scorecardresearch

മുറിവൈദ്യന്മാരെ സൃഷ്ടിക്കുന്ന കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയുടെ കച്ചവടവൽക്കരണം സൃഷ്ടിച്ചിട്ടുളള സാമൂഹികമായ അപചയത്തിന്റെ ഒരു മുഖം മാത്രമാണ് ഈ കോടതി വിധിയിലൂടെ ദൃശ്യമാകുന്നത്. എങ്കിലും ഇത്തരം, സാമൂഹിക പ്രത്യാഘാതങ്ങളുടെ മർമ്മത്തിൽ തന്നെയാണ് കോടതി സ്പർശിച്ചിരിക്കുന്നത്.”നിറഭേദങ്ങൾ” പംക്തിയിൽ​ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകനായ ലേഖകൻ എഴുതുന്നു.

മുറിവൈദ്യന്മാരെ സൃഷ്ടിക്കുന്ന കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസം

നാല് മെഡിക്കൽ കോളജുകളിലേയ്ക്കുളള പ്രവേശനം തടഞ്ഞുകൊണ്ടുളള സുപ്രീം കോടതി വിധിയിൽ ഏറെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. വയനാട് ഡി എം, പാലക്കാട് പി. കെ. ദാസ്, വർക്കല എസ് ആർ. തൊടുപുഴ അൽ അസർ എന്നീ നാല് മെഡിക്കൽ കോളജുകളിൽ അധ്യാപകരും ലാബുകളും ഉൾപ്പടെ നിശ്ചിത സംവിധാനങ്ങൾ ആയിട്ടില്ലെന്ന് നേരിട്ടുളള അന്വേഷണത്തിലൂടെ ബോധ്യപ്പെട്ട ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഈ കോളജുകളിൽ പ്രവേശനാനുമതി നിഷേധിച്ചു. എന്നാൽ കേരളാ ഹൈക്കോടതി കോളജുകളുടെ ഹർജി സ്വീകരിച്ച് പ്രവേശനാനുമതി നൽകി. ഈ ഉത്തരവിനെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചു. ഈ അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി.

മെഡിക്കൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഒരു കോളജ് സജ്ജമാകണമെങ്കിൽ എന്തെല്ലാം ഉപാധികൾ ഒരുങ്ങിയിരിക്കണം എന്നത് സംബന്ധിച്ച് മെഡിക്കൽ കൗൺസിൽ കൃത്യമായ വ്യവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗ്യതയും വൈദഗ്ധ്യവും ഉളള അധ്യാപകർ, സജ്ജമായ ലാബുകൾ, കോളജിനോട് ചേർന്ന ആശുപത്രിയിൽ ഉണ്ടായിരിക്കേണ്ട കിടക്കകളുടെ എണ്ണം, കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം( ഇൻപേഷ്യന്റ്), കിടത്തി ചികിത്സ വേണ്ടാത്ത ( ഔട്ട് പേഷ്യന്റ്) രോഗികളുടെ എണ്ണം, തുടങ്ങി നിരവധി കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ നാല് കോളജുകളുടെ കാര്യത്തിൽ മെഡിക്കൽ കൗൺസിൽ രണ്ട് തവണ പരിശോധന നടത്തി. രണ്ടാമത്തേത് മിന്നൽ പരിശോധന ആയിരുന്നതിനാൽ അധ്യാപകരുടെയും രോഗികളുടെയും എണ്ണത്തിലും മറ്റും പ്രകടമായ വ്യത്യാസം കാണാനിടയായി. വിദ്യാർത്ഥി പ്രവേശനം  അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ മെഡിക്കൽ കൗൺസിൽ എത്തിച്ചേരാനുളള പ്രധാനകാരണം ഇതാണ്. മെഡിക്കൽ കൗൺസിൽ തീരുമാനം സർക്കാരും അംഗീകരിക്കുകയായിരുന്നു.

തങ്ങൾക്ക് ഒരവസരം കൂടി നൽകാൻ മെഡിക്കൽ കൗൺസിലിനോട് ആവശ്യപ്പെടണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് ഈ കോളജുകളുടെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അവരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് മെഡിക്കൽ കൗൺസിൽ തീരുമാനം റദ്ദ് ചെയ്തു. മെഡിക്കൽ കൗൺസിൽ വീണ്ടും പരിശോധന നടത്തിയ ശേഷം പോരായ്മകൾ തുടരുകയാണെങ്കിൽ കൗൺസിലിന് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ, സുപ്രീം കോടതി വിധിയിൽ ഇതിനെതിരായ വിമർശനം ഉണ്ട്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസം പോലുളള മേഖലകളിൽ ഒരുതരത്തിലുളള വിട്ടുവീഴ്ചകളും പാടില്ലെന്ന് സുപ്രീം കോടതി പറയുന്നുണ്ട്. വേണ്ടത്ര സജ്ജീകരണങ്ങളില്ലാതെ കോളജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന മുറിവൈദ്യന്മാർ, ജനങ്ങളുടെ ജീവിക്കാനുളള അവകാശത്തിന് ഭീഷണിയാകുമെന്ന വസ്തുതയാണ് സുപ്രീം കോടതി നിരീക്ഷണത്തിലുളളത്.k venu

കോടതിയെ സമീപിച്ച ഈ ഏതാനും കോളജുകളുടെ മാത്രം പ്രശ്നമായി ഇതിനെ കാണുന്നതിൽ അർത്ഥമില്ല. മെഡിക്കൽ, എൻജിനിയറിങ് ഉൾപ്പടെയുളള വിദ്ഗ്ധ തൊഴിൽ മേഖലകളിൽ സമീപകാലത്ത് വർധിച്ചുവരുന്ന കച്ചവടവൽക്കരണത്തിന്റെ പരിണിതഫലം കൂടിയാണിതെന്ന് കാണേണ്ടതുണ്ട്. ലക്ഷങ്ങൾ മുടക്കുകയും കോടികൾ വാരുകയും ചെയ്യുന്ന കച്ചവട മേഖലകളായി പ്രൊഫഷണൽ വിദ്യാഭ്യാസ മേഖല മാറിയിരിക്കന്നു. ഒരു സീറ്റിനായി ലക്ഷങ്ങളല്ല, കോടികൾ തന്നെ നൽകുന്ന വിദ്യാർത്ഥികളാണ് ഈ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നത്. സുപ്രീം കോടതി പറയുന്നതുപോലെ ഈ വിദ്യാർത്ഥികൾ രോഗികളെ അധ്യയനത്തിനുളള വസ്തുക്കൾ മാത്രമായി കാണാനുളള സാഹചര്യവും സ്വാഭാവികമാണ്. വിദ്യാഭ്യാസ മേഖലയുടെ കച്ചവടവൽക്കരണം സൃഷ്ടിച്ചിട്ടുളള സാമൂഹികമായ അപചയത്തിന്റെ ഒരു മുഖം മാത്രമാണ് ഈ കോടതി വിധിയിലൂടെ ദൃശ്യമാകുന്നത്. എങ്കിലും ഇത്തരം, സാമൂഹിക പ്രത്യാഘാതങ്ങളുടെ മർമ്മത്തിൽ തന്നെയാണ് കോടതി സ്പർശിച്ചിരിക്കുന്നത്. സമൂഹത്തിന്റെ മൊത്തം ആരോഗ്യം നിലനിർത്തുന്നതിൽ നിർണ്ണമായക പങ്ക് വഹിക്കുന്ന ഒരു മേഖലയിലെ പുഴുക്കുത്താണ് ഇതെന്ന് കാണാം.

അടുത്തകാലം വരെ കേരളത്തിലുണ്ടായിരുന്നത് അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളാണ്. ആയിരത്തിൽ താഴെ വിദ്യാർത്ഥികൾ ഓരോ വർഷവും പഠനം പൂർത്തിയാക്കി ഇറങ്ങാറുമുണ്ട്. ഏറ്റവും ഉയർന്ന മാർക്ക് പ്രവേശന പരീക്ഷയിൽ ലഭിക്കുന്നവർക്കും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉളളവർക്കും മാത്രമേ പ്രവേശനം ലഭിക്കാറുളളൂ. ഇപ്പോൾ കേരളത്തിൽ മുപ്പതിൽപരം മെഡിക്കൽ കോളജുകളുണ്ട്. അതിൽ ഇരുപതിൽപരം സ്വകാര്യ സ്വാശ്രയ മേഖലയിലെ മെഡിക്കൽ കോളജുകളാണ്. സർക്കാർ മേഖലയിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനപരീക്ഷയിലെ മികച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എന്നാൽ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഏറ്റവും കുറഞ്ഞ പാസ് മാർക്ക് ഉളളവർക്കും പണമുണ്ടെങ്കിൽ പ്രവേശനം കിട്ടും. ഈ കോളജുകളിൽ സർക്കാർ ക്വാട്ടയിലെ മൂന്നിലൊന്ന് സീറ്റുകളൊഴിച്ച് ബാക്കിയെല്ലാം വിൽക്കപ്പെടുന്ന സീറ്റുകളാണ്. ഓരോ വർഷവും വൈദ്യ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഡോക്ടർമാരിൽ പകുതിയോളം പേരും കുറഞ്ഞ മാർക്ക് വാങ്ങുന്ന, ബുദ്ധിപരമായി താഴ്ന്ന നിലവാരം പുലർത്തുന്ന സമ്പന്നരായിരിക്കും. ഉയർന്ന മാർക്കുളള ഭൂരിപക്ഷം വിദ്യാർത്ഥികളും പണമില്ലാത്തതിന്റെ പേരിൽ പിന്തളളപ്പെടുകയും ചെയ്യും.

കോടതിയുടെ പരിഗണനയിൽ വരാത്ത ഒരു വിഷയമാണിത്. കോടതി പരിഗണിച്ചത് നിശ്ചിത സമയത്തിനുളളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ കഴിയാത്ത കോളജുകളിൽ ഉണ്ടാവുന്ന താൽക്കാലികാവസ്ഥകളെ കുറിച്ചാണ്. അത് സ്ഥായിയായി തുടരുന്ന സ്ഥിതിവിശേഷമല്ല. എന്നാൽ ലക്ഷങ്ങളും കോടികളും മുടക്കി ആ മേഖലയിൽ കഴിവ് കുറഞ്ഞ വിദ്യാർത്ഥികൾ ഡോക്ടർമാരായി സമൂഹത്തിലേയ്ക്ക് ഇറങ്ങാൻ കഴിയുന്ന സാഹചര്യം സ്ഥായിയായി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സാമ്പത്തികശേഷിയുളളവവർക്ക് അവസരം ലഭിക്കുന്നു എന്നതല്ല, ഇവിടെ പ്രശ്നം, പണത്തിന്റെ മാത്രം അടിസ്ഥാനത്തിൽ യോഗ്യത കുറഞ്ഞവർക്കാണ് ഇവിടെയുളള​ പകുതിയോളം അവസരവും ലഭിക്കുന്നത് എന്നതാണ്. യഥാർത്ഥത്തിൽ അർഹതയുളള, ഭൂരിപക്ഷം പേരും പണമില്ലാത്തതിന്റെ പേരിൽ പിന്തളളപ്പെട്ടു പോകുന്നു എന്നതാണ് വിഷയം.k venu

കേരളാ മോഡൽ വികസന സമ്പ്രദായം എന്ന പേരിൽ ലോകവ്യപകമായി അറിയപ്പെട്ട പദ്ധതിയുടെ ദയനീയ പരാജയം കൂടിയാണ് ഇവിടെ കാണുന്നത്. ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത്, ആരോഗ്യ,വിദ്യാഭ്യാസ മേഖലകൾ പൂർണ്ണമായും സർക്കാർ ചെലവിൽ പൊതുമേഖലയിൽ നിലനിർത്താൻ ശ്രമിച്ചത്  പിന്നീട് എല്ലാ സർക്കാരുകളും പിന്തുടരുകയായിരുന്നു. 1970കളിൽ ലോക ബാങ്ക് നടത്തിയ ഒരു പഠനത്തിൽ കേരളത്തിലെസാമ്പത്തിക നില പിന്നാക്കമായി നിൽക്കുമ്പോഴും വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ സാമൂഹിക സൂചകങ്ങൾ പാശ്ചാത്യ നിലവാരത്തിന് അടുത്തെത്തി നിൽക്കുന്നുവെന്നും കണ്ടെത്തുകയുണ്ടായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സമൂഹം സാമൂഹികമായി മുൻപന്തിയില്ലെത്തുന്നത് അസാധാരണമായതുകൊണ്ടാണ് ഈ കണ്ടെത്തലുകൾ ലോകശ്രദ്ധയാകർഷിക്കുകയും കേരള മോഡൽ എന്ന പേര് ലഭിക്കുകയും ചെയ്തത്.

1980കൾ ആയപ്പോഴേയ്ക്കും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സംഭവിച്ചുകൊണ്ടിരുന്ന സാങ്കേതിക വളർച്ചയുടെ കൂടെ പശ്ചാത്തലത്തിൽ സംസ്ഥാനവരുമാനത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടും ആരോഗ്യ,വിദ്യാഭ്യാസ മേഖലകളെ പൊതുമേഖലയിൽ നിലനിർത്തുക എന്നത് അസാധ്യമായി തുടങ്ങി. ഈ മേഖലകളിലേയ്ക്ക് സ്വകാര്യവൽക്കരണം അനുവദിക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു. അതോടെ കേരളാ മോഡൽ ആന്തരികമായി സ്വയം തകരുകയായിരുന്നു. പിന്നീട് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളത്തിൽ മാറിമാറി അധികാരത്തിൽ വന്ന ഇരുമുന്നണികളും പരസ്പരം മൽസരിക്കുകയായിരന്നു. ഈ പരിണാമത്തിന്റെ തുടർച്ച തന്നെയായിരുന്നു എൻജിനിയറിങ്, മെഡിക്കൽ മേഖലകളിലെ അടക്കം സ്വാശ്രയ കോളജുകളുടെ തളളിക്കയറ്റത്തിൽ ദൃശ്യമായത്.

ആരോഗ്യമേഖലയിലെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വൻമുന്നേറ്റങ്ങൾ ലോകനിലവാരത്തിൽ തന്നെ ഏറ്റവും അധികം ചൂഷണ സാധ്യതയുളള ഒരു മേഖലയായി ആരോഗ്യരംഗത്തെ മാറ്റിക്കഴിഞ്ഞു. ഈ മേഖലയിൽ സാമൂഹിക നിയന്ത്രണം എത്രത്തോളം ഫലപ്രദമായി ആവിഷ്ക്കരിക്കാനും നടപ്പിലാക്കാനും കഴിയും എന്നതാണ് ജനാധിപത്യ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളി.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: K venu kerala medical education nirabedhangal column