ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമാകും മഹാഭാരതമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്വാദകരെ അനുഭവത്തിന്‍റെയും അത്ഭുതത്തിന്‍റെയും പരകോടിയില്‍ എത്തിക്കാനായി ആയിരം കോടി രൂപയുടെ മുതല്‍ മുടക്കിലാണ് ഇതിഹാസം സിനിമയാകാനൊരുങ്ങുന്നത്. എന്നാല്‍ ചിത്രം അഭ്രപാളികളിലെത്തും മുന്‍പ് തന്നെ മനസ്സിലേക്കെത്തുന്ന ഒരു ചോദ്യമുണ്ട് – ഈ പുനരാഖ്യാനത്തിന് ഇന്ത്യയുടെ യാഥാസ്ഥിതിക സംസ്കാരം തയാറാണോ എന്നത്.
ഈ ചോദ്യത്തിന് എന്താണ് പ്രസക്തി?
ഇന്ത്യ കേട്ടും വായിച്ചും പരിചയിച്ചിട്ടുള്ള മഹാഭാരത കഥയില്‍ നിന്നും വ്യതസ്തമാണ് ഈ മഹാഭാരതം എന്നതു തന്നെ. എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന കഥയുടെ ആരൂഡം ഭീമനാണ്, ഭീമന്‍ മാത്രമാണ്. ആ കഥയാണ് വി.എ.ശ്രീകുമാര്‍ മേനോന്‍ മഹാഭാരതമാക്കാന്‍ പദ്ധതിയിടുന്നത്. കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍. നായകനാകുമ്പോഴും മനുഷ്യനായിത്തന്നെ നില കൊള്ളുന്ന, ശക്തനാകുമ്പോഴും അമാനുഷനാകാത്ത, അജയ്യനാകുമ്പോഴും തിരസ്കൃതനാകുന്ന ഭീമസേനനെയാണ് മോഹന്‍ലാല്‍ അരങ്ങിലെത്തിക്കേണ്ടത്.
1988 ന് ശേഷമുള്ള തലമുറകള്‍ക്ക് മഹാഭാരതമെന്നാല്‍ മഹാഭാരതം സീരിയലാണ്, ബി.ആര്‍.ചോപ്രയാണ്. അവിടെ നിന്നാണ് കാണികള്‍ എം.ടി.വാസുദേവന്‍ നായരിലേക്ക് എത്തേണ്ടത്. പ്രവീണ്‍ കുമാര്‍ സോബ്തി എന്ന ഡിസ്കസ് ത്രോ താരത്തിന്‍റെ ഭീമസേനനില്‍ നിന്നുമാണ് മോഹന്‍ലാലിന്‍റെ ഭീമാവതരണത്തിലേക്കെത്തേണ്ടത്.
അവിടേക്കെത്താന്‍ മലയാളിക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയില്ല. കാരണം രണ്ടാമൂഴം എന്ന ശ്രേഷ്ഠ കൃതി അവന് പരിചിതമാണ്. ചരിത്ര കഥാപാത്രങ്ങളെ പുനര്‍ നിർവചിച്ച എംടിയുടെ തന്നെ ‘ഒരു വടക്കന്‍ വീരഗാഥ’ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമുള്ളതാണ്. വടക്കന്‍ പാട്ടുകളിലെ വീര നായകനായ ആരോമല്‍ ചേകവരെ പ്രതിനായകനാക്കുകയും ചതിയനായ ചന്തുവിനെ നായകനാക്കുകയും ചെയ്തപ്പോള്‍ ഒരു നിമിഷം പോലും മറിച്ചു ചിന്തിക്കാതെ മെയ്യഴകും മുഖശ്രീയും മാറ്റി നിര്‍ത്തി മച്ചുനനെ മനസ്സില്‍ പ്രതിഷ്ഠിച്ചവനാണ്.
എന്നാല്‍ എംടിയ്ക്കപ്പുറത്തുള്ള ഇന്ത്യയ്ക്ക് ഇത് സാധ്യമാകുമോ? ജ്യേഷ്ഠന്‍ യുധിഷ്ഠിരന്‍റെ ഊഴം കഴിയാന്‍ ദ്രൗപദിയുടെ അരമനയ്ക്ക് മുന്നില്‍ കാത്തു നില്‍ക്കുന്ന, ശക്തിപ്രഭാവങ്ങളെല്ലാം ചോര്‍ന്ന ഭീമസേനനോട് വര്‍ത്തമാന കാലത്തെ ഇന്ത്യ എങ്ങനെ പ്രതികരിക്കും?
മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയപാടവത്തില്‍ സംശയിക്കേണ്ടതില്ല. മഹാഭാരതത്തിന്‍റെ ഉയരുവുമാവേശവും മോഹന്‍ലാലിന്‍റെ ഭീമാവതരണം തന്നെയായിരിക്കും. എന്നാല്‍ പ്രേക്ഷക മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ നായകന്മാരായ കൃഷ്ണനെയും അര്‍ജുനനെയും അദ്ദേഹത്തിന്‍റെ ഭീമസേനന്‍ എങ്ങനെ വെല്ലും എന്നതാണ് കാണേണ്ടത്.
മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് രണ്ടാമൂഴമെഴുതപ്പെടുമ്പോഴുള്ള കേരളവും ഇന്ത്യയുമൊന്നുമല്ല ഇന്ന്. അതുകൊണ്ട് തന്നെ അതിന്‍റെ പുനര്‍ നിർവചനത്തിന്‍റെ സ്വീകാര്യതയിലും ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം. ചിത്രം ഒരു ദേശീയ കാന്‍വാസിലാകുമ്പോള്‍ പ്രത്യേകിച്ചും. ഇന്നിന്‍റെ കണ്ണാടികളില്‍ പുതിയ മഹാഭാരതം എങ്ങനെ പ്രതിഫലിക്കും എന്നത് കാത്തിരുന്നു കാണാം.