scorecardresearch

മുഖ്യധാരാ ലൈംഗികതാബോധത്തില്‍ നിന്നും വ്യതിചലിക്കുന്നവരോട് പോലീസും സമൂഹവും ചെയ്യുന്നത്

പ്രായപൂർത്തിയായ സ്ത്രീകൾ തങ്ങളുടെ ലൈംഗികതെരെഞ്ഞെടുപ്പുകളെ പൂർണ്ണമായും വീട്ടുകാർക്ക് വിട്ടു കൊടുക്കാതിരുന്നാൽ അവരെ എങ്ങനെ വേണമെങ്കിലും ഹിംസിക്കാമെന്നും ഇന്ത്യൻ പൗരജനങ്ങളെന്നോ മനുഷ്യാവകാശങ്ങളുടെ വാഹകരെന്നോ ഉള്ള പരിഗണന അവർക്ക് നൂറു ശതമാനവും നിഷേധിക്കാമെന്നുമുള്ള തീർപ്പിലെത്തിയിരിക്കുകയാണ് ഇവിടുത്തെ കുടുംബാധികാരികളും സമുദായാധികാരികളും പോലീസുകാരും

മുഖ്യധാരാ ലൈംഗികതാബോധത്തില്‍ നിന്നും വ്യതിചലിക്കുന്നവരോട് പോലീസും സമൂഹവും ചെയ്യുന്നത്

കൊറോണാകാലത്ത് മലയാളി സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹികപീഡന വിഷയം ചർച്ചയായി, സർക്കാർ ആ വിഷയത്തിന് പതിവിലും അധികം പ്രാധാന്യം നൽകി. കൊറാണാകാലം സൃഷ്ടിച്ച സ്ഥലച്ചുരുക്കത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള വാദങ്ങളിൽ ഗാർഹിക ഉത്തരവാദിത്വങ്ങളുടെ നിർവ്വഹണം, വീട്ടിനുള്ളിലെ വിഭവങ്ങളുടെ പങ്കിടൽ, മുതലായ കാര്യങ്ങളിൽ നിലവിലുള്ള അധികാരപ്രശ്നമായി നാം ഗാർഹികപീഡനത്തെ കണ്ടു. അത്തരം അധികാരബന്ധങ്ങളിൽ ഇടപെട്ട് പ്രശ്നത്തെ പറ്റുമെങ്കിൽ രമ്യമായി, അല്ലെങ്കിൽ ശിക്ഷയിലൂടെ, പരിഹാരം കാണാൻ ശ്രമിക്കുമെന്ന് സർക്കാർ ഉറപ്പു നൽകി.

എന്നാൽ ഗാർഹികപീഡനത്തിന്റെ പ്രശ്നം കേരളത്തിൽ നാം കരുതുന്നതിലും എത്രയോ സങ്കീർണമാണെന്നാണ് കേരളത്തിലെ ഫെമിനിസ്റ്റ് പൊതുപ്രവർത്തകർ പങ്കുവയ്ക്കുന്ന അനുഭവങ്ങളിൽ നിന്നുള്ള സൂചന. കുറച്ചു കാലം മുൻപ് റീമാ കല്ലിങ്കൽ നമ്മുടെ വീടുകളിൽ പൊരിച്ച മീൻ ആൺമക്കൾക്ക് ആദ്യം കൊടുക്കുന്ന പതിവിന്റെ ഉദാഹരണത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് കുടുംബങ്ങൾക്കുള്ളിലെ അസമത്വത്തെപ്പറ്റി പറയാൻ ശ്രമിച്ചിരുന്നു. അതാകട്ടെ, പലരുടെയും പരിഹാസത്തെ ഉണർത്തി.

കേരളീയകുടുംബങ്ങളിൽ ഹിംസയേയില്ലെന്ന് സ്വയം കള്ളം പറഞ്ഞ് ആശ്വസിക്കാൻ ശ്രമിക്കുന്നവരാണ് അങ്ങനെ ചിരിച്ചത്. കാരണം, മലയാളികുടുംബങ്ങളിൽ സ്ത്രൈണതയുടെ വ്യവസ്ഥാപിത സങ്കല്പങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ചെറുപ്പക്കാരികൾക്ക്, പ്രത്യേകിച്ചും ഹെട്രോസെക്ഷ്വൽ അഥവാ ഭിന്നലൈംഗികത ചട്ടക്കൂടുകൾക്കു പുറത്ത് സ്വയം തിരിച്ചറിയുന്ന യുവതികൾക്ക്, നേരിടേണ്ടി വരുന്ന ഹിംസ വർണ്ണനാതീതമാണ്. കുടുംബങ്ങളിലെ ഭക്ഷ്യവിഭവവിതരണത്തിലെ അസമത്വത്തെപ്പറ്റി– അതായത്, ഗാർഹിക ഹിംസയുടെ താരതമ്യേന ലഘുവായ ഒരു വശത്തെപ്പറ്റി  പറയാൻ ശ്രമിക്കുന്ന സ്ത്രീയെപ്പോലും അടിച്ചിരുത്തുന്നവർ വാസ്തവത്തിൽ അവർണനീയമാം വിധം വേദനാജനകമായ ഹിംസയുടെ നിശബ്ദകൂട്ടാളികളാകുന്നതിൽ അതിശയമില്ല. ചെറിയൊരു കരച്ചിലിനെപ്പോലും ഉയരാൻ അനുവദിക്കാത്തവർ വലിയ നിലവിളികളെ ഏതു വില കൊടുത്തും ഒതുക്കും, തീർച്ച.

മലയാളി മുഖ്യധാരയുടെ ലൈംഗികതാബോധത്തോട് ചേർന്നു നിൽക്കാൻ വിസമ്മതിക്കുന്ന യുവതികൾ സഹിക്കേണ്ടി വരുന്ന ഹിംസയെപ്പറ്റി ആക്ടിവിസ്റ്റുകൾ പുറത്തു വിടാൻ ശ്രമിക്കുന്ന കാര്യങ്ങൾ കേട്ടാൽ കേരളീയ സാമൂഹ്യജീവിതം സമാധാനപരവും ഹിംസാരഹിതവുമാണെന്നു കരുതുന്നവർ ഞെട്ടും. പ്രായപൂർത്തിയായ സ്ത്രീകൾ തങ്ങളുടെ ലൈംഗികതെരെഞ്ഞെടുപ്പുകളെ പൂർണ്ണമായും വീട്ടുകാർക്ക് വിട്ടു കൊടുക്കാതിരുന്നാൽ അവരെ എങ്ങനെ വേണമെങ്കിലും ഹിംസിക്കാമെന്നും ഇന്ത്യൻ പൗരജനങ്ങളെന്നോ മനുഷ്യാവകാശങ്ങളുടെ വാഹകരെന്നോ ഉള്ള പരിഗണന അവർക്ക് നൂറു ശതമാനവും നിഷേധിക്കാമെന്നുമുള്ള തീർപ്പിലെത്തിയിരിക്കുകയാണ് ഇവിടുത്തെ കുടുംബാധികാരികളും സമുദായാധികാരികളും പോലീസുകാരും.

അതേ, മുഖ്യമന്ത്രി കുടുംബത്തിനുള്ളിലെ അദ്ധ്വാനഭാരം സ്ത്രീകളുടെ മേൽ ഇനിയുമധികം കെട്ടിവയ്ക്കരുതെന്നും അതു ചെയ്താൽ നടപടിയുണ്ടാകുമെന്നും പ്രഖ്യാപിച്ചപ്പോൾ തലയാട്ടിയ അതേ പോലീസാണ് സ്വന്തമായ ലൈംഗികതെരെഞ്ഞെടുപ്പു നടത്തിയതിന്റെ പേരിൽ ചെറുപ്പക്കാരികളെ വീട്ടുകാരുടെ അന്തമില്ലാത്ത പീഡനത്തിന് വിട്ടു കൊടുക്കുന്നത്. അവരെ സഹായിക്കാൻ തുനിയുന്നവരെ മുഴുവൻ ലൈംഗിക അരാജകവാദികളും കുടുംബംകലക്കികളുമായി മുദ്രകുത്തുന്നത്. കുടുംബ-സമുദായാധികാരികൾ ചേർന്ന് അവരുടെ ശരീരത്തെയും മനസ്സിനേയും തകർക്കുന്നത് നിശബ്ദം നോക്കിനിൽക്കുന്നതും ഇതേ പോലീസ് തന്നെ.

ഞാൻ കേട്ട അനുഭവങ്ങളിൽ പലതും ഉറക്കം കെടുത്തുന്നവയാണ്. പോലീസധികാരികളടക്കം കുഴപ്പക്കാരായി തള്ളിക്കളയുന്ന ഈ സ്ത്രീകൾ പലപ്പോഴും കായികവും ബൗദ്ധികവുമായ കഴിവുകൾ തെളിയിച്ചു കഴിഞ്ഞവരാണ്. അതായിരിക്കാം, സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ യാതൊരു സാദ്ധ്യതയും ബാക്കിവയ്ക്കാത്തത്ര കൃത്യമായി അധികാരികൾ ഇവരുടെ ചിറകുകൾ അരിഞ്ഞു കളയുന്നത്.

അസഹിഷ്ണുതയും പലപ്പോഴും ശാരീരികപീഡനം വരെയും സഹിക്കാനാവാതെ വീടുവിട്ടു പോകുന്ന ഈ യുവതികളെ അവരുടെ സ്നേഹബന്ധങ്ങളെ മുതലെടുത്തു കൊണ്ടുള്ള എന്തെങ്കിലും കള്ളം പറഞ്ഞ് (അനുജത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നോ അമ്മ മരണക്കിടക്കയിലാണെന്നോ ഒക്കെ പറഞ്ഞ്) തിരിച്ചു വരുത്തി കെണിയിലാക്കുക, അവരുടെ സാമൂഹ്യബന്ധങ്ങളെയും സഹായസ്ഥലങ്ങളെയും പൂർണമായും അറുത്തു മാറ്റുക, പട്ടിണിക്കിടൽ, കഠിനമായ ശാരീരികപീഡനം, ഡിഗ്രി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് മുതലായ പ്രധാനപ്പെട്ട രേഖകൾ തട്ടിയെടുക്കുക, ജീവിതപങ്കാളിയെ ദ്രോഹിക്കുമെന്ന ഭീഷണിയുയർത്തുക, നിർബന്ധിതവിവാഹത്തിനോ ബലാത്സംഗത്തിനോ വിധേയയാക്കുക, ലഹരിവിമുക്തികേന്ദ്രങ്ങൾ, മനോരോഗ ചികിത്സാകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ ദീർഘകാലം തടവിലാക്കുക, മരുന്നുകളും മനസ്സിനെയും ബുദ്ധിയേയും തളർത്തിക്കളയുന്ന ചികിത്സകളും അടിച്ചേൽപ്പിക്കുക – ഇതോരൊന്നും ഇന്ത്യൻ നിയമപ്രകാരം കടുത്ത ക്രിമിനൽകുറ്റങ്ങളാണ്. പക്ഷേ കുടുംബാധികാരിയുടെ മുൻകൈയിൽ നടന്നാൽ ഇതൊക്കെ അത്യാവശ്യം ചികിത്സയാണെന്ന് ഉറപ്പിച്ചു പറയുന്ന നിയമപാലകരാണ് നമുക്കുള്ളത്.

ഇതിൽ ഒരു കേസിൽ വീട്ടുകാർ പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ച യുവതിയെ അന്വേഷിച്ച് പോലീസ് സ്റ്റേഷനിലെത്തിയ അവരുടെ സുഹൃത്തുക്കളോട് മര്യാദയ്ക്കു പിൻമാറുന്നതാണ് നല്ലതെന്നും സ്വന്തം വീട്ടിൽ നിന്ന് ആരെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രം പരാതി തന്നാൽ മതിയെന്നും, തന്റെ സ്റ്റേഷന് കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട സ്റ്റേഷനുള്ള അവാർഡ് ലഭിച്ചതാണെന്നും അവിടുത്തെ അധികാരി പറഞ്ഞത്രെ. പോലീസുകാർ വീട്ടുകാർക്ക് എറിഞ്ഞു കൊടുത്ത ഒരു യുവതിയെ – മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കാമെന്ന തീരുമാനം ഗേ-ലെസ്ബിയൻ ബന്ധം കുറ്റകരമല്ലെന്നു വിധി നിലവിലുള്ള കാലത്ത് സ്വീകരിച്ച ‘കുറ്റ’ത്തിന് – അവരുടെ വീട്ടുകാർ വീട്ടുതടങ്കലിൽ വച്ചു കഠിനമായി മർദ്ദിച്ചു. എന്നിട്ടും വഴങ്ങാത്തതു കൊണ്ട് അവർക്ക് ഭ്രാന്താണെന്നു സ്ഥാപിക്കാൻ ആശുപത്രിയിലെത്തിച്ചു. നീന്തൽതാരവും നിരവധി സമ്മാനങ്ങൾ നേടിയ യുവതിയാണിത്. വീട്ടിലേക്കു മടങ്ങുംവഴി ബസ് പാലത്തിനു മുകളിലെത്തിയ തക്കം നോക്കി അവർ കുതറിയിറങ്ങി താഴെയുള്ള ആറ്റിലേക്കു ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.

വീട്ടിൽ നിന്ന് അകന്നു താമസിക്കാൻ തീരുമാനിച്ച ഗുസ്തിതാരമായ ഒരു ചെറുപ്പക്കാരിയെ അനുജത്തിയ്ക്കു സുഖമില്ലെന്നു പറഞ്ഞ് മടക്കി വിളിച്ച് തടവിലാക്കിയതാണ് മറ്റൊരു കേസ്. ഒരു മാസം കഴിഞ്ഞ് അവരെ അന്വേഷിച്ചു കണ്ടെത്തിയ സുഹൃത്തുക്കൾ കണ്ടത് കായികമായി അങ്ങേയറ്റം ക്ഷയിച്ച, സംസാരിക്കാൻ പോലും വിഷമിച്ച, മാനസികമായി അവശയായിത്തീർന്ന ഒരു സ്ത്രീയെയാണ്. എണ്ണമറ്റ കുത്തിവെപ്പുകളെടുപ്പിച്ചുവെന്നും മരുന്നെന്താണെന്നറിയില്ലെന്നും അവർ അക്ടിവിസ്റ്റുകളോടു പറഞ്ഞു. മറ്റൊരു സ്ത്രീയെ പ്രണയിച്ചു എന്നതിന് വീട്ടുകാരുടെ തടവിലായ വേറൊരു യുവതിയ്ക്ക് ചില സമുദായാധികാരികൾ നടത്തുന്ന ലഹരിവിമുക്ത കേന്ദ്രത്തിനുള്ളിൽ മാസങ്ങളോളം കഴിയേണ്ടി വന്നു – സൂര്യവെളിച്ചം കടക്കാത്ത, മൂത്ര വാട കെട്ടിനിൽക്കുന്ന, പല കാരണങ്ങളാൽ വീട്ടുകാർക്കു കുഴപ്പക്കാരെന്നു തോന്നിയ, വൃദ്ധരടക്കം അനേകം പേരോടൊപ്പമാണ് ആ സ്ത്രീ തടവിൽ കഴിഞ്ഞത്, കൂട്ടുകാർ കോടതിയിൽ പോകും വരെ.

ഇതൊന്നും വാർത്തയായാൽ പോലും എന്തു കൊണ്ടു പൊതുചർച്ചയ്ക്ക് ഇടയാകുന്നില്ലെന്ന് ചിന്തിക്കേണ്ടതാണ്. ഹാദിയ എന്ന യുവതിക്ക് മതം മാറിയതിന്റെ പേരിൽ സമാനാനുഭവങ്ങളിലൂടെ കടന്നു പോയപ്പോൾ ചിലരിലെങ്കിലും ഉണ്ടായ ധാർമ്മികരോഷം ഇപ്പോഴുണ്ടാകാത്തത് എന്തു കൊണ്ടാണ്? ഹാദിയയെ സഹായിക്കാൻ എത്ര പീഡിതരെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ രാവണൻകോട്ടകളിൽ കയറിയിറങ്ങി പരിചയമുള്ളവരും വിഭവങ്ങൾ കൈവശമുള്ളവരുമായ ഒരു സമുദായമുണ്ടായിരുന്നു. ഹാദിയയെ സഹായിച്ച ചിലരോട് സഹായം തേടാൻ ശ്രമിച്ചപ്പോൾ നിരാശയായിരുന്നു ഫലമെന്ന് ലൈംഗികതെരെഞ്ഞെടുപ്പുകളുടെ പേരിൽ ദ്രോഹിക്കപ്പെടുന്ന സ്ത്രീകളെ സഹായിക്കാൻ ശ്രമിക്കുന്ന ആക്ടിവിസ്റ്റുകളിൽ ചിലർ പറയുന്നു. അതു ശരിയാണെങ്കിൽ കഷ്ടം എന്നേ പറയാനാകൂ. തങ്ങളുടെ ശരികളോടു ചേർന്നു നിൽക്കുന്നവർക്കു മാത്രം കാരുണ്യം, മറ്റെല്ലാവർക്കും അവഗണന എന്ന ഈ നിലപാട് ധാർമ്മികമൂല്യങ്ങളെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നവർക്ക് അലങ്കാരമോ എന്ന് അവർ തന്നെ ചിന്തിക്കട്ടെ.

എന്തു പറയാനാണ്, സത്യത്തിൽ? ലൈംഗികകാര്യങ്ങളിൽ കേരളത്തിൽ രൂപമെടുത്തിരിക്കുന്ന സാമൂഹ്യവലതുപക്ഷത്തിൽ ഇരുപതാം നൂറ്റാണ്ടിലെ നവവരേണ്യ സമുദായപ്രമാണിമാർ മുതൽ 1990കളിലെ നവസമൂഹ്യപ്രസ്ഥാനത്തിലെ ആൺസിംഹങ്ങൾ വരെയും ഉൾപ്പെടും. അതിനുള്ളിൽ ലിംഗം കൊണ്ടു ചിന്തിക്കുന്ന ഇടതു-ബുദ്ധിജീവി ചമയുന്ന തെമ്മാടികളുണ്ട് (കണ്ണൂരിലെ ഒരു പ്രമുഖ കലാലയത്തിൽ, സ്ത്രീകൾ മാത്രം പഠിക്കുന്ന ഒരു സ്ഥാപനത്തിൽ, ഉളുപ്പില്ലാതെ ലിംഗാധാരചിന്ത കാട്ടി നാവടപ്പിക്കാൻ ശ്രമിച്ച ഒരാൾക്കെതിരെ പരാതി കൊടുത്തതിൻറെ അനുഭവം ഈ ലേഖികയ്ക്കു തന്നെയുണ്ട്), വാ കൊണ്ട് ഫെമിനിസത്തെ വാഴ്ത്തുകയും ലൈംഗിക യാഥാസ്ഥിതികത്വത്തിനെതിരെ ശബ്ദമുയർത്തുന്നവരെ പോസ്റ്റ്മോഡേണിസം മുതൽ അഗംബൻ വരെയുള്ളവരെ ഉദ്ധരിച്ചു നിശബ്ദരാക്കുന്ന ദലിത്-നവ ഇസ്ലാമികബൗദ്ധികപുരുഷസ്വരൂപങ്ങളുണ്ട്.

ശരീരത്തെ സംബന്ധിച്ച കാര്യങ്ങളിൽ നാമെല്ലാവരും ബ്രാഹ്മണരാണ് – ഹിന്ദുത്വവാദികൾ, മൃദുഹിന്ദുത്വവക്താക്കൾ, ഇടതുപക്ഷക്കാരിൽ നല്ലൊരു പങ്ക്, പുതിയതും പഴയതുമായ മുസ്ലിം രാഷ്ട്രീയ ബുദ്ധിജീവികൾ, ദലിത് രാഷ്ട്രീയമുന്നയിക്കുന്നവരിൽ ഒരു പ്രബലവിഭാഗം. ഇതല്ലാതെ കേരളത്തിലെ യാഥാസ്ഥിതികത്വത്തിന്റെ കാവൽദേവതകളും വീട്ടമ്മമാർ എന്ന് സ്വയം അഭിമാനിക്കുന്നവരുമായ സ്ത്രീകൾ ഈ ഹിംസയിൽ കാര്യമായിത്തന്നെ പങ്കു ചേരുന്നുണ്ട്. എന്തിന്, കേരളത്തെ മഹാമാരിയിൽ നിന്നു സംരക്ഷിക്കുന്ന മാലാഖമാരായി വാഴ്ത്തപ്പെടുന്ന നമ്മുടെ വനിതാവികസനപ്രവർത്തകരില്‍പ്പോലും നല്ലൊരു പങ്ക് കാര്യത്തോട് അടുത്താൽ ഈ പക്ഷത്തു ചേരും. മലയാളത്തിലെ നാറിപ്പുഴുത്ത ടെലിവിഷൻസംസ്കാരത്തിൽ ആണ്ടുമുങ്ങിയ വൃദ്ധരും അരക്ഷിതപുരുഷന്മാരും അവരുടെ ആരാധനാമൂർത്തികളും വേറെയുണ്ട്. ഇങ്ങനെ നോഹായുടെ പെട്ടകം പോലെ ഇവരെല്ലാവരും കൂടി കാലത്തിൻറേതായ മഹാപ്രളയത്തിൽ നിന്നു രക്ഷപ്പെടാമെന്ന ചിന്തയിൽ ഏതു തീരം തേടി, എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?

ഇപ്പറയുന്ന മതവും ജാതിയും കുടുംബവും ലൈംഗികസദാചാരവും ചരിത്രത്തിന് അതീതമാണെന്ന് യാതൊരു തെളിവുമില്ല. മാറ്റമില്ലാതെ അവയെ നിലനിർത്താനുള്ള പുരോഹിത-വരേണ്യവർഗത്തിന്റെ തീവ്രശ്രമങ്ങൾ ഒന്നും ഫലപ്രദമായിട്ടില്ലെന്ന് ലോകചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. അസ്ഥിരമാണെന്ന ഒറ്റക്കാരണത്താൽ നാം സ്ഥാപനങ്ങളെ വിശ്വസിക്കരുതെന്നല്ല പറയുന്നത്, പക്ഷേ മനുഷ്യരുടെ കാരുണ്യത്തിന്റെ സീമകളായി അവയെ കണക്കാക്കതിരിക്കാൻ ആ ഒരൊറ്റക്കാരണം മതിയാവും. അവസാനത്തെ വിശകലനത്തിൽ, നോവുന്ന, വിയർക്കുന്ന, വിശക്കുന്ന, ചോരയും കണ്ണീരും പൊഴിക്കുന്ന, ഈ ദേഹത്തെ കാണാൻ നമ്മെ അനുവദിക്കാത്ത വിശ്വാസവ്യവസ്ഥകൾ, അത് മതമായാലും മതേതര ധാർമ്മികതയായാലും, വിശ്വാസമായാലും യുക്തിവിചാരമായാലും, അവ എന്തിനു കൊള്ളാം?

 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: J devika violence police brutality

Best of Express