/indian-express-malayalam/media/media_files/uploads/2019/08/k-venu-1.jpg)
ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ ഒരു പ്രത്യേക ബില്‍ അവതരിപ്പിച്ചു കൊണ്ട് ജമ്മു-കാശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370 അനുച്ഛേദവും 35A അനുച്ഛേദവും റദ്ദു ചെയ്യുകയും അവയെ ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്യുന്ന രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനു അനുമതി തേടുകയും ചെയ്തു. ഈ റദ്ദാക്കപ്പെട്ട അനുച്ഛേദങ്ങള്‍ ഒരു നിര്‍ണായകഘട്ടത്തില്‍ നിര്‍ണായകമായ ഒരു പ്രശ്ന പരിഹാരത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിചേര്‍ക്കപ്പെട്ടവയാണ്.
ആരംഭ കാലം മുതല്‍ക്കേ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തിരുന്നവര്‍, ജനസംഘത്തിന്‍റെ കാലം മുതലേ ഈ പ്രത്യേക പദവിയെ എതിര്‍ത്തു പോന്നിരുന്നു. തിരഞ്ഞെടുപ്പ് വേളകളിലെല്ലാം തങ്ങള്‍ക്കു അധികാരം കിട്ടിയാല്‍ 370 റദ്ദാക്കുമെന്ന് പ്രഖ്യാപിക്കാറുമുണ്ട്.
1914-ല്‍ അധികാരം അവര്‍ക്കു കിട്ടിയെങ്കിലും എന്‍.ഡി.എ. ഘടകകക്ഷികളില്‍ ചിലര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നത് കൊണ്ടാണത്രേ അന്ന് ഈ നടപടിയിലേക്ക് നീങ്ങാതിരുന്നത്. ഇപ്പോഴാകട്ടെ എന്‍.ഡി.എ. ഭൂരിപക്ഷം മെച്ചപ്പെടുക മാത്രമല്ല പുറത്തു നിന്നുള്ള പിന്തുണയും ലഭിച്ചിരിക്കുന്നു. രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സമര്‍ത്ഥമായ മാനേജുമെന്റിലൂടെയാണ് ബില്ല് പാസ്സാക്കിയെടുത്തത്. പക്ഷെ ജനാധിപത്യവിരുദ്ധവും ദുരൂഹവുമായ നീക്കങ്ങളാണ് പിന്നില്‍ സംഭവിച്ചിട്ടുള്ളതെന്ന നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍ ഗൗരവപൂര്‍വ്വം പരിശോധിക്കേണ്ടതാണ്.
370 അനുച്ഛേദത്തിന്‍റെ ഉപഭാഗങ്ങളില്‍ ഭേദഗതി വരുത്തുന്നതിനോ ഇപ്പോള്‍ ചെയ്തതു പോലെ ഈ അനുച്ഛേദം തന്നെ റദ്ദു ചെയ്യുന്നതിനോ ജമ്മു-കാശ്മീര്‍ അസംബ്ലിയുടെ അംഗീകാരം വേണം. അസംബ്ലിയുടെയോ പാര്‍ലമെന്റിന്റെയോ അംഗീകാരമില്ലാതെ, ഓര്‍ഡിനന്‍സിലൂടെയാണ് ഈ റദ്ദാക്കല്‍ നടത്തിയിരിക്കുന്നത്. അതിനു ജനാധിപത്യപരവും നിയമപരവുമായ നിലനില്‍പ്പില്ലെന്നു ചുരുക്കം.
1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ബ്രിട്ടീഷ് ഇന്ത്യയോടൊപ്പം 562 നാട്ടുരാജ്യങ്ങള്‍ കൂടി ഇവിടെ ഉണ്ടായിരുന്നു. അവയ്ക്കോരോന്നിനും ഇന്ത്യയില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ബ്രിട്ടീഷുകാര്‍ നല്‍കിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇവയെയെല്ലാം കൂട്ടിച്ചേര്‍ത്താണ് ഇന്ത്യന്‍ യൂണിയന്‍ ഉണ്ടാക്കിയതെന്നത് ചരിത്രം.
ഇന്ത്യയില്‍ ചേരണോ പാകിസ്ഥാനില്‍ ചേരണോ എന്ന് തീരുമാനിക്കാന്‍ സ്വതന്ത്രമായി അവസരം നല്‍കപ്പെട്ട നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു മഹാരാജാ ഹരി സിംഗ് ഭരിച്ചിരുന്ന ജമ്മു-കാശ്മീര്‍. രാജാവ് രണ്ടിടത്തും ചേരാതെ സ്വതന്ത്രമായി നില്‍ക്കാന്‍ ആരംഭത്തില്‍ ശ്രമിക്കുകയായിരുന്നു. ചേരേണ്ടി വരികയാണെങ്കില്‍ ഇന്ത്യയില്‍ ചേരാനായിരുന്നു ഹരി സിങ്ങിന് താല്‍പ്പര്യം. പാകിസ്ഥാനില്‍ ചേരാനുള്ള ആവശ്യം രാജാവ് നിഷേധിച്ചപ്പോള്‍ പഖ്തൂണ്‍ ഗോത്രവര്‍ഗക്കാരെ വിട്ട് ജമ്മു കാശ്മീരിനെ ആക്രമിക്കുകയാണ് പാകിസ്താന്‍ ചെയ്തത്.
ഒറ്റയ്ക്ക് ചെറുത്തു നില്‍ക്കാനാവാതെ ഹരി സിംഗ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു പട്ടാളത്തെ അയക്കാന്‍ സന്നദ്ധനായി. പക്ഷേ ഇന്ത്യയില്‍ ചേരുമെന്നും രാജവാഴ്ച അവസാനിപ്പിച്ച് ഭരണഘടനാ നിര്‍മ്മാണ അസംബ്ലി വിളിച്ചു ചേര്‍ത്ത് ജനാധിപത്യ ഭരണഘടന ഉണ്ടാക്കുമെന്നുമുള്ള കരാറില്‍ ഒപ്പുവെക്കണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു. വേറെ മാര്‍ഗമില്ലാതിരുന്നതു കൊണ്ട് ഹരി സിംഗ് അതിനു തയ്യാറാവുകയും ചെയ്തു.
പക്ഷെ ഹരി സിങ്ങിന്‍റെ ആവശ്യ പ്രകാരം ജമ്മു-കാശ്മീരിനു പ്രത്യേക പദവിയും സ്വയം ഭരണാവകാശവും ഉറപ്പു വരുത്തുന്ന 370 വകുപ്പ് ഭരണഘടനയില്‍ ചേര്‍ക്കാന്‍ നെഹ്രു സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. 1949-ല്‍ അതനുസരിച്ചുള്ള പ്രമാണം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
അപ്പോഴേക്കും പഖ്തൂണ്‍കാരെ മുന്‍ നിര്‍ത്തി പാക് സൈന്യം ജമ്മു-കാശ്മീരിന്‍റെ സിംഹഭാഗവും കയ്യടക്കി കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സൈന്യം ഇടപെട്ടതോടെ അതൊരു യുദ്ധമായി മാറി. ലോക രാഷ്ട്രങ്ങളും തുടര്‍ന്ന് ഐക്യരാഷ്ട്രസഭയും ഇടപെട്ടു വെടിനിര്‍ത്തലിലേക്ക് എത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ തന്നെ രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു നിയന്ത്രണരേഖ നിശ്ചയിക്കുകയും ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികള്‍ നീരിക്ഷിച്ചുപോരുകയും ചെയ്യുന്നു. നിയന്ത്രണ രേഖക്ക് രണ്ടു വശവും നിന്നുള്ള രണ്ടു സൈന്യങ്ങളുടെയും അതിക്രമങ്ങള്‍ രണ്ടു വലിയ യുദ്ധങ്ങളിലേക്ക് വരെ എത്തുകയും ചെയ്തിട്ടുണ്ട്.
ഹിന്ദുത്വവാദം 370-നെ ഇന്ത്യന്‍ അഖണ്ഡതക്ക് ഭീഷണിയായി കണ്ടപ്പോള്‍ മതേതരജനാധിപത്യ ശക്തികള്‍ ഇന്ത്യയിലെ ബഹുസ്വരതയുടെയും ഫെഡറലിസത്തിന്റെയും പ്രതീകമായി അതിനെ കണ്ടു പോന്നു. തീര്‍ച്ചയായും അടിസ്ഥാനപരമായി വ്യത്യസ്തമായ, പരസ്പരവിരുദ്ധമായ രണ്ടു നിലപാടുകളെയാണ് അവ പ്രതിനിധാനം ചെയ്യുന്നത്.
ഈ രണ്ടു സമീപനങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ദീര്‍ഘകാല പാരമ്പര്യമുണ്ട്. ഇനിയും ആ ചരിത്രം ഏറെ നീണ്ടു പോകാന്‍ തന്നെയാണ് സാദ്ധ്യത. ഇന്ത്യയെപ്പോലെ അങ്ങേയറ്റം വൈവിദ്ധ്യമാര്‍ന്നതും അതിബ്രുഹത്തുമായ ഒരു സമൂഹത്തില്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ സ്വാഭാവികമാണ്.
ഈ വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയുമെല്ലാം ഒരു മതത്തിന്റെയോ ഏതെങ്കിലും വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ മറികടന്നു കൊണ്ട് ഒരു ഏകീകൃത, അഖണ്ഡ സമൂഹമായി ഇന്ത്യന്‍ സമൂഹത്തെ മാറ്റിയെടുക്കാം എന്ന സങ്കല്പം ഒരു വ്യാമോഹമായി അവശേഷിക്കുകയേ ഉള്ളൂ. ചരിത്ര യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണ് ഇത്തരം സങ്കല്‍പ്പങ്ങള്‍ എന്നതു കൊണ്ടാണ് ഇങ്ങിനെ പറയേണ്ടി വരുന്നത്.
ചരിത്രത്തില്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രനിര്‍മ്മിതി നടന്നതായി കാണാന്‍ കഴിയില്ല. മതങ്ങള്‍ ഫ്യൂഡല്‍ കാലഘട്ടങ്ങളില്‍ അധികാരവു മായിബന്ധപ്പെട്ടു നിന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അക്കാലത്ത് രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും വെട്ടിപ്പിടുത്ത ശേഷിയാണ് രാജ്യാതിര്‍ത്തികളെ നിര്‍ണയിച്ചിരുന്നത്. രാജവാഴ്ചക്ക് ശേഷം പാശ്ചാത്യലോകത്ത് ആധുനിക ദേശീയ രാഷ്ട്ര നിര്‍മ്മിതികള്‍ പൊതുവില്‍ ഭാഷയെ ആധാരമാക്കിയാണ് നടന്നതെന്ന് കാണാം. അടുത്തഘട്ടത്തില്‍ കോളനി രാജ്യങ്ങള്‍ സ്വതന്ത്ര ആധുനികരാഷ്ട്രങ്ങളായി പരിണമിച്ചപ്പോള്‍ ഭാഷയെ കൂടാതെ മറ്റു പല ഘടകങ്ങളും അതില്‍ പങ്കു വഹിച്ചുവെന്ന് കാണാം. പക്ഷെ അവിടെയും മതം ഒരു പ്രധാന ഘടകമായിട്ടില്ലെന്നു കാണാം.
ഇന്ത്യയില്‍ ഭക്തിപ്രസ്ഥാന കാലത്ത് സംസ്കൃതത്തിന്‍റെ വരേണ്യ മേധാവിത്തത്തെ നിഷേധിച്ചു കൊണ്ട് പ്രാദേശിക ഭാഷകള്‍ ഉയര്‍ന്നു വന്ന പ്രക്രിയ തടസ്സങ്ങളില്ലാതെ മുന്നേറിയിരുന്നെങ്കില്‍ ഒരുപക്ഷെ യൂറോപ്പിലേത് പോലെ ഇന്ത്യന്‍ ഉപഭൂഖണ്ഡവും അനവധി ഭാഷാ ദേശീയ രാഷ്ട്രങ്ങളായി മാറുമായിരുന്നു എന്ന് സങ്കല്പിച്ചു കൂടായ്കയില്ല. ബ്രിട്ടീഷ് കൊളോണിയലിസമാണ് ആ പ്രക്രിയയെ തടഞ്ഞതെന്ന് വ്യക്തമാണ്.
സ്വാഭാവികമായും ആ കൊളോണിയലിസത്തിനെതിരായ സമരം പുതിയൊരു ഇന്ത്യന്‍ ഐക്യത്തിലേക്ക് നയിക്കുകയായിരുന്നു. ഏതെങ്കിലും ഭാഷയോ മതമോ ആയിരുന്നില്ല ആ ഏകീകരണത്തിനു അടിസ്ഥാനം. ഗാന്ധിയന്‍ മത സൗഹാര്‍ദ്ദവും ആധുനിക ഫെഡറല്‍ മതേതരജനാധിപത്യ സങ്കല്പങ്ങളുമാണ് ആ ഐക്യത്തെ രൂപപ്പെടുത്തിയത്.
ബഹുസ്വരതയില്‍ അധിഷ്ടിതമായി ദീര്‍ഘകാല ചരിത്രപ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുവന്ന ഈ ഐക്യത്തെ മതാധിഷ്ടിത അഖണ്ഡതയായി രൂപന്തരപ്പെടുത്താമെന്ന ഹിന്ദുത്വവാദികളുടെ കണക്കുകൂട്ടലുകളെ കുറച്ചു കാണേണ്ടതില്ല. ഭാഷാ, വര്‍ണ്ണ, ജാതി വൈവിദ്ധ്യങ്ങളുടെ മുകളില്‍ ഒരു ഹിന്ദുത്വബോധത്തിന്‍റെ മേലാട അണിയിക്കാനുള്ള ശ്രമം ആ ദിശയിലുള്ള ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നുള്ളത് കാണാതിരുന്നു കൂടാ. അതു കൊണ്ടു തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ വേരുറച്ചു കഴിഞ്ഞിട്ടുള്ള ഫെഡറല്‍, മതേതര ജനാധിപത്യരാഷ്ട്രീയത്തിന്‍റെ അടിത്തറ ശക്തമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രതിരോധം ഏറെ പ്രസക്തമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.