ഫാ.റോബിന്‍ വടക്കുംചേരിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ലൈംഗിക അതിക്രമം കേരളസഭയില്‍ ചില വിചിന്തനങ്ങള്‍ക്ക് വഴിതുറക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല എന്ന് അടുത്തകാലത്ത് ഉണ്ടായ മറ്റു പല സമാനമായ സംഭവങ്ങളും സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഫാ.റോബിന്‍ എന്ന ഒറ്റപ്പെട്ട ഒരു വ്യക്തിയല്ല ഇവിടെ വിചിന്തവിഷയമാക്കുന്നത്, ‘ക്രിസ്തീയ പൌരോഹിത്യം, ബ്രഹ്മചര്യം, നേതൃത്വ അപചയം’ എന്ന വിശാലമായ ഒരു വിഷയമാണ്.

മാനസികരോഗികളും ക്രിമിനല്‍ വാസനക്കാരും

ബാംഗ്ലൂര്‍ സെന്റ്‌ പീറ്റേഴ്സ് സെമിനാരിയില്‍ റെക്ടര്‍ കൊല ചെയ്യപ്പെട്ട സംഭവം തന്നെ പറയുന്നത് പൗരോഹിത്യത്തില്‍ ക്രിമിനല്‍ മനസ്സുള്ളവര്‍ കടന്നുകൂടിയിട്ടുണ്ട് എന്നാണ്. വെറും ഒരു മതരാഷ്ട്രീയ കൊലപാതകം എന്നതിനപ്പുറം ക്രൂരമായ പകപോക്കലായിരുന്നു കെ.ജെ.തോമസ്‌ എന്ന ആദരണീയനായ വൈദികന്റെ കൊലപാതകം.

“ക്രൂരയായിരുന്നു ആ കന്യാസ്ത്രീ” എന്ന തലക്കെട്ടില്‍ എലിസബത്ത് വട്ടക്കുന്നേല്‍ കണ്ണൂർ നീണ്ടുനോക്കി മഠത്തില്‍ സിസ്റ്റര്‍ ലൂസി എന്ന കന്യാസ്ത്രീയുടെ പീഡനകഥ പറയുന്നു. എലിസബത്ത് വിവരിക്കുന്നത് പോലുള്ള ക്രൂരപീഡനങ്ങള്‍ പല കുട്ടികളുടെമേലും നടത്തണമെങ്കില്‍ സിസ്റ്റര്‍ ലൂസി ഒരു സാഡിസ്റ്റ് ആയിരിക്കണം.

Read More: ‘അടിവസ്ത്രം മാത്രം ധരിപ്പിച്ച് എണ്ണ തേച്ച് മിനുക്കിയ ചൂരല്‍ കൊണ്ട് അടിച്ചു’; കന്യാസ്ത്രീ മഠത്തിലെ ‘ഇടിമുറി’യെ കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

തലശ്ശേരിയിലെ സെമിനാരി റെക്ടര്‍ ആയിരുന്ന ഫാ.ജെയിംസ്‌ തെക്കേമുറി സ്വന്തം ശിക്ഷണത്തില്‍ ആയിരുന്ന വൈദികവിദ്യാര്‍ഥിയെ കത്തിമുനയില്‍ നിര്‍ത്തി വരെ ലൈംഗികമായി ചൂഷണം ചെയ്ത രീതി ശരിക്കും ക്രിമിനല്‍ സ്വഭാവം ഉള്ളതാണ്.

അഭയാകേസില്‍ സഭയുടെ പങ്കാളിത്തം തെളിയിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് സഭ തെറ്റിന്റെ പക്ഷത്ത് എന്ന് ആര്‍ക്കും തീര്‍പ്പ് പറയാന്‍ ആവില്ല. എന്നാല്‍ കേസിനോട് സഹകരിക്കുന്ന കാര്യത്തില്‍ സഭ എത്ര ഉത്സാഹം കാട്ടിയെന്ന് ഇന്നും പൊതുജനം സംശയിക്കുന്നു. ആ സംശയം തന്നെ സഭയെ തെറ്റിന്റെ നിഴലില്‍ നിര്‍ത്തുന്നു.

jijo kurian

ചിത്രം: വിഷ്ണു റാം

വൈദികര്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ അവിടിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ പലത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകഴിഞ്ഞു. ഫാ.റോബിന്‍റെ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുകയും പണം കൊടുത്ത് കുട്ടിയുടെ സ്വന്തം പിതാവില്‍ തന്നെ ആ കുറ്റം കെട്ടിയേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് അറിയാന്‍ കഴിയുന്നത്‌.

Read More: വൈദികൻ പ്രതിയായ പീഡനകേസ്: കുറ്റാരോപിതരെ സംരക്ഷിക്കില്ലെന്ന് കെസിബിസി

പറഞ്ഞുവരുന്നത് വൈദിക-സന്യാസ പരിശീലനകാലങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരെ, മാനസികപ്രശ്ങ്ങള്‍ ഉള്ളവരെ, അരിച്ചുമാറ്റാന്‍ പര്യപ്തമായ സ്ക്രീനിംഗ് ഉപാദികളൊന്നും ഇപ്പോഴും വൈദിക-സന്യാസ പരിശീലന ഇടങ്ങള്‍ക്ക് ഇല്ലായെന്നതിന്റെ തെളിവാണിവയെല്ലാം.

അധികാരികളുടെ “നല്ല പുസ്തകത്തി”ല്‍ (Good Books) ഇടം പിടിക്കുക എന്നതാണ് ഇപ്പോഴും നിലനില്‍ക്കുന്ന അടിസ്ഥാന പ്രൊമോഷന്‍ മാനദണ്ഡം. വേണ്ടരീതിയിലുള്ള മന:ശാസ്ത്ര-സാമൂഹ്യ പഠനം നടത്തിയ പരിശീലകരും നന്നേ കുറവ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പരോഹിത്യത്തില്‍ എത്തുവരില്‍ നല്ലൊരു ശതമാനത്തേയും അവിടെ എത്തിക്കുന്നത് സാമൂഹ്യ-സാമ്പത്തിക-മനശാസ്ത്ര കാരണങ്ങളാണെന്ന് പാശ്ചാത്യസമൂഹം പറയുന്നു.

പ്രാര്‍ത്ഥിക്കുക, ശാന്തസ്വഭാവം ഉണ്ടായിരിക്കുക എന്നതിന് അപ്പുറം പ്രാര്‍ത്ഥന-ശാന്തത എന്ന ബാഹ്യാവരണങ്ങള്‍ക്കുള്ളില്‍ അടിഞ്ഞുകൂടിയ വ്യതിത്വത്തിന്‍റെ വൈകല്യത്തെ തിരിച്ചറിയാന്‍ പല പരിശീലകര്‍ക്കും ആകുന്നില്ല.

ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നും സഭ ഇനിയും വേണ്ടവിധം മനസ്സിലാക്കിയിട്ടുമില്ല. ‘ദൈവീകരഹസ്യം’ പറഞ്ഞുപറഞ്ഞ് സഭക്കുള്ളില്‍ എല്ലാം രഹസ്യമാകുന്ന രീതി ഉടലെടുക്കുന്നു. ഫാ.റോബിന്‍ കേസില്‍ തന്നെ അജ്ഞാതകോളില്‍ നിന്ന് ‘രഹസ്യം’ പോലീസില്‍ എത്തുന്നതിന് ഏറെ മുന്‍പ് തന്നെ കാര്യങ്ങള്‍ നിയമവഴിയില്‍ സഭയില്‍ ഉണ്ടായിരിരുന്ന പലര്‍ക്കും കഴിയുമായിരുന്നു എന്ന് സാഹചര്യതെളിവുകള്‍ സൂചിപ്പിക്കുന്നു.

Read More: വൈദികൻ പ്രതിയായ പീഡനക്കേസ്: പണം നൽകി കേസ് ഒതുക്കാൻ ശ്രമമുണ്ടായതായി പൊലീസ്

എന്നാല്‍ വേണ്ടപ്പെട്ടവര്‍ ഒക്കെ കാര്യങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചത്‌. സുതാര്യതയാണ് ആത്മീയത. എല്ലാം ‘ഒതുക്കിത്തീര്‍ക്കുന്ന’ നിലപാടുകള്‍ ഇന്നുംഇന്നലേയും തുടങ്ങിയതല്ല. ‘ഒതുക്കിതീര്‍ക്കാന്‍’ വിശ്വാസികളും കൂട്ടുനില്‍ക്കുന്നു. ന്യായങ്ങള്‍ ഇത്രമാത്രം- ‘അച്ചന്റെ പേര് കളയണ്ടാ, വൈദീകരെ വേദനിപ്പിച്ചാല്‍ ദൈവശിക്ഷ, പുരോഹിതന്‍റെ ശാപം….’ ക്രിമിനല്‍ കേസുകള്‍ സഭയ്ക്കുള്ളില്‍ നടപടിയെടുത്ത് തീര്‍ക്കേണ്ടതല്ല, അറിഞ്ഞാല്‍ ഉടന്‍ നിയമത്തിന് മുന്‍പില്‍ എത്തിക്കാനുള്ള ധാര്‍മ്മികബാധ്യത കൂടി സഭാനേത്രുത്വത്തിനും വിശ്വാസികള്‍ക്കും ഒരേപോലെയുണ്ട്.

വര്‍ദ്ധിക്കുന്ന “ദൈവവിളികള്‍”: തിരിച്ചറിയപ്പെടാതെ പോകുന്ന അപകടസൂചനകള്‍

വീടുകളില്‍ രണ്ടുകുട്ടികള്‍ മാത്രമാവുകയും കുട്ടികള്‍ക്ക് കൂടുതല്‍ നല്ല വിദ്യാഭ്യാസം കിട്ടി ആധുനിക ലോകത്തിലേയ്ക്ക് പോകുകയും ചെയ്യുമ്പോള്‍ പൗരോഹിത്യത്തിലേയ്ക്കുള്ള ദൈവവിളിയില്‍ കാര്യമായ കുറവ് യൂറോപ്പിലെപോലെ ഇവിടെയും സംഭവിക്കും എന്നാണ് നമ്മള്‍ കരുതിയത്‌. പക്ഷേ, കാര്യങ്ങള്‍ നേരെ മറിച്ചായി. ഇവിടെ പുരോഹിതരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷത്തില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടി വര്‍ദ്ധിച്ചു. മിഷന്‍പ്രവര്‍ത്തനത്തിന് പോകാന്‍ തയ്യാറല്ലാത്തപക്ഷം കേരളസഭ വൈദികരെക്കൊണ്ട് നിറയാന്‍ പോകുന്നു എന്ന് വേണമെങ്കില്‍ പറയാം.

ഇപ്പോഴും സഭ സൃഷ്ടിച്ചിരിക്കുന്ന പൊതുധാരണ വൈദികവൃത്തി എന്നാല്‍ പൂജാരിപ്പണിയും (cultic priest) ഇടനിലക്കാരന്‍ പണിയും (mediator between God and man) സ്ഥാപനനടത്തിപ്പുകാരന്‍ പണിയും (administrator) ആണെന്നാണ്. അത് മാറിയേ മതിയാകൂ. “കേവല പൌരോഹിത്യം” (absolute ordination) എന്നൊന്ന് സഭയില്‍ ഇല്ലെന്നാണ് കാനോന നിയമം അനുശാസിക്കുന്നത്.

സഭാശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ മാത്രം ശുശ്രൂഷാപൌരോഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് സഭയുടെ മുന്‍പാരമ്പര്യം. ഇപ്പോള്‍ ആന്ധ്രയില്‍ ചില രൂപതകള്‍ അവര്‍ക്ക് ആവശ്യത്തിന് കൂടുതല്‍ പുരോഹിതര്‍ ഉള്ളതുകൊണ്ട് പുതിയ വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ “അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ, അനാദിയിലെ തിരഞ്ഞെടുത്തു” എന്നൊക്കെ പട്ടംകൊടുക്കല്‍ കര്‍മ്മത്തില്‍ നിരന്തരം പ്രസംഗിച്ച് പൌരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്യുന്ന ഒരു ജീവിതവിളിയാക്കി മാറ്റി.

ഒപ്പം ധ്യാനകേന്ദ്രങ്ങള്‍ പൗരോഹിത്യത്തിന്റെ മാഹാത്മ്യം സദാ പാടിക്കേള്‍പ്പിച്ച് പുരോഹിതരെ സാധാരണമനുഷ്യരില്‍ നിന്ന് അതിവിദൂരത്തില്‍ ഏതോ ദൈവീകസ്ഥാനത്ത് എത്തിച്ചു. സത്യത്തില്‍, പുരോഹിതന്‍ ജനങ്ങളില്‍ ഒരാള്‍ ആണെന്ന് അയാള്‍ തന്നെ മറന്നുപോയി.

കുടുംബജീവിതം നയിക്കുന്ന ആള്‍ക്കോ, സന്യസ്തര്‍ക്കോ, അവിവാഹിതനായ വിശ്വാസിക്കോ പൗരോഹിത്യം സ്വീകരിക്കാന്‍ സഭയില്‍ വിശ്വാസതടസ്സമൊന്നുമില്ല. അതായിരുന്നു എല്ലാ സഭകളുടേയും ആദ്യകാല പാരമ്പര്യം. എന്നാല്‍ ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാസഭയില്‍ പുരോഹിതര്‍ക്ക് കുടുംബജീവിതം വിലക്കി. ആ നിയമം എപ്പോള്‍ വേണമെങ്കിലും മാറ്റിക്കളയാവുന്നതേയുള്ളൂ. പുരോഹിത്യം മാത്രം ആഗ്രഹിച്ച് വരുന്ന ചെറുപ്പക്കാര്‍ സന്യാസികളെപ്പോലെ ജീവിക്കേണ്ടി വരുമ്പോള്‍ ആണ് അവര്‍ വൈകാരികമായ പ്രതിസന്ധിയില്‍ പെട്ടുപോകുന്നത്. സന്യാസത്തിലേക്ക് ആത്യന്തീക ഉള്‍വിളി സ്വീകരിക്കാത്ത വൈദികര്‍ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടി വരികയാണ് ഇപ്പോള്‍.

അതിര്‍വരമ്പുകള്‍ തെളിക്കേണ്ട സന്യാസവും പൗരോഹിത്യവും

കന്യാസ്ത്രീകള്‍ ആകാന്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഇപ്പോള്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ പോയാല്‍ വരുന്ന 20-30 വര്‍ഷത്തനുള്ളില്‍ കേരളത്തിലെ നല്ലൊരു ശതമാനം മഠങ്ങളും അവര്‍ നടത്തുന്ന സ്ഥാപനങ്ങളും പൂട്ടുകയോ രൂപതകള്‍ക്കോ മറ്റ് പുരുഷ സന്യാസ സമൂഹങ്ങല്‍ക്കോ ഏല്‍പ്പിച്ച് കൊടുക്കുകയോ ചെയ്യേണ്ടിവരും. അത് വലിയ ഭൗതീക ദുരന്തം കൂടി ഉണ്ടാക്കും. അത്രയ്ക്കാണ് രൂപതകളിലും പുരോഹിതരുടെ ഇടയിലും കുമിഞ്ഞുകൂടാന്‍ പോകുന്ന ആസ്തി.

ഇപ്പോഴും കേരളത്തില്‍ പൊതുജനത്തിനോ സഭയ്ക്ക് ഉള്ളില്‍ പോലുമോ വ്യക്തയില്ലാത്ത ഒരു ജീവിതരീതിയാണ് സന്യാസ പൗരോഹിത്യം. വെള്ളയുടുപ്പിട്ട എല്ലാ ‘അച്ചന്മാ’രും ഇടവകഭരിക്കുന്ന പുരോഹിതര്‍ ആണെന്ന് ജനം ചിന്തിക്കുന്നു. സത്യത്തില്‍ അവരില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ സന്യാസജീവിതം നയിക്കേണ്ടവര്‍ ആണ്.

സന്യാസജീവിതം നയിക്കുന്നവര്‍ ആശ്രമബന്ധിയായി ജ്ഞാന-കര്‍മ്മ-ആത്മീയ വഴികളില്‍ ലോക നന്മയ്ക്കായി സേവനം ചെയ്യുന്നു. അവര്‍ക്ക് പള്ളികളിലെ ‘ആരാധനക്രമങ്ങളുടെ നടത്തിപ്പുകാര്‍’ എന്ന നേരിട്ട ബന്ധമൊന്നുമില്ല. അവയില്‍ ചിലര്‍ പുരോഹിതരുടെ കുറവ് ഉണ്ടാകുമ്പോള്‍ പട്ടം സ്വീകരിച്ച് ആ ജോലിയില്‍ കൂടി ഏര്‍പ്പെടുന്നു. എന്നാല്‍ അവര്‍ അവരുടെ പൗരോഹിത്യ സേവനം കൊടുക്കേണ്ടത്. ബിഷപ്പില്‍ നിന്നോ ഇടവകയുടെ നടത്തിപ്പുകാരായ പുരോഹിതരില്‍ നിന്നോ ഇങ്ങോട്ട് ആവശ്യം ഉന്നയിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ്. ഒരു കത്തോലിക്കാ സന്യാസിയാകാന്‍ പുരോഹിതന്‍ ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്ന് അര്‍ത്ഥം. ആദ്യകാലത്ത് സന്യാസജീവിതം നയിക്കുന്നവര്‍ മിക്കവരും പുരോഹിതര്‍ അല്ലായിരുന്നു.

കഷ്ടി 200 വര്‍ഷത്തെ ചരിത്രമേയുള്ളൂ സുറിയാനിസഭകളില്‍ സംഘടിതസന്യാസത്തിന്. അതുകൊണ്ട് തന്നെ അതിന് അതിന്‍റേതായ പ്രശ്നങ്ങളും ഉണ്ട്. ഈ സന്യാസസഭകള്‍ അവയുടെ തുടക്കം മുതല്‍ പൗരോഹിത്യത്തിന് മുന്‍‌തൂക്കം നല്‍കി. കുറേകഴിഞ്ഞപ്പോള്‍ പൗരോഹിത്യവും പുരുഷ സന്യസ്ത ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുപോലും തേഞ്ഞുമാഞ്ഞുപോയി. ഇപ്പോള്‍ സന്യാസ സഭകളിലേയ്ക്ക് പൗരോഹിത്യം ഇല്ലാതെ ജീവിക്കാന്‍ ആരും വരാത്ത അവസ്ഥയായി.

15 ഉം 18ഉം വയസ്സുള്ള കുട്ടികള്‍ കാര്യമായ തിരിച്ചറിവൊന്നുമില്ലാതെ “അച്ചനാകാന്‍” എന്നും പറഞ്ഞ് രൂപതയിലോ സന്യാസസഭകളിലോ വലിയവ്യത്യാസമൊന്നുമില്ലാതെ ചേരും. സത്യത്തില്‍ ഇവര്‍ വരുന്നത് പുരോഹിതന്‍ ആകാന്‍ വേണ്ടി മാത്രമാണ്, സന്യാസം എന്തെന്നൊന്നും പരിശീലനം പൂര്‍ത്തിയായി ക്കഴിയുമ്പോഴും അവരുടെ ജീവിതത്തില്‍ പതിഞ്ഞിട്ടുണ്ടാവില്ല. ‘അച്ചന്‍പണി’യല്ലെങ്കില്‍ വേറൊരു മേഖലയും അവര്‍ക്ക് സന്യാസത്തില്‍ അറിഞ്ഞുകൂടാ.

അനര്‍ഹമായ ആദരവ്

ഇനി ചെയ്യാനാവുന്നത് സന്യാസവും പൗരോഹിത്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ തെളിച്ച് പൗരോഹിത്യം ഒരു ജീവിതശൈലിയല്ല, ശുശ്രൂഷാധര്‍മ്മം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് പുരോഹിതര്‍ക്ക് വിവാഹം ജീവിതം അനുവദിക്കുക എന്നതാണ്. വിവാഹിതനായാല്‍ പൗരോഹിത്യത്തില്‍ എന്തോ കുറവ് സംഭവിക്കും എന്ന രീതിയില്‍ ആണ് ഇപ്പോള്‍ കത്തോലിക്കാ വിശ്വാസികള്‍ അടക്കം ഉള്ളവര്‍ ചിന്തിക്കുന്നത്. അതായത് ബ്രഹ്മചര്യം എന്തോ കൂടുതല്‍ മൂല്യമുള്ള സംഗതി എന്ന ധാരണ മതത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടു. വിശുദ്ധിയെ ലൈംഗികതയും ബ്രഹ്മചര്യവുമായി യുക്തിരഹിതമായി കൂട്ടിക്കെട്ടി.

വിവാഹിതര്‍ അല്ലാതിരിക്കുന്നത് കത്തോലിക്കാപുരോഹിതര്‍ക്ക് ഒരു യാക്കോബായ/ഓര്‍ത്തഡോക്‍സ്‌ പുരോഹിതന് കിട്ടാത്ത ‘അനര്‍ഹമായ ആദരവ്’ നേടിക്കൊടുത്തു. അതാണ്‌ ഇനി മാറ്റപ്പെടേണ്ടത്‌. അതുപോലെതന്നെ പൗരോഹിത്യം ഇല്ലെങ്കിലും സന്യാസം ജീവിക്കാന്‍ താത്പര്യമുള്ളവരെ മാത്രം സന്യാസത്തില്‍ പ്രവേശിപ്പിക്കുക.

ഇപ്പോള്‍ സന്യാസസഭകളില്‍ എത്തുന്ന 95% പേരും വൈദികര്‍ ആകാന്‍ വരുന്നതാണ്, അല്ലാതെ സന്യാസജീവിത ലക്ഷ്യവുമായിവരുന്നവരല്ല. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു. സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളില്‍ ചിലത് നിലനില്‍പ്പിനെപ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യം നില്‍ക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്.

പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. വൈദീകവൃത്തിയ്ക്ക് കിട്ടുന്ന സാമൂഹ്യ അംഗീകാരം അതിന് ഒരു പ്രധാനഘടകമാണ്. വൈദീകജീവിതം കുടുംബജീവിതത്തോട് ഒത്തുപോയാല്‍, സന്യാസജീവിതം വൈദികവൃത്തിയില്‍ നിന്ന് പാലിക്കേണ്ട അകലം പാലിച്ചാല്‍, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രണ്ടിനും ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന അനര്‍ഹമായ സാമൂഹ്യഅംഗീകാരം ഇല്ലാതാവുകയും യഥാര്‍ത്ഥത്തില്‍ ക്രിസ്തു ചൈതന്യത്താല്‍ പ്രേരിതരായവര്‍ മാത്രം ഈ മേഖലകളില്‍ വരികയും ചെയ്യും.

കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതര്‍ മിഷന്‍ മേഖലയിലേക്ക് പോകാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സന്യാസസമൂഹങ്ങളില്‍ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. സന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ സന്തോഷം കണ്ടെത്താനാവൂ. ‘വൈദീകന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും’ എന്ന ചോദ്യത്തിന് മുന്നില്‍ ഓരോ പുരുഷസന്യാസിയും നില്‍ക്കണം. സന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം.

ഇപ്പോഴത്തെ സന്യാസത്തിന്‍റെ പ്രതിസന്ധി ഏറെപ്പേര്‍ സന്യാസിനിസഭകളില്‍ ചേരുന്നില്ല എന്നതാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഏറേപ്പേര്‍ സന്യാസസഭകളില്‍ ചേര്‍ന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയില്‍ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതല്ല (supernatural way).

അത് എല്ലാക്കാലത്തും അത്യപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളില്‍ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉള്‍വിളി ആയിരിക്കുന്നതുപോലെ ചിലരില്‍ സന്യാസം ആത്യന്തീകമായയൊരു ഉള്‍വിളിയാണ്. ഈ ഉള്‍വിളി ലഭിച്ചവര്‍ കുടുംജീവിതത്തില്‍ ചെന്നുപ്പെടുകയെന്നാല്‍ വിവാഹിതരായിജീവിക്കേണ്ടവര്‍ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും.

സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു ‘നാച്യുറല്‍ ട്രെയിറ്റ്’ ആണ് സന്യാസം. അല്ലാതെ നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളര്‍ത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്യാസിയാക്കില്ല എന്നോര്‍ക്കണം. സ്വന്തം മനസ്സിന്‍റെ പ്രകൃതിദത്തമായ ചായ്‌വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. സന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയല്ല വേണ്ടത്, സന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി. സന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെയാണ് ഭയപ്പെടേണ്ടത്.

ലൈംഗിക ദാരിദ്ര്യത്തിന് അപ്പുറമാണ് പ്രശ്നങ്ങള്‍

ലൈംഗിക ദാരിദ്ര്യമാണ് ഇന്ന് ക്രിസ്തീയ സന്യാസവും പൗരോഹിത്യവും നേരിടുന്ന ഏക പ്രശ്‌നം എന്ന നിലയിലേയ്ക്ക് കാര്യങ്ങളെ ലഘൂകരിച്ച് കാണരുത്. ലൈംഗികതയോടുള്ള അടഞ്ഞ ഇന്ത്യൻ മനസ്സ് ആ മേഖലയിലെ തെറ്റിനെ മാത്രം പർവ്വതീകരിക്കും. ഫാ.റോബിന്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നോ ഏതെങ്കിലും ഒരു വൃദ്ധമനുഷ്യനെ തന്‍റെ അധികാരം ഉപയോഗിച്ച് അവഹേളിച്ചുവെന്ന് പറഞ്ഞാലോ നമ്മുടെ സമൂഹത്തില്‍ ആര്‍ക്കും അതൊരു പ്രശ്നമായി തോന്നാറില്ല. അതാണ്‌ നമ്മുടെ സമൂഹത്തിന്‍റെ കപടസദാചാര മനസ്സ്.

അധികാരവും സ്ഥാപനവത്കൃതമായ സഭയില്‍ കുമിഞ്ഞുകൂടുന്ന സമ്പത്തുമാണ് നിലവില്‍ കൂടുതല്‍ ദൂഷ്യങ്ങള്‍ ഉണ്ടാകുന്നത്. പുരോഹിതരുടെ അധികാരധാര്‍ഷ്ട്യത്തിന് ഇരയാകാത്തവര്‍ ഇടവകകളില്‍ വിരളമാണ്. ഞായറാഴ്ച അറിയിപ്പുകളടക്കം ശകാരവും അവഹേളനവും ഭൗതീകത വര്‍ദ്ധിപ്പിക്കാനുള്ള വഴിക്കണക്കുമായി തരംതാഴുകയാണ്. അധികാരം സേവനത്തിന് എന്നും സേവിക്കുന്നവരുടെ പാദം കഴുകാന്‍ ഇപ്പോഴും ഒരുങ്ങിയിരിക്കണമെന്നും പറഞ്ഞ ക്രിസ്തുവിന്‍റെ വഴിയൊക്കെ റോമിന്‍റെ രാജകീയ അധികാര ശൈലിയ്ക്ക് വഴിമാറി. ജനം ജീവിക്കാന്‍ വകകാണാതെ ഒരു ഇടവകകളിലും കഷ്ടപ്പെടുമ്പോള്‍ പൗരോഹിത്യം സമയം ചെലവഴിക്കുന്നത് പള്ളികളുടെ നിര്‍മ്മാണത്തിനും സ്ഥാപനത്തിന്‍റെ കെട്ടുറപ്പിനുമായി ലക്ഷങ്ങളും കോടികളും സമാഹരിക്കാനാണ്.

കൂദാശകള്‍ക്ക് സഭയുടെ പ്രതിനിധി എന്ന നിലയില്‍ നേതൃത്വം കൊടുക്കേണ്ട പുരോഹിതര്‍ക്ക് ചെയ്യാനുള്ള ആത്മീയകര്‍മ്മങ്ങള്‍ ഞായറാഴ്ചകളിലേയ്ക്ക് മാത്രം ചുരുക്കുകയാണെങ്കില്‍ (അങ്ങനെയായിരുന്നു ആദ്യകാലത്ത്. കത്തോലിക്കാസഭയല്ലാത്ത മിക്ക സഭകളിലും ഇപ്പോഴും അങ്ങനെതന്നെ) സത്യത്തില്‍ വളരെ തുച്ഛമായ ജോലികളെയുള്ളൂ ഒരു പുരോഹിതന് ചെയ്യാന്‍. എന്നാല്‍ വിവാഹിതരാകാത്ത പുരോഹിതരുടെ കാലം വന്നപ്പോള്‍ അവര്‍ക്ക് ‘പ്രവര്‍ത്തന നിരതരാകാന്‍’ ആത്മീയകാര്യങ്ങള്‍ വിട്ടിട്ട് സഭയുടെ ഭൗതീകകാര്യങ്ങള്‍ കൂടി ഏറ്റെടുത്തു. പണ്ട് അത് അത്മായര്‍ ചെയ്തിരുന്ന ഉത്തരവാദിത്വം ആയിരുന്നു. ‘പള്ളിയോഗങ്ങള്‍’ അങ്ങനെ ദുര്‍ബലമായി. പള്ളിപണിയും, സ്ഥാപങ്ങളുടെ നടത്തിപ്പും, ഭരണവും, ആഴ്ചദിവസ ദേവാലയകര്‍മ്മങ്ങളും, വര്‍ദ്ധിപ്പിച്ചുകൊണ്ടുവരുന്ന മതചടങ്ങകളുമായി അതങ്ങനെ കൂട്ടിക്കൂട്ടി കൊണ്ടുവന്നു. അതോടൊപ്പം പൗരോഹിത്യം അധികാരത്തിലേയ്ക്കും പണം കയ്യാള‍ലിലേയ്ക്കും കുടിയേറി.

ക്രിസ്തു ഒരു പുതിയ മതം തുടങ്ങിയില്ല. സഭയെന്നത് മതത്തിന് അപ്പുറത്താണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. യഹൂദരുടെ സിനഗോഗുകളില്‍നിന്ന് (മതത്തില്‍ നിന്ന്) പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും.

അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ നമ്മുടെയിടയില്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്. ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇനി ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടിവരുന്നത്.

കപ്പൂച്ചിയൻ വൈദികനാണ്   ജിജോ കുര്യൻ . കോട്ടയം തെളളകം സെമിനാരിയിൽ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. ദലിത് ദൈവശാസ്ത്രത്തിൽ ഗവേഷണം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ