തിബത്തിൽ ചൈനയും പലസ്തീനിൽ ഇസ്രയേലും അഫ്ഗാനിസ്ഥാനിൽ റഷ്യയും വിയറ്റ്നാമിലും ഇറാക്കിലും അമേരിക്കയും ചെയ്തതു തന്നെയാണോ ദൈവമേ ,72 ആം സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുമ്പ് ഇന്ത്യ കശ്മീരിൽ ചെയ്യാൻ തുടങ്ങുന്നത് ?
1947 ഒക്ടോബര് 26 ന് കശ്മീരിന്റെ ഹിന്ദു മഹാരാജാവ് ഹരിസിങ്, മുസ്ലീം ജന ഭൂരിപക്ഷമുള്ള ജമ്മു -കശ്മീർ, ഇന്ത്യയിൽ ചേർക്കാനുള്ള കരാറിലൊപ്പിട്ടത് സോപാധികമായിരുന്നു .രാജ്യരക്ഷ, വിദേശബന്ധങ്ങൾ, വിനിമയ കാര്യങ്ങൾ എന്നീ അവകാശങ്ങൾ മാത്രമാണ് കശ്മീർ പൂർണമായും അടിയറ വെയ്ക്കുന്നത്. സ്വന്തം അസംബ്ലിയും സ്വന്തം ഭരണഘടനയുമുണ്ടാകും കശ്മീരിന്. ഏത് കേന്ദ്ര നിയമങ്ങളും കശ്മീരിന്റെ സ്വന്തം അസംബ്ലി അംഗീകരിക്കേണ്ടതുമുണ്ട്.
കശ്മീർ മുഖ്യമന്ത്രി എന്നല്ല പ്രധാനമന്ത്രി എന്നാണറിയപ്പെട്ടിരുന്നതെന്നും ഓർക്കുന്നു.ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൻ പിറ്റേന്ന് കരാർ അംഗീകരിച്ചതും ആ ഉറപ്പ് നല്കിക്കൊണ്ടാണ്. ക്രമസമാധാനനില മെച്ചപ്പെട്ടാലുടനെ കരാറിനെ ജനഹിതത്താൽ പൂർണമാക്കാമെന്ന് ഉറപ്പു നൽകുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാർ നെഹ്രു മുതൽ ഐക്യരാഷ്ട്രസഭയിൽ തന്റെ തട്ടുപൊളിപ്പൻ പ്രസംഗത്തിലൂടെ വി കെ കൃഷ്ണമേനോൻ വരെ കശ്മീർ ജനതക്കു മാത്രമല്ല ലോക സമൂഹത്തിനു മുമ്പിലും ആവർത്തിച്ച ഉറപ്പ് ജനഹിത പരിശോധനയായിരുന്നു. കശ്മീരി ജനഹിതം അടിയിൽ തൊട്ടു താഴെ കയ്യൊപ്പിടുന്നതിലൂടെ മാത്രമേ കരാർ ശരിക്കും കരാറാകൂ.
എന്നാൽ 1947 ഒക്ടോബര് 27 ന് ശ്രീനഗറിൽ പറന്നിറങ്ങിയ ഇന്ത്യൻ പട്ടാളം മുതൽ ഓരോ വിളക്കുകാലിന് കീഴിലും സായുധ പോലീസിനെ വിന്യസിച്ച് കശ്മീരിനെ പട്ടാള സ്റ്റേറ്റാക്കിയ സമീപകാലാനുഭവം വരെ തങ്ങളെ ഇന്ത്യയുടെ ഭാഗമാക്കുന്ന കരാർ അട്ടിമറിക്കാനായിരുന്നു ശ്രമങ്ങൾ നടന്നത് എന്നതാണ് കശ്മീരി ജനതയുടെ പരാതി. ഇതിന്നിടയിൽ കശ്മീർ മൂന്ന് കഷണങ്ങളായി. നാല്പ്പത്തിയഞ്ചു ശതമാനം ഭാഗങ്ങള് മാത്രമാണ് ഇന്ത്യയിലുള്ളത്. മുപ്പത്തിയഞ്ചു ശതമാനം പക്കിസ്ഥാനിൽ.1962ലെ യുദ്ധത്തിൽ ചൈന പിടിച്ചെടുത്ത ഭാഗങ്ങൾ അവരുടെ കൈവശവുമാണ്.ഇതാണ് കശ്മീരി ജനതയുടെ വിധി.
മുബൈയിൽ ലോക സോഷ്യൽ ഫോറം നടന്നപ്പോൾ കശ്മീരി നേതാവ്, തികഞ്ഞ ഗാന്ധിയനായ യാസിൻ മാലിക്കിനെ പരിചയപ്പെട്ടത് ഓർമിക്കുന്നു. അരുന്ധതി റോയും ഞാനും അടുത്തടുത്തിരുന്നാണാ പ്രസംഗം കേട്ടത്. പ്രശ്നം ഹിന്ദുവും മുസ്ലീമും തമ്മിലുള്ളതോ ഇന്ത്യയും പക്കിസ്ഥാനും തമ്മിലുള്ളതോ അല്ലേ അല്ല. കശ്മീരിയതയുടേതായ ദേശീയസ്വത്വ പ്രശ്നമാണ്. കശ്മീരി ജനതയെ വിശ്വാസത്തിലെടുക്കുന്ന പ്രശ്നമാണ്. ലോകസമക്ഷം നല്കിയ ഉറപ്പുകളോട് നീതി പുലർത്തുന്ന പ്രശ്നം മാത്രമാണ്. ജനഹിതം മാനിക്കുക മാത്രമാണ് പോംവഴി. കശ്മീരിന്റെ വിധി ഇന്ത്യയുടെയോ പക്കിസ്ഥാന്റെയോ കൈകളിലല്ല കശ്മീരികളെ ഏല്പിക്കുക മാത്രമാണ് പോംവഴി.
ഷേക്ക് അബ്ദുള്ളയുടെ സർക്കാരിനെ പിരിച്ചു വിട്ടതു മുതൽ നാല് ശതമാനം മാത്രം ജനങ്ങൾ വോട്ട് ചെയ്ത തെരഞ്ഞെടുപ്പുകൾ നടത്തി കശ്മീർ നോർമലെന്ന് സ്വയം ആശ്വസിപ്പിക്കുക ഒക്കെ വഴി നാം ആരാരെയൊക്കെയാണ് കബളിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത് ? 370 ആം വകുപ്പാണ് കശ്മീരും ഇന്ത്യയുമായുള്ള നാഭീനാള ബന്ധം. അത് ഇന്ത്യയുടെ ഔദാര്യമല്ല, കശ്മീരിന്റെ ജന്മാവകാശം തന്നെയാണ്. അതു കൂടി റദ്ദാക്കപ്പെട്ടാൽ കശ്മീരെങ്ങനെ പിന്നെ ഇന്ത്യയുടെ ഭാഗമാകും?
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ശിലകളിൽ തന്നെ കൈവെയ്ക്കാൻ തങ്ങൾക്ക് ‘ബ്ലാങ്ക് ചെക്ക്’ കിട്ടിയതു പോലെയാണ് മോദി – അമിത് ഷായുടെ രണ്ടാമൂഴം ആരംഭിക്കുന്നത്. ഇത് കശ്മീരിന്റെ മാത്രമല്ല ഇന്ത്യൻ റിപ്പബ്ലിക്കിന്റേയും ജനാധിപത്യത്തിന്റെയും തന്നെ ഭാവിയുടെ നിർണായക മുഹൂർത്തമാണെന്ന് ഉത്തരവാദപ്പെട്ട ഇന്ത്യാക്കാരൻ എന്ന നിലയിൽ ഞാനാശങ്കപ്പെടുന്നു.
Read Here: Explained: What is Article 370?: എന്താണ് ആര്ട്ടിക്കിള് 370?