മനുഷ്യ ജീനുകളില്‍ എഡിറ്റിങ് (ക്രമീകരണം) നടത്തിയ ശേഷം ഇരട്ടക്കുട്ടികള്‍ ജനിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ശാസ്ത്രലോകത്തെ മാത്രമല്ല ലോക സമൂഹത്തെ മൊത്തത്തില്‍ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഹോങ്കോങ്ങില്‍ നടന്ന മനുഷ്യ ജീനോം എഡിറ്റിങ് സാര്‍വ ദേശീയ സമ്മേളനത്തില്‍ ഒരു ചൈനീസ് ശാസ്ത്രജ്ഞനാണ് തന്‍റെ ഗവേഷണ ഫലത്തെക്കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇരട്ട പെണ്‍കുട്ടികള്‍ സുഖമായിരിക്കുന്നു. ശാസ്ത്രജ്ഞരുടെ പരിശോധന സ്ഥിരീകരിച്ചാല്‍ മാത്രമേ ഈ റിപ്പോര്‍ട്ട് ആധികാരികമാവൂ. എങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശവിഷയത്തിന്‍റെ നിജസ്ഥിതി സംബന്ധിച്ച് സംശയങ്ങളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ല.

എച്ച്ഐവി രോഗബാധ പൂര്‍ണമായും തടയാന്‍ കഴിയുന്ന തരം ജീന്‍ ക്രമീകരണമാണ് നടത്തിയിട്ടുള്ളതെന്നാണ് തെക്കന്‍ ചൈനയിലെ ഷെന്‍ഴെനയിലെ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.ഹെ ജിയാങ് കുയി എന്ന ശാസ്ത്രജ്ഞന്‍ അവകാശപ്പെടുന്നത്. ഇത്തരമൊരു ഗവേഷണത്തിന്റെ പ്രസക്തിയെയോ പ്രാധാന്യത്തെയോ സംബന്ധിച്ച് ആര്‍ക്കും സംശയങ്ങളില്ല എന്നാല്‍ ഈ വിഷയം മനുഷ്യസമൂഹത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ധാര്‍മ്മിക വെല്ലുവിളികള്‍ ഏറെ ഗൗരവ സ്വഭാവമുള്ളവയാണ്. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തരം ജീന്‍ എഡിറ്റിങ്ങിനെ കുറിച്ച് ആര്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാനിടയില്ല. പക്ഷെ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യസ്വഭാവങ്ങള്‍ എങ്ങിനെയും രൂപാന്തരപ്പെടുത്താവുന്ന ജീന്‍ എഡിറ്റിങ് സാദ്ധ്യമാവും. അതുകൊണ്ടു തികച്ചും സുതാര്യമായും സാമൂഹിക നിയന്ത്രണത്തിന് വിധേയമായും മാത്രമേ ഇത്തരം ഗവേഷണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പാടുള്ളൂ.

ഇപ്പോഴത്തെ സംഭവത്തില്‍ ഒരു ശാസ്ത്രജ്ഞന്‍ സ്വന്തം നിലയ്ക്ക് തീരുമാനിച്ച് നടപ്പിലാക്കിയ ഗവേഷണത്തിന്റെ ഫലമായിട്ടാണ് ജീന്‍ എഡിറ്റിങ്ങിന് വിധേയമായ ഇരട്ടക്കുട്ടികള്‍ ജനിച്ചിട്ടുള്ളത്. ഈ രീതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കില്‍ പലവിധ താൽപ്പര്യങ്ങള്‍ ഈ മേഖലയിലേക്ക് കടന്നു വരുമെന്ന് ഉറപ്പാണ്. വിവിധ വിഭാഗങ്ങളുടെ താൽപ്പര്യങ്ങള്‍ക്ക് അനുസരിച്ച് പല സ്വഭാവങ്ങളിലുള്ള മനുഷ്യരെ ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി ഇത്തരം ഗവേഷണസംവിധാനങ്ങള്‍ മാറുകയും ചെയ്യും. അത്തരമൊരവസ്ഥ സൃഷ്ടിക്കാനിടയുള്ള സാമൂഹിക വിഭജനങ്ങളെയും തജ്ജന്യമായ സംഘര്‍ഷങ്ങളെയും കുറിച്ച് ഇപ്പോള്‍ നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും വര്‍ഗ്ഗീയം പോലുമായ താൽപ്പര്യങ്ങളായിരിക്കും ഇടപെടുക എന്നു കാണാന്‍ ഏറെ ആയാസപ്പെടേണ്ടതില്ല.

ഏതാനും വർഷം മുന്‍പാണ് മനുഷ്യ ജീനോം ഘടന പൂര്‍ണമായും കണ്ടെത്തുകയും അതില്‍ ലളിതമായ രീതികളുപയോഗിച്ച്‌ മാറ്റങ്ങള്‍ വരുത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തത്. അതുപയോഗിച്ച് പല രീതിയിലുള്ള ഗവേഷണങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹെ ചെയ്തതു പോലെ ജീവിച്ചിരിക്കുന്ന മനുഷ്യരിലെ ജനിതക ഘടനയില്‍ മാറ്റമുണ്ടാക്കുന്ന തരം ഗവേഷണങ്ങള്‍ പൊതുവില്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുയര്‍ത്തുന്ന സാമൂഹികവും ധാര്‍മ്മികവുമായ പ്രശ്നങ്ങള്‍ തന്നെയാണ് ഈ സ്വയം നിരോധനത്തിന് കാരണം. അത്തരം പരിഗണനകള്‍ മാറ്റിവച്ചുകൊണ്ട് ഇടുങ്ങിയ താൽപ്പര്യങ്ങള്‍ ലക്ഷ്യമാക്കികൊണ്ടുള്ള സാഹസിക നീക്കമാണ് ഈ ചൈനീസ് ഗവേഷകന്‍ നടത്തിയിട്ടുള്ളതെന്ന വിമർശനമാണ് ഉയര്‍ന്നിട്ടുള്ളത്.

എച്ച്ഐവി രോഗബാധ തടയാനുള്ള ജനിതകമാറ്റമാണ് നടത്തിയിട്ടുള്ളതെന്ന വാദത്തിന് സ്വീകാര്യതയില്ല. കാരണം, എച്ച്ഐവി രോഗബാധയ്ക്ക് ചികിത്സയും പരിഹാരവുമുണ്ടെന്ന് ശാസ്ത്രലോകത്ത് നിന്ന് തന്നെ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. അങ്ങിനെ ചികിത്സയും പരിഹാരവുമില്ലാത്ത രോഗബാധയ്ക്ക് ജനിതകമാറ്റം പരിഹാരമാവുമെങ്കില്‍ പരിഗണിക്കാവുന്നതാണ്. ഇവിടെ അതല്ലല്ലോ സ്ഥിതി.

Scientist He Jiankui at the conference in Hong Kong

ഹോങ്കോങ്ക് കോൺഫറൻസിൽ ഡോ. ഹെ ഫൊട്ടോ: എ പി

ഹെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് സന്താനശേഷി ഇല്ലാത്തവര്‍ക്കുള്ള ചികിത്സയുടെ ഭാഗമായി ഏഴു ദമ്പതിമാരുടെ ഭ്രൂണകോശങ്ങളില്‍ ജനിതകമാറ്റം നടത്തിയെന്നും അവയിലൊന്നാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്നും മറ്റൊരു ഗര്‍ഭം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമാണ്. ഹെയുടെ പ്രസ്തുത ഗവേഷണം ഇത്തരം ഗവേഷണങ്ങളില്‍ പാലിക്കേണ്ടതായ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നതുകൊണ്ട് ഹെയുടെ ഗവേഷണ സ്ഥാപനം ഉള്‍പ്പെടുന്ന യൂണിവേഴ്സിറ്റി അധികൃതരും പ്രാദേശിക അധികാരികളും ഹെയ്ക്കെതിരായി നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാമൂഹികമായി ഗുണം ചെയ്യുന്ന ഇത്തരം ഗവേഷണങ്ങൾക്കെതിരെ ചട്ടങ്ങളുടെ പേരില്‍ നടപടിയെടുക്കുന്നത് നീതിയുക്തമാണോ എന്ന ചോദ്യം പ്രസക്തമാണ്.

പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ സാമൂഹികമായി ഗുണം ചെയ്യുന്നവയാണെങ്കിലും ഇത്തരം ഗവേഷണഫലങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമുണ്ട്. ജനിതക ഘടനയിലെ തകരാറ് കൊണ്ട് ഉണ്ടാകുന്ന ജനിതക രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ജനിതകഘടനയില്‍ മാറ്റമുണ്ടാക്കേണ്ടത് ആവശ്യം തന്നെയാണ്. പക്ഷെ അത്തരം തിരുത്തല്‍ ജനിതകമാറ്റം പോലും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ നില്‍ക്കണമെന്നില്ല. ജനിതകമാറ്റ പ്രക്രിയയില്‍ പൊതുവില്‍ ദൃശ്യമാകുന്ന അനിശ്ചിതത്വം പരിഹരിക്കുക എളുപ്പമല്ല. ഒരു പാരമ്പര്യ രോഗം പരിഹരിക്കാനുള്ള ശ്രമം പുതിയ പാരമ്പര്യ രോഗം സൃഷ്ടിക്കുന്നതിലേക്കും എത്താമെന്ന് കാണേണ്ടിയിരിക്കുന്നു. എല്ലായ്‌പ്പോഴും  അങ്ങിനെ സംഭവിച്ചു കൊള്ളണമെന്നല്ല. അത്തരം സാദ്ധ്യതകളും ഉള്ളത് കണക്കിലെടുക്കണമെന്ന്‌ മാത്രം.

രോഗ പരിഹാരത്തിന്‍റെ പരിമിത മേഖലയ്ക്ക് പുറത്ത് പുതിയ സ്വഭാവങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ജനിതക മാറ്റങ്ങളാണ് കൂടുതല്‍ അപകടകരമായ ഫലങ്ങളിലേക്ക് നയിക്കാനിടയുള്ളത്. ജനിതകമാറ്റങ്ങള്‍ സൃഷ്ടിക്കുന്ന തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അംഗീകൃത ചട്ടങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. ലളിതമായ രീതികള്‍ ഉപയോഗിച്ച് ജനിതകമാറ്റങ്ങള്‍ സാധ്യമാണെന്നത് കൊണ്ട് ചൈനീസ് ഗവേഷകന്‍ ചെയ്തത് പോലെയുള്ള മനുഷ്യശരീരത്തിലെ ജനിതകമാറ്റങ്ങള്‍ക്ക് മൗനാംഗീകാരം ലഭിച്ചാല്‍ പോലും ഇത്തരം ഗവേഷണങ്ങളും ജനിതകമാറ്റങ്ങളും വ്യാപകമായി സംഭവിക്കുമെന്ന് ഉറപ്പാണ്. തീര്‍ച്ചയായും, ജനിതകമാറ്റ പ്രക്രിയ എത്ര ലളിതമായാലും ചെലവേറിയത്‌ തന്നെ ആയിരിക്കും. സ്വാഭാവികമായും സാമ്പത്തിക ശേഷിയുള്ളവര്‍ പല പുതിയ സ്വഭാവങ്ങളും കൈവരിക്കുമ്പോള്‍ ശേഷിയില്ലാത്തവര്‍ പിന്തള്ളപ്പെടും. അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ചേരിതിരിവുകളും അതിന്‍ഫലമായ സംഘര്‍ഷങ്ങളും ഇതുവരെ കണ്ടുവന്നിട്ടുള്ളവയില്‍ നിന്നു ഏറെ വ്യത്യസ്തമായിരിക്കും. അത് സൃഷ്ടിക്കുന്ന സാമൂഹികവും ധാര്‍മ്മികവുമായ പ്രതിസന്ധിയുടെ മാനങ്ങള്‍ മുന്‍ കൂട്ടി കാണുക ബുദ്ധിമുട്ടായിരിക്കും.

ജനിതകമാറ്റ ഗവേഷണങ്ങള്‍ വ്യാപകമാവുന്നതോടെ ഇത്തരം പരീക്ഷണങ്ങളില്‍ ഇരകളാക്കപ്പെടുന്നവര്‍ അനവധി ആയിരിക്കും. പരാജയപ്പെട്ട പരീക്ഷണങ്ങളിലെ ഇരകള്‍ ദോഷകരമായ ജനിതകമാറ്റങ്ങളും പേറി നടക്കേണ്ടിവരും. സാമ്പത്തികതലത്തിലും മറ്റുമായി അവര്‍ക്ക് ലഭിക്കാനിടയുള്ള നഷ്ടപരിഹാരം ഒരിക്കലും അവരുടെ യഥാര്‍ത്ഥ നഷ്ടത്തിനുള്ള പരിഹാരമാവുകയില്ല. മാത്രമല്ല ഈ ദോഷകരമായ ജനിതകമാറ്റങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്ന നഷ്ടത്തിന്‍റെ തോത് ഭീമാകാരമായി വർധിച്ചുകൊണ്ടിരിക്കും. അത് കണക്കു കൂട്ടാന്‍ പോലും ആര്‍ക്കുമാവില്ല. ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും നേരിടേണ്ടി വരുന്ന യാതനകള്‍ ഗുരുതരമായ പൗരാവകാശ ലംഘനങ്ങളായി തീരുന്നു. നിലവിലുള്ള നിയമ സംവിധാനങ്ങള്‍ വച്ച് കണക്കു കൂട്ടാനാവാത്ത അവകാശ ലംഘനങ്ങളാണിവ.

ചൈനീസ് ഗവഷകന്‍ സൃഷ്ടിച്ച മനുഷശരീരത്തിലെ ജനിതകമാറ്റം പ്രചോദനമായി മാറുകയും ലോകവ്യാപകമായി ആവര്‍ത്തിക്കപ്പെടുകയും ചെയ്‌താല്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകളില്‍ ചിലതിനെ കുറിച്ചാണ് ഇവിടെ പറഞ്ഞത്. അത് സാദ്ധ്യത മാത്രമാണ്. അത് ഒഴിവാക്കപ്പെടണമെങ്കില്‍ ഇത്തരം ഗവേഷണങ്ങളെയും അവയുടെ സാധ്യതകളെയും നിയന്ത്രിക്കാന്‍ കഴിയുന്ന നിയമസംവിധാനങ്ങളും ചട്ടങ്ങളും ആവിഷ്കരിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും വേണം. ഇത്തരം ഗവേഷണങ്ങളെ നിരോധിക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ അല്ല വേണ്ടത്. വ്യക്തമായ മാനദണ്ഡങ്ങളുടെയും സൂക്ഷ്മമായ നിയന്ത്രണ സംവിധാനങ്ങളുടെയും ചട്ടക്കൂടുകള്‍ക്ക് വിധേയമായി ഇത്തരം ഗവേഷണങ്ങള്‍ നടത്താനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്‌.

മനുഷ്യസമൂഹത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനിടയുള്ള ഏറെ വികസനസാധ്യതയുള്ള മേഖലയാണ് ജനിതക ഗവേഷണത്തിന്‍റേത്. ഓരോ രാജ്യങ്ങളില്‍ മാത്രമല്ല ലോകവ്യാപകമായി തന്നെ സമഗ്രമായ നിയമനിര്‍മാണത്തിനുള്ള ശ്രമമാണ് ആരംഭിക്കേണ്ടത്. അത് എളുപ്പമായ ഒരു പ്രക്രിയ ആയിരിക്കില്ല. നേരത്തെ സൂചിപ്പിച്ചതു പോലെ വിഷയത്തിന്‍റെ സങ്കീര്‍ണത ഉള്‍ക്കൊള്ളുന്ന ഒരു നിയമനിര്‍മാണമാണ് രാജ്യതലങ്ങളിലും ആഗോളതലത്തിലും ആവശ്യമായിട്ടുള്ളത്.

Read More: കെ വേണു എഴുതിയ മറ്റ് ലേഖനങ്ങൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook