മുമ്പില്ലാത്ത വിധത്തില്‍ അപകടകരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു രാഷ്ട്രീയ മുഹൂര്‍ത്തം, ഇപ്പോള്‍, കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയ്ക്കുന്നതിലുണ്ട്. അത് ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിന്റെ കാലത്തും, സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയുടെ ജനാധിപത്യവല്‍ക്കരണമായും ബന്ധപ്പെട്ട ആര്‍എസ്എസ് എടുത്ത നിലപാടുകൊണ്ടാണ്. ഈ സ്ഥിതിവിശേഷത്തെപ്പറ്റി ഇങ്ങനെ ചുരുക്കി പറയാം.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിതനിലപാട് ഒന്നു കൊണ്ടുമാത്രം ഇന്ത്യയുടെ പൊതു രാഷ്ട്രീയ ധാരയില്‍ നിന്നും അകന്നുനില്‍ക്കേണ്ടി വന്നവരാണ് ആര്‍എസ്എസ് കാര്‍. ‘അധികാര പാര്‍ട്ടി’യായി ജനസംഘത്തിലൂടെയും, പിന്നീട് ബിജെപിയിലൂടെയും അതിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ഇന്ത്യയില്‍ ശക്തമായിരുന്ന കാലത്തും. എന്തെന്നാല്‍, ദേശീയ പ്രസ്ഥാന കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയവും സാംസ്കാരികമായ അതിന്റെ ഊര്‍ജ്ജവും കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലധികം ഇന്ത്യയെ ഒരു ജനാധിപത്യ രാജ്യമായി നിലനിര്‍ത്തി എന്നതുകൊണ്ടുമാത്രം ആര്‍ എസ്എസിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ സമൂഹത്തിനു തടയാനായി. ഇത്, ഇന്ന് നാം കൃത്യമായിത്തന്നെ പറയണം. എന്നല്ല, അങ്ങനെയൊരു കാലത്തെ വീണ്ടും സന്ദര്‍ശിയ്ക്കുകയും വേണം. കാരണം, അത് ദേശീയപ്രസ്ഥാനത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെ സ്വയം കണ്ടെത്തുന്ന ഇന്ത്യയെപ്പറ്റിയുള്ള സവിശേഷമായ ഓര്‍മ്മയാണ്. അഥവാ, ഭാഷാദേശീയതകളുടെയും മത സഹവര്‍ത്തിത്വത്തിന്റെയും പ്രാദേശിക രാഷ്ട്രീയാധികാരങ്ങളിലൂടെ ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരതയെ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ഇന്ത്യയെപ്പറ്റിയാണ്‌, ആ ഓര്‍മ്മ.kashmir ,karunakaran ,iemalayalam

എന്നാല്‍, രണ്ടായിരമാണ്ടിന്റെ ആദ്യ പാദത്തില്‍ നിന്നും തുടങ്ങുന്ന മറ്റൊരു സന്ദര്‍ഭം, ഇതേ രാഷ്ട്രീയ സംസ്ക്കാരത്തെ ദുര്‍ബ്ബലമാക്കുന്ന ഒരു ഘട്ടത്തിലേയ്ക്കാണ് പ്രവേശിച്ചത്‌. അതിനൊരു പ്രധാന കാരണം, തൊണ്ണൂറുകളില്‍ ഉത്തരേന്ത്യയില്‍ പ്രകടമായും രാഷ്ട്രീയ നേതൃത്വത്തിലേക്ക് വന്ന ദളിത്-പിന്നോക്ക-ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ പിന്നീടുള്ള ക്ഷയവും തകര്‍ച്ചയുമായിരുന്നു. ഈ രാഷ്ട്രീയ തകര്‍ച്ചയെ ഗൗരവത്തിലെടുക്കാന്‍ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍ക്കൊന്നും കഴിഞ്ഞില്ല. പ്രധാനമായും ആ പാര്‍ട്ടികള്‍ മുമ്പെങ്ങുമില്ലാത്ത വിധം കടന്നുപോകുന്ന രാഷ്ട്രീയ ദാരിദ്ര്യം കൊണ്ടുതന്നെ.

ഈ അവസരത്തിലേക്കാണ്, അമിത് ഷായും മോദിയും പ്രതിനിധീകരിക്കുന്ന തീവ്ര-ഹിന്ദുത്വത്തിന്റെ “അഖണ്ഡരാഷ്ട്രീയം” പ്രവേശിക്കുന്നത്. അത് മുമ്പത്തെ ജനസംഘമോ ബിജെപിയോ ഭാവന ചെയ്ത “അഖണ്ഡഭാരത”ത്തില്‍ നിന്നും വ്യത്യസ്തവുമായിരുന്നു. അന്നത്, ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന സംഘടനാപ്രവര്‍ത്തനത്തിലാണ് ഊന്നിയതെങ്കിൽ, ഇന്നത്‌, പ്രധാനമായും, ഭാഷാദേശീയതകളുടെ രാഷ്ട്രീയ സംഘാടനത്തെ പ്രത്യക്ഷമായും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. ഈ മാറ്റം ഒരേസമയം ഇന്ത്യയുടെ പ്രതിസന്ധിയും വെല്ലുവിളിയുമായിരിക്കുന്നു. വാസ്തവത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തെയാണ് ഇന്നത്തെ ബി ജെ പി നേതൃത്വം വെറുക്കുന്നതും ലക്ഷ്യം വെയ്ക്കുന്നതും. കാശ്മീര്‍, ആ അര്‍ത്ഥത്തില്‍, കര്‍ണാടകയുടെയും ഗോവയുടെയും ബംഗാളിന്‍റെയും തുടര്‍ച്ചയാണ് – വേറെയൊരു രാഷ്ട്രീയഘട്ടമാണ് ഇത് പ്രകടിപ്പിക്കുന്നത് എങ്കിലും.

മാത്രമല്ല, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലൂടെ ബിജെപിയ്ക്ക് കിട്ടിയ മേധാവിത്വം പാര്‍ലിമെന്‍ററി ജനാധിപത്യത്തിന്റെത്തന്നെ പൊതുവായ ഒരു പ്രതിസന്ധിയെകൂടി കാണിക്കുന്നു. ഇതിനെ, ലോകമെങ്ങുമുള്ള വലതുപക്ഷ വ്യതിയാനമായി മാത്രം കണ്ടാല്‍ മതിയാവില്ല – അങ്ങനെയൊരു മാറ്റം, പൊതുവെ, ലോകരാഷ്ട്രീയം പ്രകടിപ്പിക്കുമ്പോഴും.article 370, article 370 in kashmir, karunakaran, iemalayalam

‘വലതുപക്ഷ വ്യതിയാന’മെന്നത്, ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയതയെ നിര്‍മ്മിക്കുന്ന മറ്റൊരു രീതിയാണ് – അവിടെ കൊളോണിയല്‍ കാലഘട്ടത്തിലെ വിമോചന സങ്കല്‍പ്പങ്ങളില്‍ ദേശീയത ഇടപെട്ട രീതിയോ അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയ മൂല്യമോ ഓര്‍മ്മിക്കപ്പെടുന്നത് മറ്റൊരു രൂപത്തിലാണ്. ഒപ്പം, ഓട്ടോക്രസിയുടെ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന രാഷ്ട്രീയ മേധാവിത്വം ദേശീയതയുടെ പേരില്‍ സ്ഥാപിക്കപ്പെടുന്നു.

എന്നാല്‍, ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം അത്തരമൊരു വലതുപക്ഷ വ്യതിയാനം മാത്രമല്ല; ജനാധിപത്യത്തെ ഹിംസാത്മകമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന അധീശ രാഷ്ട്രീയംകൊണ്ട് ‘കൈവശപ്പെടുത്തുക,’ (Occupy) ചെയ്യുക, എന്നാണ്. ഒരു രാജ്യത്തിലേക്ക് മറ്റൊരു രാജ്യം നടത്തുന്ന അധിനിവേശവും അധികാരം സ്ഥാപിക്കുന്നതും സങ്കല്‍പ്പിച്ചു നോക്കു, അതുപോലെയാണ് ഇത്. രാജ്യത്തെ അപൂര്‍ണ്ണവും അതുകൊണ്ടുതന്നെ ചിലപ്പോള്‍ അവ്യക്തവും, അപ്പോള്‍ പോലും വികസ്വരവും സ്വാതന്ത്രോന്മുഖവുമായ ജനാധിപത്യസങ്കല്‍പ്പം തന്നെ ഇതിലൂടെ അട്ടിമറിക്കപ്പെടുന്നു. ജനാധിപത്യ സ്ഥാപനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിലെക്കാണ് ആര്‍എസ്എസും ബിജെപി യും ഈ പൊതുതിരഞ്ഞെടുപ്പിലൂടെ ഇന്ത്യയെ നയിച്ചത്.

ഇനി കാശ്മീരിന്റെ കാര്യം നോക്കുക.  ഒരു ‘രാഷ്ട്രീയ ദേശീയത’ എന്ന നിലയില്‍ അതിന്‍റെ പൊതു ജീവിതത്തിന്റെ ആധുനിക ഘട്ടത്തിലൊന്നും കാശ്മീരിന് ജനാധിപത്യത്തിന്‍റെ സാധ്യതകള്‍ പൂര്‍ണ്ണമായും പരീക്ഷിക്കാനോ നടപ്പില്‍ വരുത്താനോ കഴിഞ്ഞിട്ടില്ല എന്നത് കാണാതിരുന്നൂടാ. മറിച്ച്, ‘സ്വതന്ത്രമായ ഒരു രാഷ്ട്രീയ സ്വത്വം’ അത് എപ്പോഴും നിലനിര്‍ത്തുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും.

നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ്‌ കാശ്മീരിന്റെ രാഷ്ട്രീയ പാഠം. ഈ അവസ്ഥയെ നേരിടാന്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ തയ്യാറായില്ല എന്നാണു വാസ്തവം. ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ അതിനെ നേരിടുന്നത് രണ്ടുവിധത്തിലാണ്. ഒന്ന്, സ്വന്തം രാഷ്ട്രീയ മേധാവിത്വത്തിലൂടെ – അതിന്റെ രാഷ്ട്രീയമാണ് മുകളില്‍ വിവരിച്ചത്. രണ്ട്‌, ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു രാഷ്ട്രവാദത്തിന്റെ പുതിയ ഘട്ടം. രണ്ടും അടിസ്ഥാനപരമായി, ജനാധിപത്യവിരുദ്ധമാണ്. എന്നാല്‍, ഇതിനെ ബാക്കി ഇന്ത്യ എങ്ങനെ നേരിടുമെന്ന് പ്രവചിക്കുക വയ്യ. കാരണം, ജനാധിപത്യവും പാര്‍ലമെന്ററി രാഷ്ട്രീയവും മുമ്പ് ഒരിക്കലും ഇല്ലാത്തവിധം പ്രച്ഛന്നമായ ഈ ഘട്ടത്തില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook