scorecardresearch
Latest News

തോറ്റ് പിന്മടങ്ങിയത് ആ ദലിത് വിദ്യാർഥി മാത്രമല്ല, നമ്മളും കൂടെയാണ്

ജെ എന്‍ യുവിലെ നെഹ്‌റു പ്രതിമയുടെ കാൽക്കലിരുന്ന്, ‘എനിക്കിങ്ങോട്ട് വരാനും നെഹ്രുവിയന്‍ ദര്‍ശനങ്ങള്‍ നിറവേറ്റുവാനുമുള്ള ഒരവസരം തരൂ’ എന്ന് ഫേസ് ബുക്കിലെഴുതിയ ഹൃദയഭേദകമായ വാക്കുകള്‍ കാലാകാലത്തേക്ക് നമ്മുടെ ഉറക്കം കെടുത്തും… ആത്മഹത്യ ചെയ്ത ജെ എൻ​യു വിലെ ചരിത്രവിഭാഗം ഗവേഷകനായിരുന്ന ദലിത് വിദ്യാർത്ഥിയെ കുറിച്ച് അധ്യാപികയായ ലേഖിക എഴുതുന്നു

rajini krish

ഒരു ജീവന്‍ അകാരണമായി നഷ്ടമാകുന്നത്, അതാരുടേതാണെങ്കിലും, സങ്കടകരമായ കാര്യം തന്നെ. അതൊരു ചെറുപ്പക്കാരനാവുമ്പോള്‍, ജീവിതം അയാള്‍ക്ക്‌ മുന്നില്‍ തുറന്ന് വച്ചേക്കാവുന്ന സാധ്യതകളോര്‍ക്കുമ്പോള്‍, അച്ഛനമ്മമാരുടെ ദുഃഖം കാണുമ്പോള്‍ – ആ സങ്കടം ഏറിയേറി വരും.

ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാല ഒരു ദുരന്തത്തിനു കൂടി സാക്ഷിയായി. പോയത് ഒരു ഗവേഷണ വിദ്യാര്‍ഥി. പോരായ്മകളെ – മറ്റുവള്ളവര്‍ ആരോപിച്ചതും സ്വയം തിരിച്ചറിഞ്ഞതുമായവയെ – അതിജീവിച്ച് ഇവിടെ എത്തിയവന്‍. വിവേചനത്തിന്‍റെ കഷ്ട വഴികള്‍ താണ്ടിയവന്‍. അവകാശലംഘനങ്ങളെ അതിജീവിക്കാന്‍ ശ്രമിച്ചവന്‍.

മുന്നോട്ടു മാത്രം പോകാന്‍ സാധ്യതയുള്ള ഒരു യാത്രയ്ക്കാണ് അവന്‍ വിരാമമിട്ടത്. അതുകൊണ്ടാണത് താങ്ങാന്‍ വയ്യാത്ത ദുഃഖവും ദുരന്തവുമാകുന്നത്.

പഠിക്കാനാഗ്രഹമുള്ള കുട്ടിയായിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു സർവകലാശാലകളില്‍ ഉപരിപഠനത്തിനെത്തി – എല്ലുമുറിയെ പണിയെടുത്ത്, ഉറുമ്പ് സ്വരുക്കൂട്ടുന്നത് പോലെ കൂട്ടിവച്ച ഇത്തിരി പണവുമായി. സചേതനമായ മനസ്സും വ്യക്തമായ രാഷ്ട്രീയവുമുണ്ടായിരുന്നു.

jnu, student

ജെഎന്‍യുവിലെ നെഹ്‌റു പ്രതിമയുടെ കാൽക്കലിരുന്ന്, ‘എനിക്കിങ്ങോട്ട് വരാനും നെഹ്രുവിയന്‍ ദര്‍ശനങ്ങള്‍ നിറവേറ്റുവാനുമുള്ള ഒരവസരം തരൂ’ എന്ന് ഫെയ്സ്ബുക്കിലെഴുതിയ ഹൃദയഭേദകമായ വാക്കുകള്‍ കാലാകാലത്തേക്ക് നമ്മുടെ ഉറക്കം കെടുത്തും. കോഴ്സ് പ്രവേശനത്തിനായുളള അഭിമുഖത്തെ (അഡ്മിഷന്‍ ഇന്റര്‍വ്യൂ) കുറിച്ച് പറഞ്ഞ വാക്കുകള്‍ നമ്മുടെ അനാര്‍ദ്രതയുടെയും നിർവികാരതയുടെയും നേര്‍രേഖായി നിലനില്‍ക്കും.

ജെഎൻയുവിൽ പ്രവേശനം നേടാനുളള പലതവണ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് സ്വയം പ്രതിന്യായം പറയുന്ന മനസ്സുള്ള ഒരാള്‍. ജെഎന്‍യു അനുഭവങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തി അടയാളപ്പെടുത്താന്‍ കെല്‍പ്പുള്ള, അവയിലെ വൈരുധ്യങ്ങള്‍ക്ക് സാമൂഹ്യ – മാനസിക തലങ്ങള്‍ ഉണ്ടെന്നു തിരിച്ചറിയുന്ന, കാര്യങ്ങളെ ചേര്‍ത്ത് വായിക്കുകയും, വിശകലനം ചെയ്യുകയും, അതിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യാനുള്ള കഴിവുള്ളയാള്‍. സൈദ്ധാന്തികയുടെയും പാണ്ഡിത്യത്തിന്‍റെയും തുടക്കമാണത്, അതിൽ ഒരു അക്കാദമിക്കിന് ആവശ്യമായ  ഗുണവിശേഷങ്ങൾ ഉൾച്ചേർന്നിരിക്കുന്നു.

മാതൃകാപരമായ ഒരു വിജയകഥയാവേണ്ടതായിരുന്നു, പകരം  മറ്റൊരു ദുരന്തമായി. വിഭാഗീയമായ ഉൾക്കൊളളലിലേയ്ക്കാണ് (‘inclusiveness’) നമ്മളിപ്പോള്‍ എത്തിയിരിക്കുന്നത്. അവിടെ നിന്നും നമ്മുടെ കലാലയങ്ങളിലെക്കും, വിശാല സാമൂഹ്യ ലോകത്തേക്കും എത്താന്‍ ഇനിയെത്ര കാലമെടുക്കും?

സമത്വം നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നിഷേധിക്കപ്പെടുന്നു എന്നാണ്. വാഗ്‌ദാനങ്ങളേറെ ഉണ്ടായിരുന്ന ഒരു ജീവിതം പകുതിയില്‍ നിലയ്ക്കുമ്പോള്‍ തോറ്റ് പിന്മടങ്ങുന്നത് അയാള്‍ മാത്രമല്ല. വ്യക്തികളായും രാഷ്ട്രീയ പ്രസ്ഥാനങ്ങളായും സർവകലാശാലയായും, സ്ഥാപനമായുമൊക്കെ നില കൊള്ളുന്ന നമ്മളും കൂടെയാണ്.

കൂട്ടായ പരാജയമാണിത്. അതുകൊണ്ട് പതിന്മടങ്ങ്‌ വേദനിക്കും. ഇനിയെങ്കിലും ആത്മാവലോകനത്തിന് മുതിര്‍ന്നില്ലെങ്കില്‍, തെറ്റുകള്‍ തിരുത്തപ്പെട്ടില്ലെങ്കില്‍, ഇനിയും കാണേണ്ടി വരും ഇത് പോലുള്ള ദുരന്തങ്ങള്‍.

സ്വയം വെളിപ്പെടുത്താന്‍, കാലത്തിന്‍റെ മാപ്പ് സാക്ഷിയാവാന്‍ കാത്തിരിക്കുന്ന വേദനിക്കുന്ന ഹൃദയങ്ങള്‍ ഇനിയുമേറെയുണ്ടാവും എന്ന തിരിച്ചറിവില്‍ നടുങ്ങുന്നുണ്ട് മനസ്സ്. RIP Muthukrishnan

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ പ്രൊഫസറാണ് ലേഖിക

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Jnu academic community need to introspect on research scholar muthu krishnan suicide rajini krish mahalakshmi ramakrishnan