/indian-express-malayalam/media/media_files/uploads/2019/08/kashmir-3.jpg)
'ലാല്‍ ദേധ്' എന്ന കശ്മീരിലെ പ്രധാനപെട്ട മറ്റേര്‍ണിറ്റി ആശുപത്രിയില്‍ നിന്നും നദി മുറിച്ചു കടക്കുന്ന ദൂരമേയുള്ളൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഓഫീസിലേക്ക്. അത്ര അടുത്തായിരുന്നിട്ടും, എട്ടു മണിക്കൂര്‍ ശ്രമത്തിനു ശേഷവും, എന്റെ കുടുംബത്തിന് ആ വാര്‍ത്ത എന്നെ അറിയിക്കാനായില്ല.
ഓഗസ്റ്റ് 20നാണ് ഇരുപത്തിയാറുകാരിയായ എന്റെ സഹോദരി ഐമാനെ പ്രസവത്തിനായി 'ലാല്‍ ദേധ്' ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യത്തെ കുഞ്ഞാണ്. നഗരത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരത്തുള്ള ഉമാരാബാദിലെ ഞങ്ങളുടെ വീട്, കുഞ്ഞിന്റെ വരവ് കാത്ത്, സന്തോഷത്തിലായിരുന്നു. ഐമാന്റെ മുറിയിലെ അലമാരകളില്‍ എല്ലാം കുഞ്ഞുടുപ്പുകള്‍, ഡയപ്പറുകള്‍, പാല്‍പ്പൊടി എന്നിവ നിറഞ്ഞു. ഓഗസ്റ്റ് 26 എന്ന തീയതിയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു കുടുംബം. ആ ദിവസമാണ് സിസേറിയന്‍ നടത്താനായി ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത്.
ഓഗസ്റ്റ് 5 മുതല്‍ കാശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആയിരുന്നു - അപ്രതീക്ഷിതമായ ഇന്‍ഫര്‍മേഷന്‍ 'ബ്ലാക്ക് ഔട്ട്' സംഭവിച്ചത് കാരണം അവളുടെ വിവരങ്ങള്‍ അറിയാനായി എല്ലാ രാത്രികളിലും എനിക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നു. ഓഫീസിലെ എന്റെ ജോലി കഴിഞ്ഞു, മീഡിയ ഫെസിലിറ്റെഷന്‍ സെന്ററില്‍ ചെന്ന്, അവിടെയുള്ള നാല് കമ്പ്യൂട്ടറുകളില്‍ ഒന്ന് ഒരിത്തിരി നേരം കിട്ടാനായി കടിപിടി കൂടി, ഡല്‍ഹിയ്ക്ക് അന്നത്തെ സ്റ്റോറി അയച്ചു കഴിഞ്ഞു, ഞാന്‍ 'ലാല്‍ ദേധ്' ആശുപത്രിയിലേക്ക് പായും.
ഓഗസ്റ്റ് 22, വ്യാഴാഴ്ച, എന്റെ പതിവിന്‍ പ്രകാരം, മീഡിയ ഫെസിലിറ്റെഷന്‍ സെന്ററില്‍ നിന്നും ഞാന്‍ ആശുപത്രിയിലേക്ക് പോയി. എന്റെ സഹോദരിയെ എന്തൊക്കെയോ പരിശോധനകള്‍ക്ക് വിധേയയാക്കുകയായിരുന്നു അപ്പോള്‍. ഐമാനു കുഴപ്പമൊന്നും ഇല്ല എന്നും കുഞ്ഞിന്റെ ഹൃദയമിടിപ്പ് സംബന്ധമായി എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ട്, പക്ഷേ അത് സാധാരണമാണ് എന്നും എന്നോട് പറഞ്ഞു. 'ബാക്കിയെല്ലാം ശരിയായി പോകുന്നത് കൊണ്ട് കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഒരു പ്രശ്നമാകേണ്ടതില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി' ഐമാന്‍ എന്നോട് പറഞ്ഞു. അത് കേട്ട് സമാധാനമായി ഓഫീസിലേക്ക് തിരിച്ചു പോയി.
ഓഗസ്റ്റ് 23, വെള്ളിയാഴ്ച - കാശ്മീരില്‍ കടുത്ത കര്‍ഫ്യൂ മടങ്ങിയെത്തി. റോഡുകളില്‍ 'concertina wire', 'metallic barricades' എന്നിവ നിറഞ്ഞു. ആളുകളുടെ യാത്രകള്‍ക്ക് നിയന്ത്രണമുണ്ടായി. ഞാന്‍ സ്റ്റോറികള്‍ക്കായി പുറത്തേക്ക് പോയി.
രാത്രി പത്തര മണിയോടെ, സ്റ്റോറി എല്ലാം ഫയല്‍ ചെയ്തതിനു ശേഷം, ഞാന്‍ പതിവ് പോലെ എന്റെ സഹോദരിയെ കാണാന്‍ പോയി. ആശുപത്രി മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ട് എന്ന് എനിക്ക് തോന്നി. മുറിയുടെ ഒരു മൂലയിലെ സിമന്റ് തറയില്‍ ഇരുന്നു എന്റെ അച്ഛന്‍ കരയുന്നുണ്ടായിരുന്നു. അറുപതുകളുടെ അവസാനത്തില്‍ എത്തിയ, ഹൃദ്രോഗിയായ എന്റെ സഹോദരിയുടെ അമ്മായിഅച്ഛന്‍, അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 'എന്ത് പറ്റി?' എന്ന് ഞാന്‍ ചോദിച്ചു. അവിടുത്തെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് അച്ഛന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, 'കുഞ്ഞിനു എന്തോ കുഴപ്പമുണ്ട് എന്നാണു ഡോകടര്‍മാര്‍ പറയുന്നത്.'
In Srinagar lockdown, how a reporter gets news of his sister’s miscarriage'റിഫ്ലെക്സി'ലെന്നവണ്ണം ഞാന്‍ പോക്കെറ്റിലേക്ക് കൈയിട്ടു, സെല്‍ ഫോണ്‍ എടുത്തു ഡയല്‍ ചെയ്യാന്‍ ശ്രമിച്ചു. പിന്നെയാണ് 'അത് ഡെഡ് ആണല്ലോ' എന്ന് തിരിച്ചറിഞ്ഞത്. അവിടുത്തെ ആര്‍ എം ഓയുടെ ഓഫീസിലേക്ക് ഞാന്‍ പാഞ്ഞു ചെന്നു. 'കുഞ്ഞിനു എന്ത് പറ്റി?' എന്ന് അവരോടു ചോദിച്ചു. നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് 'സോറി' എന്ന ഒരൊറ്റ വാക്ക് മാത്രമാണ് അവര്‍ പറഞ്ഞത്. പക്ഷേ അത് മതിയായിരുന്നു എന്നെ തകര്‍ത്തു കളയാന്‍.
ഐമാന്‍ മുകളില്‍ ആയിരുന്നു. അവളെ കാണാനുള്ള ധൈര്യം ആര്‍ജ്ജിക്കാന്‍ സാധിച്ചില്ല എനിക്ക്. അനിയന്റെ അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ അവന്‍ പറഞ്ഞു -കുഞ്ഞിന്റെ മരണത്തിന്റെ കഥയും, അതറിയിക്കാനായി ദിവസം മുഴുവന്‍ എന്റെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചതിന്റെ ദുരിതവും.
'പപ്പാ, ഉച്ചയ്ക്ക് രണ്ടര മണിയോടെ, ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു, കുഞ്ഞിനു അനക്കമൊന്നും ഇല്ല എന്ന്. അതിനര്‍ത്ഥം കുഞ്ഞിനു ജീവനില്ല എന്നും,' ആശുപത്രി വരാന്തയില്‍ വച്ച് തബീഷ് എന്നോട് പറഞ്ഞു. 'ഭയ്യ' എന്നതിന് പകരം അവന്‍ എന്നെ സ്നേഹപൂര്‍വ്വം 'പപ്പാ' എന്നാണു വിളിക്കാറ്.
'പപ്പാ, ഞാന്‍ രണ്ടു തവണ ഓഫീസിലേക്ക് നടന്നു വന്നു നോക്കി, പക്ഷേ അവിടം പൂട്ടിയിരുന്നു. എവിടെ, എങ്ങനെ നിങ്ങളെ കണ്ടെത്തണം എന്ന് എനിക്ക് അറിയില്ലായിരുന്നു. നടന്നു ക്ഷീണിച്ചപ്പോള്‍ ഞാന്‍ ആശുപത്രിയിലേക്ക് മടങ്ങി. പിന്നെ ഇവിടെ നിങ്ങളെ കാത്തിരിക്കാം എന്ന് കരുതി.
ഡോക്ടര്മാര് തബീഷിനോട് കുഞ്ഞിന്റെ മരണ വിവരം അറിയിച്ചപ്പോള്‍ എന്റെ അച്ഛനും അമ്മയും വീട്ടിലായിരുന്നു. അവരെ അറിയിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ, അവന്‍ വീടിലേക്ക് നടന്നു ചെന്നാണ് ആ വിവരം അറിയിച്ചത്. പിന്നീടവന്‍ ശ്രീനഗറിനു പുറത്തുള്ള, എന്റെ സഹോദരിയുടെ ഹുംഹമയിലേക്ക് വീട്ടിലേക്കും നടന്നു പോയി ചെന്ന് വിവരം പറഞ്ഞു.
എന്റെ സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ വിവരം സമയത്തിന് സീനിയര്‍ ഡോകടര്‍മാരുടെ അടുത്തേക്ക് എത്തിക്കാന്‍ സാധിച്ചില്ല. സെല്‍ ഫോണുകള്‍ ഡെഡ് ആയതാണ് കാരണം. ആശുപത്രിയില്‍ നിന്നും അയച്ച ഒരു വണ്ടില്‍ കയറി ഡോക്ടര്‍ വൈകുന്നേരം എത്തിയപ്പോഴേക്കും, വയറ്റിനുള്ളില്‍ വച്ച് തന്നെ കുഞ്ഞു മരിച്ചു എന്ന് ഉറപ്പക്കാന്‍ മാത്രമാണ് അവര്‍ക്ക് സാധിച്ചത്.
സീനിയര്‍ ഗൈനെക്കോളോജിസ്റ്റുമായുള്ള നിരന്തര സമ്പര്‍ക്കം സാധിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷപ്പെടുത്താമായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. ആശയവിനിമയത്തിനുള്ള നിയന്ത്രണങ്ങള്‍ (ban on communication) കാരണമാണ് അത് സാധിക്കാതെ പോയത് എന്നും. എന്റെ സഹോദരിയ്ക്കും ഭര്‍ത്താവിനും ഉള്ള സങ്കടവും അത് തന്നെ - ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, കുഞ്ഞിനെ രക്ഷപ്പെടുത്താമായിരുന്നല്ലോ എന്ന്.
ഓഗസ്റ്റ് 24 ശനിയാഴ്ച, സംക്ഷുബ്‌ധമായ മനസ്സോടെ, ഡോക്ടര്‍മാര്‍ എന്റെ സഹോദരിയ്ക്ക് പ്രസവവേദന വരാനുള്ള മരുന്ന് കൊടുത്തു. കുഞ്ഞ് പുറത്തേക്ക് വന്നു, ജീവനില്ലാതെ.
Read in English: When his heartbeat dropped
ഞങ്ങളുടേത് ഒറ്റപ്പെട്ട ഒരു സംഭവം ആയിരുന്നില്ല ആ ആശുപത്രിയില്‍. എല്ലാ രോഗികള്‍ക്കും അവരവരുടെ കഥ പറയാനുണ്ട്. പണം തീര്‍ന്നു പോയതിനാല്‍ പുല്‍വാമയിലുള്ള കുടുംബാംഗങ്ങളെ സമീപിക്കാന്‍ ശ്രമിക്കുകയാണ് ഒരാള്‍; ബന്തിപൂരില്‍ നിന്നുള്ള ഒരു അറ്റെന്‍ഡന്റ്റ്, കുഞ്ഞിനു സുഖമില്ലാത്ത വിവരം കുടുംബത്തെ അറിയിച്ചത് ഒരു ആംബുലന്‍സ് ഡ്രൈവര്‍ മുഖേന. ഇത്തരത്തില്‍ തീവ്രവേദനയുടെ, സങ്കടത്തിന്റെ, നിസ്സഹായതയുടെ ധാരാളം കഥകള്‍ തബീഷ് എന്നോട് പറഞ്ഞു. ഏറെ നാളുകളായി അവനാണ് ആശുപത്രിയില്‍ രാവും പകലും കൂട്ടിരുന്നത്.
കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരം എന്റെ മടിയില്‍ വച്ച്, ഞങ്ങള്‍ വണ്ടിയില്‍ കയറി ഹുംഹമയിലേക്ക് പോയി. അവിടെ എന്റെ സഹോദരീ ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ കുഞ്ഞിനെ ആദ്യമായും അവസാനമായും ഒരു നോക്ക് കാണിച്ചതിന് ശേഷം, നനഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ അവനെ കുഴിമാടത്തിലേക്ക് താഴ്ത്തി.
ആ കല്ലറയില്‍ നിന്നും ഞാന്‍ നേരെ പോയത് മീഡിയ ഫെസിലിറ്റെഷന്‍ സെന്ററിലേക്കാണ്. അവിടെ ഔദ്യോഗിക പത്രസമ്മേളനത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ വക്താവ്, രോഹിത് കന്‍സല്‍ പറഞ്ഞു, 'situation is improving' (അവസ്ഥ മെച്ചപ്പെടുന്നുണ്ട്) എന്ന്.
Postscript: എന്റെ സഹോദരിയുടെ കുഞ്ഞു മരണപ്പെട്ടിട്ട് അഞ്ചു ദിവസമായി. ഞങ്ങളുടെ അടുത്ത ബന്ധുക്കള്‍, അമ്മാവന്മാര്‍, അമ്മായിമാര്‍ ഉള്‍പ്പടെ, ആര്‍ക്കും ഈ കുഞ്ഞു മരിച്ച വിവരം അറിയില്ല. ശുഭ വാര്‍ത്ത കേള്‍ക്കാനായി അവര്‍ കാത്തിരിക്കുകയാവും, ഇപ്പോഴും.
ഇന്ത്യന്‍ എക്സ്പ്രസ്സ് ശ്രീനഗര്‍ ബ്യൂറോ സീനിയര്‍ കറസ്പോണ്ടന്റ് ആണ് ലേഖകന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us