2019 ആദ്യമാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പെന്ന ഫൈനലിന്റെ മുന്നോടിയായ സെമിഫൈനല്‍ ഛത്തീസ്ഗഡില്‍ ആരംഭിച്ചിരിക്കുന്നു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകളും ഗോത്രവാസികളും ഗ്രാമീണരുമെല്ലാം ചേര്‍ന്ന് അതൊരു ആഘോഷമാക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ സ്‌ഫോടനങ്ങള്‍ നടത്തി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്താണ് ‘ആഘോഷി’ച്ചതെങ്കില്‍ തിരഞ്ഞെടുപ്പ് നടന്ന മാവോയിസ്റ്റ് മേഖലയിലെ 18 സീറ്റുകളിലും 70 ശതമാനത്തിലധികം വോട്ടിങ് നടത്തിക്കൊണ്ടാണ് ജനങ്ങള്‍ അതാഘോഷിച്ചത്.
ഡിസംബര്‍ 11-ന് വോട്ടെണണല്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് സെമിഫൈനലായി കണക്കാക്കപ്പെടുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലുങ്കാന, മിസോറം എന്നിവിടങ്ങളാണ് ഈ സെമിഫൈനലിലുളളത്. ഇതിൽ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫലമാണ് നിര്‍ണായകമാവുക. ഈ മൂന്നിടത്തും ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിക്ക് 2019-ല്‍ അനായാസം മുന്നേറാനാകുമെന്നാണ് വിലയിരുത്ത പ്പെടുന്നത്. ഈ വിലയിരുത്തല്‍ വലിയൊരു പരിധി വരെ ശരിയാകാം. കോൺഗ്രസ്സിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണെന്ന് കാണാം.
രാജസ്ഥാനിൽ വിജയരാജ സിന്ധ്യക്കെതിരായ ജനവികാരം ശക്തമാണെന്നും കോൺഗ്രസ്സിന്റെ അശോക് ഗെലോട്ട് -സച്ചിന്‍ പൈലറ്റ് നേതൃത്വ ടീമിന് വന്‍ ഭൂരിപക്ഷം നേടാനാവുമെന്നും അഭിപ്രായ സര്‍വേക്കാര്‍ പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകരും ഇത് ശരിവെയ്ക്കുന്നുണ്ട്. ജനങ്ങള്‍ നേരിടുന്ന ജീവിത പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെ നിര്‍ണയിക്കാന്‍ പോകുന്നത്. പൊതുവായ രാഷ്ട്രീയാന്തരീക്ഷമോ തരംഗമോ ഒന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജസ്ഥാനിലെ കര്‍ഷകസമൂഹം നേരിടുന്ന പ്രതിസന്ധി രൂക്ഷമാണ്. കര്‍ഷകരോഷം ഭരണനേതൃത്വത്തിന് എതിരായി തിരിയുന്നത് സ്വാഭാവികമാണ്. തിരഞ്ഞെടുപ്പ് സന്ദര്‍ഭം ഈ രോഷപ്രകടനത്തിന് പറ്റിയ അവസരമാണ്. അവരത് ശരിക്കും ഉപയോഗിക്കുകയും ചെയ്യും.
മധ്യപ്രദേശില്‍ ശക്തനായ ബി.ജെ.പി.മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജനപ്രിയനാണ്. പക്ഷെ ചൗഹാന്റെ ജനപ്രിയതയെ മറികടക്കുന്നതാണ് മധ്യപ്രദേശിലെ കര്‍ഷകര്‍ നേരിടുന്ന നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍. ആയിരക്കണക്കിന് കര്‍ഷകരാണ് അവിടെ ആല്‍മഹത്യ ചെയ്തത്. കർഷക ആത്മഹത്യ ഇപ്പോഴും തുടരുന്നു. മുഖ്യമന്ത്രിയായി പതിനഞ്ച് വർഷം തികയ്ക്കുന്ന ചൗഹാന്‍ കര്‍ഷക പ്രതിസന്ധിക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്നു. പക്ഷെ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ, കമല്‍നാഥ്, ദിഗ്‌വിജയ് സിങ് എന്നീ ശക്തരായ നേതാക്കള്‍ക്ക് പരസ്പരം പോരടിക്കാനേ സമയമുള്ളൂ. ഇവര്‍ ഒരുമിച്ചു നിന്നിരുന്നെങ്കില്‍ ഇത്തവണ മധ്യപ്രദേശില്‍ കോൺഗ്രസ്സിന് നല്ല സാധ്യതയാണ് ഉണ്ടായിരുന്നത്. അവസാനഘട്ടത്തില്‍ രാഹുല്‍ഗാന്ധി ഇടപെട്ട് സ്ഥിതി മെച്ചപ്പെടുത്തിയാല്‍ കോൺഗ്രസ് രക്ഷപ്പെട്ടേയ്ക്കും. മായാവതിയും മറ്റു ചെറുപാര്‍ട്ടികളും കോൺഗ്രസ്സുമായി സഹകരിക്കാത്തത് അവര്‍ക്ക് ക്ഷീണം തന്നെയാണ്. മധ്യപ്രദേശില്‍ കോൺഗ്രസ്സും ബി ജെ പിയും മുഖാമുഖം ഏറ്റുമുട്ടുന്നത് കൊണ്ട് ഫലം നിര്‍ണയിക്കുന്നതില്‍ ചെറു പാര്‍ട്ടികള്‍ക്ക് വലിയ പങ്ക് വഹിക്കാനാവുകയുമില്ല. നേരിയ ഭൂരിപക്ഷത്തില്‍ കോൺഗ്രസ് കടന്നുകൂടിയേക്കാം എന്നാണ് ചില സര്‍വേകള്‍ പറയുന്നത്.
ഛത്തീസ്ഗഡില്‍ രമണ്‍സിങ് കരുത്തനായ മുഖ്യമന്ത്രിയായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവിടെ കോൺഗ്രസ് നേരിടുന്ന ഒരു പ്രധാന പ്രശ്‌നം മുന്‍ കോൺഗ്രസ്സുകാരനായ അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡും മായാവതിയുടെ ബി എസ് പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കൂട്ടുകെട്ടാണ്. മായാവതിക്ക് ഛത്തീസ്ഗഡില്‍ വലിയ സ്വാധീനമൊന്നമില്ലെങ്കിലും അജിത് ജോഗിയുടെ സ്വാധീനം അവഗണിക്കാനാവുകയില്ല. അത് ബി ജെ പിയേക്കാള്‍ കോൺഗ്രസ്സിനാണ് കൂടുതല്‍ ദോഷം ചെയ്യുക. പല മണ്ഡലങ്ങളിലും ഫലത്തില്‍ ത്രികോണ മത്സരമായിരിക്കും നടക്കുക. ഇത്രയും പ്രതികൂല സാഹചര്യങ്ങള്‍ എല്ലാമുണ്ടായിട്ടും ചില അഭിപ്രായ സര്‍വേകള്‍ പറയുന്നത് കോൺഗ്രസ് കഷ്ടിച്ച് അധികാരത്തില്‍ എത്തിയേക്കാം എന്നാണ്. യഥാര്‍ത്ഥത്തില്‍ ബി ജെ പിക്ക് തന്നെയാണ് അവിടെ മുന്‍തൂക്കം.
ബി ജെ പി കണക്കുകൂട്ടുന്നത് അവസാനഘട്ടത്തില്‍ എല്ലായിടത്തും മോദിയുടെ ഒരു പ്രചരണ പര്യടനം കൊണ്ട് അവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും എന്നാണ്. പക്ഷെ ഗുജറാത്ത് അനുഭവം വെച്ചു നോക്കിയാല്‍ ഈ പ്രതീക്ഷയ്ക്ക് വലിയ അടിസ്ഥാനമില്ലെന്ന് കാണാം. ഒരു കൊല്ലം മുമ്പ് നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് മോദി അവിടത്തെ കര്‍ഷകരോട് കേണപേക്ഷിച്ചിട്ടും അവര്‍ കനിഞ്ഞില്ല. കോൺഗ്രസിന്റെ സീറ്റുകള്‍ ഇരട്ടിയായി വര്ധിക്കുക യാണുണ്ടായത്. പട്ടണങ്ങളിലെ കച്ചവടക്കാര്‍ക്ക് ജി എസ് ടി ആനുകൂല്യ ങ്ങള്‍ നല്‍കിയതിന്റെ പേരില്‍ കിട്ടിയ അധികവോട്ടിന്റെ ബലത്തിലാണ് ബി ജെ പി അവിടെ അധികാരം നില നിര്‍ത്തിയത്. ഗുജറാത്തിലെ കര്‍ഷകരെ സ്വാധീനിക്കാന്‍ കഴിയാത്ത മോദിക്ക് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും ഗ്രാമാന്തരങ്ങളില്‍ ഒന്നും ചെയ്യാനാനാവു കയില്ല. ഗ്രാമീണ മേഖലയെ ഇത്രയധികം അവഗണിച്ച മറ്റൊരു സര്‍ക്കാരും കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നിട്ടില്ലെന്ന് കാണാവുന്നതാണ്. ഗ്രാമീണജനങ്ങള്‍ക്ക് മുന്നില്‍ മോദി അപ്രസക്തനാവുന്നതും അതുകൊണ്ടാണ്.
രാജസ്ഥാനില്‍ കോൺഗ്രസ്സിന്റെ വിജയം ഉറപ്പായിട്ടുള്ള സാഹചര്യത്തില്‍ മധ്യപ്രദേശില്‍ കൂടി കോൺഗ്രസ് കടന്നുകൂടുകയാണെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതുണ്ടാക്കുന്ന ചലനം വമ്പിച്ചതായിരിക്കും. 2014-ല്‍ മോദിയുടെ മുന്‍കയ്യില്‍ ഹിന്ദുത്വരാഷ്ട്രീയം കൈവരിച്ച അസാധാരണ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ പിന്നോട്ടടിച്ച മതേതര ജനാധിപത്യ ശക്തികളുടെ പുനരേകീകരണത്തിനുള്ള നിമിത്തമായി ഇങ്ങിനെയൊരു തിരഞ്ഞെടുപ്പ് വിജയം മാറിക്കൂടായ്കയില്ല. കോൺഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികള്‍ പുനരുജ്ജീവിക്കാനാവാത്ത വിധം തകര്‍ന്നിരിക്കുകയാണെന്ന ധാരണയാണ് അതോടെ തിരുത്തപ്പെടുക. ഇപ്പോള്‍ ചിതറി കിടക്കുന്ന മതേതര ജനാധിപത്യ ശക്തികള്‍ക്ക് ഒന്നിക്കാന്‍ അത് അവസരമൊരുക്കും. ചന്ദ്രബാബുനായിഡുവും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന ഐക്യശ്രമങ്ങള്‍ക്ക് അത് ഉത്തേജനമാവുകയും ചെയ്യും.
1996-ല്‍ ഐക്യമുന്നണിസര്‍ക്കാരിന്റെ പ്രധാനമന്ത്രി ആയിരുന്ന ദേവഗൗഡ അടുത്ത തിരഞ്ഞെടുപ്പിന് ശേഷം എണ്‍പത്തഞ്ചാം വയസ്സില്‍ വീണ്ടും പ്രധാനമന്ത്രി ആവാന്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തൊണ്ണൂറ്റിയാറിലെ സാഹചര്യം തന്നെയാണ് ഉരുത്തിരിയാന്‍ പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമത്രേ. യഥാര്‍ത്ഥത്തില്‍ സാഹചര്യം വളരെ വ്യത്യസ്തമാണ്. കോൺഗ്രസ്സിന്റെ നരസിംഹറാവു സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോഴാണ് അന്നത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ കോൺഗ്രസ് പുറത്തുനിന്നു പിന്തുണച്ചു കൊണ്ട് ഐക്യമുന്നണി ഭരിക്കുകയാണു ണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി ജെ പിയെപ്പോലുള്ള മത ഫാസിസ്റ്റ് സ്വഭാവമുളള ശക്തിക്കെതിരായി കോൺഗ്രസ് ഉള്‍പ്പെടെയുള്ള മതേതരജനാധിപത്യ ശക്തികളുടെ ഐക്യമാണ് ഉരുത്തിരിഞ്ഞുവരുന്നത്. ’96-ല്‍ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസിനെതിരായി മത്സരിച്ചവരായിരുന്നു മറ്റു പാര്‍ട്ടികളെല്ലാം. അതുകൊണ്ടാണ് കോൺഗ്രസ് അധികാരത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയും പുറത്തുനിന്നു പിന്തുണ നല്‍കുകയും ചെയ്തത്. ഇപ്പോഴാകട്ടെ ജനാധിപത്യചേരിയിലെ പ്രധാന കക്ഷിയാണ് കോൺഗ്രസ്. ചന്ദ്രബാബു നായിഡുവും മറ്റും നടത്തുന്ന നീക്കങ്ങളില്‍ കോൺഗ്രസ്സിന് അത്തരമൊരു പദവി നല്‍കിയിട്ടുമുണ്ട്. മായാവതിയും മുലായംസിങ് യാദവുമെല്ലാം പ്രധാനമന്ത്രി പദത്തില്‍ കണ്ണുള്ളവരാണ്. രാഷ്ട്രീയമായി പ്രാധാന്യമുള്ള ചിന്തകളല്ല അവയൊന്നും. ദേവഗൗഡയുടെ അഭിപ്രായത്തിനും അത്രയും പ്രാധാന്യം നല്‍കിയാല്‍ മതി. കര്‍ണാടകയില്‍ ജനതാദള്‍ കോൺഗ്രസ്സുമായി ചേര്‍ന്ന് ബി ജെ പിയെ തറപറ്റിച്ചത് വഴി ഉണ്ടാക്കിയ രാഷ്ട്രീയ നേട്ടമാണ് ദേവഗൗഡയുടെ ആവേശത്തിന് പിന്നിലുള്ളത്.
മോദിക്കും ബി ജെ പിക്കും ബദലായി പ്രതിപക്ഷത്തിന് നേതൃത്വമില്ലെന്നതാണ് സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരുന്ന ഒരു കാര്യം. മുകളില്‍ പരിശോധിച്ച മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഈ അവസ്ഥക്ക് പ്രകടമായ മാറ്റമുണ്ടാവാന്‍ പോവുകയാണ്. ഈ മൂന്നിടത്തും ബി ജെ പി പരാജയ പ്പെടാനും കോൺഗ്രസ് അധികാരത്തില്‍ വരാനുമുള്ള സാദ്ധ്യത തള്ളിക്കളഞ്ഞുകൂട. ഏതായാലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇത്തരമൊരു ഫലം ഏറെക്കുറെ ഉറപ്പിക്കാവുന്നതാണ്. അങ്ങിനെ സംഭവിച്ചാല്‍ തന്നെ അതിന്റെ പ്രാധാന്യം വമ്പിച്ചതായിരിക്കും. ബദല്‍ സാധ്യത വസ്തുനിഷ്ഠമായി തന്നെ പരിഗണിക്കപ്പെടാന്‍ തുടങ്ങും.
യു പിയിലും ബീഹാറിലും കോൺഗ്രസ് ദുര്‍ബലമാണെങ്കിലും മറ്റു മതേതര ജനാധിപത്യശക്തികള്‍ പ്രബലരാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിനുണ്ടാകുന്ന മുന്നേറ്റം ഈ ശക്തികള്‍ക്ക് ആത്മവിശ്വാസം നല്‍കും. പരസ്പരം സഹായകമാവുകയും ചെയ്യും. ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ ബി ജെ പിക്കുണ്ടായിരുന്ന മേധാവിത്തം ജനതാദള്‍-കോൺഗ്രസ് സഖ്യം തകര്‍ത്തതോട് കൂടി അവിടെ അവര്‍ക്ക് മേധാവിത്തമുള്ള മേഖലകള്‍ ഇല്ലാതായെന്ന് തന്നെ പറയാം. ദക്ഷിണേന്ത്യയില്‍ ഓരോ സംസ്ഥാനത്തിലും വ്യത്യസ്ത മതേതരജനാധിപത്യശക്തികളാണ് ആധിപത്യ ത്തിലുള്ളത്. മൊത്തത്തില്‍ അഖിലേന്ത്യാതലത്തില്‍ പരിശോധിക്കുമ്പോള്‍ മതേതരജനാധിപത്യ ശക്തികളുടെ സാന്നിദ്ധ്യം വിപുലമാണെങ്കിലും അവയുടെ ഘടനാപരമായ കേന്ദ്രീകരണവും കെട്ടുറപ്പും ദുര്‍ബല മാണെന്ന് കാണാം. പക്ഷേ, ജനാധിപത്യ ശക്തികളെ സംബന്ധിച്ചിടത്തോളം ഘടനാപരമായ കെട്ടുറപ്പിനല്ല പ്രാധാന്യം നല്‍കേണ്ടത്; ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കാണ്. ഈ മൂല്യങ്ങള്‍ ശക്തമായിരിക്കുന്നേടത്തോളം കാലം ഘടനാപരമായ വികേന്ദ്രീകൃതാവസ്ഥ ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് അനുഗുണമാവുകയേ ഉള്ളൂ.