Latest News

ഗൗരിയമ്മയെ പാർട്ടിക്ക് പുറത്താക്കിയ അന്വേഷണത്തിന്റെ വഴികൾ

കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവാണ് ഗൗരിയമ്മ.1994 ൽ ഗൗരിയമ്മയെ സിപി എമ്മിൽ നിന്നും പുറത്താക്കുന്നതിന് കാരണമായ തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച റിപ്പോർട്ടിനെ കുറിച്ച് അന്ന് അതെഴുതിയ ലേഖകൻ

k r gouri amma, gouri amma , iemalayalam

കേരളത്തിൽ സംഘടിതവും അസംഘടിതവുമായ എല്ലാതരം മേൽക്കോയ്മകളോടും പോരാടിയ നിലപാടുകളുടെ ജൈവരൂപമായിരുന്നു കെ ആർ ഗൗരിയമ്മ. ആദ്യകാലങ്ങളിൽ രാജഭരണവും കോൺഗ്രസും വലതുപക്ഷ ഫ്യൂഡൽ പ്രമാണിമാരുടെയും എതിർപ്പായിരുന്നു കെ ആർ ഗൗരിക്ക് നേരിടേണ്ടി വന്നതെങ്കിൽ പിന്നീടത് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയായി. ഗൗരിയമ്മ ഓർമ്മകളുടെ ചുവർ ചിത്രമായി മാറുമ്പോഴും അവർ നേരിട്ട അനീതിയുടെ അധികാര വഴികൾ ഇന്നും നിലനിൽക്കുന്നുണ്ട്. കാലംകടന്നുപോകുന്തോറും ആ വഴികളിൽ കാഠിന്യമേറുന്നു. മരണമെത്തുന്ന നേരത്ത് പുതപ്പിക്കുന്ന ചെങ്കൊടിയേക്കാൾ ചോരച്ചുവപ്പാർന്നതാണ് ആ യാഥാർത്ഥ്യത്തിന്റെ നിറം. എൻ സി ശേഖറും, കെ.വി പത്രോസും, കെ പി ആർ ഗോപാലനും, നൃപൻ ചക്രവർത്തിയും തുടങ്ങി കെ ആർ ഗൗരിയമ്മയിൽ എത്തി നിൽക്കുന്നതാണ് ആ ചരിത്ര ചിത്രം.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നിന്നും പുറത്താക്കിയാൽ നടതള്ളപ്പെടുന്നതിന് തുല്യമാണ് സ്ഥിതി. ആസ്ഥിതിക്ക് വെല്ലുവിളി ഉയർത്തിയ രണ്ട് പേരാണ് എം വി ആറും ഗൗരിയമ്മയും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകിച്ച്‌ സി പി എമ്മിന്റ‌െ സംഘടനാശേഷിയെ വെല്ലുവിളിച്ച് അധികാര രാഷ്ട്രീയത്തിന്‍റെ സമവാക്യങ്ങളിൽ പുതിയ ക്രിയകൾ ചെയ്ത് ഉത്തരം കണ്ടെത്തിയവർ.

സി പി എമ്മിന് അനഭിമതരാകുന്നവരെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്തു തുടങ്ങുന്നത് എം വി രാഘവനെതിരായ നടപടികൾ ആരംഭിക്കുന്ന കാലത്താണ്. ഇതിന് സംഘടിത രൂപവും സംഘടനാശൈലിയും കൈവരുതന്നത് പക്ഷേ, ഗൗരിയമ്മയെ പുറത്താക്കാനുള്ള നടപടികളിലാണ്. പാർട്ടിയുടെ അനഭിമതരുടെ പട്ടികയിൽ വരുന്ന നേതാക്കളെ തിരുത്തുന്നുവെന്ന വ്യാജേന പാർട്ടി അണികളിലേക്ക് ആ വിഷയംവലിച്ചു കൊണ്ടു കൊടുക്കുന്നതാണ് ആ സമീപനം.

എം വി രാഘവനുമായി ബന്ധപ്പെട്ടാണ് ആ ശൈലി ആരംഭിക്കുന്നത്. അന്ന് എം വി ആറിന്റെ പക്ഷം ചാഞ്ഞു പാർട്ടിയിലെ പല പ്രമുഖരും ഉള്ള കാലം അണികളിലും ആവേശം സൃഷ്ടിക്കാൻ കഴിവുള്ള നേതാവ് എന്നൊക്കെയുള്ള ഘടകങ്ങൾ കൂടി കണക്കിലെടുത്തായിരിക്കണം അവർ പാർട്ടിയിൽ തുടരവേ തന്നെ പാർട്ടി മാധ്യമങ്ങൾ വഴി പരസ്യമായി അവരുടെ തെറ്റുകൾ നിരത്തിവെക്കുക എന്ന സമീപനം സ്വീകരിച്ചത്. സാധാരണ രീതിയിലുള്ള സമീപനമാണെങ്കിൽ പാർട്ടിക്കുള്ളിലായിരിക്കും വിമർശനവും മറ്റും ഉണ്ടാവുക. എന്നാൽ ഇത് പാർട്ടിക്ക് പുറത്ത് എം വി ആറിനെതിരെ വിമർശനം ഉയർത്തി. അധികം വൈകാതെ ബദൽരേഖയുടെ പേരിൽ എം വി ആർ പാർട്ടിക്ക് പുറത്തേക്ക് പോയി.അതിന്റെ ശരിയും തെറ്റുമില്ല ഇവിടെ പ്രശ്‌നം. .

എം വി ആർ പോയി അഞ്ച് വർഷം കഴിഞ്ഞപ്പോഴാണ് പാർട്ടിയുടെ സ്ഥാപക നേതാവ് എന്ന് സർവ്വരാലും വിശേഷിപ്പിക്കപ്പെടുന്ന പി. കൃഷ്ണപിള്ള പാർട്ടി അംഗത്വം നൽകിയ കെ ആർ ഗൗരിക്ക് മുന്നിൽ പാർട്ടി പുറത്തേക്കുള്ള വാതിൽ തുറന്നു കാട്ടിയത്. അതിന് പിന്നിൽ ആസൂത്രണത്തോടെയുള്ള നടപടികൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഗൗരിയമ്മയെ പോലെ അതിശക്തയും ജനങ്ങളിൽ ആഴത്തിൽ വേരോട്ടവുമുള്ള ഒരു നേതാവിനെ നേരിടുമ്പോൾ പാർട്ടി സമസ്ത ശക്തിയും സമാഹരിക്കുക സ്വാഭാവികം. അതിന് യന്ത്രം പോലെ പ്രവർത്തിക്കുന്നതാണല്ലോ പാർട്ടി സംഘടന. അതിൽ ഒരു ചെറിയപങ്ക്‌ നിർവഹിക്കേണ്ടിയിരുന്നത് ദേശാഭിമാനിയിൽ പ്രവർത്തിച്ചിരുന്ന ഞാനായിരുന്നു.

ഗൗരിയമ്മയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആരംഭിച്ചപ്പോൾ ഇ എം എസ് പേര് വച്ച് ഗൗരിയമ്മക്ക് എതിരെ ലേഖനം എഴുതി. ദേശാഭിമാനിയിൽ ഇ എം എസ് എഴുതിതിന് പിന്നാലെ ഇ കെ നായനാർ എഴുതി. പാർട്ടി ഭരണഘടനയെ കുറിച്ചും കീഴ്‌വഴക്കങ്ങളെ കുറിച്ചുമൊക്കെ എഴുതി അണികളെ ബോധ്യപ്പെടുത്തി രംഗം ഒരുക്കി. അങ്ങനെയാണ് അനഭിമതയായ ഗൗരിയമ്മയ്ക്കും അണികൾക്കും ഇടയിൽ പാർട്ടി വലിയൊരു കോട്ട കെട്ടിയുർത്തിയത്. മുൻകാലങ്ങളിൽ പാർട്ടിക്കുള്ളിൽ നടന്നിരുന്ന ചർച്ച പതുക്കെ ലേഖനം, മുഖപ്രസംഗം എന്നിവ വഴി പൊതുസമക്ഷം എത്തിച്ചു. അതിന് കാരണം മുൻ കാലത്തുണ്ടായിരുന്ന നേതാക്കളേക്കാൾ ഗൗരിയമ്മക്ക് അണികളിലും പൊതുസമൂഹത്തിലും ശക്തമായ സ്വാധീനം ഉണ്ടായിരുന്നു എന്നതിനാലാണ്.

ഇ എം എസ്, നായനാർ ഇവരൊക്കെ തുടങ്ങി വച്ച നീക്കങ്ങളെ ഗൗരിയമ്മ ഉശിരോടെ ചെറുത്ത് നിന്നു. പാർട്ടി അകത്ത് നിന്നുകൊണ്ട് തന്നെ അവർ പരസ്യ പ്രസ്താവന നടത്തി. അന്ന് ഗൗരിയമ്മയെ തളയ്ക്കുക എന്നത് പാർട്ടിയുടെ പ്രധാന ലക്ഷ്യമായി. അന്ന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാന പ്രകാരം എ കെ ജി സെന്റ‌റിലേക്ക് എന്നെ വിളിപ്പിച്ചു കാര്യങ്ങൾ വിശദീകരിച്ചു. ഞാൻ സെന്റ‌റിൽ ചെല്ലുമ്പോൾ ആരൊക്കെ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ ഞാൻ വെളിപ്പെടുത്തുന്നില്ല. സംസ്ഥാനത്തെ സമുന്നതരിൽ സമുന്നതർ എല്ലാവരും ഉണ്ടായിരുന്നു എന്ന് മാത്രം പറയാം.

വളരെ പ്രധാനപ്പെട്ട ജോലി ഏൽപ്പിക്കാനുണ്ട്. അത് പൂർത്തിയാക്കിയ ശേഷം പത്രത്തിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടാൽ മതി എന്ന സെക്രട്ടേറിയറ്റ് തീരുമാനം അറിയിച്ചു. അത് കഴിഞ്ഞ് മറ്റൊരു നേതാവ് വിശദീകരിച്ചു. “ഗൗരിയമ്മ വലിയ വിഷയം ആകുന്നു. അവരെ സംബന്ധിച്ച് പരാതികൾ പാർട്ടിയുടെ മുന്നിലുണ്ട്. അത് സംബന്ധിച്ച ലേഖന പരമ്പര തയ്യാറാക്കണം ആവശ്യമായ മെറ്റീരിയൽ സെന്റ‌റിലുണ്ട്. അവരെ തുറന്നു കാട്ടണം.”

ഒറ്റയ്ക്ക് മതിയോ എന്ന് ഞാൻ ചോദിച്ചു. മതി അത്ര പ്രധാനപ്പെട്ട രേഖകൾ ആണ് എന്നായിരുന്നു മറുപടി. ഇതിൽ നിന്ന് ഒഴിയാനുള്ള എന്റെ കൗശലം ഫലിച്ചില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതല കൃത്യമായി നിർവഹിക്കുക എന്നത് എന്റെ ശീലവുമായിരുന്നു.

വിഷയത്തെ കുറിച്ച് നേതാക്കൾ കൂടുതൽ വിശദീകരിച്ചപ്പോൾ, ഈ വിഷയത്തിൽ പലകാര്യങ്ങളിലും തീരുമാനം തനിച്ച് എടുക്കാൻ വിഷമമാകും എന്നും അതിനാൽ ആരെയെങ്കിലും കൂടെ ഉൾപ്പെടുത്തണം എന്ന് വീണ്ടും ഞാൻ പറഞ്ഞു. ആരെയം സഹായിക്കാൻ വിടില്ല. എന്നത് പാർട്ടി തീരുമാനം ആണ് എന്നവർ വ്യക്തമാക്കി. ഞാൻ അത് അവിടെ അവസാനിപ്പിച്ചു.

അടുത്തദിവസം രാവിലെ വീണ്ടും വിളിവന്നു ഇന്ന് തന്നെ വർക്ക് ആരംഭിക്കണം ഫയലുകളെല്ലാം റൂമിൽ അറേഞ്ച് ചെയ്തിട്ടണ്ട്. എന്നായിരുന്നു അറിയിപ്പ്.. അലമാരി തുറന്നു തന്നു. മുറിയിലേക്ക് വന്ന സഖാവ് ഈ ഫയലുകൾ പലതും നേരത്തെ വായിച്ചിട്ടുള്ളതാണെന്ന് സംഭാഷണത്തിൽ നിന്ന് മനസിലായി.

ഒരു അലമാരിയിൽ അടുക്കിവെച്ച ഫയലുകളിൽ മുക്കാൽ ഭാഗത്തോളം ഗൗരിയമ്മയെ കുറിച്ച് മാത്രമായിരുന്നു. ശരിക്കും ഞാൻ കുടുങ്ങിയ മട്ടായി. ആലപ്പുഴയിലെ പ്രാദേശിക ഘടകങ്ങൾ പകയോടെ ഗൗരിയമ്മയ്ക്ക് എതിരെ ആർക്കോവേണ്ടി മുടങ്ങാതെ എഴുതി അയച്ചുകൊണ്ടിരിരുന്ന പരാതികൾ ആയിരുന്നു നല്ലൊരുപങ്കും. വായിക്കാൻ തന്നെ അറപ്പുണ്ടാക്കുന്നവ. കമ്മ്യുണിസ്റ്റ്കാർ ഇത്രയൊക്കെ അശ്ളീലം എഴുതുമോ എന്ന് അമ്പരന്നു. ഇതെല്ലാം വായിച്ചു തീർക്കണമെങ്കിൽ മാസങ്ങൾ എടുക്കും.

ഇത് വായിക്കുന്നതിനിടയിൽ എന്നോട് അനുകമ്പ തോന്നിയ, മുറിയിൽ ആദ്യ സന്ദർശകൻ ആയിരുന്ന നേതാവ് എന്നെ ഉപദേശിച്ചു “ഇതെല്ലാം വായിച്ച് സമയം കളയണ്ടേടതില്ല. കൂടുതലും വൃത്തികേടുകളം വേസ്റ്റും ആണ്. ഔദ്യോഗിക രേഖകൾ മാത്രം പരിശോധിച്ചാൽ മതി.”

അപ്പോഴാണ് അറിയുന്നത് ഈ നേതാവ് പാർട്ടി നേരത്തെ നിയോഗിച്ച കമ്മീഷനിൽ അംഗമായിരുന്ന ആളാണെന്ന്. അങ്ങിനെ ഞാൻ യഥാർത്ഥ കോർട്ടിൽ എത്തി. സെക്രട്ടേറിയറ്റിലെയും കൊല്ലത്തെ കശുവണ്ടി വികസന കോർപ്പറേഷന്റെയും ഔദ്യോഗിക രേഖകളിൽ എത്തി. അതെല്ലാം എടുത്ത് മാറ്റിവച്ച് വായിക്കാൻ തുടങ്ങി.

ആ ഫയലുകൾ മുഴുവൻ വായിച്ച് പഠിച്ച് കുറിപ്പ് എടുത്തു. ഒരിക്കലും ഇടതുപക്ഷ ഭരണത്തിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചിരിക്കുന്നു എന്ന് പ്രാഥമിക പരിശോധനയിൽ എനിക്ക് ബോധ്യമായി. അപ്പോൾ യഥാർത്ഥ പ്രതി അല്ലെങ്കിൽ പ്രതികൾ ആരാണ് എന്ന ചോദ്യം ഉയർന്നു? അവിടെ എന്റെ അന്വേഷണം നിലച്ചു. വീണ്ടും നേരത്തെ കണ്ട പ്രധാന നേതാക്കൾക്കൊപ്പം ഇരുന്നു വീണ്ടും ഒരിക്കൽ കൂടി ചർച്ച ചെയ്യണമെന്ന എന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു.

വീണ്ടും ചർച്ച നടന്നു. കണ്ടെത്തിയ കാര്യങ്ങൾ പറഞ്ഞു. അപ്പോഴാണ് പറയുന്നത് ഇതൊക്കെ പാർട്ടിയും കണ്ടെത്തിയതാണ്, അതെല്ലാം ലേഖന പരമ്പരയായി എഴുതുകയാണ് എന്റെ ജോലി. അപ്പോൾ എന്റെ നിലപാട് ഞാനും പറഞ്ഞു. എല്ലാ സത്യവും എങ്ങിനെ എഴുതും? അതിനനുകൂലമായ മറുപടിയല്ല കിട്ടിയത്.

ഗൗരിയമ്മയെ ബാധിക്കുന്ന വിഷയം മാത്രം എടുത്താൽ മതി. അതിൽ ഞാൻ തൃപ്തനായില്ല. അങ്ങിനെയെങ്കിൽ എന്റെ പേരിൽ പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വെട്ടിത്തുറന്നു പറഞ്ഞു. നല്ല വാഗ്വാദം നടന്നു. ബഹളത്തിനിടയിൽ മാധ്യമപ്രവർത്തകന്റെ ഉത്തരവാദിതത്തെ കുറിച്ച് ഉത്തമബോധ്യമുള്ള ദേശാഭിമാനിയുടെ ഉന്നതൻ അപ്പോൾ തന്നെ പറഞ്ഞു “ശക്തി പറഞ്ഞത് ശരിയാണ്. പേര് വെക്കാതെ സ്റ്റാഫ് റിപ്പോർട്ടർ എന്നോ ചീഫ് റിപ്പോർട്ടർ എന്നോ പേര് മതിയെന്ന്.”

ആ ധീരതയ്ക്ക് മുന്നിൽ നമിക്കുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ സത്യം മുറുകെ പിടിച്ച പത്രാധിപർ. അവസാനം അത് തന്നെ സംഭവിച്ചു. അന്വേഷണ വിവരങ്ങളെ കുറിച്ചോ അതിന്റെ മറ്റ് വിശദാശംങ്ങളെ കുറിച്ചോ എന്തെങ്കിലും ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല. അത് ഞാൻ ചെയ്തുകൂടാ. അതൊരു വിശ്വാസ വഞ്ചനയാകും.

പരമ്പര ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു പൂർത്തിയായതിന്റെ അടുത്തദിവസം അതൊരു ചെറിയ പുസ്തകമായി പുറത്തുവന്നത് എന്നെ അത്ഭുതപ്പെടുത്തി. അതിലേറെ വിസ്മയിപ്പിച്ചത് അതിന് ഇ എം എസ് പേരുവെച്ചു ഒരു ആമുഖം എഴുതിയെന്നതും. അതിൽ ഗൗരിയമ്മ അഴിമതിക്കാരി ആണെന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം ഇ എം എസ് ഈ പരമ്പരയിലെ തെളിവുകൾ മുൻ നിർത്തി സ്ഥാപിച്ചു.

അതോടെ ഗൗരിയമ്മ വീണു. അതോടെ കഴിഞ്ഞു ഗൗരിയമ്മയുടെ ഇടതുപക്ഷ ജീവിതം. ഞാൻ അതിനൊരു കരുവും. മാപ്പ്, സഖാവേ മാപ്പ്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: K r gouri ammas exit from cpm

The moderation of comments is automated and not cleared manually by malayalam.indianexpress.com