പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തിയുടെ അഗ്‌നിപര്‍വതം പുകയുമ്പോള്‍ ഓര്‍മയിലേക്ക് ഇരമ്പിയെത്തുന്നത് കാത് തുളയ്ക്കുന്ന സൈറണ്‍ മുഴക്കവും നിമിഷാര്‍ദ്ധങ്ങള്‍ക്കു പിന്നാലെ ഇടിമുഴക്കം പോലെ ആകാശത്ത് മിസൈലുകള്‍ കൂട്ടിയിടിച്ച് തകരുന്നതിന്റെ പ്രകമ്പനവുമാണ്.
ആറ് വര്‍ഷത്തെ ഇസ്രായേല്‍ പ്രവാസ ജീവിതത്തിനിടയ്ക്ക് എല്ലാ വര്‍ഷങ്ങളിലും പതിവ് തെറ്റാതെ ആഴ്ചകളോളം, ചിലപ്പോള്‍ മാസങ്ങളോളം നീളുന്ന ആശങ്കയുടെയും ഭീതിയുടെയും ഈ ദിവസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
ഒരു യുദ്ധം അവസാനിച്ച് ഒരാഴ്ച പിന്നീടുമ്പോഴാണ് ആദ്യമായി ഇസ്രായേലില്‍ എത്തുന്നത്. വെസ്റ്റ് ബാങ്കിനും ഗാസയ്ക്കും ഇടയിലുള്ള ബെര്‍ഷേബ എന്ന ഇസ്രായേല്‍ പട്ടണത്തിലെ സുഹൃത്തിന്റെ റൂമിലായിരുന്നു ആദ്യ ആഴ്ച താമസം. പിന്നിട്ട ആഴ്ചകളില്‍ അനുഭവിച്ച യുദ്ധക്കെടുതികള്‍ സുഹൃത്ത് വിവരിക്കുമ്പോള്‍, നിര്‍വികാരനായാണ് കേട്ടിരുന്നത്. നമ്മള്‍ അനുഭവിക്കാത്തതെല്ലാം കെട്ടുകഥകളാണല്ലോ.

ആ വര്‍ഷത്തെ അതിശൈത്യവും കരിയുന്ന വേനലും പിന്നിട്ട് വസന്തം വരവറിയിച്ച ഇതുപോലൊരു റംസാന്‍ കാലത്താണ് യുദ്ധം ഒരു നേരനുഭവമാകുന്നത്.
ടെല്‍ അവീവിനടുത്ത് രെഹോവത്ത് എന്ന പട്ടണത്തില്‍ ജോലി ചെയ്യുന്ന സമയം.
ജൂതരിലെ, ദത്തി എന്ന യാഥാസ്ഥിതിക വിഭാഗത്തിലെ മതപഠന സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികളെ പലസ്തിനിലെ തീവ്രപക്ഷ ഗ്രൂപ്പുകളിലെ ചിലര്‍ ചേര്‍ന്ന് ജെറുസലേമിനടുത്ത് വച്ച് കൊലപ്പെടുത്തിയ സംഭവം അതിവൈകാരികമായാണ് ഇസ്രായേല്‍ ജനതയും ഭരണകൂടവും ഏറ്റെടുത്തത്. ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എന്‍ഡ് എന്ന് പേരിട്ട ഇസ്രായേലിന്റെ പ്രതികാര ദാഹം തീരാന്‍ ഒന്നര മാസമെടുത്തു. പലസ്തീനിലെ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി കുഞ്ഞുകുട്ടികളടക്കം ആയിരങ്ങള്‍ കൊല്ലപ്പെട്ടു.
ആ യുദ്ധത്തില്‍ ഇസ്രായേലില്‍ ഒന്നോ രണ്ടോ ആളുകള്‍ മരിച്ചത് ആകാശത്തു വച്ചു തകര്‍ത്ത മിസൈലിന്റെ ആവശിഷ്ടങ്ങള്‍ വീണ് പരുക്കേറ്റാണ്. ഭീതിയുടെ നാളുകളായിരുന്നെങ്കിലും ഇസ്രായേലിന്റെ മികവുറ്റ പ്രതിരോധ സംവിധാനമാണ് ആ രാജ്യത്തെ മനുഷ്യരെ സംരക്ഷിച്ചത്.
പലസ്തീന്‍ അതിര്‍ത്തിയില്‍നിന്ന് ഓരോ മിസൈലുകള്‍ തൊടുക്കുമ്പോഴേയ്ക്കും അതിന്റെ ഗതിയും ദൂരപരിധിയും നിര്‍ണയിച്ച് മിസൈല്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള വ്യോമപരിധിയിലെ തെരുവുകളില്‍ മിനിറ്റുകള്‍ നീളുന്ന മുന്നറിയിപ്പ് അലാം മുഴങ്ങും.

വീടുകള്‍, ഫ്‌ളാറ്റുകള്‍ ഷോപ്പിങ് മാളുകള്‍, പൊതു ഇടങ്ങള്‍ എല്ലായിടത്തും സേഫ്റ്റി ഷെല്‍ട്ടറുകളുണ്ട്. സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ സമയം പാഴാക്കാതെ എല്ലാവരും ഷെല്‍ട്ടറുകളില്‍ അഭയം തേടണം.
കട്ടി കൂടിയ ഉരുക്ക് വാതിലും ജനലുമുള്ള, ബലവത്തായ കോണ്‍ക്രീറ്റ് കോട്ടയാണ് സേഫ്റ്റി ഷെല്‍ട്ടറുകള്‍. ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍, എയര്‍ കണ്ടിഷനര്‍, ഭക്ഷണപാനീയങ്ങള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളുമുള്ളവയാണ് ഇത്തരം ഷെല്‍ട്ടറുകള്‍. ആ കെട്ടിട്ടം മുഴുവന്‍ തകര്‍ന്നാലും പോറല്‍ പോലുമില്ലാതെ അവശേഷിക്കുന്ന സാങ്കേതിക തികവാണ് ഇവയുടെ പ്രത്യേകത.
ഫ്‌ളാറ്റുകളില്‍ ഉയര്‍ന്ന നിലകളില്‍ താമസിക്കുന്ന പ്രായമായവര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഷെല്‍ട്ടറുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സുരക്ഷിതമായ സ്ഥാനം ഗോവണിപ്പടികളാണ്. ഷെല്‍ട്ടറുകള്‍ക്ക് സമാനമായ ഉറപ്പിലാണ് ഗോവണിയിലേക്കുള്ള വാതിലുകളുടെയും ചുമരുകളുടെയും നിര്‍മിതി.
മിസൈല്‍ ആക്രമണസമയം തെരുവുകളില്‍ അകപ്പെട്ട് പോകുന്നവര്‍ നടപ്പാത (പെഡസ്ട്രിയന്‍ വേ)യിൽ കമിഴ്ന്നുകിടന്ന് തലയ്ക്കു പിന്നില്‍ ഇരു കൈകളും കൊണ്ട് പൊതിഞ്ഞുപിടിക്കുക എന്നതാണ് നിര്‍ദേശം.
പകല്‍ സമയങ്ങളെക്കാള്‍ മിസൈല്‍ വര്‍ഷം രാത്രികളിലാണ്. ഉറക്കമില്ലാത്ത ഒന്നരമാസം ആയിരുന്നു ആ യുദ്ധകാലം. പകുതി ഭക്ഷണം ഡൈനിങ് ടേബിളില്‍ ഉപേക്ഷിച്ചും, സോപ്പ് പതയില്‍ പുതഞ്ഞ് ബാത്ത്‌റൂം ടൗവല്‍ മാത്രമുടുത്തും, പാതിമുറിഞ്ഞ ഉറക്കത്തില്‍ ഞെട്ടിയെഴുന്നേറ്റും ഷെല്‍ട്ടര്‍ തേടിയുള്ള നിരന്തരമായ ഓട്ടങ്ങള്‍. ഒപ്പം അപ്പാര്‍ട്ട്‌മെന്റിലെ അവശരെ സുരക്ഷിതരാക്കാനുള്ള വെപ്രാളം.
Also Read: Explained: How Israel’s Iron Dome intercepts rockets
ചിലപ്പോള്‍ ഓടി ഷെല്‍ട്ടറില്‍എത്തുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ശത്രു മിസൈലുകളെ ആകാശത്ത് ഇസ്രായേല്‍ മിസൈലുകള്‍ തകര്‍ക്കുന്ന ഭീകരശബ്ദം കേള്‍ക്കാം. ഒന്നിനു പുറകെ ഒന്നായി നൂറു കണക്കിന് മിസൈലുകള്‍.. ആകാശത്ത് മിസൈലുകളുടെ കൂട്ടപ്പൊരിച്ചിലിന്റെ ഭീതിദ ശബ്ദം..അവസാനിക്കാത്ത സൈറണ്‍ വിളികള്‍.. ഇതാണൊരു ശരാശരി ഇസ്രായേല്‍ ജീവിതത്തിലെ അനുഭവം.

അയേണ്‍ ഡോം എന്ന നൂതന സാങ്കേതിക വിദ്യയാണ് പലസ്തീന്‍ മിസൈലുകളെ ചെറുക്കുന്ന ഇസ്രായേല്‍ പ്രതിരോധത്തിന്റെ നട്ടെല്ല്. ഇസ്രായേല്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസും റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവും ചേര്‍ന്ന് 2011ലാണ് ഈ പ്രതിരോധ സംവിധാനം ആദ്യമായി സ്ഥാപിക്കുന്നത്. നാലു മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഷോട്ട് റേഞ്ച് മിസൈലുകള്‍ തൊടുക്കുമ്പോള്‍ തന്നെ അതിന്റെ യാത്രാപഥം നിര്‍ണയിച്ച്, ആകാശത്തുവച്ച് നിര്‍വീര്യമാക്കാന്‍ കെല്‍പ്പുള്ള പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിന്റെ ഫലപ്രാപ്തി 90 ശതമാനമാണെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. .
സാങ്കേതികതയുടെ ഈ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ്, കേരളത്തിന്റെ മൂന്നിലൊന്നു മാത്രം വലുപ്പമുള്ള ഈ രാജ്യത്തേക്ക് ഇന്നലെ ഒരുദിവസം കൊണ്ട് മാത്രം അറുന്നൂറിലധികം മിസൈലുകൾ വന്നു പതിച്ചുവെന്ന റിപ്പോർട്ട്. ഗാസ മുനമ്പില്‍ നിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ ഹമാസ് മിസൈല്‍ ആക്രമണമുണ്ടായ ആഷ്‌കിലോണ്‍ പട്ടണം. ആക്രമണത്തില്‍ സൗമ്യ എന്ന മലയാളി യുവതി കൊല്ലപ്പെട്ട വിവരം പുറത്തുവന്നിരുന്നു. കെയര്‍ടേക്കറായി ജോലി ചെയ്യുകയായിരുന്ന സൗമ്യ ജോലിചെയ്യുന്ന വീട്ടിനുള്ളിലാണു മരിച്ചുവീണത്.
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ബഹുഭൂരിപക്ഷവും വീടുകളിലോ ഓള്‍ഡ് ഏജ് ഹോമുകളിലോ കെയര്‍ ഗിവര്‍ ജോലിയാണ് ഇസ്രായേലില്‍ ചെയ്യുന്നത്. മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെപ്പോലെ സൈറണ്‍ മുഴങ്ങിയാലുടന്‍ ഒറ്റയ്ക്ക് ഓടി ഷെല്‍ട്ടറുകളില്‍ എത്താന്‍ ഇവര്‍ക്കു കഴിയില്ല. സംരക്ഷണയിലുള്ള വൃദ്ധരെയോ അംഗപരിമിതരെയോ കൂടി സുരക്ഷിതരാക്കേണ്ട ബാധ്യതയുള്ളതിനാല്‍ പലപ്പോഴും ഷെല്‍ട്ടറുകളില്‍ സമയബന്ധിതമായി എത്തിപ്പെടുക ഇവര്‍ക്കു സാധ്യമാകുന്ന ഒന്നല്ല. അതു തന്നെയാണ് സൗമ്യയുടെയും ജീവൻ നഷ്ടമാകാൻ കാരണമായത്.
പതിനായിരത്തില്‍ അധികം മലയാളികള്‍ ഇസ്രായേലില്‍ കെയര്‍ ഗിവര്‍ ജോലി ചെയ്യുന്നുണ്ട്. ഇക്കാലമത്രയും ആശങ്കയും ജാഗ്രതയുമൊക്കെ ആയിരുന്നു യുദ്ധകാലങ്ങളിലെങ്കില്‍ സൗമ്യയുടെ മരണത്തോടെ അതീവ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ് ഓരോ മലയാളിയും ഇസ്രായേലില്‍ കഴിയുന്നത്. തുടര്‍ച്ചയായി നടക്കുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ എല്ലാവരും ഭയാശങ്കയിലാണെന്ന് ബോധ്യമായി.
ഇക്കൂട്ടത്തിലൊരാളാണ് ഗാസ മുനമ്പില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള നേതാന്യ നഗരത്തില്‍ ജോലി ചെയ്യുന്ന സൗമ്യ ജോബി മേപ്പിള്ളി എന്ന പെരുമ്പാവൂര്‍ സ്വദേശിനി. ഗാസയോട് ചേര്‍ന്നുനില്‍ക്കുന്ന എല്ലാ സ്ഥലങ്ങളിലും ഒരാഴ്ചയായി നൂറുകണക്കിനു മിസൈലുകള്‍ വന്നു വീഴുന്നുണ്ടെന്നാണു സൗമ്യ പറഞ്ഞത്. റഡാര്‍ സിസ്റ്റം ഉപയോഗിച്ച് പ്രതിരോധിക്കുന്നതിനാല്‍ മുന്നറിയിപ്പിനായി പ്രവര്‍ത്തിക്കുന്ന അലാറത്തിന്റെയും ചീറിപ്പായുന്ന ആംബുലന്‍സുകളുടെയും ശബ്ദംകൊണ്ട് യുദ്ധമുഖത്തു നില്‍ക്കുന്ന പ്രതീതിയാണ് എല്ലായിടത്തുമെന്നാണ് സൗമ്യ പറയുന്നത്.

”ഇന്നലെ ഉച്ചകഴിഞ്ഞപ്പോളാണ് ആഷ്‌കിലോണില്‍നിന്നു സൗമ്യയുടെ മരണവാര്‍ത്ത ഞങ്ങളെ തേടിയെത്തുന്നത് ! അതോടെ എല്ലാവരുടെയും ആകാംക്ഷയും ജാഗ്രതയും ഭയത്തിലേക്കു വഴിമാറി. നേരത്തെ ചിലയിടങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒരു പ്രശ്‌നമായിരുന്നുവെങ്കില്‍ ഇന്നലെയോടെ കാര്യങ്ങള്‍ മാറി. ഇങ്ങേയറ്റത്തെ എന്റെ ജോലിസ്ഥലമായ നേതാനിയ വരെ രാത്രിയില്‍ നാലഞ്ച് തവണ മിസൈല്‍ എത്തുകയും സേഫ്റ്റി റൂമുകളിലേക്ക് മാറേണ്ട അവസ്ഥ വരികയും ചെയ്തു. രാത്രി 7.30നു തുടങ്ങിയ മിസൈല്‍ വര്‍ഷം വെളുപ്പിന് മൂന്നുവരെ തുടര്‍ന്നു. വിമാനത്താവളം അടച്ചതിനാല്‍ നാട്ടിലേക്കു പോകുന്നത് അനിശ്ചിതാവസ്ഥയിലാണ്,”സൗമ്യ ജോബി പറഞ്ഞു.
അത്രമേല്‍ സാങ്കേതികത്തികവുള്ള ഇസ്രായേലിലെ യുദ്ധകാലം എത്രത്തോളം ഭീതിദമാണെന്ന് അനുഭവിച്ച നാളുകളില്‍, സേഫ്റ്റി ഷെല്‍ട്ടറിന്റെ സുരക്ഷിതത്വത്തിനുള്ളില്‍ ഇരുന്ന്, സേഫ്റ്റി ഷെല്‍ട്ടര്‍ എന്ന് കേട്ടിട്ടു പോലുമില്ലാത്ത പലസ്തീനിലെ ജനതയെക്കുറിച്ച് ഓര്‍ത്ത് വേദനിച്ചിട്ടുണ്ട്. ഒന്നിനു പത്ത് എന്ന രീതിയില്‍ ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും ഇസ്രായേല്‍ പട്ടാളം തൊടുക്കുന്ന മിസൈലുകളെ പ്രതിരോധിക്കാന്‍ തൊണ്ടക്കുഴിയില്‍ പാതിമുറിഞ്ഞ നിലവിളികളല്ലാതെ മറ്റൊന്നുമില്ലാതെ ചിതറിത്തെറിക്കുന്ന പലസ്തീനിയന്‍ ബാല്യങ്ങള്‍. ഉറ്റവരെ കണ്‍മുന്നില്‍ നഷ്ടമാകുന്നവരുടെ നിലയ്ക്കാത്ത വിലാപങ്ങള്‍.
പലസ്തീനില്‍ ഓരോ യുദ്ധാനന്തരവും ബാക്കിയാകുന്നത് ഇതാണ്. അശാന്തി വിളയുന്ന വാഗ്ദത്ത ഭൂമിയില്‍ ശാന്തി കൈവരുന്ന കാലം ഇനിയുമെത്ര വിദൂരം?