തങ്ങളുടെ രാഷ്ട്രീയാധിപത്യത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യയശാസ്ത്രത്തെ എന്ന പോലെ സമൂഹത്തിന്റെ രാഷ്ട്രീയ ഓര്‍മ്മകളെയും പുനരാനയിക്കുന്നത് പുതിയ കാര്യമല്ല: ഭരണകൂടങ്ങളുടെ തുടര്‍ച്ചയില്‍ ഇത്തരം ഓര്‍മ്മകള്‍ പലപ്പോഴും കാര്യമായി ഇടപെടാറുമുണ്ട്. അങ്ങനെയൊന്നാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം രാഷ്ട്രീയ നേതൃത്വം വളരെ മുമ്പേ നടന്ന ‘വിമോചന സമര’ത്തിന്റെ ഓര്‍മ്മയിലൂടെ ലക്ഷ്യമാക്കുന്നത്. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പൊതുപശ്ചാത്തലത്തില്‍ ഇത് പരിശോധിക്കേണ്ടതാണ്. എന്തെന്നാല്‍, ‘വിമോചന സമര’ത്തിന് ശേഷം അര നൂറ്റാണ്ടിലധികം വര്‍ഷങ്ങളും അത്രയും “തലമുറ രാഷ്ട്രീയ”വും ഒരു സമൂഹം എന്ന നിലയില്‍ കേരളം കടന്നുപോന്നിരിക്കുന്നു. കേരളവും മാറിയിരിക്കുന്നു.
ഒരു ഭരണകൂടം ഭീകരമായ നുണയന്ത്രം കൂടിയായി മാറുന്നതിന്റെ ഒരു കാരണം, ആ ഭരണകൂടം അത്രമാത്രം ജനങ്ങളുടെ സാമൂഹിക ഇച്ഛയില്‍ നിന്നും അകലുന്നതുകൊണ്ടാണ്. ജനങ്ങളുടെ ഇഷ്ടത്തിനുപരിയായി തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാമുഖ്യം കൊണ്ടുവരാന്‍ ഭരണകൂടം ഉപയോഗിക്കുന്ന ‘നുണകള്‍’, സമൂഹത്തിന്റെ ഓര്‍മ്മയില്‍, മറ്റൊരു കാരണം കണ്ടെത്തിക്കൊണ്ട് ഇടപെടാന്‍ തുടങ്ങുന്നു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ ഉയര്‍ന്ന ഒരു ‘ബഹുജന സമര’ത്തെ, അതിലെ പ്രത്യയശാസ്ത്ര ബലങ്ങളോട് വിയോജിപ്പ് ഉണ്ടായിരിക്കുമ്പോഴും, ഇന്നത്തെ കെ റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെടുത്തുന്നതിലെ “അന്യായം” അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. അത് നമ്മുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനും നല്ലതാണ്.
സിപിഎം നേതൃത്വത്തിന്റെ ചിന്താ ദാരിദ്ര്യത്തിന്റെ വലിയ ഉദാഹരണമാണ് ഈ നുണ എന്നിരിക്കിലും, ‘വിമോചന സമര’ത്തിന്റെ ഓര്‍മ്മ ഇന്ന് അതേപടി നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ഒന്നാമതായി, ‘കമ്മ്യൂണിസ്റ്റ് വിരുദ്ധത’ ഇന്ന് ഒരു പാപമോ കുറ്റമോ അല്ല. മെച്ചപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥിതി കൊണ്ടുവരുന്നതിലും മനുഷ്യോന്മുഖമായ ഒരു ഭരണക്രമത്തെ പരീക്ഷിക്കുന്നതിലും പരാജയപ്പെട്ട ഒരു ഭരണകൂട സങ്കല്‍പ്പമാണ് കമ്മ്യൂണിസം പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ, പുതിയ ജനാധിപത്യ കാംഷകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ അത്തരമൊരു ഭരണകൂട സങ്കല്‍പ്പം ഇന്ന് നമുക്കോ ലോകത്തിനോ പ്രചോദനമാകുന്നില്ല- ‘പാര്‍ട്ടി‘യിലെ ‘പ്രഭു വര്‍ഗ’ത്തിനല്ലാതെ. മാത്രമല്ല, കേരളത്തിനെ സംബന്ധിച്ചുള്ള ഓര്‍മ്മയില്‍ ‘വിമോചന സമര’ത്തിന് ഇന്നത്തെ സിപിഎം നേതൃത്വം ആഗ്രഹിക്കുന്ന വീര്യമില്ല. ‘കമ്മ്യൂണിസ്റ്റു’കളായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണകൂട സങ്കല്‍പ്പമല്ല പിണറായി വിജയന്റെ ഭരണകൂട സങ്കല്‍പ്പം. രണ്ടിനുമിടയില്‍, ചുരുങ്ങിയത്, അറുപതു വര്‍ഷത്തെ അകല്‍ച്ചയുണ്ട്. “ഫ്യൂഡല്‍ മാര്‍ക്സിസ”ത്തിനും ‘കോര്‍പ്പറേറ്റ് മാർക്സിസ”ത്തിനും പറ്റിയ ചില ഉറവകള്‍ നമ്മുടെ സമൂഹത്തിലും ‘പാര്‍ട്ടി’യിലും (എപ്പോഴും) ഉണ്ടായിരുന്നതുകൊണ്ടുകൂടിയാണ് ഇന്നും കേരളീയ സമൂഹത്തില്‍ സിപിഎം അതിന്റെ പ്രത്യയശാസ്ത്ര ജീവനം സാധ്യമാക്കുന്നത്. അല്ലെങ്കില്‍, സിപിഎം ഒരു ‘ആധുനിക രാഷ്ട്രീയ പാര്‍ട്ടി’യേ അല്ല. അതിന്റെ ഭരണകൂട സങ്കല്‍പ്പം കാലഹരണപ്പെട്ടതാണ്.
ലോകത്തെ ഏതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പോലെ, പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തെളിയിച്ച പോലെ, സിപിഎമ്മും ജനാധിപത്യത്തെ മനസ്സിലാക്കാനോ അതിനൊപ്പം പരിണമിക്കാനോ കഴിയാത്ത കക്ഷിയാണ്. അത് നിലനില്‍ക്കുന്നത് സമൂഹത്തിലെ അവസരവാദ രാഷ്ട്രീയത്തെ ആശയിച്ചാണ്. കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇപ്പോള്‍ ‘വിജയകര’മെന്ന് തോന്നുന്ന ആര്‍ എസ് എസ് ഭരണ- രാഷ്ട്രീയത്തോട് അനുരൂപമാകുന്നത് ഒരു ഉദാഹരണമായി പറയാനുമാകും.
ഒരു സമൂഹത്തിലെ വികസനത്തെ ആ സമൂഹത്തിന്റെ സര്‍വോന്മുഖമായ “സ്വാതന്ത്ര്യ”വുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് സംസാരിക്കേണ്ടത് എന്ന് ഈയിടെ ഡോ. എം എ ഉമ്മന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു. (മാധ്യമം ആഴ്ച്ചപ്പതിപ്പ് – 2022 മാർച്ച് 14-21 – അനിതകുമാരി എല്‍ – മായുള്ള സംഭാഷണം). കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളെ സ്പർശിക്കുന്ന ഈ സംഭാഷണത്തിൽ താൻ എന്തുകൊണ്ട് കെ റെയിലിനെ എതിർക്കുന്നു എന്ന് ഡോ. ഉമ്മൻ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു പദ്ധതിയെക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള മേഖലകളെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ, ഏറ്റവും ശ്രദ്ധേയമായ സംഗതി “സ്വാതന്ത്ര്യ”ത്തെ വികസനത്തിന്റെ ഒന്നാം ആവശ്യമായി അദ്ദേഹം കാണുന്നു എന്നതുതന്നെയാണ്.
കെ റെയിൽ വിഷയത്തിൽ എൽഡിഎഫ് സർക്കാരിന്റെ സമീപനം തന്നെ നോക്കുക: മുഖ്യമന്ത്രി വികസനത്തെ പറ്റി പറയുന്നതും ആലോചിക്കുന്നതും കേരളത്തെ ഒരു ‘പോലീസ് രാജ്’ന്റെ ഓര്‍മ്മയില്‍ നിര്‍ത്തിക്കൊണ്ടാണ്. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ ഇതേപോലെയുള്ള ഒരോര്‍മ്മയിലേക്കാണ് കേരളം പോയത്. ഇപ്പോള്‍ കെ റെയില്‍ പോലുള്ള ജനങ്ങൾക്ക് ബോധ്യമാവാത്ത, ജനങ്ങള്‍ക്കും പൗരസമൂഹത്തിനും എതിർപ്പുള്ള ഒരു പദ്ധതി, എന്തു വന്നാലും താൻ നടപ്പാക്കും എന്ന് പറയുന്നത് വികസനത്തിൽ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്ത ഒരാൾക്ക് മാത്രം സാധ്യമാവുന്ന ഒന്നായിത്തന്നെയാണ് കാണേണ്ടത്.
ഡോ. ഉമ്മനെ പോലുള്ള സാമ്പത്തിക ചിന്തകർ മുന്നറിയിപ്പ് നൽകുന്നതു പോലെ, കെ റെയിൽ കൊണ്ടുവരുന്ന സാമ്പത്തിക ദുരന്തം, പാരിസ്ഥിതിക വിനാശം, ഇതൊന്നും ഭരണകൂടത്തിന്റെയോ തന്റെയോ പ്രശ്നമല്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിൽത്തന്നെ സമൂഹം എന്ന നിലയിൽ കേരളം വഴി മുട്ടുന്ന ഒരു പ്രതിസന്ധിയുണ്ട്: ജനാധിപത്യത്തെ ഭയപ്പെടുന്ന ഭരണാധിപരും ജനാധിപത്യത്തെ വളർത്താനാകാത്ത ജനങ്ങളും വസിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയാണത്. ഇതിന്റെ ചരിത്രമാനം വമ്പിച്ചതാണ്. ഒരു പക്ഷേ, കേരളത്തിലെ സ്വാതന്ത്യ സമര പ്രസ്ഥാനത്തിലെ പല കൈവഴികളും പരിണാമങ്ങളും വന്നു നില്‍ക്കുന്ന ഒരു നീണ്ട കാലവും ഇത് അടയാളപ്പെടുത്തുന്നു.
ഭാഗ്യാന്വേഷികളായ ചുരുക്കം ചില ബുദ്ധിജീവികളെയും പാർട്ടി സേവകരെയും ഒഴിച്ചാൽ ബാക്കി മനുഷ്യർക്ക് ഇന്ന് കെ റെയിൽ പ്രത്യക്ഷമായ ജീവന്മരണ പ്രശ്നം തന്നെയാണ്. വ്യക്തിക്കും കുടുംബങ്ങള്‍ക്കും അതൊരു കുടിയൊഴിക്കൽ പ്രശ്നമാവുമ്പോൾ, പൗരസമൂഹത്തിന് ഇത് സമൂഹത്തിന്റെ തന്നെ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. അതുകൊണ്ടാണ്, ഈ സമരത്തില്‍ പദ്ധതി കൊണ്ട് ദുരിതം അനുഭവിക്കേണ്ടി വരുന്ന ഒരു വലിയ വിഭാഗം മനുഷ്യര്‍ക്കൊപ്പം പൊതുസമൂഹവും നിലകൊള്ളുന്നത്. അങ്ങനെയാണ്, ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുപരിയായി സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യവല്‍ക്കരണത്തിന്റെയും പ്രശ്നമായി വികസനം എന്ന സങ്കല്‍പ്പം തന്നെ മാറുന്നത്. കേരളം ആഗ്രഹിക്കുന്നതും ആഗ്രഹിക്കേണ്ടതും അതാണ്.
Also Read: ഹിജാബ് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം, എല്ലാ പെൺകുട്ടികളും സ്കൂളിൽ പോകണം