മുന്നോക്കക്കാരില്‍ സാമ്പത്തികമായി താഴെ നില്ക്കുന്നവരില് 10 ശതമാനം പേര്‍ക്ക് സംവരണം നല്‍കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനം ആസന്നമായ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള രാഷ്ട്രീയക്കളി ആണെങ്കിലും വിഷയം ഗൗരവമുള്ളതാണ്. സാമൂഹ്യസംവരണവും സാമ്പത്തികസംവരണവും തമ്മിലുള്ള അന്തരവും അവ സൃഷ്ടിക്കുന്ന വ്യത്യസ്തമായ ഭവിഷ്യത്തുകളും പരിഗണിക്കാതെയാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സംവരണം സംബന്ധിച്ച് നിലപാടുകളെടുക്കാറുള്ളത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്. മുസ്ലിംലീഗും ഒവൈസിയുടെ എഐഎംഐഎമ്മും ഒഴികെ എല്ലാ പാര്‍ട്ടികളും പാര്‍ലമെന്റില്‍ പ്രസ്തുത ബില്ലിനെ പിന്തുണച്ചതും അതുകൊണ്ടാണ്.
ഡോ.അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം നല്കപ്പെട്ട ഇന്ത്യന്‍ ഭരണഘട നയില്‍ സാമൂഹ്യസംവരണത്തെക്കുറിച്ചു വ്യക്തമായ നിലപാട് കാണാം. കാലാകാലമായി സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ടു പോന്നിട്ടുള്ള മര്‍ദ്ദിത സാമൂഹ്യ വിഭാഗങ്ങളെ മറ്റുള്ളവരോടോപ്പമെത്തിക്കുന്നതിനു വേണ്ടി ഫല പ്രദമായ സാമൂഹ്യസംവരണ സംവിധാനങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. അതേസമയം, സാമ്പത്തിക സംവരണത്തെക്കുറിച്ചു ചെറിയൊരു പരാമര്‍ശം പോലുമില്ലതാനും. മാത്ര മല്ല, സാമ്പത്തിക പരാധീനതകള്‍ പരിഹരിക്കുന്നതിന് സാമ്പത്തിക പരി പാടികളാണ് ആവശ്യമെന്ന നിലപാട് ഭരണഘടനാ നിര്‍മാതാക്കള്‍ സ്വീകരി ച്ചിട്ടുമുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാമ്പത്തിക സംവരണം എന്ന ആശയം കൊണ്ടു വരുന്നത് ഇ.എം.എസ്.ആണ്. കേരളത്തില്‍ 1957-ലെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ നിയമിച്ച ഭരണ പരിഷ്ക്കാര കമ്മീഷന്റെ പദവിയില്‍ ഇരുന്നു കൊണ്ടാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനെക്കുറിച്ചു അദ്ദേഹം പറയുന്നത്. ജാതി ഉള്‍പ്പെടെയുള്ള സാമൂഹ്യ സാംസ്കാരിക പ്രതിഭാസങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് സാമ്പത്തികാടിത്തറയാണ് എന്ന മാര്‍ക്സിയന്‍ വീക്ഷണമാണ് ഇ.എം.എസ്സിനെപ്പോലുള്ളവരെ നയിച്ചിരുന്നത്. യഥാര്‍ഥത്തില്‍ ജാതി സാമ്പത്തികാടിത്തറയില്‍ വേരൂന്നിക്കൊണ്ട് സാമൂഹ്യ സാംസ്കാരിക മേഖലകളിലേക്ക് വ്യാപരിച്ചു കിടക്കുന്ന ഒരു അസാധാരണ പ്രതിഭാസമാണെന്ന വസ്തുത അവര്‍ക്ക് കാണാനായില്ല. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അമ്പേ പരാജയപ്പെടാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങളില്‍ ഒന്ന് വീക്ഷണപരമായ ഈ വീഴ്ചയാണെന്ന് കാണാം. നാളിതുവരെ അവരതു തിരുത്തിയിട്ടുമില്ല. സൈദ്ധാന്തികമായ ചട്ടക്കൂടിന്റെ സ്വഭാവം നിമിത്തം എളുപ്പത്തില്‍ ഒരു തിരുത്തല്‍ പ്രക്രിയ അസാധ്യമാണ്താനും.
ഇപ്പോഴത്തെ ബില്ല് സുപ്രീംകോടതിയില്‍ അതിജീവിക്കുകയില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നു കാണാന്‍ വിഷമമില്ല. എല്ലാത്തരം സംവരണങ്ങളും കൂടി മൊത്തം സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി നിബന്ധന നിലവിലുണ്ട്. ഭരണഘടന നിലവില്‍വന്ന സമയത്ത് തന്നെ പട്ടികജാതി, വര്‍ഗവിഭാഗങ്ങള്‍ക്ക് 22.5 ശതമാനം സംവരണം അനുവദിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് മണ്ഡല് കമ്മീഷന് പിന്നോക്കക്കാര്‍ക്ക് സംവരണം തീരുമാനിച്ചപ്പോള്‍ അത് 27 ശതമാനമായി പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതമായത്. അങ്ങിനെ മൊത്തം സംവരണം 49.5ല്‍ ഒതുക്കുകയാണ് ഉണ്ടായത്.
മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടിനെതിരായി സുപ്രീംകോടതിയില്‍ കേസ് നടക്കുന്ന കാലത്ത്, സാമൂഹ്യസംവരണത്തിനുള്ളിലേക്ക് സാമ്പത്തിക സംവരണം കൂടി തിരുകിക്കയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അന്ന്, 1990-കളുടെ ആരംഭത്തില്‍, അങ്ങിനെ പിന്നോക്കവിഭാഗങ്ങളിലെ മേല്‍ത്തട്ടിനെ അഥവാ സമ്പന്നവിഭാഗങ്ങളെ സംവരണ ആനുകൂല്യത്തില്‍ നിന്നു ഒഴിവാക്കണമെന്ന വാദം ഉയര്‍ന്നുവരികയും കോടതി അത് അംഗീകരിക്കുകയുമുണ്ടായി. അന്ന് ഒരു ലക്ഷം രൂപ വരുമാനമുള്ളവരെ ആണ് മേല്‍ത്തട്ട് ആയി അംഗീകരിച്ചത്. ഇപ്പോഴത് എട്ട് ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. തീര്‍ച്ചയായിട്ടും പിന്നോക്കക്കാരില്‍ എട്ട് ലക്ഷം വരുമാനക്കാര്‍ താരതമ്യേന വളരെ കുറവ് തന്നെ ആയിരിക്കും. അവര്‍ ഒഴിച്ചുള്ള പിന്നോക്കക്കാരിലെ ബഹുഭൂരിപക്ഷത്തിനും സംവരണത്തിന് അര്‍ഹതയുണ്ടെന്നു ചുരുക്കം.
പുതിയ സംവരണ നിര്‍ദ്ദേശത്തിലും എട്ട് ലക്ഷം പരിധി വെച്ചിട്ടുണ്ട്. ഇതുവരെ സംവരണം ലഭിച്ചുപോരുന്ന 49.5 ശതമാനം കഴിച്ചുള്ള 50.5 ശതമാനത്തില്‍ എട്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കാണ് പത്തു ശതമാനം സംവരണം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മൊത്തം സംവരണം 50 ശതമാനത്തില്‍ കൂടുതല്‍ ആവാന്‍ പാടില്ലെന്നുള്ള സുപ്രീംകോടതി തീരുമാനത്തെ ഇത് നഗ്നമായി ലംഘിക്കുന്നു എന്നതുകൊണ്ടാണ് ഇടുങ്ങിയ വോട്ടു ബാങ്ക് ലക്ഷ്യം വെച്ചുകൊണ്ടുള്ള രാഷ്ട്രീയക്കളി മാത്രമാണിതെന്ന് പറയേണ്ടി വരുന്നത്. ഈ 50 ശതമാനത്തില്‍ അധികവും മധ്യവര്‍ഗങ്ങളും അതിനു മുകളിലുള്ളവരും ആയിരിക്കും. ഇതുവരെ ഒരു രീതിയിലുള്ള സംവരണത്തിനും സാധ്യതയില്ലാത്തവരായിരുന്ന ജനസംഖ്യയിലെ പകുതിയില്‍ അധികം വരുന്ന വലിയൊരു സമൂഹത്തിലേക്കാണ് 10 ശതമാനം സംവരണമെന്ന പുതുവ്യാമോഹം കടത്തിവിടുന്നത്. സംവരണമോഹമൊന്നും ഇതുവരെയും കടന്നുചെല്ലാതിരുന്ന ഈ വന്‍ സാമൂഹ്യവിഭാഗം ഈ കെണിയില്‍ എത്രത്തോളം കുടുങ്ങുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
തികച്ചും അസാധ്യമായ ഇത്തരമൊരു സംവരണ പ്രഖ്യാപനത്തിലൂടെ ഏറ്റവും തരം താണ രീതിയില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ കരുനീക്കങ്ങള്‍ നടക്കുന്നത് അങ്ങേയറ്റം ലജ്ജാകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു പക്ഷെ അല്‍പ്പം മുന്‍പ് നടന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രത്യക്ഷത്തില്‍ ദൃശ്യമായതിലും ആഴത്തിലുള്ള അങ്കലാപ്പ് കേന്ദ്രഭരണ നേതൃത്വത്തില്‍ സൃഷ്ടിച്ചിരിക്കാന്‍ ഇടയുണ്ട്. ഈ തിരഞ്ഞെടുപ്പ് നടന്ന അതിവിപുലമായ ഗ്രാമീണ മേഖലകളിലൊന്നും തന്നെ മോദിതരംഗമെന്നു വിശേഷിപ്പിക്കാവുന്ന അന്തരീക്ഷം ഒട്ടും തന്നെ ദൃശ്യ മായില്ലെന്നതാണ് വാസ്തവം. ഇത് തന്നെയാണ് മോദിയെയും കൂട്ടരെയും അങ്കലാപ്പിലാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഉത്തരവാദിത്വ ബോധമുള്ള ഒരു രാഷ്ട്രീയ നേതൃത്വം ചെയ്യാന്‍ തയ്യാറാകാത്ത തരം പ്രവൃ ത്തികള് ഇത്തരക്കാരുടെ ഭാഗത്തുനിന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മോദിയെയും കൂട്ടരെയും കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന സംഭവവികാസങ്ങളാണ് തുടര്‍ന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2014-ല്‍ തൂത്തുവാരാന്‍ കഴിഞ്ഞ യു.പി.യില്‍ മായാവതിയുടെ ബി.എസ്.പി.യും അഖിലേഷ് യാദവിന്റെ എസ്.പി.യും തമ്മില്‍ സീറ്റു വിഭജനം ഉള്‍പ്പെടെ വ്യക്തമായ കൂട്ടുകെട്ട് ഉണ്ടായി കഴിഞ്ഞിരിക്കുന്നു. ബീഹാറില്‍ ഉണ്ടായതു പോലെ കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളുമെല്ലാം ചേര്‍ന്നുള്ള മഹാസഖ്യത്തിന്റെ രൂപത്തിലേക്ക് ഇത് വളര്‍ന്നില്ലെങ്കിലും യു.പി.യിലെ നിര്‍ണായക ശക്തികളായ എസ്.പി.യും ബി.എസ്.പി.യും തമ്മിലുള്ള സഖ്യം തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിടാന്‍ പര്യാപ്തമാണ്. ഒരു പക്ഷെ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പി.ക്കു നല്കിയ ആഘാതത്തെക്കാള്‍ കാഠിന്യമേറിയതാണ് യു.പി.യിലെ സംഭവവികാസങ്ങള്‍ എന്നു വിലയിരുത്താവുന്നതാണ്.
യു.പി.യില്‍ പഴയ കോണ്‍ഗ്രസ്സിന്റെ സ്ഥാനം കയ്യടക്കിയ പാര്‍ട്ടികളാണ് ഇപ്പോള്‍ സഖ്യമുണ്ടാക്കിയിട്ടുള്ളത് എന്നതു കൊണ്ട് ബി.ജെ.പി.യെ ശക്തമായി തന്നെ നേരിടാന്‍ അവര്ക്കാകുമെന്നു കാണാവുന്നതെയുള്ളൂ.
അഖിലേന്ത്യാതലത്തില്‍ വിശാലമായ ഒരു പ്രതിപക്ഷ ഐക്യത്തിനുള്ള അടിസ്ഥാനമായി ഇത് മാറാനുള്ള സാധ്യത ഏറെയാണ്. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ മുന്‍കയ്യില്‍ തുടങ്ങി വെച്ച മഹാസഖ്യത്തില്‍ നിന്നു നിതീഷ് കുമാര്‍ കാലുവാരി ബി.ജെ.പി. പക്ഷത്തേക്ക് തിരിച്ചു പോയത് വഴി ഉണ്ടായ ക്ഷീണത്തിനു ഇതു പരിഹാരമായി എന്നു മാത്രമല്ല, മഹാസഖ്യസാധ്യതക്ക് പുതിയ ഊര്‍ജം ലഭിക്കുകയും ചെയ്തിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി മതേതര ജനാധിപത്യ ശക്തികളുടെ ഏറ്റവും വിശാലമായ ഐക്യനിര ഉരുത്തിരിയാന്‍ അനുകൂലമായ അന്തരീക്ഷം ഇതോടെ സംജാതമായിരിക്കുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനാധിപത്യ വ്യവസ്ഥകള്‍ നേരിടാറുള്ള അപകട സാദ്ധ്യത ഇന്ത്യയുടെ മുന്നിലും ഉയര്‍ന്നു നില്‍ക്കുന്നുണ്ടെന്ന് ഒരു വിഭാഗം ജനാധിപത്യവിശ്വാസികള്‍ ആശങ്കപ്പെടുന്നുമുണ്ട്. തീര്‍ച്ചയായും ജനാധിപത്യ വിരുദ്ധ ശക്തികളുടെ ആക്രമണത്തിനു ഇരയാവുക എന്നത് ജനാധിപത്യ വ്യവസ്ഥകള്‍ നിരന്തരം നേരിടുന്ന ഒരു ഭീഷണി തന്നെയാണ്. പക്ഷെ അങ്ങേയറ്റം വൈവിധ്യമാര്‍ന്നതും സങ്കീര്‍ണതകള്‍ നിറഞ്ഞതും ബൃഹത്തു മായ ഇന്ത്യന്‍ സമൂഹം തനതായ ഒരു മതേതര ജനാധിപത്യ വ്യവസ്ഥയായി പക്വതയാര്ജിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഇത്തരം ഭീഷണികള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്നും കാണാവുന്നതാണ്.
ജനസംഖ്യയില്‍ 30 ശതമാനത്തിന്റെ പിന്തുണ തന്നെ ഉറപ്പിക്കാന്‍ കഴിയാത്ത ഹിന്ദുത്വ ശക്തികള്‍ കാട്ടിക്കൂട്ടുന്ന അപക്വമായ ഫാസിസ്റ്റ് ചെയ്തികള്‍ അവരെ ജനങ്ങളില്‍ നിന്നു ഒറ്റപ്പെടുത്തുകയെ ഉള്ളുവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. രണ്ടുംകല്പ്പിച്ചു അയല്‍രാജ്യങ്ങളുമായി യുദ്ധം പോലുള്ള സാഹസിക നീക്കങ്ങള്‍ ആസൂത്രണം ചെയ്താല്‍ പോലും അതൊരു താല്‍ക്കാലിക സംഭവം മാത്രമായി ഒതുങ്ങുകയെ ഉള്ളൂ. അതിനപ്പുറം പക്വത നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ ത്തിനു യഥാര്‍ത്ഥ ഭീഷണിയാവാന്‍ ഇത്തരം ശക്തികള്‍ക്കൊന്നും ആവില്ല.