ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഭവ്യമായ അപചയത്തിന്റെ മാനങ്ങള്‍ ഏതൊക്കെ രൂപം കൈവരിക്കുമെന്നതിന്റെ ദൃശ്യങ്ങളാണു മഹാരാഷ്ട്രയില്‍ നാം കണ്ടുകൊണ്ടിരുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം പുതുമയല്ല. ആദ്യകാലങ്ങളില്‍ അതൊട്ടുമുണ്ടായിരുന്നില്ലെന്നു പറയാം. പിന്നീട് പതുക്കെ ചെറിയതോതില്‍ പ്രത്യക്ഷപ്പെടുകയും ക്രമേണ സര്‍വസാധാരണമായി തീരുകയുമാണുണ്ടായത്. ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികളുടെ മേല്‍ ജനങ്ങള്‍ക്കു യാതൊരു നിയന്ത്രണാധികാരങ്ങളുമില്ലാത്ത അവസ്ഥയാണ് നമ്മുടെ പാർലമെന്ററി സമ്പ്രദായത്തില്‍ നിലനില്‍ക്കുന്നത്. അഞ്ചു കൊല്ലമോ നിശ്ചിത കാലയളവോ കഴിഞ്ഞാല്‍ അവരെ വീണ്ടും തിരഞ്ഞെടുത്ത് അയക്കണോ വേണ്ടയോയെന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ക്കു കഴിയുമെന്നതാണു ജനാധിപത്യത്തിന്റെ ഗുണവശം. അതു തീര്‍ച്ചയായും ജനങ്ങളുടെ അധികാരപ്രയോഗം തന്നെയാണ്.

വീണ്ടും തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജനപ്രതിനിധി ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. പക്ഷെ അപ്പോള്‍ പോലും തിരഞ്ഞെടുക്കപ്പെടുന്ന നിശ്ചിതകാലത്തേക്കു ജനപ്രതിനിധിക്കു ലഭിക്കുന്നത് കുത്തകാധികാരമാണ്. ആ കാലയളവില്‍ അയാളെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ല. അതുകൊണ്ടുതന്നെ ജനങ്ങളോട് യാതൊരു ഉത്തരവാദിത്തമില്ലാതെ പെരുമാറാന്‍ അയാള്‍ക്കു കഴിയുകയും ചെയ്യുന്നു. ജനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തില്‍ പെട്ടെന്നൊന്നും മാറ്റങ്ങള്‍ വരുത്താറില്ല. എന്നാല്‍ ജനപ്രതിനിധികള്‍ക്കു രാഷ്ട്രീയപക്ഷം മാറാന്‍ യാതൊരു മടിയുമില്ല. അവരുടെ മുന്നിലുള്ള വിഷയം അധികാരം മാത്രമാണ്. അധികാരം ലഭിക്കുമെങ്കില്‍ ഏതു രാഷ്ട്രീയമേലങ്കി അണിയാനും അവര്‍ തയാറാവുകയും ചെയ്യും. മഹാരാഷ്ട്രയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത് ഇതുതന്നെയാണ്.

മനുഷ്യസമൂഹത്തിന്റെ നാളിതുവരെയുള്ള രാഷ്ട്രീയചരിത്രം പരിശോധിക്കുമ്പോള്‍ മനുഷ്യര്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മെച്ചപ്പെട്ട സാമൂഹ്യസംഘടനാ രൂപവും രാഷ്ട്രീയഘടനയും പാര്‍ലമെന്ററി സമ്പ്രദായത്തിന്റേതാണെന്നു കാണാനാവും. ഈ ജനാധിപത്യഘടന നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ പലതുകൊണ്ടും ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞ സമൂഹമാണ്. അനവധി ഭാഷകള്‍, സംസ്‌കാരങ്ങള്‍, വംശീയതകള്‍, മതങ്ങള്‍, ജാതികള്‍, മറ്റു സാമൂഹ്യഘടനകള്‍ എന്നിവ കൊണ്ട് അങ്ങേയറ്റം സങ്കീര്‍ണമായ, അതിബ്രഹത്തായ സമൂഹമാണ് ഇന്ത്യയിലേത്. 130 കോടി ജനങ്ങളുള്ള ഇത്രയും സങ്കീര്‍ണതകളോടുകൂടിയ ഒരു സമൂഹം കഴിഞ്ഞ എഴുപതു കൊല്ലത്തിലധികമായി ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളിലൊന്നു ചിട്ടയായും പതിവായും നടത്തിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയാണു ലോകനിലവാരത്തില്‍ തന്നെ രാഷ്ട്രീയനിരീക്ഷകരെയും ചരിത്രപണ്ഡിതരെയും ആകര്‍ഷിക്കുന്നത്. ചൈനയില്‍ ജനസംഖ്യ ഇന്ത്യയിലേതിനേക്കാള്‍ കൂടുതലാണെന്നു പറയാം. പക്ഷെ ആ വലിയ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും ഒറ്റ ചൈനീസ് ഭാഷ സംസാരിക്കുന്ന ഹാന്‍ വംശജരാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രദ്ധേയമായ ഈ സവിശേഷതകളൊന്നും മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയക്കളികളെ സാധൂകരിക്കാന്‍ ഉപയോഗിച്ചുകൂടാ. ജനാധിപത്യ സമ്പ്രദായത്തില്‍ അനിവാര്യമായും സംരക്ഷിക്കപ്പെടേണ്ട രാഷ്ട്രീയസദാചാരമാണ് അവിടെ കുഴിച്ചുമൂടപ്പെട്ടത്. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കുതിരക്കച്ചവടവും കുതികാല്‍ വെട്ടലുമൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുമയുള്ള കാര്യങ്ങളല്ല. ഇവിടെ ഒരു ഗവര്‍ണര്‍, ഭരണഘടന അനുശാസിക്കുന്ന അതിര്‍വരമ്പുകളെയും നിയന്ത്രണങ്ങളെയും അവഗണിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ ഇടുങ്ങിയ താല്‍പ്പര്യസംരക്ഷണത്തിനായി തന്റെ അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണു കണ്ടത്. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു ഗവര്‍ണറും ഇത്രയ്ക്കു തരംതാണ അവസ്ഥയിലേക്ക് നിപതിച്ചിട്ടില്ല. ആര്‍ക്കും സര്‍ക്കാരുണ്ടാക്കാനാവില്ലെന്നു കണ്ടു രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ഗവര്‍ണര്‍ കേന്ദ്ര അധികാരതലങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നവംബർ ഇരുപതിനു നേരം പുലരുന്നതിനു മുന്‍പ് രാഷ്ട്രപതിഭരണം പിന്‍വലിക്കുകയും രാവിലെ എട്ടു മണിക്കുള്ളില്‍ കൂടെ എത്ര എംഎല്‍എമാരുണ്ടെന്നു പോലും അന്വേഷിക്കാതെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായും എന്‍സിപി വിമതന്‍ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുകയാണുണ്ടായത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു.

കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് ഭരണം ഏറ്റെടുക്കാനുള്ള തീരുമാനം ആയിക്കഴിഞ്ഞിരുന്ന സമയത്താണ് എന്‍സിപിയിലെ പ്രമുഖ നേതാവായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപിയുടെ മുന്‍മുഖ്യമന്ത്രി ഫഡ്‌നാവിസിനു തന്നെ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നടപടികളുണ്ടാവുന്നത്. ഒരാഴ്ച സമയം കിട്ടിയാല്‍ എംഎല്‍എമാരെ ചാക്കിട്ടു ഭൂരിപക്ഷം ഉണ്ടാക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പക്ഷെ അത്തരം നിഗൂഢനീക്കങ്ങളെയെല്ലാം ഒറ്റയടിക്കു തകര്‍ത്തതു സുപ്രീം കോടതിയാണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന കോടതി നിലപാടാണ് രഹസ്യപദ്ധതികള്‍ അസാധ്യമാക്കിതീര്‍ത്തത്. ഈ ചുരുങ്ങിയ സമയം കൊണ്ട് എണ്ണം തികയ്ക്കാനാവില്ലെന്നു വ്യക്തമായിരുന്നു. കോടതി അക്കാര്യം എടുത്തുപറയുകയും ചെയ്തു.

കുതിരക്കച്ചവടത്തിന് അവസരം ഉണ്ടാക്കിക്കൊടുക്കാതിരിക്കാന്‍ വേണ്ടിയാണു കൂടുതല്‍ സമയം അനുവദിക്കാത്തതെന്നു കോടതി വ്യക്തമായിത്തന്നെ പറയുകയുണ്ടായി. സമീപകാലത്ത് കേന്ദ്രാധികാര ശക്തികളെ വെല്ലുവിളിക്കുന്ന സ്വഭാവത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ വരെ മടിച്ചുനില്‍ക്കുന്ന കാഴ്ചയാണു സാധാരണയായി കണ്ടുവരുന്നത്. അത്തരമൊരു പശ്ചാത്തലത്തിലാണ് ഒരു സുപ്രീം കോടതി ജഡ്ജിയുടെ കര്‍ക്കശ നിലപാടിന്റെ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കപ്പെടേണ്ടത്. കുറച്ചുകാലത്തേക്കെങ്കിലും രാഷ്ട്രീയ സദാചാരത്തെ കാറ്റില്‍പ്പറത്തുന്ന രാഷ്ട്രീയ കളികള്‍ക്കു തെല്ലൊരു നിയന്ത്രണം കാണാന്‍ ഇടവന്നേക്കാം.

അവസാനം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ(അഘാടി) ആറംഗ മന്ത്രിസഭ അധികാരമേറ്റെടുത്തത് എന്തുകൊണ്ടും കഥയുടെ ശുഭപര്യവസാനമാണ്. എന്നാല്‍ ഈ ഭരണം അധികനാള്‍ തുടരില്ലെന്നും താമസിയാതെ അഘാടി പൊട്ടിപൊളിയുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളില്‍ പ്രവചനങ്ങള്‍ക്കു വലിയ പ്രസക്തിയില്ല. പ്രവചിക്കാനാവാത്ത സംഭവ വികാസങ്ങളിലൂടെ ഉരുത്തിരിയുന്ന ഭാവി എന്തുമാകാം. അതേക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതില്‍ അര്‍ഥമില്ല. നിലവിലുള്ള യാഥാര്‍ഥ്യത്തെ അംഗീകരിച്ച് മുന്നോട്ടുനോക്കുന്നതാണ് കരണീയമായ കാര്യം.

1989-ല്‍ തുടങ്ങിയതാണു ശിവസേന-ബിജെപി സഖ്യം. അപൂര്‍വമായി മാത്രമുണ്ടായ അപസ്വരങ്ങള്‍ ഒഴിച്ചാല്‍ ദീര്‍ഘകാലം അതിജീവിച്ച സഖ്യമായിരുന്നു അത്. ശിവസേന തന്നെയായിരുന്നു മുഖ്യപങ്കാളി. ഹിന്ദുത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്നതിലും പ്രയോഗിക്കുന്നതിലും ശിവസേനക്കാര്‍ മുന്‍നിരയിലുണ്ടായിരുന്നു. ബാബറി മസ്ജിദ് പൊളിക്കുന്നതിലും അവരുടെ സ്ഥാനം മുന്‍നിരയിലായിരുന്നു. 2014-ല്‍ ബി.ജെ,പി. മുന്‍കൈ നേടിയതോടെയാണ് ആ ബന്ധത്തില്‍ ഉലച്ചില്‍ പ്രകടമാവാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും അവര്‍ രണ്ടുകൂട്ടരും ഒരുമിച്ചാണ് മത്സരിച്ചത്. ബി.ജെ.പി.ക്കു 105 സീറ്റ് കിട്ടിയപ്പോള്‍ ശിവസേനക്ക് 56. എന്നിട്ടും ശിവസേന മുഖ്യമന്ത്രിപദത്തിനു നിര്‍ബന്ധം പിടിച്ചതുകൊണ്ടാണു സഖ്യം തകര്‍ന്നത്. ഇവിടെ ശിവസേനയുടെ നിലപാടുകളില്‍ രാഷ്ട്രീയ സദാചാരത്തിന്റെ കണികപോലും കാണാനാവില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിലപാടുകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്തുള്ള നീക്കുപോക്കുകളാണു നിര്‍ണായകമെന്ന വിശദീകരണമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കേള്‍ക്കാനിടയാവുക. തീര്‍ച്ചയായും പ്രായോഗിക രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളെ ആഗ്രഹിച്ചതുകൊണ്ടു മാത്രം ഒഴിവാക്കാനാവുകയുമില്ല.

മഹാരാഷ്ട്രയിലെ പുതിയ സംഭവഗതികളെ പ്രായോഗിക രാഷ്ട്രീയത്തിന്റെ തലത്തില്‍ മാത്രമായി കാണാനാകില്ല. അഖിലേന്ത്യാ തലത്തില്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റം നിമിത്തം മതേതര ജനാധിപത്യ ഘടന അപകടാവസ്ഥയിലായ സാഹചര്യത്തില്‍ ആ ഹിന്ദുത്വ രാഷ്ട്രീയത്തിനു ശക്തമായ പ്രഹരമേല്‍പ്പിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപീകരണത്തിനു കഴിയുന്നുവെന്ന വസ്തുത ഏറെ പ്രാധാന്യമുള്ള സംഗതിയാണ്. മാത്രമല്ല അഘാടി സര്‍ക്കാര്‍ രൂപീകരണത്തിനു പശ്ചാത്തലമായി സഖ്യകക്ഷികള്‍ക്കെല്ലാം സ്വീകാര്യമായ ഒരു പൊതു മിനിമം പരിപാടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നതും പരിഗണനയിലെടുക്കേണ്ടതുണ്ട്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും, ഇന്ത്യയില്‍ വേരുറച്ചുകഴിഞ്ഞ മതേതര ജനാധിപത്യ ഘടനയ്ക്കു ചേരുംപടിയുള്ള നടപടികളാണു മഹാരാഷ്ട്രയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യം പ്രതീക്ഷയ്ക്കു വകനല്‍കുന്നതാണ്.

2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹിന്ദുത്വശക്തികള്‍ നേടിയ വലിയ വിജയത്തെത്തുടര്‍ന്ന് മതേതരശക്തികളുടെ തിരിച്ചുവരവ് സാധ്യമാണോയെന്ന സംശയം ജനാധിപത്യ ശക്തികള്‍ക്കിടയില്‍ ഗണ്യമായ തോതില്‍ തലപൊക്കിയിരുന്നു. തിരിച്ചുവരവ് സാധ്യമാണെന്ന ആത്മവിശ്വാസം വ്യാപകമായി സൃഷ്ടിക്കാന്‍ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലത്തിനും തുടര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണത്തിനും കഴിഞ്ഞിരിക്കുന്നുവെന്നു ധൈര്യമായി വിലയിരുത്താം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook