ്യങ്ങളിലും ഏകീകൃത സിവില്‍കോഡ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സിവില്‍കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അമൂര്‍ത്ത തലത്തിലാണ് നടക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ഒരു ഏകീകൃത സിവില്‍ കോഡില്‍ ഏതൊക്കെ നിയമങ്ങളും ചട്ടങ്ങളുമാണ് ആവശ്യമായി വരിക എന്ന് സമൂര്‍ത്തമായി നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് ആവശ്യം. വിവിധ സമൂഹങ്ങളുടെ തനതു നിലനില്‍പ്പിനു കോട്ടം തട്ടിക്കാതെ ഒരു സിവില്‍ കോഡിന് രൂപം നൽകാനും കഴിയും.

Read More: പുതുവർഷം നൽകുന്ന സാധ്യതകൾ

ഇന്ത്യന്‍ സമൂഹത്തിന്‍റെ ബഹുസ്വരത ഇല്ലാതാക്കി സാംസ്കാരികമായി എകീകരിപ്പിക്കാന്‍ വേണ്ടി ഹിന്ദുത്വവാദികള്‍ ആണ് ഏകീകൃത സിവില്‍കോഡിന്റെ പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വരുന്നത് എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. ഭരണഘടനാ ശില്‍പ്പികള്‍ ആധികാരികമായി തന്നെയാണ് ഈ വിഷയം ഉന്നയിച്ചത് എന്ന് നമ്മള്‍ കണ്ടതാണ്. പിന്നീട് ഹിന്ദുത്വവാദികള്‍ അതേറ്റെടുക്കുകയും ജനാധിപത്യവാദികള്‍ നിശബ്ദരാവുകയും ചെയ്തു. ഇത് ഹിന്ദുത്വവാദികള്‍ക്ക് വിട്ടു കൊടുക്കേണ്ട വിഷയമല്ല. ഇന്ത്യന്‍ സമൂഹത്തിന്‍റെ ബഹുസ്വരതയും കെട്ടുറപ്പും ഒരേ സമയം നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഏകീകൃത സിവില്‍കോഡ് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് മതേതര ജനാധിപത്യവാദികളാണ്. സുപ്രീം കോടതിയുടെ മുത്തലാക്ക് നിരോധനം ഇത്തരമൊരു പുതിയ തുടക്കത്തിനു അന്തരീക്ഷമൊരുക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: K venu triple talaq uniform civil code