പ്രിയ എ എസ് എന്ന എന്റെ കൂട്ടുകാരിയുടെ സ്‌നേഹപ്രേരണ കാരണമാണ് ‘പേരന്‍പ്’ കാണാം എന്ന് തീരുമാനത്തിലെത്തിയത്. ‘സെറിബ്രല്‍ പാള്‍സി’ ബാധിച്ച ഒരു കുഞ്ഞിനെ വളര്‍ത്തുന്ന ‘സിംഗിള്‍ പാരെന്റി’ന്റെ കഥയാണ് സിനിമ എന്ന് പറയുകയുണ്ടായി പ്രിയ. അമ്മവീട്ടില്‍ ഞാന്‍ ചെലവഴിക്കനെത്തിയ ചെറിയ സന്ദര്‍ശനക്കാലത്തിന്റെ അവസാന ദിനമെത്തിയിരുന്നുഅപ്പോഴേക്ക്… ഞങ്ങള്‍ ദില്ലിയിലേക്കും പിന്നെ അവിടെ നിന്ന് ലണ്ടനിലേക്കും പറന്നാല്‍പ്പിന്നെ ഈ ചിത്രം കാണാനുള്ള സാധ്യതയില്ല എന്നും ഞാനിത് കണ്ടേ പറ്റൂ എന്ന് ഒരു കാര്യവുമില്ലാതെ പ്രിയ പറയില്ല എന്നും നല്ല ബോധ്യമുണ്ടായിരുന്നു എനിക്ക്. ‘ഏന്‍ഷ്യന്റ് പ്രോമിസ്സ്’ (ജന്മാന്തര വാഗ്ദാനങ്ങള്‍) എന്ന എന്റെ പുസ്തകത്തെ ഹൃദയവും ആത്മാവും കൊണ്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ, അങ്ങേയറ്റം ‘സെന്‍സിറ്റീവ്’ ആയൊരു എഴുത്തുകാരിയാണ് എനിക്ക് പ്രിയ. ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയെ വളര്‍ത്തിയെടുക്കുന്നതിന്റെ ആത്മനൊമ്പരം പ്രിയയ്ക്ക് നന്നായറിയാം.
മകള്‍ രോഹിണിയെ എന്റെ അമ്മയും അമ്മായിയും ചേര്‍ന്ന് ഒരു കസിന്റെ വീട് സന്ദര്‍ശനത്തിനായി കൂട്ടിക്കൊണ്ടു പോയി മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്ത അവസരം മുതലാക്കി, മോര്‍ണിംഗ് ഷോ കാണാനായി തിരുവനന്തപുരത്തെ പുതിയ മള്‍ട്ടിപ്ലക്സുകളില്‍ ഒന്നിലേക്ക് ഞാന്‍ തക്കം പാര്‍ത്തു കുതിച്ചത് അങ്ങനെയാണ്. അങ്കലാപ്പുണ്ടായിരുന്നു സിനിമാ കാണാനിരിക്കുമ്പോള്‍ എന്ന് പറയാതെ വയ്യ. ‘നല്ല സന്ദേശ’മുള്ള സിനിമകള്‍ എന്ന് പൊതുവേ വാഴ്ത്തപ്പെടാറുള്ള സിനിമകളെ ഞാനെന്നും എല്ലാക്കാലത്തും സംശയത്തോടെയേ സമീപിക്കാറുള്ളൂ. ലണ്ടനില്‍ വെച്ച് ചില സുഹൃത്തുക്കള്‍, ‘worthy and moving’, എന്നഭിപ്രായം പറഞ്ഞത് കേട്ടാണ് ‘ബ്ലാക്ക്’ എന്ന സിനിമ കാണാന്‍ പോയത്. ആ സിനിമ ഇറങ്ങിയ കാലം കൂടി കണക്കിലെടുത്താല്‍ തീര്‍ച്ചയായും ബോളിവുഡിന് അസാധാരണമായ ഒരു പ്രമേയം തന്നെയായിരുന്നു അതെന്നു പറയേണ്ടിവരും. തന്നെയുമല്ല നാം ജീവിക്കുന്ന ഈ കാലത്ത് നിര്‍ബന്ധമായും അഭിസംബോധന ചെയ്യപ്പെടേണ്ടതായ ഒരു വിഷയത്തിലേക്ക് വളരെക്കാലമെടുത്തെങ്കിലും ഇന്ത്യന്‍ സിനിമ എത്തിയെന്നതും കൂടിയാണ് ‘ബ്ലാക്കി’നെ ശ്രദ്ധേയമാക്കിയത്.

എന്നാല്‍ തന്റെ തീര്‍ത്തും സ്വകാര്യമായ പോരാട്ടങ്ങളെ ഒരാൾ തിരിഞ്ഞു നോക്കുന്ന അവസരത്തില്‍ അയാൾക്ക്, ഇത്തരത്തില്‍ ‘worthy’ ആയി കണക്കാക്കപ്പെടുന്ന ഒരാഖ്യാനമോ ഓര്‍മ്മപ്പെടുത്തലോ അല്ല ആവശ്യം. വൈകല്യങ്ങളെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളെ അതിന്റെ ഏറ്റവും ഇരുണ്ട, പീഡകള്‍ നിറഞ്ഞ തലത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട്, അത്തരം വൈകല്യത്തെ ഏറ്റവും ഭയപ്പെടുത്തുന്നതും ദയ അര്‍ഹിക്കുന്നതുമായ കേവലാവസ്ഥയായി ചുരുക്കുകയാണ് ആ സിനിമ ചെയ്തത്. (ചാര്‍ളി ചാപ്ലിൻമട്ടിലെ റാണി മുഖര്‍ജിയുടെ നൃത്തത്തിനും പോലും അതിനെ ഒട്ടും സഹായിക്കാന്‍ പറ്റിയില്ല). മനസിലാക്കപ്പെടേണ്ടതോ ആശ്ലേഷിക്കപ്പെടേണ്ടതോ ആയ ഒരു അവസ്ഥയെ പരിതപിക്കേണ്ട ഒന്നാക്കി വരച്ചു കാട്ടുകയായിരുന്നു ആ സിനിമ. വൈകല്യമുള്ളവരുടെ മാതാപിതാക്കള്‍ കടന്നു പോകുന്ന ബുദ്ധിമുട്ടുകള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ, അത്തരക്കാരെ വളര്‍ത്തുന്നതിനിടെ കൈവരുന്ന ചില പ്രത്യേക തരം കുഞ്ഞു വിജയങ്ങളെയും അവ കൊണ്ട് വരുന്ന സന്തോഷങ്ങളേയും കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന ചില രക്ഷാകര്‍ത്താക്കളെങ്കിലും ഉണ്ടാകും എന്ന കാര്യം കാണാതെ പോകരുത്. ‘ബ്ലാക്കി’ൽ നിന്നും ഈ ഒരു വശം മൊത്തമായി ഒഴിവാക്കപ്പെട്ടപ്പോഴാണ്, സങ്കീര്‍ണമായ ആ ലോകത്തെപ്പറ്റിയുള്ള സിനിമാ-ഉള്‍ക്കൊള്ളല്‍ അപൂര്‍ണ്ണമായത്.
അല്പം ആശ്വാസത്തോടെ തന്നെ പറയട്ടെ, ‘പേരന്‍പ്’, ഏതായാലും’ബ്ലാക്ക്’ അല്ലായിരുന്നു. മമ്മൂട്ടിയും ‘സെറിബ്രല്‍ പാള്‍സി’യുള്ള അദ്ദേഹത്തിന്റെ ടീനേജുകാരി മകളായി അഭിനയിച്ച സാധനയും; രണ്ടു പേരും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടു കഥാപാത്രങ്ങളുടേയും മനോവേദനയും, സംഭ്രമവും, വല്ലപ്പോഴുമുള്ള വിദ്വേഷപ്രകടനവും എല്ലാം തന്നെ സംഭാഷണങ്ങളോ അതിവൈകാരികതയോ ഇല്ലാതെ, കണ്ണുകളിലൂടെയാണ് പ്രധാനമായും സംവദിക്കപ്പെട്ടത് (സാധനയുടെ കാര്യത്തില്‍ ഇക്കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.).
ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയുടെ പരിപാലനം ഒട്ടും നിനച്ചിരിക്കാത്ത ഒരു നിമിഷത്തില്‍ ഏറ്റെടുക്കേണ്ടി വരുന്ന ഒരു രക്ഷകര്‍ത്താവിന്റെ അവസ്ഥയാണ് എന്നെ ഏറ്റവുവുമുലച്ചത്. മമ്മൂട്ടിയുടെ ഏറ്റവും സൂക്ഷ്മമായ പ്രകടനങ്ങളില്‍ ഒന്ന്. ഓട്ടിസം ബാധിച്ച മകനെ ഒറ്റയ്ക്കു വളര്‍ത്തുന്നൊരു അച്ഛന്റെ രസകരവും ഹൃദയസ്പര്‍ശിയുമായ ഒരു കഥയായ ‘ദി ക്യൂരിയസ് ഇന്‍സിഡന്റ് ഓഫ് ദി ഡോഗ് ഇന്‍ നൈറ്റ് ടൈം’മിന്റെ രംഗാവിഷ്‌കാരത്തിലെ അച്ഛനെ ഓര്‍മ്മപ്പെടുത്തുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ലണ്ടനില്‍ വെച്ച് ആ നാടകം കാണ്‍കെ ഞാന്‍ കരഞ്ഞില്ലാതായി. പക്ഷേ പിന്നീടാണ് എനിക്ക് മനസിലായത് ഞാന്‍ കരഞ്ഞത് ആ കുട്ടിയെച്ചൊല്ലിയല്ല മറിച്ചു അച്ഛനെച്ചൊല്ലിയാണെന്ന്. ഓട്ടിസം ബാധിച്ച ആ കുട്ടി അവന്റെ തന്നെ ‘ഡ്രാഗണു’കളുമായി ഏറ്റുമുട്ടുകയാണ് അതില്‍. പക്ഷേ അസാധാരണത്വം നിറഞ്ഞ (അതെ, അതങ്ങനെ തന്നെയാണ് എന്നതാണ് സത്യം), കൈകാര്യം ചെയ്യല്‍ വിഷമമായ മകനെ കഷ്ടപ്പെട്ട് സ്‌നേഹിക്കാനായി പെടാപ്പാടുപെടുന്ന ഒരച്ഛന്റെ അത്രമേല്‍ സത്യസന്ധമായ ചിത്രീകരണം എന്നെ അടിമുടി ഉലച്ചു.
ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ പിതാവല്ല മാര്‍ക്ക് ഹഡോണ്‍, എന്നാല്‍ ഓട്ടിസം ബാധിച്ച കുട്ടികളെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്, അതാണ് ആ നാടകത്തില്‍ കണ്ട ഉള്‍കാഴ്ചയുടെ അടിസ്ഥാനം. ‘പേരന്‍പി’ല്‍ കാണാനായ സഹാനുഭൂതിയ്ക്കും ഇത്തരം ഒരു ഉറവിടം ഉണ്ടാകും എന്നു കരുതാനാണെനിക്കിഷ്ടം, എന്താവും അത് എന്നു ഞാന്‍ വിസ്മയിക്കുന്നുണ്ട്… ഒരല്പം കൂടെ ലാഘവവും ചിരിയും (വൈകല്യങ്ങള്‍ ഉള്ളവരുടെ ജീവിതത്തില്‍ അതുമുണ്ട് ധാരാളമായി!) ഈ കഥയില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ വിചാരിക്കുമ്പോഴും ഇത്തരമൊരു ജീവിതത്തിലെ ചെറിയ ചില സന്തോഷങ്ങളെയെങ്കിലും ഈ സിനിമയ്ക്ക് കാണിച്ചു തരാനായിട്ടുണ്ട് എന്ന കാര്യം വലിയൊരു മാറ്റമായിത്തന്നെ അനുഭവപ്പെട്ടു. സാനിറ്ററി പാഡ് താന്‍ സ്വയം മാറ്റികൊള്ളാമെന്ന് പറഞ്ഞു ബാത് റൂമിലേക്ക് പാപ്പ ആദ്യമായി ഒറ്റയ്ക്ക് പോകുന്നത് കണ്ടുനില്‍ക്കുന്ന അച്ഛന്റെ ആശ്വാസത്തിന് സാക്ഷ്യം വഹിച്ച നിമിഷം ഹൃദയസ്പര്‍ശിയും ആനന്ദകരവുമായിരുന്നു. ‘ഇത്തരം ചെറിയ നേട്ടങ്ങള്‍ എവറസ്റ്റ് കൊടുമുടി കയറുന്നത് പോലെയാണ്’ എന്ന് അയാള്‍ പറയുന്നത് എനിക്ക് മനസ്സിലാവും.

പെട്ടെന്നൊരു ദിവസം അമ്മ തന്നെ ഉപേക്ഷിച്ചു പോകുമ്പോഴുണ്ടാകുന്ന ദേഷ്യവും സംഭ്രമവും, ‘പാപ്പ’ എന്ന മകള്‍ക്കഥാപാത്രം അവളെ പിന്നീട് പരിചരിക്കേണ്ടി വരുന്ന, അവളുടെ പൂര്‍ണാശ്രയമായിത്തീരുന്ന ആളുടെ മേല്‍ ചൊരിഞ്ഞിട്ടു തീര്‍ക്കുന്ന രീതിയും എന്നെ ഒരുപാട് സ്പര്‍ശിച്ചു. അതൊട്ടും തന്നെ ‘ഫില്‍മി’ അല്ല, മറിച്ചു സത്യസന്ധവും, യഥാര്‍ത്ഥ ജീവിതത്തിന്റെ ശരിയായ പ്രതിഫലനമാണ്. ആ സീനില്‍, എനിക്കെന്നെയോര്‍ത്തു നാണക്കേടു തോന്നി എന്നു തന്നെ പറയയേണ്ടിവരും… കാരണം, എന്റെ മകള്‍, അവൾക്ക് സ്വയം മനസ്സിലാക്കാനും വിശദീകരിക്കാനും സാധിക്കാത്ത അവളുടെ ഏതെല്ലാമോ വ്യഥകളുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാനായി തെരഞ്ഞെടുക്കുന്ന ഒരു ‘പഞ്ചിംഗ് ബാഗ്’ ആയി മാറേണ്ടി വരാറുണ്ട് പലപ്പോഴും എനിയ്ക്ക്. അത്തരം ഏതൊക്കെയോ നിമിഷങ്ങളില്‍ കടുത്ത അമര്‍ഷം കാട്ടിയിട്ടുള്ള ഒരമ്മ കൂടിയാണ് ഞാന്‍.
തങ്ങള്‍ക്കു പ്രിയപ്പെട്ടവരെന്ന് ഒരു നിമിഷം ഇത്തരം പരിമിതികളുള്ളവര്‍ ധരിച്ചുവശാകുന്ന ചില മനുഷ്യര്‍, അടുത്ത ഏതോ നിമിഷം പെട്ടെന്നപ്രത്യക്ഷരാകുന്നത് ഇവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ പോകുന്നതിനെയും അതിലവർ തകര്‍ന്നു പോകുന്നതിനേയും കുറിച്ച് ചിത്രത്തിന്റെ തുടക്കത്തില്‍ അച്ഛൻ കഥാപാത്രം നിരീക്ഷിക്കുന്നതും എനിക്കൊരുപാടിഷ്ടമായി. അയാളുടെയും അയാളുടെ മകളുടെയും അവസ്ഥ കണ്ട്, കരുണാമയിയായ ഒരപരിചിത തന്റെ കായലോരത്തെ വീട് അയാള്‍ക്ക് വില്‍ക്കുകയും, നൃത്തം ചെയ്ത് കുറച്ചു നേരത്തേക്കെങ്കിലും അവളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ വിട പറയാനുള്ള സമയം അടുക്കുകയും അവര്‍ തന്റെ ബോട്ടില്‍ മൂടല്‍ മഞ്ഞിനിടയിലേക്ക് അവളെ കൈവീശിക്കാണിച്ചു മടങ്ങുകയും ചെയ്യുമ്പോള്‍, പാപ്പയ്ക്കത് താങ്ങാന്‍ കഴിയാത്ത നഷ്ടമാവുകയും, തന്റെ സങ്കടവും ദേഷ്യവും സഹിക്കുമെന്ന് ഉറപ്പുള്ള അച്ഛന്റെയടുത്തു അവളതന്നേരം ഒരിക്കൽക്കൂടി പ്രയോഗിച്ച് തീര്‍ക്കുകയും ചെയ്യുന്നുണ്ട്.
പാപ്പയുടെ അമ്മയുടെ അസാന്നിധ്യം ആഖ്യാനത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തിലേത് പോലെ തന്നെ, തങ്ങളുടെ അതിജീവനത്തിന്റെ വഴിയേയുള്ള യാത്രയിൽ ഇത്തരം കുട്ടികളെ ഉപേക്ഷിച്ചു അമ്മമാര്‍ ചിലപ്പോഴൊക്കെ പോയ ചരിത്രവും ഉണ്ടായിട്ടുണ്ട് . ഇങ്ങനെയുമുണ്ടാകുമോ അമ്മമാര്‍ എന്ന മനസ്സിലാകായ്മയോടെയാവാം, എങ്കില്‍ക്കൂടിയും അത്തരം ചെയ്തികളെ നമ്മള്‍ ഉള്‍ക്കൊളേളണ്ടതുണ്ട്. തങ്ങള്‍ക്ക് മുന്‍പ് മക്കള്‍ മരിക്കണമെന്ന് ഏതെങ്കിലും മാതാപിതാക്കള്‍ ആഗ്രഹിക്കാറുണ്ടെങ്കില്‍ അത് ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനമ്മമാര്‍ മാത്രമാണ് എന്ന് സിനിമയ്ക്കുള്ളിലെ സിനിമ എന്ന മട്ടില്‍, ധീരമായ ഒരു ചെറു നിമിഷത്തിൽ ‘പേരന്‍പ്’ അസന്ദിഗ്ദ്ധമായി പറഞ്ഞു വയ്ക്കുന്നുണ്ട്. എന്നെ വൈകാരികമായി ഒരുപാട് സ്പര്‍ശിച്ച നിമിഷമാണത്.
ഇംഗ്‌ളണ്ടിലെത്തി കുറച്ചു വര്‍ഷങ്ങള്‍ക്കകം ഞാന്‍ വായിച്ചൊരു വാര്‍ത്തയുണ്ട്. തന്റെ ‘പ്രത്യേകതരക്കാരന്‍’ പന്ത്രണ്ട് വയസുകാരനെയും കൂട്ടി ഒരു സ്ത്രീ ഹംബര്‍ ബ്രിഡജിലേക്ക് (Humber Bridge) പോകുകയും, തന്നോടൊപ്പം ചാടാന്‍ അവനെ പ്രേരിപ്പിച്ച് ഇരുവരുമൊന്നിച്ച് അവിടെ ജീവെനാടുക്കുകയും ചെയ്തു. ആത്മപീഡനത്തോളം പോന്ന സ്‌നേഹരീതിയാണിത്. കൂട്ടായി മറ്റേ ആളില്ലാതെ ജീവിക്കുന്നതിനേക്കാള്‍ കരുണാമയമാവുന്നത് ഒന്നിച്ചുള്ള മരണമാണെന്ന് ചിലപ്പോള്‍ അത്തരമൊരു ജീവിതത്തിനിടെ തോന്നിയെന്നിരിക്കും – ‘പേരന്‍പും’ ഈ ആശയത്തെ ഒന്നു തൊട്ടു പോകുന്നുണ്ട്.
അപ്രതീക്ഷിത ഇടങ്ങളില്‍ നിന്നും ആളുകളിലും നിന്നുമാണ് ഒടുവില്‍ സ്‌നേഹവും പിന്തുണയും വന്നു ചേരുക എന്നൊരു വഴിത്തിരിവ് ഭാഗ്യത്തിനീ സിനിമ കാണിച്ചു തരുന്നുണ്ട്. അത്തരത്തിലുള്ള സ്‌നേഹം കൊടുക്കുമ്പോഴാണ് അവര്‍ പൂക്കള്‍ സൂര്യപ്രകാശത്തിനോടെന്ന പോലെ പ്രതികരിക്കുന്നതും വിടരുന്നതും. സിനിമ ഇനിയും കണ്ടിട്ടില്ലാത്തവര്‍ ഉണ്ടാകും എന്നുള്ളത് കൊണ്ട് കൂടുതല്‍ ‘സ്‌പോയിലറുകള്‍’ തരുന്നില്ല, പക്ഷേ എഴുതി നിര്‍ത്തുന്നതിനു മുമ്പ് ഇത്രയും കൂടി പറയാതെ വയ്യ- എന്റെ മകള്‍ക്കുമുണ്ടായിട്ടുണ്ട് ഇത്തരം അപ്രതീക്ഷിത രക്ഷകര്‍. സ്വന്തം മാതാപിതാക്കളേക്കാളും എന്റെ മകള്‍ ആരാധിക്കുന്നത് അവളുടെ രണ്ടാനച്ഛനെയും രണ്ടാനമ്മയെയും ആണ്. അവള്‍ ഭാഗ്യവശാല്‍ എത്തിച്ചേര്‍ന്ന സ്‌കൂളുകളിലേയും റെസിഡന്‍ഷ്യല്‍ യൂണിറ്റുകളിലേയും ചില അധ്യാപകരും പരിചാരകരും പിന്നെ തങ്ങളുടെ സമയവും വാത്സല്യവും സ്‌നേഹവും ഉദാരമായി നല്‍കി അവള്‍ക്ക് ഒരു കുറവും വരുത്താതെ നോക്കിയ ഒരുപിടി സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ അക്കൂട്ടത്തില്‍ത്തന്നെയാണ് വരിക.
ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് എന്റെ മകള്‍ ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരുന്ന കാലത്താണ് ഭിന്നശേഷിക്കാരിയായ ഒരുു കുട്ടിയുടെ രക്ഷാകര്‍ത്താവാകുന്നതാണ് ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട അവസ്ഥ എന്ന് ഞാൻ മനസിലാക്കിയത്. ആ ദുരവസ്ഥയില്‍ ഇനിയും വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് കൂടിയാണ് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രീകരിക്കപ്പെട്ട ‘പേരന്‍പ്’ എന്നോട് പറയുന്നത്. ഈ മാറ്റമില്ലായ്മയെ അസഹനീയം എന്ന വാക്കിലല്ലാതെ മറ്റെന്തിലാണ് ഞാൻ ഒതുക്കുക!
എഴുത്തുകാരിയും ഭിന്നശേഷിക്കാരിയായ മകളുടെ രക്ഷകര്‍ത്താവുമാണ് ലേഖിക.
പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍ കോളിന്‍സ് എന്നിവര്‍ ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച
എട്ടു നോവലുകളുടെ രചരിതാവാണ് ജയശ്രീ മിശ്ര.
പഠനശേഷി പരിമിതികളുള്ള മുതിര്‍ന്നവര്‍ക്ക് വേണ്ടി, അവരുടെ മാതാപിതാക്കളുമായി ചേര്‍ന്ന് ദില്ലിയില്‍ റസിഡന്‍ഷ്യല്‍ ഹോം സ്ഥാപിച്ചിട്ടുണ്ട്.