scorecardresearch

ഫാസിസത്തിന്റെ ആവര്‍ത്തനവും സ്വാഭാവികവല്‍കരണവും: പൊതു സംവാദങ്ങളിൽ കാണാനാകാത്തത്

അധികാരത്തിലിരിക്കുന്നവര്‍ക്ക് അവര്‍ പറയുന്ന കാര്യം പല രീതിയില്‍ പറയുമ്പോൾ അധികാരവും മൂലധനവും കുറഞ്ഞവര്‍ക്ക് അതിന് സാധ്യമാകില്ല

ഫാസിസത്തിന്റെ ആവര്‍ത്തനവും സ്വാഭാവികവല്‍കരണവും: പൊതു സംവാദങ്ങളിൽ കാണാനാകാത്തത്

പശു രാഷ്ട്രീയത്തെക്കുറിചുള്ള പുതിയ ചര്‍ച്ചകളെ കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനം ഒരിക്കല്‍കൂടി സാധ്യമാക്കിയിരിക്കുന്നു. പശു രാഷ്ട്രീയം വിശദമായി തന്നെ ചര്‍ച്ച ചെയ്യുന്ന അനേകം പഠനങ്ങള്‍ ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമാണ്. അതുന്നയിക്കുന്ന ആശയ പ്രപഞ്ചം മതം, തത്വചിന്ത, നിയമം, ചരിത്രം തുടങ്ങിയ മേഖകളിലെ ഗഹനമായ ആശയ ഭിന്നതകളെ മറനീക്കി   നമ്മുടെ ജനാധിപത്യ അനുഭവത്തെ കൂടുതല്‍ വികസിപ്പിച്ചിരിക്കുന്നു. പഴശിയുടെ കാലത്തെ മലയാള നാട്ടിലെ പശു രാഷ്ട്രീയത്തെക്കുറിച്ച് ഗവേഷകനായ അരുണ്‍ എ നടത്തിയ പഠനം മുതല്‍ കന്നുകാലികളുടെ മാംസ നിരോധനത്തെ ദളിത്‌ ബഹുജന്‍ സമൂഹങ്ങള്‍ക്ക് മേലെയുള്ള സാംസ്കാരിക അധിനിവേശമായി കാണുന്ന കാഞ്ച ഐലയ്യ അടക്കമുള്ളവരുടെ അന്വേഷണങ്ങളും ഇതിലുള്‍പ്പെടുന്നു. വിവിധ ആശയധാരകളുടെ ഭാഗമായി അംബേദ്‌കര്‍, ഡി എന്‍.ഝാ തുടങ്ങി ലിബറല്‍, മുസ്‌ലിം, ഇടതുപക്ഷ, ഗാന്ധിയന്‍, അംബേദ്‌കറിസ്റ്റ് വീക്ഷണകോണില്‍ നിന്നുള്ള ധാരാളം പഠനങ്ങള്‍ പ്രസിധീകരിക്കപെട്ടു. മലയാളത്തിലെ ഒട്ടു മിക്ക പ്രസിദ്ധീകരണാലയങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ പുറത്തിറക്കി. എന്തിനധികം പറയുന്നു, ഇടതുപക്ഷ ബീഫ് ഫെസ്റ്റിവലില്‍ നിന്ന് ദലിത് ബഹുജന്‍ ബീഫ് ഫെസ്റ്റിവല്‍ എങ്ങിനെ വ്യത്യസ്തമാവുന്നുവെന്ന പ്രശ്നത്തെക്കുറിച്ച് സൂക്ഷ്മ സംവാദങ്ങള്‍ തുടരുന്നു.

ബീഫ് നിരോധനം കേവല അര്‍ത്ഥത്തില്‍ ഭക്ഷണ നിരോധനം അല്ലെന്നും അത് മുസ്‌ലിം അപരനെ മുന്‍നിറുത്തി ദളിത്‌ ബഹുജന്‍ സമുദായങ്ങളുടെ മേലെ നടത്തുന്ന ഹിന്ദു ആന്തരിക കൊളോണിയലിസത്തിന്റെ യുക്തിയുടെ ഭാഗമാണെന്നും അതല്ല ബീഫ് രാഷ്ട്രീയം മാംസവിപണന മേഖലയിലെ കോര്‍പറേറ്റ് കടന്നുകയറ്റത്തിനു വഴിയോരുക്കാനാണെന്നും വാദിക്കുന്ന സൂക്ഷ്മ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായുണ്ട്. പലപ്പോഴും തോന്നിയിട്ടുള്ള കാര്യം ബീഫിനെക്കുറിച്ച് സംഘപരിവാര്‍ രാഷ്ട്രീയം നടത്തുന്ന പ്രചാരണ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന പഠനങ്ങളുടെ അഭാവമോ അതിന്റെ പ്രചാരമോ മാത്രമല്ല ( മാത്രമല്ല എന്ന വാക്ക് അടിവരയിട്ടു വായിക്കണം എന്നപേക്ഷ) ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രതിസന്ധിയെന്നാണ്. പുതിയ കാലത്ത് സവര്‍ണ ഫാസിസം ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഘടകങ്ങള്‍ക് മേലെ ഉണ്ടാക്കിയ ആഘാതങ്ങള്‍ മറ്റൊരു രീതിയില്‍കൂടി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

joseph goebbels, k ashraf,fascism
ജോസഫ് ഗീബൽസ്

2015 -ല്‍ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ്‌ ആഖ്‌ലാഖിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ആള്‍കൂട്ടം അടിച്ചുകൊന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയിലാകമാനം ഉണ്ടായ രാഷ്ട്രീയ രോഷങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവാര്‍ഡ് വാപ്‌സി അടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് ലിബറല്‍ എഴുത്തുകാര്‍ നേതൃത്വം കൊടുത്തു. പക്ഷെ ഈ പ്രതിഷേധ രാഷ്ട്രീയ രോഷത്തിന്റെ തുടര്‍ച്ച പിന്നീട് നടന്ന അനേകം ഗോരക്ഷക സൈന്യത്തിന്റെ അക്രമത്തെക്കുറിച്ച് ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? കഴിഞ്ഞ മാസം ഏപ്രിലില്‍ രാജസ്ഥാനിലെ ആല്‍വാറില്‍ പെഹ്ലുഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ പൊതുരോഷം അഖ്‌ലാഖിനെ കൊന്ന സമയത്തെ പ്രക്ഷോഭങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. സംഘപരിവാറിന്റെ നിഴല്‍ സേനകള്‍ നടത്തുന്ന ഈ ദൈനംദിന ഹിംസകള്‍ക്ക് പുതിയ സാമൂഹിക പ്രശ്നം എന്ന നിലയില്‍ നിന്ന് മാറി സാമൂഹിക ജീവിതത്തിന്റെ മേഖലയില്‍ നടക്കുന്ന സ്വാഭാവിക വികാസം എന്ന രീതിയില്‍ മാറ്റം സംഭവിക്കുന്നു. ഫാസിസ്റ്റ്‌ ഹിംസകളുടെ ഈ സ്വാഭാവികവല്കരണം (naturalisation) എന്നത് അങ്ങേയറ്റം ഗൗരവമേറിയ പ്രശ്നമാണ്. ഫാസിസ്റ്റ്‌ ഹിംസകളെ സ്വാഭാവികമാക്കി തീര്‍ക്കുന്ന നിരവധി ഘടകങ്ങള്‍ സാമൂഹിക ജീവിതത്തിനുമേലെ കഴിഞ്ഞ വര്‍ഷങ്ങളില്‍ വികസിച്ചു വന്നിട്ടുണ്ട്. പലപ്പോഴും ഇപ്പോഴത്തെ ഫാസിസ്റ്റ്‌ വിരുദ്ധ ചര്‍ച്ചകള്‍ സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ്‌ സ്വാഭാവികവല്‍കരണത്തിന്റെ പ്രക്രിയയെ എത്രത്തോളം അഭിമുഖീകരിക്കുന്നുണ്ട് ? കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ അതിന്റെയുള്ളിലെ സൂക്ഷ്മ ഘടകങ്ങളും പുതുമയും നഷ്ടപ്പെട്ടുപോവുന്നുവെന്നാണ് പലരും ഇതിനു മറുപടി പറയാറുള്ളത്.  മാത്രമല്ല മുദ്രാവാക്യ സമാനമായ സാമൂഹിക വിശകലനങ്ങളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യം അതുണ്ടാക്കുന്നുവെന്നാണ്. പറയുന്ന കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കാന്‍ അത് നിര്‍ബന്ധിതമാക്കുന്നു. ഇതൊക്കെ സ്വാഭാവികമല്ലേ എന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിചേരുന്നു. ഇത് സാമൂഹിക ചിന്തയെ പ്രത്യേക രീതിയില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് അനുകൂലമായി ചിട്ടപ്പെടുത്തുന്നുണ്ട്.

Quentin Tarantino, film maker, anarchist
ക്വന്റെന്‍ ടാരന്റിനോ

ഫാസിസം ഒരു കാര്യം തന്നെ നിരന്തരം ആവര്‍ത്തിക്കുന്നു. ഉദാഹരണമായി ലവ് ജിഹാദ് പോലെയുള്ള നുണ ആയിരം തവണ ആവര്‍ത്തിച്ചു സത്യമാക്കുന്ന മാധ്യമ പ്രചാരവേല ലക്ഷണമൊത്ത ഫാസിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഫാസിസ്റ്റ് പ്രചാരവേലയെക്കുറിച്ചുള്ള പഠനങ്ങളില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രിയായിരുന്ന (Minister of Propaganda) ജോസഫ് ഗീബൽസിന്റെ കഥയൊക്കെ എല്ലാവരും കേട്ടതാണ്. പതിവു വിവരണത്തില്‍ നിന്ന് വ്യത്യസ്തമായി ഗിബൽസിനെ ചരിത്രപരമായി വായിച്ചത് അമേരിക്കന്‍ സിനിമ സംവിധായകനായ ക്വന്റെന്‍ ടാരന്റിനോ (Quentin Tarantino)യാണെന്ന് തോന്നുന്നു. ഗീബൽസിനെ പാരീസിലെ ഒരു സിനിമ കൊട്ടകയില്‍ തന്നെ വെച്ചു കത്തിച്ചു കളഞ്ഞാണ് 2009-ല്‍ പുറത്തിറങ്ങിയ Inglourious Basterds എന്ന സിനിമ ടാരന്റിനോ അവസാനിപ്പിക്കുന്നത്. മറ്റൊരു ഹോളോകാസ്റ്റ് വിരുദ്ധ സിനിമയായല്ല Inglourious Basterds കാണേണ്ടത്. ഗീബൽസ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന പ്രശ്നത്തെക്കുറിച്ച് ആലോചിക്കുന്ന സിനിമയായിട്ടു വേണം ടാരന്റിനോയുടെ ഈ ചിത്രത്തെ വായിക്കേണ്ടത് . അതിനു ശേഷം രണ്ടാം ലോകയുദ്ധത്തിനു ശേഷം വികസിച്ച ലിബറല്‍ ജനാധിപത്യത്തിന്റെയുള്ളില്‍ ഫാസിസത്തിനൊരു മുറിയുണ്ട് എന്നാണ് അനാർക്കിസ്റ്റ് സംവിധായകൻ എന്ന വിശേഷണമുള്ള ടാരന്റിനോ പറയാന്‍ ശ്രമിച്ചത്. ഫാസിസ്റ്റ്‌ വിമര്‍ശനത്തെ സമകാലീനമാക്കാനുള്ള സന്നദ്ധതയാണ് ഗീബൽസിനെ കൊന്നുകളയുന്നതിലൂടെ ടാരന്റിനോ സാധ്യമാക്കുന്നത്. എന്നാല്‍ ഫാസിസ്റ്റ് വിമര്‍ശനത്തെ സമകാലീനമാക്കാനുള്ള സന്നദ്ധത എത്രത്തോളം ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കാണുന്നുണ്ട്?

ഫാഷിസം തങ്ങളുടെ അധികാര പ്രയോഗത്തിന്റെ മേഖലയില്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള പ്രചാരവേലകള്‍ എന്ന പ്രശ്നത്തെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും തർക്കമില്ല. പൊതു ചര്‍ച്ചകളിലും മാധ്യമങ്ങളിലും നുണകള്‍ കൊണ്ടുവരാനും അത് നിരന്തരം യാതൊരു ലജ്ജയുമില്ലാതെ പ്രചരിപ്പിക്കാനും ഫാസിസ്റ്റ് ശക്തിക്കാകുന്നുണ്ട്. യാതൊരു മടുപ്പും ക്ഷീണവും ഫാസിസത്തെ അലട്ടുന്നതായി കാണുന്നില്ല. ഫാസിസത്തിന്റെ ഈ ആവര്‍ത്തന അധികാരം പ്രത്യേകമായ ഒരു തിരഞ്ഞെടുപ്പായി വികസിപ്പിച്ചുകൊണ്ടുവരുന്നതാണ്. ഉദാഹരണത്തിന് കഴിഞ്ഞ മാസം നടന്ന മുസ്ലിം സ്ത്രീയെക്കുറിച്ചും മുത്തലാഖിനെക്കുറിച്ചുമുള്ള ചര്‍ച്ചയില്‍ നിന്ന് ഇപ്പോള്‍ ബീഫ് നിരോധനത്തിലേയ്ക്കും അതില്‍ നിന്ന് ബാബറി മസ്‌ജിദിലേയ്ക്കും അങ്ങിനെ പൊതുചര്‍ച്ചകളുടെ അജണ്ടകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങിനെയുള്ള പ്രചാരണത്തിന്റെ സമയവും സ്ഥലവും ഫാസിസ്റ്റുകള്‍ തന്നെ തീരുമാനിക്കുന്നു. സ്വന്തം പ്രചാരവേലയ്ക്കു മേലെ ഉണ്ടായ സംഭവ വികാസങ്ങളുടെ കര്‍ത്താക്കളായി വാഴാന്‍ ഫാസിസ്റ്റ്‌ ശക്തികള്‍ക്ക് നന്നായി സാധിക്കുകയും ചെയ്യുന്നു.

ashraf, beef, love jihad,

എന്നാല്‍, പലപ്പോഴും കീഴാള സമൂഹങ്ങളുടെ ഭാഗമാവുന്നവര്‍ അനുഭവിക്കുന്ന പ്രശ്നം, ആവര്‍ത്തനത്തിന്റെ തന്നെ മേഖലയില്‍ ഉള്ളതാണ്. അവര്‍ കാണുന്നത് തങ്ങളുടെ പ്രശ്നങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചു വരുന്നുവെന്നാണ്. അവരുടെ മേലെ, അവരുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമല്ലാത്ത കാര്യങ്ങള്‍, അടിച്ചേല്‍പ്പിക്കപ്പെടുന്നു. അതിനോട് നിരന്തരം പ്രതികരിക്കാന്‍ അവര്‍ നിര്‍ബന്ധിതമാകുന്നു. തങ്ങള്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ക്ക് പുതിയ വിശദീകരണങ്ങള്‍ എല്ലായ്പ്പോഴും ലഭ്യമാകുന്നില്ല. പഴയ കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാകുന്നു. അധികാരമുള്ളവരുടെ ഓര്‍മകളെ മാത്രമല്ല, തങ്ങളുടെ തന്നെ ഓര്‍മകളെ ഉണര്‍ത്താന്‍ അവര്‍ പാടുപെടുന്നു. മടുപ്പിക്കുന്ന, തോല്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അസംതൃപ്തി സ്വയം വന്നുമൂടുന്നു.

അധികാരത്തിലിരിക്കുന്നവര്‍ക്ക് അവര്‍ പറയുന്ന കാര്യം പല രീതിയില്‍ വ്യത്യസ്തമായി പറയാന്‍ കഴിയുന്നു. എന്നാൽ, അധികാരവും മൂലധനവും കുറഞ്ഞവര്‍ക്ക് അത് സാധ്യമാകാതെ വരുന്നുണ്ട്. ഏകതാനമായ വര്‍ത്ത‍മാനമായി അവരുടെ പ്രതികരണങ്ങള്‍ ചുരുക്കപ്പെടുന്നു. തങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രതികരണങ്ങള്‍ സ്വന്തം തിരഞ്ഞെടുപ്പിന്റെയോ സാമൂഹികമായ സമയത്തിന്റെയോ ഉള്ളില്‍ നിന്നല്ല അവര്‍ നടത്തുന്നത്. അവരുടെ തിരഞ്ഞെടുപ്പുകളും ആലോചനകളും എപ്പോഴും പ്രതികരണ സ്വഭാവത്തിലേക്ക് മാത്രം മാറുന്നു. ഫാസിസ്റ്റ്‌ ഹിംസക്ക് വിധേയമാകുന്ന സമൂഹങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് സ്വയം ലഭ്യമായ, അവരുടെ സമയവും ഇടവും ലഭ്യമായ, ആവര്‍ത്തനത്തിന്റെ പരിധികള്‍ എത്രയോ ചെറുതാണ്.

sara ahamad, facism, sangparivar,
സാറ അഹമ്മദ്

ഫാസിസം സാമൂഹത്തിന്റെ ആലോചനയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രത്യക്ഷമായ അതിന്റെ കാരണങ്ങളോളം തന്നെ വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഫാസിസ്റ്റ് അധികാരത്തിന്റെ ആവിഷ്കാരമായി ആവര്‍ത്തനത്തെ കാണാന്‍ സാധിക്കേണ്ടതുണ്ട്‌. ആവര്‍ത്തനത്തെ മേല്‍കോയ്മ അധികാരത്തിന്റെ തുടര്‍ച്ചയായി തിരിച്ചറിയണം എന്നാണ് സാറ അഹമ്മദിനെപ്പോലുള്ള (Living a Feminist Life, Duke University Press, 2017) പല കീഴാള ഫെമിനിസ്റ്റ് ചിന്തകരും കരുതുന്നത്. കീഴാള സമൂഹങ്ങളുടെ മേലെ ആവര്‍ത്തിച്ചു ഒരു പൊതുചര്‍ച്ച വരുന്നതിന്റെ ക്രമവും രീതികളും പഠിക്കാനും കീഴാളരെ ഒരു വിവാദ വസ്തു എന്ന നിലയ്ക്ക് ചുരുക്കുന്ന ഘടനാപരമായ രാഷ്ട്രീയത്തിന്റെ പ്രശ്നങ്ങളെ തിരിച്ചറിയാൻ സാറ അഹമ്മദ് ആഹ്വാനം ചെയ്യുന്നു. ഈ അര്‍ത്ഥത്തില്‍ ഫാസിസ്റ്റ് അധികാരത്തിന്റെ സ്വാഭാവികവല്‍കരണത്തെ ലംഘിക്കുന്ന, അതിന്റെ ആവര്‍ത്തന സ്വഭാവത്തെ ഘടനാപരമായി തിരിച്ചറിയുന്ന, ഇടപെടലുകള്‍ നിരന്തരം ഉണ്ടാവേണ്ടതുണ്ട്. ഫാസിസം സാമൂഹിക ചിന്തയില്‍ നടത്തുന്ന ഈ ഇടപെടലുകള്‍ ഫാസിസം നടത്തുന്ന പ്രത്യക്ഷമായ കടന്നാക്രമണങ്ങള്‍ പോലെ തന്നെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

 

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗ് സർവകലാശാലയിൽ റിലീജ്യൻ സ്റ്റഡീസ് വിഭാഗത്തിലെ ഗവേഷകനാണ് ലേഖകൻ 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: K ashraf on how fascism continues to set agendas and dominate public discourse