scorecardresearch

ജെഎന്‍യു എന്ന പ്രതിപക്ഷം

ഇന്ന് ജെഎന്‍യുവില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മൂലകാരണം ഫീസ് വര്‍ധന വിഷയം മാത്രമല്ല. 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ക്ക് അതില്‍ പങ്കുണ്ട്

ഇന്ന് ജെഎന്‍യുവില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മൂലകാരണം ഫീസ് വര്‍ധന വിഷയം മാത്രമല്ല. 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ക്ക് അതില്‍ പങ്കുണ്ട്

author-image
Akhil AR
New Update
JNU, ജെഎന്‍യു, Jawaharlal Nehru University,ജവഹർലാൽ നെഹ്റു സർവകലാശാല, Fees hike, ഫീസ് വര്‍ധന, JNU students protest against fees hike, ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യു വിദ്യാർഥികളുടെ പ്രക്ഷോഭം, Delhi police, ഡൽഹി പൊലീസ്, Pune film institute, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, hyderabad university, ഹൈദരാബാദ് സര്‍വകലാശാല, IE Malayalam, ഐഇ മലയാളം

അതിശയോക്തിയായി തോന്നാം, എങ്കില്‍ പോലും ഈ തലക്കെട്ട് പല അര്‍ഥത്തിലും സാര്‍ഥമാണ്. സെന്റ് സ്റ്റീഫന്‍സ് കോളജിലെ എന്റെ അധ്യാപകന്‍ എന്‍.പി. ആഷ്‌ലി ഒരിക്കല്‍ പറയുകയുണ്ടായി, '2014നു ശേഷം ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പ്രതിപക്ഷ സ്വരങ്ങള്‍ വിദ്യാര്‍ഥികളുടെയും കര്‍ഷകരുടെയുമായിരുന്നു' എന്ന്. അതെ, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയ വിദ്യാര്‍ഥി പ്രക്ഷോഭം, ഹൈദരാബാദിലെ രോഹിത് വെമുല പ്രസ്ഥാനത്തിലൂടെയും മഹാരാഷ്ട്രയിലെ കര്‍ഷക മുന്നേറ്റങ്ങളിലൂടെയും ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞിരുന്നു. അതു ചിലരെ അസ്വസ്ഥരാക്കുകയും ചെയ്തു.

Advertisment

ഇന്ന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎന്‍യു) നടക്കുന്ന പ്രക്ഷോഭങ്ങളുടെ മൂലകാരണം ഫീസ് വര്‍ധന വിഷയം മാത്രമല്ല. 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ക്ക് അതില്‍ പങ്കുണ്ട്. 2014നു ശേഷം കേന്ദ്രസര്‍ക്കാര്‍ പലരീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതു 2014 മുതലുള്ള ബജറ്റ് നോക്കിയാല്‍ വ്യക്തമാണ്. ഒപ്പം, രാജ്യത്തെ പേരുകേട്ട സ്ഥാപനമായ ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആ സ്ഥാപനങ്ങളെ അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭൂമിയാക്കി മാറ്റി.

JNU

രാജ്യം മറ്റൊരു രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നതു വിദ്യാഭ്യാസ മേഖലയിലാണ്. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം കടക്കെണിയിലായ ജെഎന്‍യുവിനെ അതില്‍നിന്നു കരകയറ്റാനാണ് ഫീസ് വര്‍ധന അടിച്ചേല്‍പ്പിക്കുന്നത്. ഇതു ജെഎന്‍യുവില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉത്തരാഖണ്ഡിലും ഐഐടി ഗാന്ധിനഗറിലും ഈയിടെ ഫീസ് വര്‍ധിപ്പിച്ചിരുന്നു. ഐഐടികളില്‍ പ്രതിഷേധങ്ങള്‍ തടയാന്‍ ശക്തമായ സംവിധാനങ്ങളുള്ളതിനാല്‍ ആരും അറിയുന്നില്ലെന്നു മാത്രം.

തിങ്കളാഴ്ച ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെ പോലീസ് നേരിട്ടതു കൈയൂക്കുകൊണ്ടാണ്. ഒരു മാസമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ജെഎന്‍യു അധികൃതര്‍ ഗൗനിക്കാതെ വന്നപ്പോഴോണു വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. അതും സമാധാനപരമായി.

Advertisment

സര്‍വകലാശാലയ്ക്കു പുറത്ത് ജാഥ തടഞ്ഞ പൊലീസ് പല നേതാക്കളെയും അറസ്റ്റ് ചെയ്തു. അതില്‍ തളരാതെ മറ്റൊരു വഴിയിലൂടെ പാര്‍ലമെന്റിനടുത്തു വരെയെത്തിയ വിദ്യാര്‍ഥികളെയാണു പൊലീസ് ലാത്തിച്ചാര്‍ജിലൂടെ നേരിട്ടത്. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ആയിരത്തോളം വരുന്ന വിദ്യാര്‍ഥികളെ നേരിടാന്‍ ഒരുക്കിയത് ആയിരത്തിനു മുകളില്‍ പോലീസുകാരുടെ സന്നാഹം! പുനെ മുതല്‍ വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ സംസാരിക്കുന്നതു കയ്യൂക്കിന്റെ ഭാഷയിലാണല്ലോ. ഒരു പക്ഷേ, സ്വന്തം സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഭയക്കുന്ന വൈസ് ചാന്‍സലര്‍ ജെഎന്‍യുവിന്റെ മാത്രം പ്രത്യേകതയാകും.

publive-image

2016 മുതല്‍ ജെഎന്‍യു അടക്കമുള്ള സ്ഥാപനങ്ങള്‍ പലരീതിയിലും വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ കൈകൊള്ളുന്നുണ്ട്. 2018 -19ല്‍ വിദ്യാര്‍ഥി യൂണിയന്റെ അംഗീകാരം സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് റദ്ദാക്കിയതും 2019 ലെ വിദ്യാര്‍ഥി തെരഞ്ഞെടുപ്പിനെ അംഗീകരിക്കാത്തതും ഇതില്‍ ഉള്‍പ്പെടുന്നു.

ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ 10 രൂപ മാത്രമല്ല ജെഎന്‍യുവിലെ ഫീസ്. ഓരോ വിദ്യാര്‍ഥിയും മാസം രണ്ടായിരത്തി അഞ്ഞൂറോളം രൂപ മെസ് ഫീസായി കൊടുക്കുന്നുണ്ട്. ഇതിനു പുറമെ മാസം മുറിവാടക, വൈദ്യുതി, വെള്ളം എന്നിവയുടെ കരം, മെസ്സിലെയും ഹോസ്റ്റലിലെയും ജോലിക്കാരുടെ കൂലി എന്നിവ കൂടി നല്‍കണം. അത് ഏകദേശം 7000 രൂപയോളം വരും. മാസം 5000 രൂപ മാത്രം കൂലി കിട്ടുന്ന സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനത്തിലാണ് ഈ വര്‍ധന എന്നുകൂടി ഓര്‍ക്കുക. ഇതു നടപ്പിലായാല്‍ രാജ്യത്തെ ഏറ്റവും ചെലവേറിയ സര്‍വകലാശാലയായി ജെഎന്‍യു മാറും. സെമസ്റ്ററിനു 35,000 രൂപയെന്നത് ഐഐടികള്‍ ഈടാക്കുന്ന ഫീസാണ്. ഐഐടിയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വ്യക്തമാണ്.

publive-image

ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ ആരെയാണു സര്‍ക്കാര്‍ ഭയക്കുന്നത്? ഫീസ് വര്‍ധന നടപ്പിലായാല്‍ 40 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്കു പഠനം ഉപേക്ഷിക്കണ്ടതായി വരും. ജെഎന്‍യുവിന്റെ മാത്രം പ്രത്യേകതയായിരുന്ന  'deprivation' പോയിന്റുകള്‍ നിര്‍ത്തിലാക്കിയത് ഇപ്പോഴും പലര്‍ക്കും അറിയില്ല. ഒപ്പം പ്രവേശന പരീക്ഷ NTAയ്ക്ക് നല്‍കുക വഴി അതുവരെ നിലനിന്നിരുന്ന സുതാര്യതയാണ് അട്ടിമറിച്ചത് . ഇങ്ങനെ ബഹുമുഖങ്ങളിലൂടെയാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ സര്‍വകലാശാലയെ ഇല്ലായ്മ ചെയ്യുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പുതിയ വിദ്യാഭ്യാസ കരട് പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനെ ചെറുക്കാനുള്ള ശ്രമം കൂടിയാണു ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തുന്നത്. പോലീസിനെക്കൊണ്ട് ഒരുപക്ഷേ അവരെ നിങ്ങള്‍ക്ക് ആക്രമിക്കാന്‍ കഴിയുമായിരിക്കും. പക്ഷേ അവരുടെ സമരവീര്യത്തെ കെടുത്താന്‍ സാധിക്കില്ല.

  • ജെഎന്‍യു സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയാണു ലേഖകന്‍
Student Strike Jnu Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: