scorecardresearch

വികസനത്തിലെ “ചീത്തക്കുട്ടികൾ”

ചെറുവായ്പാസഹായവും മറ്റു ചില്ലറ ജനക്ഷേമവും കൈപ്പറ്റി, വീട്ടിലെങ്ങാനും അടങ്ങിയൊതുങ്ങി ജീവിക്കാൻ തയ്യാറാകാത്ത താഴ്ന്ന ഇടത്തരക്കാരികളെ വികസനത്തിൻറെ ‘ചീത്തക്കുട്ടിപ്പട്ടിക’യിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിയാണ്

വികസനത്തിലെ “ചീത്തക്കുട്ടികൾ”

‘വികസന’ത്തിന് എതിരായി നിൽക്കുന്നത് ‘കുറച്ചു മാത്രം’ ആളുകളാണെന്നും അവരെ നേരിടുമെന്നും നമ്മുടെ മുഖ്യമന്ത്രി. പെൺകുട്ടികൾ അധികവും ‘തോന്നിയതുപോലെ’ ജീവിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നുവെന്ന് നമ്മുടെ പ്രിയ കവയത്രി. കേരളത്തിലെ സ്ത്രീകളെ രണ്ടുവിധത്തിൽ പ്രതിക്കൂട്ടിലാക്കാൻ പുരോഗമനകക്ഷിയുടെ രാഷ്ട്രീയനേതാവും സ്ത്രീസംരക്ഷണത്തിൻറെ കുത്തക കൈവശം വച്ചിരിക്കുന്ന സാംസ്കാരികനായികയും തുനിഞ്ഞിറുങ്ങുമ്പോൾ അവർ എണ്ണത്തെക്കുറിച്ചു സൂചനകൾ നൽകുന്നത് ശ്രദ്ധിക്കേണ്ടതു തന്നെ.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പരോക്ഷമായി സൂചിപ്പിക്കപ്പെട്ടത് ‘വികസന’മെന്ന പേരിൽ നടക്കുന്ന ജനാധിപത്യവിരുദ്ധതയെ ചെറുക്കുന്ന സ്ത്രീകളാണെന്ന് വ്യക്തം. അവർ എണ്ണത്തിൽ ചുരുക്കമാണെന്ന് പറഞ്ഞുകളഞ്ഞത് മാളികമുകളിൽ ഏറിയവർക്കു പൊതുവെ ബാധിക്കുന്ന അന്ധത കൊണ്ടു മാത്രമാണെന്ന് ഖേദപൂർവ്വം പറയേണ്ടിവരുന്നു. കേരളത്തിൽ 1990കളിലും പുതിയ നൂറ്റാണ്ടിലും സാമൂഹ്യനീതിക്കും ജനാധിപത്യവത്ക്കരണത്തിനും പരിസ്ഥിതിനീതിയ്ക്കും വേണ്ടി നടന്ന സമരങ്ങളെ അല്പമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ഉന്നതങ്ങളിൽ ഏറിയ സഖാവ് ഇങ്ങനെ പറയില്ലായിരുന്നു. ആരെങ്കിലും ഇറക്കിവിട്ട കുറേ കുഞ്ഞാടുകളല്ല കേരളത്തിൽ സമരം ചെയ്തിട്ടുള്ള സ്ത്രീകളെന്നു തീർച്ച. അതിനു തെളിവ് പഴയകാല കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിലെ സ്ത്രീകളായ തൊഴിലാളികളുടെ വീര്യം തന്നെ. അതു പിന്നീട് ആ പ്രസ്ഥാനത്തിലെ ആൺകോയ്മാവാദികൾക്കു അനാവശ്യമായി. അതുകൊണ്ടാണല്ലൊ സ്വന്തം പ്രസ്ഥാനത്തി ലെ സ്ത്രീകളെ ഒതുക്കേണ്ടിവന്നതും, ദലിത്-ആദിവാസി വനിതാനേതാക്കളെ ആട്ടിയോടിക്കേണ്ടി വന്നതും, സി കെ ജാനുവിനെ ബിജെപി വരെ എത്തിച്ചുകളഞ്ഞതും. അങ്ങനെ കുഞ്ഞാടുകളും ശബ്ദമില്ലാത്ത മുന്തിയ ജാതി ആടുകളും (സിപിഎം സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ ചത്തോ എന്നു ചോദിക്കുന്നില്ല. മുന്തിയ ജാതി ആടുകൾ ശബ്ദിക്കാതെ അടിച്ചവഴിയേ പോകുന്നതാണ് പതിവെന്ന് നമുക്കറിയാവുന്നതല്ലേ. മാത്രമല്ല അതിൽ സ്ത്രീനീതിയും മറ്റും പ്രസംഗിച്ചിരുന്നവരെയൊക്കെ നല്ല പച്ചപ്പുല്ലു വളരുന്നിടത്തു തന്നെ കെട്ടിയിരിക്കുന്നു) മതിയെന്ന് തീരുമാനിച്ചങ്ങനെ കഴിയുന്ന കാലത്താണ് വികസനവിരോധികളായ കുറേ ഇടത്തരക്കാരികൾ പാർട്ടിക്ക് ശല്യമായിത്തീർന്നിരിക്കുന്നത്.

ആദ്യം ലോ ആക്കാദമി വിദ്യാർത്ഥിനികൾ, പിന്നീട് കച്ചവടവിദ്യാഭ്യാസത്തിൻറെ ഇരയുടെ അമ്മ, അതും കഴിഞ്ഞ് പുതുവൈപ്പിലെ വീട്ടമ്മമരോ അല്ലാത്തവരോ ആയ സ്ത്രീകൾ.
പുതുവൈപ്പിൽ സമരത്തിനിറങ്ങിയത് കവയത്രിയുടെ ഉറക്കംകെടുത്തുന്ന കൊള്ളുരുതായ്മക്കാരികളല്ല, വീടും കുടിയുമായിക്കഴിയുന്ന നല്ലവളുമാരാണ്. പാർട്ടിയുടെ കുടുംബമൂല്യങ്ങളെ പിന്തുടരുന്നവർ. പിന്നെന്തിന് അവർ ഈ സാഹസത്തിനു മുതിർന്നു? എന്തു പറയാൻ, വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്കെന്തറിയാം എന്ന ചോദ്യം ഇന്ന് അപ്രസക്തമാണ്. കാരണം വീടിനു തന്നെയാണ് നമ്മുടെ മുഖ്യമന്ത്രിയുടെ വികസാനാദർശം വിനയായിരിക്കുന്നത്. വീടിനുള്ളിൽ ഇരുന്നെന്നു കരുതി സ്ത്രീകൾക്കു കണ്ണും കാതുമില്ലെന്ന് കരുതരുത്. വീടിനെ വികസനം വിഴുങ്ങാനാഞ്ഞാൽ അതവർക്കു മനസ്സിലാകും. പാറമട മാഫിയ മുതൽ തുറമുഖ- എണ്ണക്കമ്പനി വികസനം വരെ വീടുകളുടെ അടിത്തറ ഇളക്കിമറിക്കുമെന്നു വന്നപ്പോഴാണ് കേരളത്തിലെ സ്ത്രീകൾ സമരത്തിനിറങ്ങിയതെന്ന് മറക്കരുത്.

ഓർക്കുംതോറും അത്ഭുതം വളർത്തുന്ന ഒരു കാര്യമാണിത്. കുറച്ചുനാൾ മുമ്പ് — 1990കളിൽ – കേരളത്തിലെ ഇടതുരാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണികളായിരുന്നു ഇവിടുത്തെ ഇടത്തരക്കാരികൾ. ഒരുവശത്ത് ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ മാലാഖമാരും മറുവശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നവീകരിക്കാനായി പൊതുരംഗത്തേയ്ക്ക് അലയലയായി വരാനിരുന്ന പുത്തൻ ജനകീയതരംഗവുമായിരുന്നു അവർ. ഫെമിനിസ്റ്റുകളെ അങ്ങേയറ്റം വെറുത്തെങ്കിലും ‘സാധാരണ സ്ത്രീകളാ’ണ് തങ്ങളുടെയും കേരളീയകുടുംബങ്ങളുടെയും ഭാവിനന്മയുടെ ഇരിപ്പിടങ്ങളെന്നായിരുന്നല്ലോ സിപിഎം കുഴലൂതിയത്. ആ കാലമെങ്ങുപോയ്മറഞ്ഞു? ഇന്ന് സ്വന്തം വീടുകൾക്കായും അയൽവക്കങ്ങൾക്കായും സമരം ചെയ്യുന്നവരും സിപിഎം എന്ന രാഷ്ട്രീയകക്ഷിയിൽ നിന്ന് ഇനിയും പൂർണ്ണമായും അകന്നിട്ടില്ലാത്തവരുമായ പുതുവൈപ്പ് സമരത്തിലെ സ്ത്രീകളെ തികച്ചും അദൃശ്യരാക്കുന്ന വിധത്തിലുള്ള പരാമർശം സിപിഎമ്മിന്റെ സമുന്നത നേതാവിൽ നിന്നു പുറപ്പെടുന്നതു കാണുമ്പോൾ ദുഃഖവും നഷ്ടബോധവും തോന്നിപ്പോകുന്നു.
devika, sugathakumari, pinaryi vijayan
ഇത് പക്ഷേ അപകടകരമായ സൂചനകളാണ് നൽകുന്നത്. 1990കളിൽ മലയാളി മുഖ്യധാരാസമൂഹത്തിലെ പ്രബലവിഭാഗമായ താണ-ഇടത്തരക്കാരികളുടെ രാഷ്ട്രീയപ്രവേശം കൊട്ടിഗ്ഘോഷിക്കപ്പെട്ടെങ്കിലും അവർ ഇരുപതിലധികം വർഷങ്ങൾക്കു ശേഷവും രാഷ്ട്രീയസ്വഭാവമുള്ള ജനവിഭാഗമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമായിരിക്കുന്നു. വളരെ കുറച്ചു മാത്രമുള്ള ‘വികസനവിരുദ്ധരെ’ ഭീഷണിപ്പെടുത്തുകയും, സിപിഎം തന്നെ ഒരിക്കൽ വീടുകളുടെ ദാരിദ്ര്യനിർമ്മാർജ്ജന ദേവദൂതികളായി അവരോധിച്ച സ്ത്രീകളുടെ ആശങ്കകളെ മനസ്സില്ലാമനസ്സോടുകൂടി മാത്രം കേൾക്കുകയും ചെയ്ത മുഖ്യമന്ത്രി നൽകുന്ന സന്ദേശം മറ്റൊന്നല്ല. ആദിവാസി,ദലിത് ഭൂസമരങ്ങളുടെ മുൻപന്തിയിൽ നിന്ന സ്ത്രീകളെ ‘വികസനവിരോധികളാ’യി മുദ്രകുത്തി ആട്ടിയകറ്റിയതിൽ നിന്ന് , വിഴിഞ്ഞം തുറമുഖ ചർച്ചയിൽ സ്ത്രീകളുടെ ശബ്ദത്തെ കേൾക്കാൻ കൂട്ടാക്കാത്തതിൽ നിന്ന്, സിപിഎമ്മിലൂടെയും വികസിച്ചുകൊണ്ടേയിരിക്കുന്ന കേരളത്തിലെ സുരക്ഷാഭരണകൂടം ഒരു ചുവടു കൂടി മുന്നോട്ടു പോയിരിക്കുന്നു. വികസനത്തിൻറെ നല്ലതോ ചീത്തയോ ആയ ഫലങ്ങൾ നിശബ്ദം കൈക്കൊണ്ട്, ചെറുവായ്പാസഹായവും മറ്റു ചില്ലറ ജനക്ഷേമവും കൈപ്പറ്റി, വീട്ടിലെങ്ങാനും അടങ്ങിയൊതുങ്ങി ജീവിക്കാൻ തയ്യാറാകാത്ത താഴ്ന്ന ഇടത്തരക്കാരികളെ വികസനത്തിൻറെ ‘ചീത്തക്കുട്ടിപ്പട്ടിക’യിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിയാണ് പുതുവൈപ്പ് സമരത്തിനോടുള്ള നേതാക്കളുടെ സമരത്തിൽ നിന്ന് ഉയരുന്നത്.

ഇതിൽനിന്നു വ്യത്യസ്തമായ മറ്റൊരു തന്ത്രമാണ് കവയത്രിയുടേത്. സ്ത്രീകളെ, പ്രത്യേകിച്ചു യുവതികളെ, ശിശുവത്ക്കരിച്ച് യാഥാസ്ഥിതിക സമൂഹത്തിൻറെ വരുതിക്കുള്ളിൽ നിർത്താനാകുമെന്നാണ് അവർ വിശ്വസിക്കുന്നതെന്ന് സമീപകാലപ്രസ്താവനകൾ സൂചിപ്പിക്കുന്നു. ‘വികസന’ത്തെ എതിർക്കുന്നവരുടെ എണ്ണത്തെ ചുരുക്കിക്കളയാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെങ്കിൽ, വ്യവസ്ഥാപിതസമൂഹത്തിനെതിരെ അസ്വീകാര്യമായ രീതികളിൽ പോരാടുന്ന സ്ത്രീകളുടെ എണ്ണത്തെ വല്ലാതെ പെരുപ്പിക്കലാണ് കവയത്രിയുടെ സൂത്രം. ഇന്നത്തെ മലയാളിസമൂഹത്തിലെ ചെറുപ്പക്കാരികൾ ക്ഷോഭിക്കുന്ന കാലമാണിതെന്ന് സംശയമില്ല. അതവരുടെ സ്വഭാവം ചീത്തയായതുകൊണ്ടല്ല, വ്യക്തമായ സാമൂഹ്യഘടനാപരമായ കാരണങ്ങളാൽ കുടുംബങ്ങളിൽ അവരുടെ മൂല്യം ഇടിഞ്ഞിരിക്കുന്നതുകൊണ്ടാണ്. കുറേയൊക്കെ കുടുംബങ്ങൾക്കുള്ളിൽ അവർ ശിശുവത്ക്കരിക്കപ്പെടുന്നതുകൊണ്ടാണ്. ഇതിനെതിരെ അവർ നടത്തുന്ന കലാപങ്ങൾ എല്ലായ്പ്പോഴും നല്ല വഴിയ്ക്കായിരിക്കില്ല, പക്ഷേ ആ കലാപങ്ങളിൽ പലതും ആത്മാഭിമാനത്തിലൂന്നിയവ തന്നെയാണ്. അവ എല്ലാം ശരിയല്ലെന്നു സ്ഥാപിക്കാൻ യാതൊരു തെളിവുമില്ല. ഫെമിനിസമാണ് ഈ ‘വഴിതെറ്റലിനു’ കാരണം എന്നു പറയുന്നത് യഥാർത്ഥകാരണങ്ങളെ മറച്ചുവയ്ക്കൽ മാത്രമാണ്. യാഥാസ്ഥിതിക മലയാളിസമൂഹത്തിൻറെ ചീഞ്ഞുനാറിയ സാമൂഹ്യ-സാംസ്കാരിക-സാമ്പത്തികഘടനകളോടുള്ള പ്രത്യക്ഷ-പരോക്ഷവെല്ലുവിളികളാണ് ഈ കലാപങ്ങൾ. അവയെക്കാൾ ശക്തമാണ് കുറച്ചുകാലം മാത്രം കേരളത്തിൽ അധികവും പ്രത്യയശാസ്ത്രശക്തിയായി നിന്ന ഫെമിനിസം എന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് കെട്ടകാലത്തിൽ അകപ്പെട്ടുപോയ വൃദ്ധമനസ്സിൻറെ കൗശലം മാത്രമാണ്. കുറ്റം മുഴുവൻ സ്ത്രീകളിൽ ആരോപിക്കുന്ന കൗൺസലിങ് അല്ല, ലിംഗനീതിയോടുള്ള പ്രതിബദ്ധതയും സ്ത്രീകളുടെ പൂർണ്ണപൗരത്വം അംഗീകരിക്കാനുള്ള മനസ്സും കുടുംബത്തെക്കുറിച്ചുള്ള തുറന്ന സംവാദങ്ങളുമാണ് പരിഹാരം.

അവസാനവിശകലനത്തിൽ തെളിയുന്ന ഒരു കാര്യമുണ്ട് ഭീഷണിയും കൗൺസലിങ്ങും ഒന്നും ഇക്കൂട്ടരെ പിൻതിരിപ്പിക്കാനിടയില്ല. കാരണം ഇരുകൂട്ടരും മരണത്തെയും നാശത്തെയുമാണ് നേരിടുന്നത്. കേരളത്തിൽ നഗരവാസികളുടെ സ്വത്തുക്കളിൽ ഏകദേശം 94 ശതമാനവും അവരുടെ ഭൂമിയും വീടും കൂടിച്ചേർന്നതാണ്. അതിനെ നശിപ്പിക്കുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കാൻ അവർ തയ്യാറാകാനിടയില്ല. വീടിന്റെ അടിത്തറ തന്നെയാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. അതുപോലെ ഇടത്തരം കുടുംബങ്ങളിൽ ഇന്ന് പെൺമക്കൾക്കു നേരിടേണ്ടിവരുന്ന ഘടനാപരമായ വിലയില്ലായ്മ നിലനിൽക്കുവോളം അവർ അവർക്കു ശരിയെന്നു തോന്നുന്ന രീതിയിൽ കലാപമുയർത്തുകതന്നെ ചെയ്യും. മൂപ്പന്മാരും മൂപ്പത്തികളും മുറുമുറുക്കുന്നതിനു പകരം യാഥാർത്ഥ്യങ്ങളിലേക്കു കണ്ണുപായിച്ചെങ്കിൽ!

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: J devika womens empowerment peoples protest developement pinarayi vijayan sugatha kumari