മുന്നോട്ടൊഴുകുന്ന കാലം, പിന്നോട്ടൊഴുകുന്ന കേരളം

“നുണകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് മറ്റൊരു പ്രധാന പ്രശ്നം എത്ര വേഗമാണ് അവയിപ്പോൾ പ്രചരിക്കുന്നത് ? എത്രയെളുപ്പമാണ് നമ്മളവയെ സ്വീകരിക്കുന്നത് ? നുണകൾക്ക് വെമ്പൽ പൂണ്ട ഒരു സമൂഹമായി നമ്മൾ മാറുകയാണോ ? നമ്മുടെയൊക്കെ കയ്യിലെ സ്മാർട്ട് ഫോണുകൾ നുണകൾ പ്രചരിപ്പിക്കുന്ന മെഷിനുകളായി അധഃപതിച്ചിരിക്കുന്നു. ഏതു നുണയും ഒട്ടു മടിയില്ലാതെ മലയാളി ആഘോഷമാക്കി മാറ്റുകയാണ്” ‘ചിന്താ ജാലക’ത്തിൽ മാറുന്ന കേരളത്തെ കുറിച്ച്

n e sudheer

സാമൂഹിക ജീവിതത്തിന്റെ ബാലപാഠങ്ങൾ ഞാൻ ആദ്യമായി അറിഞ്ഞത് എന്റെ നാട്ടിലെ അമ്പലത്തിൽ നിന്നാണ്. ധർമ്മശാസ്താവിന്റെ പ്രതിഷ്ഠയുള്ള ആ ക്ഷേത്രത്തിൽ എന്റെ കുടുംബത്തിന് കഴകമുണ്ടായിരുന്നു. വർഷത്തിൽ ചില മാസങ്ങളിൽ നിത്യ പൂജകൾക്ക് ചെണ്ടകൊട്ടുക എന്നതാണ് നമ്മൾ ചെയ്യേണ്ടിയിരുന്നത്. ഉത്സവകാലത്ത് മറ്റ് ചില ജോലികളും ഉണ്ടാവും. അതു കൊണ്ടു തന്നെ നന്നേ ചെറുപ്പത്തിലേ ഞാനൊരു അമ്പലവാസിയായിരുന്നു. അതൊരു ജാതിയുടെ പിൻബലത്തോടെ അച്ഛന്റെ താവഴി അവകാശമായി ലഭിച്ചതാണ്. മൂന്നു നാലു കൊല്ലം അച്ഛന്റെ സഹായി എന്ന നിലയിൽ അമ്പലത്തിൽ ചെണ്ടകൊട്ടാനും മറ്റ് പണികളിൽ പങ്കാളിയാവാനും എനിക്ക് അവസരം ലഭിച്ചു. ആ അനുഭവങ്ങൾ മുഴുവനായും പങ്കുവെച്ചാൽ ഇന്നിപ്പോൾ എന്റെ തലയെടുക്കാൻ ഈ നാട്ടിൽ ആളുണ്ടാവും. അന്നൊക്കെ സഹിഷ്ണുതയോടെ ആളുകൾ ഇത്തരം കാര്യങ്ങളെ ഉൾക്കൊണ്ടിരുന്നു . ഇന്ന് അങ്ങനെയല്ല. സത്യം ആർക്കും ഇഷ്ടമല്ലാതായിരിക്കുന്നു. കാലം അത്രയേറെ അധഃപതിച്ചിരിക്കുന്നു. കള്ളത്തരങ്ങളും സാമർത്ഥ്യങ്ങളും അടവുകളും ജീവിതത്തിന്റെ ഘടകങ്ങളാണെന്ന് അക്കാലത്താണ് ഞാൻ പഠിച്ചത്. നാലമ്പലത്തിനകത്തുനിന്ന് ഞാനറിഞ്ഞ അന്തപ്പുര കഥകൾ ഓർക്കുമ്പോൾ ഓക്കാനം വരും. വിശ്വാസത്തിന്റെ കാവലാളന്മാർ കാട്ടിക്കൂട്ടിയ നെറികേടുകൾ! പോട്ടെ, ആ കഥ തൽക്കാലം അവിടെ നിൽക്കട്ടെ. ഏതായാലും ക്ഷേത്രവുമായുള്ള ആ അടുപ്പം എന്നെ ഭക്തനാക്കിയില്ല; വിശ്വാസിയാക്കിയില്ല. ഹിന്ദുവുമാക്കിയില്ല. ആത്മീയ മനസ്സ് ഉണ്ടായതേയില്ല. പക്ഷെ, ഞാൻ അവിടെ നിന്ന് പല ജീവിത പാOങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്

അന്നൊക്കെ ആ ക്ഷേത്ര മതിൽക്കെട്ടിന് ചുറ്റും എന്റെ ചങ്ങാതിമാരും അവരുടെ ബന്ധുക്കളും കൂടി ഉത്സവം കാണാൻ വന്നു നിൽക്കും. ആനപ്പുറത്തെ തിടമ്പെഴുന്നള്ളിപ്പ് കാണാൻ, തിടമ്പ് നൃത്തം കാണാൻ, അവർ അമ്പലത്തിനകത്ത് വരില്ല. വരാൻ പാടില്ല. കാരണം അവർ ഇതര മത ദൈവങ്ങളുടെ പ്രജകളായിരുന്നു. എന്നാൽ അവർ ഉത്സവം ആസ്വദിച്ചു. അവരുടേതല്ലാത്ത “ദൈവങ്ങളെ “ അടുത്ത് നിന്ന് കണ്ടു. അതിൽ അവർക്ക് സന്തോഷം കണ്ടെത്താൻ സാധിച്ചു. അടുത്ത ദിവസം സ്കൂളിൽ വെച്ച് കാണുമ്പോൾ ഞങ്ങൾ ചങ്ങാതിമാർ ദൈവ മാഹാത്മ്യങ്ങൾ കൈമാറി. അവൻ പളളിയിലെ കാര്യങ്ങളും ഞാൻ അമ്പലത്തിലെ കാര്യങ്ങളെപ്പറ്റിയും വാതോരാതെ വർത്തമാനം പറഞ്ഞു. അതൊക്കെ കേട്ടും പറഞ്ഞുമാണ് നമ്മൾ നല്ല ചങ്ങാതിമാരായത്. അത് ഞങ്ങളുടെ കൊച്ചു മനസ്സിനെ പുതിയ പുതിയ അറിവുകളിലേക്ക് കടത്തിവിട്ടു. അങ്ങനെയാണ് ഞാൻ മതത്തെ അറിഞ്ഞത്. വിവിധ ദൈവങ്ങളെ മനസ്സിലാക്കിയത്. വിശ്വാസം നമുക്കിടയിൽ അകലമുണ്ടാക്കായില്ല. അതിരുണ്ടായിരുന്നു. പക്ഷേ, അകലമില്ലായിരുന്നു. ആ അതിരിന് നമുക്കിടയിലെ സ്നേഹത്തിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞില്ല. അത് അതിനുള്ളതായിരുന്നില്ല. ഒരിക്കൽ എന്റെ കൂടെ വീട്ടിലേക്കു വന്ന ഒരു കൂട്ടുകാരനെ വീട്ടിൽ കയറ്റാൻ അച്ഛന് എന്തോ ഒരു മടിയുള്ളതു പോലെ തോന്നി. പ്രശ്നം ജാതിയായിരുന്നു. അവൻ ഒരു ‘താണ’ ജാതിയിൽ ജനിച്ചവനായിരുന്നു. എന്നാൽ ഞങ്ങളുടെ ഇഷ്ടത്തിന് മുന്നിൽ അച്ഛൻ തോറ്റു തന്നു. അവൻ എന്റെ വീട്ടിലെ നിത്യ സന്ദർശകനായി. അങ്ങനെയാണ് ഞാൻ ജാതിയെ അറിഞ്ഞത്.n e sudheer

കാലം ഒരുപാട് കടന്നു പോയി. ലോകം വല്ലാതെ മാറി. എല്ലാത്തിനും വേഗത കൂടി. ലോകത്ത് അകലം എന്നത് ഒരു മിഥ്യയായി. പുതിയ നൂറ്റാണ്ട് വന്നു. മനുഷ്യൻ പുതിയ പുതിയ നേട്ടങ്ങൾ കൈവരിച്ചു. ജീവിതത്തെ കൂടുതൽ കൂടുതൽ സുഖകരമാക്കി. ഡിജിറ്റൽ വിപ്ലവം വന്നു. കമ്യുണിക്കേഷൻ ഗാഡ്ജെറ്റുകൾ ഓരോ മനുഷ്യരിലുമെത്തി. പുതിയ മാധ്യമങ്ങൾ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിച്ചു. കേരളം ഇതിനെയെല്ലാം ആർത്തിയോടെ വാരിപ്പുണർന്നു. ഗ്രാമ-നഗര വ്യത്യാസങ്ങൾ ഇല്ലാതായി. കേരളം പഴയ കേരളമല്ല എന്ന് നമ്മൾ പറഞ്ഞു തുടങ്ങി. ഈ ബഹളത്തിനിടയിൽ നമ്മൾക്ക് എന്തോ ചില നഷ്ടപ്പെടലുകളുണ്ടായി. നമ്മുടെ മനസ്സ് കലുഷിതമായിരിക്കുന്നു. മലയാളിയുടെ സാമൂഹിക ബോധത്തിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. സംഭവിക്കില്ല എന്ന് നമ്മൾ ഉറച്ചു വിശ്വസിച്ച, അഹങ്കരിച്ച പലതുമാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പുറത്തു കാണിക്കുന്നതിന് ഘടക വിരുദ്ധമായ അടിസ്ഥാന വിശ്വാസങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു ഭൂരിപക്ഷം നമ്മുടെ സമൂഹത്തിലുണ്ട് എന്ന് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. പരിഷ്കൃത മനുഷ്യർ എന്ന നിലയിൽ നിന്ന് അതിന്റെ മുൻഗാമികളായ മറ്റു പലതിലേയ്ക്കും മലയാളി പിൻതിരിഞ്ഞു നടക്കുകയാണ്. പഴയ കേരളത്തിന്റെ തുടർച്ചയെന്ന നിലയിൽ നമ്മൾ ആഗ്രഹിച്ച , പ്രതീക്ഷിച്ച ആ കേരളത്തിന് ഒരു ചരമക്കുറിപ്പ് തയ്യാറാക്കേണ്ടിയിരിക്കുന്നു. പാതി വഴിയിൽ വെച്ച് നമ്മൾ പലതും ഉപേക്ഷിച്ചിരിക്കുന്നു. നല്ലൊരു നാളെയ്ക്ക് കരുത്താകുമായിരുന്ന മൂല്യങ്ങൾ പലതും നമുക്ക് കൈമോശം വന്നിരിക്കുന്നു. അസ്വസ്ഥമാണ് ഇന്ന് സമൂഹ മനസ്സ്. കാരണം മറ്റൊന്നുമല്ല ലോകത്ത് നിന്ന് ഇല്ലാതായ അകലം കേരളത്തിലെ മനുഷ്യരുടെ മനസ്സിലാണ് കുടിയേറിപ്പാർത്തത്.

മലയാളി അവരവരുടെ വിശ്വാസത്തിന്റെ പേരിൽ പതിവില്ലാതെ ഇന്ന് അകന്നു തുടങ്ങിയിരിക്കുന്നു. ജാതിയും മതവും വിശ്വാസങ്ങളും അതിരുകൾക്കുമപ്പുറം അകലങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. അവിടെ ചങ്ങാത്തം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. അവന്റെ ആരാധനാലയങ്ങളിൽ സ്വസ്ഥത കുറഞ്ഞിരിക്കുന്നു. അവിടെ ഗൂഢാലോചനകൾ നടക്കുന്നു. മനുഷ്യരെ തമ്മിലടിപ്പിക്കാൻ അവ കാരണങ്ങളാവുന്നു. ദൈവം അവനിൽ ശാന്തി പകരുന്നില്ല. വിദ്വേഷവും വെറുപ്പും വളരുകയാണ്. എല്ലാം വിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുവാൻ മലയാളി ശീലിച്ചിരിക്കുന്നു. അവന്റെ നെഞ്ചിലെ തീയായിരുന്ന രാഷ്ട്രീയം പോലും ജാതിയുടെയും മതത്തിന്റെയും സ്വാധീനത്തിന് പാകപ്പെടുന്ന ഒരവസ്ഥ. ഇതിന്റെയൊക്കെ പേരിൽ വ്യക്തിബന്ധങ്ങളിൽ, കുടുംബ ബന്ധങ്ങളിൽ വിള്ളലുകളുണ്ടായിത്തുടങ്ങി. എന്റെ നാട്ടിലെ ക്ഷേത്ര മതിൽക്കെട്ടിന് മുകളിൽ പുതിയ കാലത്തെ തോമസ്സും അബ്ദുള്ളയും കാഴ്ചക്കാരായി എത്തുന്നില്ല. ഇന്നത്തെ കുട്ടികൾ നേടുന്ന സാമൂഹികപാഠങ്ങൾ അവരെ വർഗീയ വാദികളാക്കുന്നു. അവർക്കിടയിൽ പുതിയ അകലങ്ങൾ ഉണ്ടാക്കുന്നു. അവരെ മനുഷ്യരല്ലാതാക്കുന്നു. അവരുടെ ഭാഷയെ മലീമസമാക്കുന്നു. അവർ സത്യത്തെ ഇഷ്ടപ്പെടുന്നില്ല. ചരിത്രത്തെ അവർ കാണുന്നതേയില്ല.ne sudheer

നമ്മുടെ സാമുഹിക മാധ്യമങ്ങൾ നോക്കുക. കേരളത്തിന്റെ വികലമായ മനസ്സ് അവിടെയുണ്ട്. ടെലിവിഷൻ നോക്കുക. മലയാളിയുടെ മാറിയ ചിന്ത അവിടെയുണ്ട്. ഇപ്പോൾ തെരുവിലേക്ക് കൂടി നോക്കുക. അവിടെ പുതിയ അകലങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സാംസ്കാരിക അടിത്തറയുണ്ടെന്ന് അഹങ്കരിച്ച പൊതു സ്ഥാപനങ്ങൾ നിലനിൽപ്പിനായി പക്ഷം ചേരുന്നു. മൂല്യങ്ങൾ ആൾക്കൂട്ടത്തിനു മുന്നിൽ പഴം ചരക്കായി മാറുന്നു. മതേതര സ്വഭാവം കൈവെടിയുന്നു. കേരളം പഴയ കേരളമല്ല. മലയാളി ഇന്നൊരു കൂട്ടായ്മയുടെ പേരല്ല. പല തരം മലയാളികൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. മനുഷ്യത്വം നഷ്ടപ്പെട്ട കൂട്ടായ്മകൾ. അവരെ നയിക്കുന്നത് വിവേകശൂന്യ പിടിവാശികളാണ്. നമ്മുടെ കുട്ടികളെ കാത്തിരിക്കുന്നത് ഒരു നല്ല നാളെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നുണകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് മറ്റൊരു പ്രധാന പ്രശ്നം എത്ര വേഗമാണ് അവയിപ്പോൾ പ്രചരിക്കുന്നത് ? എത്രയെളുപ്പമാണ് നമ്മളവയെ സ്വീകരിക്കുന്നത് ? നുണകൾക്ക് വെമ്പൽ പൂണ്ട ഒരു സമൂഹമായി നമ്മൾ മാറുകയാണോ ? നമ്മുടെ കയ്യിലെ ഫോൺ നുണകൾ പ്രചരിപ്പിക്കുന്ന മെഷിനുകളായി അധഃപതിച്ചിരിക്കുന്നു. ഏതു നുണയും ഒട്ടു മടിയില്ലാതെ മലയാളി ആഘോഷമാക്കി മാറ്റുകയാണ്. സത്യത്തിന് പകരം അനുകൂലമായ നുണ മതി എന്നായിരിക്കുന്നു ശരാശരി മലയാളിയുടെ മനോഭാവം. ഇത് സൃഷ്ടിക്കുന്ന സാമൂഹിക ദുരന്തങ്ങൾ ഏറെയാണ്. മുകളിൽ വിശദീകരിച്ച അകൽച്ച നിർമ്മാണത്തിലും ഈ നുണകൾ വലിയൊരു പങ്ക് വഹിക്കുന്നു. പൊതുവിൽ ഈ പുറകോട്ട് നടത്തത്തിന്റെ വേഗത കൂട്ടാനാണ് മലയാളി സമൂഹം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മടി കൂടാതെ ഇവിടെ വിലസുകയാണ്. യുക്തിയും വീണ്ടുവിചാരങ്ങളും മരുന്നിന് പോലും കാണാനില്ല. സമൂഹത്തിന്റെ മേൽക്കോയ്മ വിവേകശൂന്യരായ ചിലരുടെ കൈകളിലായിരിക്കുന്നു. അവരാണ് നമുക്കിടയിലെ അകലം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രാകൃത ജീവിതം നയിക്കാൻ നമ്മുടെ കുട്ടികൾക്ക് ഇടയാവാതിരിക്കട്ടെ. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചു പിടിച്ചേ മതിയാകൂ. മലയാളി പാരസ്പര്യത്തോടെ മനുഷ്യരായി ജീവിക്കണം. മുന്നോട്ടൊഴുകുന്ന കാലത്തെ കണ്ടില്ലെന്ന് നടിച്ച് കേരളം പിന്നോട്ടൊഴുകരുത്.

Read More: എൻ ഇ സുധീർ എഴുതിയ മറ്റ് ലേഖനങ്ങൾ ഇവിടെ വായിക്കാം

 

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Is kerala walking backwards ne sudheer chintha jalakam column

Next Story
മുറിവൈദ്യന്മാരെ സൃഷ്ടിക്കുന്ന കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസം
The moderation of comments is automated and not cleared manually by malayalam.indianexpress.com