/indian-express-malayalam/media/media_files/uploads/2019/04/j-devika-1-2.jpg)
മിക്ക മലയാളികൾക്കും ആൺ-പെൺഭേദമന്യേ ഗൃഹാതുരത്വം ഉണർത്തുന്ന വാക്കാണ് അയൽവക്കം. നമ്മുടെ അയൽവക്കങ്ങൾ ജാതിയ്ക്കും മതത്തിനും അതീതമായിരുന്നുവെന്നും അവ എല്ലായ്പ്പോഴും കരുതലും സന്തോഷകരമായ ഇടപെടലും നൽകിയിരുന്നുവെന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യത്തേത് അത്രയ്ക്കു സത്യമല്ല എന്നു വിശ്വസിക്കാൻ തെളിവുണ്ട്. കേരളത്തിൽ നഗരപ്രദേശങ്ങളിൽ വിശേഷിച്ചും ജാതീയമായ വേർതിരിവ് അയൽവക്കങ്ങളെയും ബാധിച്ചിരുന്നെന്നും ജാതിയില്ല എന്ന് അവകാശപ്പെട്ടിരുന്ന വരേണ്യ ഇടങ്ങളിൽ അതു മറ്റു പേരുകളിൽ കടന്നു കയറിയിരുന്നെന്നും ഇന്ന് പല പഠനങ്ങളും വെളിപെടുത്തുന്നു. അയൽവക്കങ്ങൾ നൽകിയിരുന്ന സന്തോഷം പലരുടെയും സ്വകാര്യ അനുഭവമാണ്. സ്ത്രീകളുടെ പറച്ചിലുകളിൽ പലപ്പോഴും അവ സുരക്ഷിതത്വത്തിൻറെ ഇടമാണ്.
അപ്പോൾ, അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് 1990കളിൽ കേരളശാസ്ത്രസാഹിത്യ പരിഷത്തിലെ ബുദ്ധിജീവികൾ നവലിബറലിസത്തെ നേരിട്ടു പരാജയപ്പെടുത്താൻ പ്രാപ്തമായ ഒരു പുതുകേരളത്തെ വിഭാവനം ചെയ്തതിൻറെ വേര് ഇതാണ്. അയൽക്കൂട്ടങ്ങൾ പഴയ കൂട്ടുകുടുംബങ്ങൾ നൽകിയിരുന്ന (നൽകിയിരുന്നതായി പറയപ്പെടുന്ന) സുരക്ഷിതത്തെ നവീകരിക്കുകയും വിപുലമാക്കുകയും വേണമെന്നാണ് അവരിൽ പ്രമുഖനായ ഒരാൾ ആവശ്യപ്പെട്ടത്. എന്നാൽ തികച്ചും ഉദാരവാദപരമായിയാണ് അവ നടപ്പിലാക്കപ്പെട്ടത് – കുറേ കുടുംബങ്ങളുടെയും അവയുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള താത്പര്യങ്ങളുടെയും കൂട്ടമായാണ് അയൽക്കൂട്ടങ്ങൾ പ്രവർത്തിച്ചത്, പ്രവർത്തിച്ചു വരുന്നത്. തന്നെയുമല്ല, 1990കൾക്കു ശേഷമുള്ള കാലത്ത് ഭൗതിക തലത്തിൽ അയൽക്കൂട്ടത്തെ തകർക്കുന്ന ഇരപിടിയൻ മുതലാളിത്തവും, ജാതി-മത മേലാള ശക്തികൾക്ക് ഉതകും വിധം അവയെ ക്രമീകരിക്കാൻ ഉത്സാഹിച്ച സമുദായ നേതൃത്വങ്ങളും അധികമധികം ശക്തി പ്രാപിച്ചു.
റെസിഡൻസ് അസോസിയേഷനുകളുടെ ഔപചാരിക ചട്ടക്കൂട് സ്വീകരിച്ചതോടെ അയൽവക്കങ്ങൾ ഭരണകൂടങ്ങളുടെ ഭാഗമായി, അവയുടെ ജൈവസ്വഭാവം ഇല്ലാതായിത്തുടങ്ങി. ഭരണകാര്യങ്ങളിലും സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിനും മറ്റും ഇത് പ്രയോജനകരമായിട്ടുണ്ട് പലപ്പോഴും. പക്ഷേ മറ്റു പലപ്പോഴും അയൽവക്കങ്ങളുടെ പലമയാർന്ന സ്വഭാവത്തിന് ഏറ്റ ശക്തമായി അടിയായിരുന്നു ഇത്. നമ്മളെപ്പോലെ അല്ലാത്തവരെ നമ്മുടെ അയൽവക്കത്ത് വച്ചുപൊറുപ്പിച്ചുകൂട എന്ന തീരുമാനം ഇന്ന് കേരളത്തിൽ ഭയപ്പെടുത്തും വിധം സാധാരണമായിരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2019/04/j-devika-1.jpg)
ഇതിൻറെ ഏറ്റവും വലിയ ഇരകൾ പലപ്പോഴും സ്ത്രീകളുടെ സാമൂഹ്യ അംഗത്വം ഉറപ്പാക്കുന്ന വിവാഹമെന്ന സ്ഥാപനത്തിനു പുറത്തു ജീവിക്കുന്നവരാണ്. വിവാഹമോചനം നേടിയ സ്ത്രീയോ മര്യദക്കാരനെപ്പോലെ തോന്നാത്ത ചെറുപ്പക്കാരനോ ആണെങ്കിൽ റെസിഡൻറ്സ് അസോസിയേഷൻറെ കണ്ണിൽ കരടാവുന്നത് ഇന്ന് പലയിടത്തും നിത്യസംഭവമാണ്. ഓരോരുത്തരും അവരവരുടെ ഇടുങ്ങിയ ജീവിതപാതകളിൽ വാശിയോടെതന്നെ ഒറ്റയ്ക്കൊറ്റയ്ക്കു കുതിക്കുകയും തൊട്ടടുത്തുള്ളവരെ അസൂയയോ സംശയമോ നിറഞ്ഞ ദൃഷ്ടിയിലൂടെ നിരന്തരം വീക്ഷിക്കുകയും ചെയ്യുന്ന ആ ഇടമാണ് വന്നുവന്ന് ഇന്ന് അയൽവക്കം.
വാട്സാപ്പിൽ നിറയുന്ന ആൺകൂട്ടയിടങ്ങൾ
എന്നാൽ ഇന്ന് ഇപ്പറഞ്ഞ ഇടങ്ങൾ ശരിക്കും അപകടകരം തന്നെയായി മാറുന്നു എന്ന് ഭയപ്പെടുത്തുന്ന സൂചനകളാണ് അടുത്തിടെ നടത്തിയ സാമൂഹിക ഗവേഷണത്തിൽ. ചെറുപ്പക്കാരികളായ വിദ്യാർത്ഥിനികൾ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ പ്രതീക്ഷിക്കാതെയാണ് അയൽവക്കങ്ങളുടെ ഈ പുതിയ, അപകടം പിടിച്ച, മാനങ്ങളെപ്പറ്റി പരാമർശമുണ്ടായത്. പഠനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും സൈബർ ആണത്തത്തെപ്പറ്റി പറഞ്ഞ പലതും ചെന്നവസാനിച്ചത് പ്രത്യേക അയൽവക്കങ്ങളിൽ സ്വയം ഉറപ്പിച്ച ആണത്ത സംസ്കാരത്തിലാണ്. സൈബർ ലോകത്ത് സ്ത്രീകളെ വേട്ടയാടുന്ന ആൺകൂട്ടങ്ങൾ അയൽവക്കങ്ങളെ കേന്ദ്രീകരിച്ച് നിലവിലുള്ള വാട്ട്സാപ്പ് സംഘങ്ങളിൽ നിന്നാണ് ചെറുപ്പക്കാർ സൈബർ-സൈബറേതര ഇടങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് വളർന്നു പടരുന്ന സൈബർകാലത്തെ പിതൃമേധാവിത്വത്തിൻറെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത് എന്ന് അനേകം അഭിമുഖങ്ങളിൽ നിന്ന് വ്യക്തമായും കാണാം.
നഗരങ്ങളിലെ പ്രത്യേക സ്ഥലങ്ങളുടെ പേരിലുള്ള (ഉള്ളൂർ ബോയിസ്, അല്ലെങ്കിൽ വെഞ്ഞാറമ്മൂട് ബോയിസ് എന്നും മറ്റും പേരുള്ള) സംഘങ്ങളിൽ അംഗങ്ങളായിത്തീരുന്ന കൗമാരക്കാരായ ആൺകുട്ടികൾ ആണത്ത അഹന്തയുടെ പ്രകടനത്തെപ്പറ്റി പഠിക്കുന്നു. എതിർസംഘങ്ങളെ നിലംപരിശാക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നു. തെറി പറയുക, എതിരാളികളുടെ പോസ്റ്റുകൾക്കു താഴെ പൊങ്കാല ഇടുക, ആ പ്രദേശത്തെ പെൺകുട്ടികളെപ്പറ്റിയുള്ള വിവരങ്ങളും വിലയിരുത്തലുകളും പങ്കിടുക, അഹങ്കാരികളെന്ന് എല്ലാവരും സമ്മതിക്കുന്നവളുമാരെ താഴെയിറക്കാൻ തന്ത്രങ്ങൾ മെനയുക, മീമുകളും വ്യാജ പ്രൊഫൈലുകളും ഉണ്ടാക്കുക, എതിർ പാർട്ടിക്കാരെ, അല്ലെങ്കിൽ സിനിമാനടൻറെ ഫാൻക്ളബ് അംഗങ്ങളെ ഒറ്റക്കെട്ടായി എതിരിടുക – ഇങ്ങനെ സമകാലിക ആണത്ത-അഹന്താപ്രകടനത്തിൻറെ സകലവശങ്ങളും അവർ പഠിച്ചെടുക്കുന്നു. ഇവയിലൂടെ അയൽവക്കവുമായി ഈ ചെറുപ്പക്കാർ ബന്ധപ്പെടുന്ന രീതി തന്നെ അപകടകരമായവിധം മാറുന്നു.
/indian-express-malayalam/media/media_files/uploads/2019/04/j-devika-2.jpg)
എന്നാൽ പെൺകുട്ടികൾക്ക് പലപ്പോഴും അയൽവക്കവുമായുള്ള ബന്ധം ഇതിനു നേർവിപരീതമാണെന്നും ഈ ഗവേഷണം സൂചിപ്പിക്കുന്നുണ്ട്. സ്വതന്ത്രമായി നടക്കാനോ ഇടപെടാനോ ഉള്ള സ്ഥലമല്ല, സദാ ചുഴിഞ്ഞു നോട്ടത്തിനും സദാചാര വിചാരണയ്ക്കും പരിശോധനയ്ക്കും വിധേയയാകേണ്ടി വരുന്ന സ്ഥലമാണ് അത് പല പെൺകുട്ടികൾക്കും. അയൽവക്കക്കാരുടെ പരിശോധന സൈബർ ഇടങ്ങളിലേക്കു കൂടി നീങ്ങുന്നത് തങ്ങളുടെ ജീവിതത്തെ ദുഃസ്സഹമാക്കുന്നുവെന്നും ഇവരിൽ പലരും പറയുന്നു. വിദ്യാഭ്യാസത്തിൽ ആൺ-പെൺഭേദമില്ല കേരളത്തിൽ എന്ന പുളുവടി എത്ര വലിയ തെറ്റാണെന്ന് ഇതു സൂചിപ്പിക്കുന്നു.
പെൺകുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്ന
'ലോക്കൽ ബോയ്സ് ഗ്രൂപ്പ്'
ഒരു അയൽവക്കത്തെ പെൺകുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്ന ജോലി അവരുടെ അതേ പ്രായക്കാരോ ചിലപ്പോൾ ഇളയവരോ ആയ ആൺകുട്ടികൾ ഏറ്റെടുക്കുന്നതും പലപ്പോഴും പിതൃമേധാവിത്വമൂല്യങ്ങളുടെ തണലുള്ള കുറ്റകൃത്യങ്ങളിലൂടെ അവരതു നടപ്പിലാക്കുകയും ചെയ്യുന്നത് ഒട്ടും അസാധാരണമല്ല ഇന്ന്. ഇതിനെതിരെ പ്രതികരിക്കുന്ന പെൺകുട്ടികൾക്ക് വളരെ വലിയ ശിക്ഷയാണ് പലപ്പോഴും അനുഭവിക്കേണ്ടി വരുന്നത്. പോലീസിൽ പരാതി നൽകിയാലും കുറ്റപ്പെടുത്തലും ഭീഷണിയും ഭ്രഷ്ടും ഒന്നിച്ചു നേരിടേണ്ട ഗതികേടാണ് അവരെ കാത്തിരിക്കുന്നത്. പോലീസ് പ്രതികളെ കണ്ടെത്തിയാൽത്തന്നെ അവരുടെ പ്രായക്കുറവും മറ്റും മൂലം അവരോട് അനുതാപം കാട്ടാറാണ് പതിവെന്നും പലരും ചൂണ്ടിക്കാണിക്കുയുണ്ടായി. പതിനെട്ടിലധികം പ്രായമുള്ള ചെറുപ്പക്കാരിയായ പരാതിക്കാരിക്കും അതു ബാധകമാണെന്ന് അധികവും അംഗീകരിക്കപ്പെടാറില്ല.
കേരളത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ നടന്ന പല സദാചാരപോലീസിങ് സംഭവങ്ങളിലും നാട്ടുകാർ എന്ന പേര് സ്വയം അവകാശപ്പെട്ട ആൺകൂട്ടത്തിൻറെ ഹിംസാത്മകമായ ഇടപെടലുകൾ നാം കണ്ടതാണ്. അതിൻറെ പുതുകാല തുടർച്ചയായിരിക്കാം ഈ അയൽവക്ക-വാട്ട്സാപ്പ് ആൺകൂട്ടങ്ങൾ. അങ്ങനെയെങ്കിൽ പുതുകാലപിതൃമേധാവിത്വത്തിൻറെ സ്വഭാവം ഇങ്ങനെയൊക്കെയായിരിക്കും – നേരിട്ടു കുറ്റകൃത്യമായത്, അക്രമം സഹജമായുള്ളത്, കൂൾ ആണത്തത്തിൻറെ ഭാഷ മുഖംമൂടിയായും ന്യായീകരണമായും അണിഞ്ഞത്, സംഘം തിരിഞ്ഞു പ്രവർത്തിക്കുന്നത്, ആത്മവിശ്വാസമുള്ള ചെറുപ്പക്കാരികളാൽ പെട്ടെന്ന് പ്രകോപിതമാകുന്നത്, പ്രത്യേക അയൽവക്കങ്ങളെ കേന്ദ്രീകരിക്കുന്നത്. നാം കരുതിയിരിക്കുക. കാരണം ഈ പിതൃമേധാവിത്വം പൂർണമായും സാമൂഹ്യവിരുദ്ധം കൂടിയാകാതെ തരമില്ല, സ്ത്രീകളുടെ മാത്രം പ്രശ്നമല്ലത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.