സ്വപ്നാ സുരേഷ് വിഷയത്തിൽ അഭിപ്രായം പറയുന്നില്ലേ – അഭിപ്രായം പറയണം – സാമൂഹ്യമാദ്ധ്യമങ്ങളിൽ പരിചയപ്പെട്ട പല പുരുഷന്മാരും ചോദിച്ചു തുടങ്ങിയിരിക്കുന്നു. സരിതാ നായർ വിഷയത്തിൽ അഭിപ്രായം പറയുന്നില്ലേ എന്ന് ആ വിഷയം കത്തിനിന്ന സമയത്ത് ചോദിച്ച അതേ പുള്ളികളല്ലേ ഇവർ എന്നെനിക്ക് സംശയമുണ്ട്. ഇല്ല എന്നു പറഞ്ഞു ഞാൻ. സരിതാ നായരുടെ വിഷയമുയർത്തിയ കോലാഹലത്തിനിടയിൽ ഞാൻ വളരെ വിശദമായിത്തന്നെ kafila.org എന്ന ഞങ്ങളുടെ ടീം ബ്ളോഗിലും മലയാളത്തിലും വളരെ വിശദമായി എഴുതിയതാണ്. എങ്കിലും ഇവർ വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കുകയാണ്.
ഈ ചോദ്യം ചെയ്യൽ മറ്റൊരു സംഭവത്തെയാണ് ഓർമ്മയിലെത്തിക്കുന്നത്. സ്വന്തം ബൗദ്ധികജീവിതത്തിൻറെ ഓർമ്മകൾ എഴുതിക്കൂടേ എന്ന് ഒരു സുഹൃത്ത് അടുത്തിടെ ചോദിച്ചു. ശ്രമിച്ചു കളയാമെന്നു കരുതി ഞാൻ ആലോചിച്ചു തുടങ്ങി. അപ്പോഴാണ് മനസ്സിലായത്, ആ ചരിത്രം അരപ്പേജോളമേ വരൂ, കൂടിയാൽ ഒരു പേജ്.
പത്താം വയസ്സിൽ ബൗദ്ധികജീവിതം തുടങ്ങി എന്നാണ് ഞാൻ വിചാരിക്കുന്നത്. പഠിത്തത്തിലൊക്കെ നല്ല കഴിവുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അമ്മയുടെ കൂടെ അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തോടെയാണ് എന്റെ ബൗദ്ധികജീവിതം തുടങ്ങിയത്. ഈ കൂട്ടുകാരി അന്ന് അറിയപ്പെട്ട ഒരു ഡോക്ടറായിരുന്നു.
അവരുടെ വീട്ടിലേക്കുള്ള കാർ യാത്രയ്ക്കിടയിൽ അമ്മ പറയുന്നത് ഞാൻ കേട്ടു …യേച്ചിയുടെ കാര്യം കഷ്ടമാണ്… താമസിച്ചു കല്ല്യാണം കഴിച്ചു. അതും ഒരു കേസില്ലാവക്കീലിനെ. അയാൾക്കാണെങ്കിൽ …യേച്ചിയെ നാലാളുടെ മുന്നിൽവച്ച് എടീ എന്നു വിളിച്ചില്ലെങ്കിൽ മനസമാധാനവുമില്ല.
ഇതെല്ലാം മുതിർന്നവരുടെ പ്രശ്നമാണെന്ന് ധരിച്ചിരുന്ന പ്രായമായതു കൊണ്ട് ആ പറച്ചിൽ എന്നെ ബാധിച്ചില്ല. ഞങ്ങൾ ആ ഡോക്ടറുടെ വീട്ടിലെത്തി. സാധാരണ ഇങ്ങനെയുള്ള ഗൃഹസന്ദർശനങ്ങളിൽ ചായകുടി കഴിഞ്ഞാൽ ഞാൻ എങ്ങനെയെങ്കിലും മുറ്റത്തു പോയി ചെടിയൊക്കെ നോക്കി രസിക്കും. അല്ലെങ്കിൽ പേര മരമുണ്ടെങ്കിൽ അവിടെപ്പോയി പേരയ്ക്കയ്ക്കു വേണ്ടി കുട്രുവന്മാരോട് മത്സരിക്കും. പുറത്തു പോകാൻ പറ്റില്ലെങ്കിൽ ഒരു മൂലയിലിരുന്ന് എന്തെങ്കിലും വായിക്കും. ഡോക്ടറുടെ വീടാകുമ്പോള്‍ അവർ ഒറ്റ വാക്കു വായിക്കാത്തവരാണെങ്കിലും കൺസൾട്ടേഷൻ റൂമിൽ കുറേ ആനുകാലിക പ്രസിദ്ധീകരണങ്ങൾ കാണും.
അങ്ങനെ ഒരു മൂലയിലേക്കു ചുരുളാൻ തുടങ്ങുംപോഴാണ് അമ്മയുടെ വിളി. കേസില്ലാ വക്കീൽ എത്തി എന്നെനിക്കു മനസ്സിലായി. മടിച്ചു മടിച്ച് ചെന്നു. കവിളിൽ പിടുത്തം മുതലായ പതിവ് ഉപദ്രവങ്ങൾ സഹിച്ചു തിരിച്ചു പോരാമെന്ന പ്രതീക്ഷയിൽ. പക്ഷേ എന്നെ കണ്ടയുടൻ അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് പേരെന്ത്, ക്ളാസേത് മുതലായ മര്യാദച്ചോദ്യങ്ങൾ എറിഞ്ഞ്, ഒരു നിമിഷം പോലും തരാതെ ഇംഗ്ളിഷ് പരീക്ഷയിലേക്കു കടന്നു. അമ്മ എന്തോ പറഞ്ഞെന്നു മനസ്സിലായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ പ്രദർശനവസ്തുവാക്കപ്പെട്ട കുട്ടിക്കാല അനുഭവമുള്ളവർക്ക് എന്‍റെ അപ്പോഴത്തെ മാനസികാവവസ്ഥ ശരിക്കും മനസ്സിലാകും.
അദ്ദേഹം: ശരി, ‘പീസ്’ സ്പെൽ ചെയ്യൂ.
ഞാൻ: ഏതു പീസ്? Pieceഓ, peasഓ, അതോ peaceഓ ?
വക്കീലങ്കിളിൻറെ കണ്ണുതള്ളിയത് കണ്ടെങ്കിലും കുട്ടികൾ അതൊന്നും കാണാൻ പാടില്ലാത്തതു കൊണ്ട് ഞാൻ കണ്ണുകൾ താഴ്ത്തി.
ഈ മട്ടിൽ പത്തു ചോദ്യം ചോദിച്ചു. അഞ്ചാം ക്ളാസുകാരിക്കു കടിച്ചാൽ പൊട്ടില്ല എന്നദ്ദേഹം ധരിച്ച ചോദ്യങ്ങൾ. അന്ന് പക്ഷേ എന്തോ ഭാഗ്യത്താൽ പത്തു ചോദ്യത്തിന്റെയും ഉത്തരം എനിക്ക് അറിയാമായിരുന്നു.
പ്രശ്നമായത് ഏറ്റവും അവസാനത്തെ ചോദ്യത്തിൻറെ ഉത്തരമായിരുന്നു. അത് അദ്ദേഹത്തിനു തെറ്റി (അന്നത്തെ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, അദ്ദേഹം ബ്ളീച്ചടിച്ചു). Stationery, stationary എന്നീ രണ്ടു പദങ്ങൾ തമ്മിലുള്ള അർത്ഥവ്യത്യാസം വിവരിച്ചപ്പോൾ അദ്ദേഹത്തിനു തെറ്റി.
ഞാൻ: അല്ല, അങ്കിൾ, stationary എന്നാൽ എഴുത്തുസാമാനം എന്നല്ല അർത്ഥം.
അങ്കിൾ: ബബബബ… ഇംഗിള്ഷ് സ്പെല്ലിങ്, അമേരിക്കൻ സ്പെല്ലിങ്… ഹും!
(ചവിട്ടിത്തിരിഞ്ഞ് അകത്തേയ്ക്കു പോകുന്നു).
രംഗം ശൂന്യമായപ്പോൾ അതുവരെ പ്രസന്നവദനരായി കാണപ്പെട്ടിരുന്ന അമ്മയുടെയും ഡോക്ടർ ആൻറിയുടെയും മുഖത്തിന്റെ നിറം മാറി. അമ്മയുടെത് വിളറിയും അവരുടേതു കടുത്തും. ഏതാനും നിമിഷങ്ങളുടെ നിശബ്ദതയ്ക്കു ശേഷം ഡോക്ടർ ആൻറി എഴുന്നേറ്റു. ‘ചേട്ടന് ആരും back answer ചെയ്യുന്നത് ഇഷ്ടമല്ല,’ അവർ പറഞ്ഞു. ‘കുട്ടികൾ ആണെങ്കിൽ പോലും,’ എന്നെ തറപ്പിച്ചൊന്നു നോക്കിയ ശേഷം അവർ കൂട്ടിച്ചേർത്തു.
അവിടുന്ന് തിടുക്കപ്പെട്ടിറങ്ങിയ അമ്മയുടെ പിന്നാലെ കാറിൽ കയറിയപ്പോൾ എന്റെ മനസ്സിൽ ആ വാക്കായിരുന്നു – Back Answer. ഇംഗ്ളിഷിൽ ഞാനതു വരെ കേട്ടിട്ടില്ലായിരുന്ന പദം. ഒരു മൂലയിൽ മാറിയിരുന്നു സ്വന്തം കാര്യം നോക്കിയ എന്നെ പിടിച്ചു വലിച്ച് പരീക്ഷിച്ചിട്ട് അവസാനം അങ്ങോരു വരുത്തിയ തെറ്റ് തെറ്റാണെന്നു പറഞ്ഞതിന് കിട്ടിയ ശകാരം! അങ്ങനെ ഒരു വാക്ക് ഇംഗ്ളിഷിൽ ഇല്ലെന്നാണ് തോന്നുന്നത്, ഞാൻ അമ്മയോടു പറഞ്ഞു. എന്നാൽ മനസ്സിലായല്ലോ, അത് മലയാളത്തിലുണ്ട് – എന്ന് അമ്മയും.
ഓർത്തു നോക്കിയാൽ പിന്നീടുള്ള എൻറെ ബൗദ്ധികജീവിതം മുഴുവൻ ഇതേ ഷെനെറിയോ വീണ്ടും വീണ്ടും, പല തരത്തിൽ, പല സ്ഥലങ്ങളിൽ, പ്രത്യക്ഷമാകുന്നതിന്റെ ചരിത്രം മാത്രമല്ലേ? നമ്മൾ നമ്മുടെ പാടു നോക്കി വല്ല ഗവേഷണമൊക്കെ ചെയ്ത് ഒരു മൂലയിൽ ഇരിക്കുന്നു. അപ്പോൾ ഇതുപോലെ കുറേ ആണുങ്ങൾ വന്ന് അഭിപ്രായം പറയൂ, പറയൂ എന്നു നിർബന്ധിക്കുന്നു. ഇനി പറഞ്ഞില്ലെങ്കിൽ നമ്മുടെ രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കും മറ്റും ഇഷ്ടപ്പെടാതെ വന്നാലോ എന്നു വിചാരിച്ചു നമ്മൾ വല്ലതും പറയുന്നു. അപ്പോഴോ, അതാ ‘ബാക്ക് ആൻസർ, ബാക്ക് ആൻസർ’ എന്നു നിലവിളിച്ചു കൊണ്ട് ചോദിച്ച ഇതേ കൂട്ടർ ഓടിപ്പോകുന്നു. എന്തോ കുറ്റം ചെയ്തതു പോലെ ബന്ധുക്കളും സുഹൃത്തുക്കളും പെരുമാറുന്നു.
അതു കൊണ്ടാണ് സ്വപ്നാ സുരേഷിനെപ്പറ്റി ഒന്നും പറയണ്ട എന്നു വിചാരിക്കുന്നത്. ഈ ചോദിക്കുന്നവർക്ക് നന്നായി അറിയാം, ഈ ചര്‍ച്ചയിലെ നീതിയും അനീതിയും. സ്ത്രീകൾക്ക് അഴിമതിയോട് പ്രത്യേക വാസനയൊന്നുമില്ലെന്നും. ഇതെല്ലാം ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നവരുടെ മാത്രം ബാദ്ധ്യതയണതെന്ന പോലെയാണ് കാര്യങ്ങൾ (ഇംഗ്ളിഷ് സ്പെല്ലിങ് എന്റെ ബാദ്ധ്യത ആയതുപോലെ). ചോദിക്കുന്നത് അറിയാനല്ല, ഈ ചർച്ചയുടെ ആയുസ്സ് നീട്ടി അതിനെ കൊഴുപ്പിക്കാനാണ്. ആരോടാണോ ചോദ്യം ചോദിക്കുന്നത്, അവരെ കുറച്ചു കാട്ടുക, അല്ലെങ്കിൽ പ്രതിരോധത്തിലാക്കുക എന്ന ഒറ്റ ലക്ഷ്യമേ ഇക്കൂട്ടർക്കുള്ളൂ.
അൻപതു വയസ്സു കഴിഞ്ഞെങ്കിലും എൻറെ ബൗദ്ധികജീവിതത്തിൻറെ ഒഴുക്കിനൊരു മാറ്റം ഉണ്ടാകണ്ടേ? അതുകൊണ്ട് ബാക്കാൻസർ ദാഹികൾ ക്ഷമിക്കുക, നിങ്ങൾ ഇക്കാര്യത്തിലെ നീതി, ചൂഷണം, തെണ്ടിത്തരം, അധികാരഭ്രാന്ത് (പെറ്റമ്മയെ നടുകടലിൽ തള്ളിയിട്ടായാലും ഈ സർക്കാരിനെ തുലയ്ക്കണം എന്നു തോന്നുന്ന ലെവലിൽ ഉള്ളത്), ലൈംഗിക ആക്രാന്തം മുതലായവയെപ്പറ്റി സ്വയം പഠിക്കാൻ ശ്രമിക്കുക.
Read Here: ജെ ദേവിക എഴുതിയ മറ്റു ലേഖനങ്ങള്‍ വായിക്കാം