ജാര്‍ഖണ്ഡ് നല്‍കുന്ന ദിശാ സൂചന

നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ഇന്ത്യന്‍ സമൂഹം വിവേചനബുദ്ധിയോടെ പ്രതികരിച്ചിട്ടുള്ളതു കാണാം. ആ പൊതുസ്വഭാവത്തിന്റെ ചെറിയൊരു രൂപമാണു ജാര്‍ഖണ്ഡില്‍ കണ്ടത്

k venu, opinion, iemalayalam

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ബിജെപിക്കു കനത്ത തിരിച്ചടി നല്‍കിയുള്ള ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യവിശ്വാസികള്‍ക്കു പ്രത്യാശ നല്‍കുന്നതാണ്. മഹാരാഷ്ട്രയില്‍ ശിവസേനയുമായി വിലപേശി അധികാരം നഷ്ടപ്പെട്ട് അധികം കഴിയുന്നതിനു മുന്‍പ് തന്നെ ജാര്‍ഖണ്ഡിലും അധികാരത്തില്‍നിന്നു പുറത്തായതു ഹിന്ദുത്വ ശക്തികള്‍ക്കു കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിയ മിലിയ സര്‍വകലാശാല കേന്ദ്രമായി ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കാന്‍ തുടങ്ങിയിരുന്ന സന്ദര്‍ഭത്തിലാണ്, ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകരുടെ വസ്ത്രം നോക്കി അവരുടെ രാഷ്ട്രീയം കണ്ടെത്താമെന്നു പറഞ്ഞത്. ഒരുപക്ഷേ പ്രധാനമന്ത്രിയുടെ ഇത്തരം വില കുറഞ്ഞ അഭിപ്രായപ്രകടനത്തിനുള്ള ശിക്ഷയാണു ജാര്‍ഖണ്ഡില്‍ ലഭിച്ചതെന്നു പറയാം.

ജാര്‍ഖണ്ഡ് നിയമസഭയിലെ 81 സീറ്റില്‍ ഇരുപത്തി എട്ടില്‍ ആദിവാസികള്‍ക്കാണു മുന്‍തൂക്കമുള്ളത്. അതില്‍ ഇരുപത്തി നാലിലും കോണ്‍ഗ്രസിനു പങ്കാളിത്തമുള്ള മുന്നണിയാണു ജയിച്ചിരിക്കുന്നത്. ആദിവാസികള്‍ തന്നെ നേതൃത്വം നല്‍കുന്ന ജാര്‍ഖണ്ഡ് മുക്ത മോര്‍ച്ച (ജെഎംഎം)യാണ് ഇതിലെ മുഖ്യകക്ഷി. ഈ മുന്നണി 47 സീറ്റില്‍ ജയിച്ചുകൊണ്ടാണു ഭരണം പിടിച്ചെടുത്തത്. ഭരണത്തില്‍നിന്നു പുറത്തായ ബിജെപിക്കു കിട്ടിയത് 25 സീറ്റ്.

കഴിഞ്ഞ തവണ കൂടെയുണ്ടായിരുന്ന ചെറിയൊരു ഘടക കക്ഷിയെ കൂടെനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അധികാരം നഷ്ടപ്പെടുമായിരുന്നില്ലെന്നു ബിജെപിക്ക് അവകാശപ്പെടാവുന്നതാണ്. യഥാര്‍ഥത്തില്‍ കഴിഞ്ഞ തവണ ബിജെപി അധികാരത്തിലെത്തിയത് കോണ്‍ഗ്രസും ജെഎംഎമ്മുമെല്ലാം ഒറ്റക്കൊറ്റയ്ക്കു മത്സരിച്ചതുകൊണ്ട് മാത്രമാണ്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മുന്നണികള്‍ക്കും കൂട്ടുകെട്ടുകള്‍ക്കുമെല്ലാമാണു മുന്‍കൈ നേടാനാവുന്നത്. അത് ഒരുതരത്തിലും ഒരു മോശം കാര്യമല്ലതാനും. മുന്നണികളും കൂട്ടുകെട്ടുകളുമെല്ലാം ജനാധിപത്യപ്രക്രിയയെ ജീവസുറ്റതാക്കുന്ന ഘടകങ്ങളാണ്. അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നവര്‍ വിജയിക്കുന്നു. ജാര്‍ഖണ്ഡിലും അതു തന്നെയാണു കണ്ടുകൊണ്ടിരിക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങളാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിച്ചതെന്നു കാണാം.

അഖിലേന്ത്യാതലത്തില്‍ പരിശോധിക്കുമ്പോള്‍ ഈ ഫലം വ്യക്തമായ രാഷ്ട്രീയ ദിശയിലേക്കാണു വിരല്‍ചൂണ്ടുന്നത്.  മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ അര്‍ഥം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച മെച്ചപ്പെട്ട ഭൂരിപക്ഷം അവരുടെ രാഷ്ട്രീയ അടിത്തറയെ അല്ല പ്രതിഫലിപ്പിക്കുന്നതെന്നാണ്. അങ്ങിനെ ഒരടിത്തറ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ പരാജയങ്ങള്‍ സംഭവിക്കുമായിരുന്നില്ലല്ലോ.

പ്രാദേശികവും താല്‍ക്കാലികവുമായ വിവിധ ഘടകങ്ങള്‍ ഒന്നിച്ചുവരാനിടയായ സാഹചര്യത്തില്‍ സംഭവിച്ച വിജയമാണു മോദിക്കും കൂട്ടര്‍ക്കും ലഭിച്ചത്. എല്ലാവര്‍ക്കും പാചക വാതകം, എല്ലാവര്‍ക്കും ടോയ്ലറ്റ് തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നതു വാസ്തവമാണ്. പക്ഷെ ഇത്തരം സ്വാധീനം സ്ഥായിയായിരിക്കില്ല. അതുകൊണ്ടാണു സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ അതു പ്രതിഫലിക്കാത്തത്.

അയോധ്യയില്‍ നാലു മാസത്തിനുള്ളില്‍ കൂറ്റന്‍ രാമക്ഷേത്രം ഉയര്‍ന്നുവരാന്‍ പോകുന്നുവെന്ന പ്രഖ്യാപനം, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം തുടങ്ങി അഖിലേന്ത്യാ തലത്തില്‍ വിവാദ വിഷയങ്ങളായ സംഗതികളൊന്നും ജാര്‍ഖണ്ഡിലെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നു തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.

സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാത്ത ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ ഭരണത്തോടുള്ള എതിര്‍പ്പാണു ജനങ്ങള്‍ മുഖ്യമായും പ്രകടിപ്പിച്ചത്. രാജ്യത്തിനു മുഴുവനാവശ്യമായ ഇരുമ്പയിര്‍, കല്‍ക്കരി തുടങ്ങിയവ കുഴിച്ചെടുക്കുന്ന ഖനികളില്‍ ഗണ്യമായ ഭാഗവും ഈ മേഖലയിലാണുള്ളത്. പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ഇവ കൊണ്ട് നഷ്ടമല്ലാതെ ഗുണമൊന്നും ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാനെന്നു പറഞ്ഞു പല പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും ഫലപ്രദമായി നടപ്പിലാക്കപ്പെട്ടില്ല.

പുതിയ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ജെഎംഎം സ്വകാര്യമേഖലയില്‍ 75 ശതമാനം തൊഴില്‍ സംവരണം വാഗ്ദാനം ചെയ്തിരുന്നു. അതു നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മുതലാളിമാര്‍ എതിരാവുമെന്ന് ഉറപ്പാണ്. തൊഴിലാളികളും ഭൂമി നഷപ്പെട്ട ആദിവാസികളും കര്‍ഷകരും ഒപ്പം മുതലാളിമാരും നാനാവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അവക്കെല്ലാം പരിഹാരം കണ്ടെത്തുക എളുപ്പമല്ല. പക്ഷേ കണ്ടെത്താതിരിക്കാനുമാവില്ല. ബിജെപി നേരിട്ട അതേ പ്രശ്‌നങ്ങള്‍ പുതിയ സര്‍ക്കാരിനെയും അഭിമുഖീകരിക്കുന്നുണ്ടെന്നു ചുരുക്കം. പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ക്കും അതേ ഗതിയായിരിക്കുമെന്നതില്‍ സംശയത്തിന് അവകാശമില്ല. നമ്മുടെ ജനാധിപത്യപ്രക്രിയുടെ ആരോഗ്യകരമായ ഒരു വശമാണിതെന്നും കാണാതിരുന്നുകൂടാ.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് അതിന്റെ ബഹുസ്വരതയാണ്. അനവധി ഭാഷകള്‍, മതങ്ങള്‍, സംസ്‌കാരങ്ങള്‍, ജാതികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സാമൂഹ്യവിഭാഗങ്ങള്‍ പരസ്പരം പ്രതി പ്രവര്‍ത്തിച്ചുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യം നാളിതുവരെ ചലനാത്മകമായി നിലനിന്നുപോന്നത്.

അഖിലേന്ത്യാതലത്തില്‍ പരിശോധിച്ചാല്‍ ജനങ്ങള്‍ മൊത്തത്തില്‍ ഒരു പക്ഷത്തിനും സ്ഥായിയായ പിന്തുണ നല്‍കുന്നതായി കാണാന്‍ കഴിയില്ല. അതാണു നമ്മുടെ ജനാധിപത്യത്തിന്റെ ചലനാത്മകതയ്ക്ക് അടിസ്ഥാനവും. ഏഴു പതിറ്റാണ്ടിലധികമായി ഈ ജനാധിപത്യപ്രക്രിയയിലൂടെ സജീവമായി കടന്നുവന്ന ഇന്ത്യന്‍ സമൂഹം പക്വതയാര്‍ജിച്ച ജനാധിപത്യസമൂഹമായിരിക്കുന്നു എന്നൊക്കെ വിലയിരുത്താറായിട്ടുണ്ടെന്നു തോന്നുനില്ല. പല രീതിയിലുള്ള പരാധീനതകളും ദൗര്‍ബല്യങ്ങളും അതു നേരിടുന്നുവെന്നതു യാഥാര്‍ഥ്യമാണ്. എന്നിരുന്നാലും നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ഇന്ത്യന്‍ സമൂഹം വിവേചനബുദ്ധിയോടെ പ്രതികരിച്ചിട്ടുള്ളതു കാണാം. ആ പൊതുസ്വഭാവത്തിന്റെ
ചെറിയൊരു രൂപമാണു ജാര്‍ഖണ്ഡില്‍ കണ്ടത്.

ബിജെപിക്കേറ്റ കനത്ത ആഘാതം അവരുടെ സംഘടനയെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയുമായുള്ള പോര് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ രാജിയിലാണ് എത്തിനില്‍ക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെയോ അവയെക്കാളോ സംഘടനാപരമായ കെട്ടുറപ്പുള്ളവയാണു സംഘപരിവാര്‍ പ്രസ്ഥാനങ്ങളെന്ന ധാരണയാണു പൊളിയുന്നത്. മറ്റേതൊരു തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെയും അവസ്ഥയില്‍ തന്നെയാണ് ബിജെപിയുമെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല. ഏതായാലും ഇന്ത്യന്‍ മതേതര ജനാധിപത്യം സ്വയം അതിജീവന ശേഷിയുള്ള സംവിധാനമായി തീര്‍ന്നിട്ടുണ്ട്. സാധാരണ ജനാധിപത്യ പാര്‍ട്ടികളോടൊപ്പം തീവ്ര കമ്യൂണിസ്റ്റുകള്‍ മുതല്‍ ഗോത്രവര്‍ഗങ്ങളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമായിരിക്കുന്നു അത്.

ജനാധിപത്യവ്യവസ്ഥയെ ഉപയോഗപ്പെടുത്താന്‍ ശേഷി നേടിയ ജാര്‍ഖണ്ഡ് ജനതയ്ക്കു തങ്ങളുടെ ഭക്ഷണവും വിദ്യാഭ്യാസവും പോലുള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അതെത്രത്തോളം സഹായകമായിത്തീരുമെന്നാണു ഇനി കാണാനിരിക്കുന്നത്. പുതിയ അധികാരികള്‍ അതില്‍ വിജയിക്കുന്നല്ലെങ്കില്‍ ജാര്‍ഖണ്ഡ് വീണ്ടും ബിജെപിയിലേക്കു തിരിച്ചുപോയാല്‍ അത്ഭുതപ്പെടാനില്ല. ഈ സാധ്യത തിരിച്ചറിഞ്ഞ് അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാന്‍ പുതിയ അധികാരികള്‍ ശ്രമിക്കുമെന്നു പ്രതീക്ഷിക്കാം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Jharkhand election outcome bjp jmm congress citizenship amendment act

Next Story
ചതിയൻ ബ്രെക്സിറ്റ്‌: ഒരു പടിഞ്ഞാറൻ വീരഗാഥbrexit, mahesh nair, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com