ഒന്നര ദശകം മുൻപ് മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ നോക്കിയ ആയിരുന്നു ശരാശരി ഇന്ത്യക്കാരന്. ഇന്ന് മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ ആ പേര് ആരുടെയും മനസിൽ വരാറില്ല. ആപ്പിളോ സാംസങ്ങോ ഗൂഗിളിളോ ഒക്കെയാണ് നമ്മുടെയൊക്കെ നാവിൽ വരാറ്.
മൊബൈൽ സാങ്കേതികതയിൽ ഒട്ടനേകം സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തിയ ഒരു കമ്പനി എന്തുകൊണ്ട് ഇന്ന് സ്മാർട്ഫോൺ രംഗത്തെ ആരുമല്ലാതായി? ആൻഡ്രോയിഡ് എന്ന സ്മാർട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം വന്നപ്പോൾ ഞങ്ങൾക്ക് ഞങ്ങൾ തന്നെയുണ്ടാക്കിയ മേൽത്തരം സിംബിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്, അതുകൊണ്ട് കണ്ട ഗൂഗിളിന്റെ ആൻഡ്രോയിഡ് വേണ്ടെന്ന് അവർ തീരുമാനമെടുത്തു. ബാക്കി ചരിത്രമാണ്. പിന്നീട് വർഷങ്ങൾക്കു ശേഷം നോക്കിയ ആൻഡ്രോയിഡ് ഫോൺ ഇറക്കിയെങ്കിലും എവിടെയും എത്തിയില്ല.
ഇതുപോലെയാണ് കോൺഗ്രസും അതിന്റെ നേതൃത്വവും. ഇതുപോലെയായിരുന്നു സിപിഎമ്മും 2016 വരെ. പക്ഷെ സാംസങ്ങിനെയും എൽജിയെയും പോലെ സമയത്ത് ആൻഡ്രോയ്ഡിലേക്കു ചാടി സമകാലിക രാഷ്ട്രീയത്തിലേക്ക് അവർ അപ്ഡേറ്റ് ചെയ്തു.
വോട്ടുകൾ പലതരം
ഒരു സ്ഥാനാർഥിക്ക് കിട്ടാവുന്ന വോട്ടുകൾ മൂന്നു തരമാണ്.
1. സ്ഥാനാർഥിയുടെ വോട്ടുകൾ: അത് അവരുടെ പ്രവർത്തനത്തിന്റെയും വ്യക്തി പ്രഭാവത്തിന്റെയും വോട്ടുകളാണ്. അതാണ് കോൺഗ്രസ് വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഏറ്റുമാനൂരിൽ നമത്സരിച്ച ലതിക സുഭാഷിന് ലഭിച്ച 7,624 വോട്ടുകൾ.
2. പാർട്ടി വോട്ടുകൾ: പാർട്ടി അനുഭാവമുള്ള ആളുകൾ സ്ഥാനാർത്ഥിയെ നോക്കാതെ ചെയ്യുന്ന വോട്ടാണത്. പാർട്ടി പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി ചെയ്യിപ്പിച്ച വോട്ടുകളും ഒക്കെ ഇതിൽ പെടുത്താം. ഉദാഹരണത്തിന് പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ച ടി ഐ മധുസൂദനന് ലഭിച്ച വോട്ടുകളിൽ ഏറിയ പങ്കും പാർട്ടി വോട്ടുകൾ ആണ്.
പാർട്ടി വോട്ടുകൾ ഓരോ പാർട്ടിക്കും ഓരോ മണ്ഡലത്തിലും വ്യത്യസ്തമാണ്. പയ്യന്നൂർ മണ്ഡലത്തിന്റെ തൊട്ടടുത്തു കിടക്കുന്ന ഇരിക്കൂർ മണ്ഡലത്തിൽ സിപിഎമ്മിനേക്കാളും പാർട്ടി വോട്ടുകൾ കോൺഗ്രസിണ്ട്.
3. നരേറ്റീവ് വോട്ടുകൾ: നരേറ്റീവ് എന്ന ഇംഗ്ലീഷ് വാക്കിനു തത്തുല്യമായ മലയാള പദം എനിക്കറിയില്ല. ഇവിടുത്തെ സാഹചര്യത്തിൽ ” കഥാ ആഖ്യാനം” എന്നാതായിരിക്കും ഏറ്റവുമടുത്തു നിൽക്കുന്ന മലയാളം. നരേറ്റീവ് വോട്ടുകൾ ഒരു പാർട്ടിക്ക് അനുകൂലമായി വരുമ്പോളാണ് നമ്മൾ തരംഗം, സുനാമി എന്നൊക്കെ പറയുന്നത്.
ഇപ്രാവശ്യം കോൺഗ്രസിനെ തുണയ്ക്കാതെ പോയതും സിപിഎമ്മിനെ തുണച്ചതും ഈ വോട്ടുകളാണ്. അതുകൊണ്ടാണ് സ്ത്രീകളും യുവാക്കളും ഡോക്ടർമാരും വിദഗ്ധന്മാരുമടക്കമുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു പോയത്.
എന്താണ് നരേറ്റീവ്?
മനുഷ്യൻ എന്നും കഥകൾ ഇഷ്ടപെടുന്ന ഒരു ജീവിയാണ്. അതുകൊണ്ടാണ് നമ്മൾ കഥകളുടെ ആഖ്യാന രൂപത്തിൽ പല കാര്യങ്ങളും സ്കൂളിൽ പഠിക്കുന്നത്. അതുകൊണ്ടാണ് കഥകളിലൂടെ രസകരമായ ക്ലാസ് എടുക്കുന്ന അധ്യാപകരെ ഒത്തിരി ഇഷ്ടപെടുന്നത്. അതുകൊണ്ടാണ് സിനിമകൾ കണ്ടു രസിക്കുന്നത്,.
നമ്മൾ ഇന്ന് അടിയുറച്ചു വിശ്വസിക്കുന്ന പലതും നരേറ്റീവുകൾ(ആഖ്യാനങ്ങൾ) ആണ്. ലോകത്തേതോ കോണിൽ ഇരുന്നു കുറച്ചുപേർ രൂപപ്പെടുത്തുന്ന ആഖ്യാനങ്ങൾ പലതും കേട്ടാണ് നമ്മുടെ പൊതുബോധം രൂപപ്പെടുന്നത്. ആഗോള താപനം നമ്മൾ ആരും നേരിട്ട് കണ്ടിട്ടില്ല, പക്ഷെ ഉണ്ടെന്നു നമ്മൾ വിശ്വസിക്കുന്നു.
പ്ലാസ്റ്റിക് അരി നമ്മളാരും കൈകൊണ്ടു തൊട്ടിട്ടില്ല, പക്ഷെ അതുണ്ടെന്നും പല കടക്കാരും അത് വിൽക്കുന്നെണ്ടന്നും നമ്മൾ വിശ്വസിക്കുന്നു. വർഷങ്ങളായി പ്ലാസ്റ്റിക്കും അരിയും ഉപയോഗിക്കുന്ന നമ്മൾ പ്ലാസ്റ്റിക് അരി വെള്ളത്തിൽ ഇട്ടാൽ പൊങ്ങിക്കിടക്കുമെന്നു ചിന്തിക്കുന്നതേയില്ല. അത് വേവിച്ചാൽ ഉരുകി ഒട്ടിപ്പിടിക്കുമെന്നും, അത് വെന്ത് ചോറാകില്ല എന്നും നമ്മൾ ചിന്തിക്കുന്നില്ല. അതിന്റെ പേരിൽ പാവം പലചരക്കു കടക്കാരെ റെയ്ഡ് ചെയ്യിപ്പിച്ചു പണവും സമയവും കളയുന്നു.
രാഷ്ട്രീയ നരേറ്റീവുകൾ
ഇതുപോലെയാണ് രാഷ്ട്രീയ നരേറ്റീവുകൾ. സ്വിസ് ബാങ്കിൽ 1800 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നും അത് ആളോഹരി 15 ലക്ഷം വരുമെന്നും അത് മുഴുവൻ കോൺഗ്രസുകാർ അഴിമതി നടത്തി സമ്പാദിച്ചതാണെന്നും സോണിയ ഗാന്ധിയാണ് ലോകത്തെ നാലാമത്തെ ധനികയായ രാഷ്ട്രീയ നേതാവെന്നും അടിച്ചിറക്കി.
ഈ പണമൊക്കെ തിരികെ കൊണ്ടുവരാൻ പറ്റുന്ന ഒരേയൊരു ശക്തനായ നേതാവാണ് മോദിയെന്നും അതു കൊണ്ടുവന്നാൽ വരുമാന നികുതി ഇല്ലാതാക്കുമെന്നും ബുള്ളറ്റ് ട്രെയിനുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
അഭ്യസ്തവിദ്യരായ എൻജിനീയർമാരും ഡോക്ടർമാരും വക്കീലന്മാരും വരെ അത് വിശ്വസിച്ചു. അതിൽ പലരും പറഞ്ഞു 15 ലക്ഷം ഒന്നുമുണ്ടാവില്ല, എങ്കിലും ഒരു 3 ലക്ഷമൊക്കെ ഉണ്ടാവില്ലേ. ഒന്നും കാണാതെ മോദി അങ്ങനെ പറയില്ലല്ലോ എന്നൊക്കെ. ഇതൊക്കെ വിശ്വസിച്ചു പലരും അണ്ണാ ഹസാരെയുടെയും കേജ്രിവാളിന്റെയും മോദിയുടെയും പുറകിൽ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ വെയിലുകൊണ്ടു രാജ്യത്തെ അഴിമതി മുക്തമാക്കാൻ അണിനിരന്നു.
ഭരണം കിട്ടിയപ്പോൾ ധനമന്ത്രി അരുൺ ജെയ്റ്റിലി വെറും 7000 കോടിയെ സ്വിസ് ബാങ്കിൽ ഉള്ളതെന്നും അതെല്ലാം കള്ളപ്പണമാകണമെന്നില്ലെന്നും പറഞ്ഞു. ഈ 7000 കോടി ആളോഹരി വീതിച്ചാൽ വെറും 58 രൂപയാണ്. ഇന്ന് 150 രൂപയുടെ വാക്സിൻ പോലും സൗജന്യമായി തരാനാവുന്നില്ല മോദി സർക്കാരിന്.
ഈ പാഠപുസ്തകത്തിലെ ഒരേട് എടുത്താണ് പിണറായിയും ടീമും കളിച്ചത്. അവിടെ ഗുജറാത്ത് മോഡൽ ആയിരുന്നെങ്കിൽ, ഇവിടെ കേരള മോഡൽ. അവിടെ അഴിമതിയിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ വന്ന രക്ഷകൻ ആയിരുന്നെങ്കിൽ, ഇവിടെ പ്രളയത്തിൽനിന്നും നിപയിൽനിന്നും കൊറോണയിൽ നിന്നും രക്ഷിക്കുന്ന വീരനായകൻ. അവിടെ വീട്ടമ്മമാർക്ക് ഗ്യാസ് കുറ്റി, ഇവിടെ കിറ്റ്. അങ്ങനെ അങ്ങനെ അങ്ങനെ. ഈ നരേറ്റീവുകൾ ഉണ്ടാക്കാൻ കഴിവും പ്രാഗൽഭ്യവും ഉള്ള സോഷ്യൽ മീഡിയ ടീമിനെയും പ്രചരിപ്പിക്കാൻ ടെക്നോളജിയും പാർട്ടി സംവിധാനങ്ങളും ഭംഗിയായി ഉപയോഗിച്ചു.
നരേറ്റീവുകളും വോട്ടും
A high tide lifts all boats എന്നൊരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. അതായതു ഒരു വേലിയേറ്റം എല്ലാ ബോട്ടുകളെയും ഉയർത്തും. അതിനൊരു മറുവശമുണ്ട്. ഭൂമിയുടെ ഒരുവശത്തു വേലിയേറ്റം ഉണ്ടാകുമ്പോൾ മറുവശത്തു വേലിയിറക്കം സംഭവിക്കും. ഒരു വേലിയിറക്കം എല്ലാ ബോട്ടുകളെയും താഴ്ത്തും. അതാണ് കേരളത്തിലും സംഭവിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി പടച്ചുണ്ടാക്കിയ രക്ഷകൻ ഇമേജ് പിണറായിക്കെതിരെ വന്ന എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കാൻ സഹായിച്ചിട്ടുണ്ട്. പക്ഷെ അതിനേക്കാൾ ഉപരി മറുവശത്ത് ഒരു നരേറ്റീവ് ശൂന്യത ഉണ്ടായിരുന്നു. കോൺഗ്രസ് അതുകൊണ്ടുവരാൻ ശ്രമിച്ചത് ന്യായ് പദ്ധതിയിലൂടെയായിരുന്നു. ദിവസം 700 രൂപ കൂലി മേടിക്കുന്ന കൂലിപ്പണിക്കാരന് 240 രൂപ മിനിമം ദിവസവരുമാനം ഉറപ്പിക്കുമെന്ന് പറഞ്ഞാൽ എത്ര വോട്ട് കിട്ടുമെന്ന് കണക്കുകൂട്ടി നോക്കുക പോലും ചെയ്യാതെ പരസ്യത്തിനു വേണ്ടി പണവും സമയവും ചെലവാക്കി.
കേരളത്തിന്റെ പലഭാഗത്തുനിന്നും ജനങ്ങളുമായി സംവദിച്ചുണ്ടാക്കിയ നല്ലൊരു മാനിഫെസ്റ്റോയിലെ ആശയങ്ങൾ അവസാന നിമിഷം പ്രചരിപ്പിക്കാൻ സാധിച്ചുമില്ല. സർക്കാരിനെതിരെ കൃത്യയതുള്ളതും മൂർച്ചയുള്ളതുമായ ആരോപണങ്ങൾ അവസാന നിമിഷമാണ് പുറത്തുവന്നത്. പക്ഷെ, അത് രക്ഷകനിൽ വിശ്വാസമർപ്പിച്ചിരുന്ന ജനങ്ങൾ കാര്യമായി സ്വീകരിച്ചില്ല.
മുന്നോട്ടുള്ള പാത
ഒരു സ്ഥാനാർത്ഥിയുടെ വോട്ടുകൾക്കൊരു പരിധിയുണ്ട്. ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ ഷാഫി പറമ്പിലിനോ കിട്ടുന്ന വോട്ടുകളേക്കാൾ കുറവാണ് പുതുമുഖ സ്ഥാനാർഥിയായ അരിതാ ബാബുവിന് കിട്ടുക.
ഈ പ്രാവശ്യം കേന്ദ്രനേതാക്കളും കേരള നേതാക്കളും മുൻപെന്നതിനേക്കാളും യോജിച്ചു പ്രവർത്തിച്ചു. പക്ഷേ കേഡർ പാർട്ടി അല്ലാത്ത കോൺഗ്രസിന് സംഘടനാ സംവിധാനം എത്ര മികച്ചതാണെങ്കിലും കിട്ടാവുന്ന പാർട്ടി വോട്ടുകൾക്കും പരിധിയുണ്ട്. കോൺഗ്രസ്സിന്റെ അനുഭാവികളായ മധ്യവർഗം ഒരിക്കലും വീട് വീടാന്തരം കേറിയിറങ്ങാനൊന്നും വരില്ല.
അവിടെയാണ് നരേറ്റീവ് വോട്ടുകളുടെ പ്രസക്തി. വിവരവും കഴിവുമുള്ള ആളുകൾ ഉണ്ടെങ്കിൽ നരേറ്റീവുകൾ എസി റൂമിൽ ഇരുന്നു ഉണ്ടാക്കാൻ പറ്റും. ഗുജറാത്ത് മോഡലും രക്ഷകനും ലവ് ജിഹാദും ഒക്കെ എസി റൂമിലുരുന്നു ചിന്തിച്ചവരുടെ ബുദ്ധിയാണ്. അതുച്ച് സാധ്വി പ്രഗ്യയെ ഭോപ്പാലിൽ ജയിപ്പിക്കാം. സുധാകരനില്ലാത്ത അമ്പലപ്പുഴയിലും ഐസക് ഇല്ലാത്ത ആലപ്പുഴയിലും പുതുമുഖങ്ങളെ ജയിപ്പിക്കാനും പറ്റും.
2016ൽ വൻ താരനിരയും 26 കോടി രൂപയുടെ ബജറ്റും ഗ്രാഫിക്സും പരസ്യങ്ങളുമായി ഇറങ്ങിയ സൂപ്പർ സ്റ്റാർ സിനിമയാണ് ‘പുലിമുരുകൻ’. മുരുകാ മുരുകാ പുലിമുരുകാ എന്ന ബിജിഎം വച്ച് നായകനെ അമാനുഷികനാക്കി.
അതേ വർഷം വെറും 3.5 കോടി രൂപയുടെ ബജറ്റിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ സംവിധായകൻ ഇറക്കിയ സിനിമയാണ് ‘മഹേഷിന്റെ പ്രതികാരം’. അതിലെ നായകൻ അമാനുഷികനല്ല.. ഇന്നും മലയാള യുവത്വം എത്ര തവണ വേണമെങ്കിലും മടുക്കാതെ കാണും. ഈ പ്രതികാരം, പോത്തേട്ടന്റെ ബ്രില്യൻസ് എന്നൊക്കെ പറയും.
പറഞ്ഞു വരുന്നത് ഇത്രയേയുള്ളൂ, സിപിഎമ്മും ബിജെപിയുമൊക്കെ ബിഗ് ബജറ്റ് പടങ്ങളാണ്. പക്ഷേ അതേ കേരളത്തിൽ ഒരു പുതുമുഖ സംവിധായകനും ഹിറ്റുകൾ സൃഷ്ടിക്കാൻ പറ്റും. അത് കോൺഗ്രസ് തിരിച്ചറിയണം. ജനങ്ങൾക്കിഷ്ടപെടുന്ന ആശയങ്ങൾ പഠിച്ചു മനസ്സിലാക്കി അവതരിപ്പിച്ചാൽ മാത്രം മതി. ജനങ്ങൾ അവധിയെടുത്തു ഇറങ്ങും കോൺഗ്രസിനു വേണ്ടി വോട്ട് പിടിക്കാൻ. കോൺഗ്രസ് സൂപ്പർ ഹിറ്റ് ആവും. തീർച്ച!
അസാധു: നരേറ്റീവാണോ സംഘടനാ സംവിധാനമാണോ ആദ്യമുണ്ടായത്? ഗാന്ധിയും നെഹ്രുവും പട്ടേലിനെയും പോലെയുള്ള നാലഞ്ചു വക്കീലന്മാർ എസി ഇല്ലാത്ത റൂമിൽ ഇരുന്നു ചിന്തിച്ചു ഉണ്ടാക്കിയെടുത്ത നരേറ്റീവുകൾ കൊണ്ടാണ് കോൺഗ്രസ് 54 വർഷം ഇന്ത്യ ഭരിച്ചത്. ഇടയ്ക്കെപ്പോഴോ ആ നരേറ്റീവുകളുടെ ഊർജം നഷ്ടപ്പെട്ടു. അത് തിരികെ കൊണ്ടുവരാൻ ബുദ്ധി ഉപയോഗിച്ചാൽ മാത്രം മതി.
- രഞ്ജിത് തോമസ് ബെംഗളുരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എൻജിനീയറാണ്