International Women’s Day 2019: കേരളത്തിലെ പൊതുസമൂഹം ഇപ്പോൾ അസ്വസ്ഥതയുടെ എക്സ്ട്രീമിലാണ്. ചൂട് കൂടുന്നതിനനുസരിച്ച് അസ്വസ്ഥതയും കൂടിക്കൂടി വരുന്നു. സത്യമായും ഇപ്പോൾ തൊട്ടാൽ പൊട്ടും. അന്തരീക്ഷത്തിലെ ഉഷ്ണം മാത്രമാണോ ഇവിടെയിപ്പോൾ? സ്വതന്ത്രരായി നടക്കുന്ന പെണ്ണുങ്ങളെ കണ്ടാലും നിങ്ങളുടെ ഉള്ള് തിളക്കുന്നുണ്ടെന്നറിയാം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ പെൺകുട്ടികൾ ഇപ്പോൾ കിടുക്കാച്ചികളാണ്. അവളവളുടെ വേദനകളും, ആഹ്ലാദങ്ങളും, ആനന്ദിക്കലുകളും, എന്നു വേണ്ട ഇതു വരെ അടച്ചുവെച്ചതിനെയെല്ലാം പുറത്തെടുത്ത് വിശാലമായ ആകാശത്തിലേക്ക് പറത്തി കൊണ്ടിരിക്കുകയാണ്.
ജനനം മുതൽ പെൺകുട്ടികൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് മറ്റൊരു വീട്ടിലേക്ക് ചെന്നു കയറേണ്ട പെണ്ണാണ് എന്നായിരിക്കും. അതു കൊണ്ടു തന്നെ അച്ചടക്കം ശീലിപ്പിച്ചു കൊണ്ടിരിക്കും. പെണ്ണിന്റെ ചിരി, ഉന്മാദം, ആഘോഷങ്ങൾ എന്നിവയെല്ലാം നിയന്ത്രിക്കപ്പെടും. ഉടൽ, ആനന്ദം എന്നിവയിലെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടും. പലപ്പോഴും ബാല്യത്തിൽ പോലും വീടിന്റെ അകമുറികൾ ആയിരിക്കും അവളുടെ കളി ഇടങ്ങൾ. അവിടെ കഞ്ഞിയും കറിയും വെച്ചും, പാവക്കുട്ടിക്കമ്മയായും കുഞ്ഞുനാളിൽ തന്നെ അവൾ കുടുംബത്തിലെ സ്ത്രീയാവാൻ പരിശീലിച്ചു കൊണ്ടിരിക്കും. പെണ്ണിന് പറ്റിയ കോഴ്സുകളും പ്രിയപ്പെട്ട ആരൊക്കെയോ തിരഞ്ഞെടുത്തു കൊടുക്കും. അവളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, സംസാരങ്ങൾ എന്നിവയെല്ലാം മറ്റുള്ളവരുടെ മാതൃകകളിൽ നിർമ്മിക്കപ്പെട്ടു കൊണ്ടേയിരിക്കും. കാലങ്ങളായി ഇതേ ഫോർമാറ്റ്… ഇതേ തുടർച്ച… തുടർച്ച തെറ്റിച്ചവരിൽ പലരും അത് ഒളിച്ചുവെച്ചു. പെണ്ണിൻറെ തിരിച്ചറിവുകളെ ഭയക്കുന്ന പലർക്കും മഹാപാതകങ്ങൾ ആയിരുന്നല്ലോ അവയെല്ലാം…
കാലം മാറി മക്കളേ… വനിതാദിനം എന്ന ഒറ്റ ദിവസത്തിൽ ഒതുങ്ങില്ല ഇന്ന് പെണ്ണിന്റെ ദിനങ്ങൾ. എല്ലാ ദിനവും അവളുടേതു കൂടിയാണ്. അവളുടെ ദിനങ്ങളെ അവൾ കണ്ടെത്തിക്കഴിഞ്ഞു. പെൺശരീരം അതിന്റെ അരക്ഷിതാവസ്ഥകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇതുവരെ ഓരോ അച്ഛന്മാർക്കും, ആങ്ങളമാർക്കും, ആൺ സുഹൃത്തുക്കൾക്കും അവകാശപ്പെട്ടിരുന്ന പെണ്ണിൻറെ സംരക്ഷണം അവൾ തന്നെ ഏറ്റെടുത്തുകഴിഞ്ഞു. സംരക്ഷണത്തിന്റെ പേരിൽ അടച്ചുവെച്ചത് മതിയെന്ന് പെണ്ണ് ഉറക്കെ പറയുന്നു. സ്വന്തം സ്വപ്നങ്ങളെ കണ്ടെത്താനും, അവൾ പ്രാപ്തയായി കഴിഞ്ഞു. ഇന്ന് കാണുന്നില്ലേ… ഒറ്റയ്ക്ക് യാത്ര പോകുന്ന, ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കുന്ന, തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്ന, ഇഷ്ടമുള്ള ജോലികൾ ചെയ്യുന്ന, സ്വന്തം സമയം സ്വന്തമായി നിശ്ചയിക്കുന്ന, സൗഹൃദത്തിലും പ്രണയത്തിലും രതിയിലും സ്വന്തം ഇഷ്ടവും തിരിച്ചറിവുമുള്ള പെണ്ണിനെ… പെണ്ണുടലിൽ ചാർത്തി നൽകിയ പാപത്തിന്റെ പച്ച കുത്തലുകളെല്ലാം അവൾ മായ്ച്ചു കളഞ്ഞിരിക്കുന്നു. നിരന്തരമായി കലഹിച്ചും പോരാടിയും പെണ്ണ് അവളുടെ സ്വപ്നങ്ങൾക്കുവേണ്ടി പൊരുതി കൊണ്ടിരിക്കുന്നു.
International Women’s Day 2019: നിങ്ങൾ മൂക്കത്ത് വിരലു വെക്കും, എന്തൊരു കെട്ട കാലമാണെന്ന് ശപിക്കും, ഫെമിനിച്ചികളെന്ന് വിളിച്ച് തിരിച്ചറിവുള്ള പെണ്ണിനെ പരിഹസിക്കാൻ നോക്കും. സാരമില്ല പോട്ടെ… അധികാരം നഷ്ടപ്പെടുന്ന രാജാക്കന്മാർക്ക് അവരുടെ നിസ്സഹായതയിൽ ഇങ്ങനെയൊക്കെ ചെയ്യാനേ കഴിയൂ. ജനാധിപത്യപരമായ ബന്ധങ്ങളും സാമൂഹിക സാഹചര്യവും അത്രയെളുപ്പമൊന്നും നിർമിക്കാൻ കഴിയില്ലെന്നറിയാം, എങ്കിലും കാലങ്ങളായി പെണ്ണിനുമേൽ സ്ഥാപിക്കപ്പെട്ട അധികാരത്തെ, അടിച്ചമർത്തലിനെ ഇല്ലായ്മ ചെയ്യാൻ ഞങ്ങൾ പൊരുതി കൊണ്ടേയിരിക്കും.
പെണ്ണെന്നാൽ നിങ്ങളുടെ വാർപ്പ് മാതൃകകളിൽ കയറി നിർമ്മിക്കപ്പെട്ടവളാകണമെന്ന പുസ്തകം അടച്ചു വെക്കുന്നതായിരിക്കും നല്ലത്. അടിച്ചമർത്തപ്പെടുന്ന ഇടങ്ങളിലെല്ലാം കോംപ്രമൈസ് ചെയ്തു നിൽക്കുന്ന പെണ്ണല്ല ഇന്നുള്ളത്. ശ്വാസം മുട്ടിക്കുന്ന ഇടങ്ങളിൽ നിന്നെല്ലാം അവൾ കുതറി പുറത്തിറങ്ങുന്നു. ആളുകൾ എന്ത് പറയുമെന്ന് പെണ്ണ് ഭയന്നിരുന്ന കാലം കഴിഞ്ഞു. ആര് എന്തും പറയട്ടെ, ഞാൻ ഞാനാണ് എന്ന് ഉറക്കെ പറയാൻ അവൾക്ക് കഴിയും. നീ ഒരു പെണ്ണാണോ, അമ്മയാണോ എന്നൊക്കെ പറഞ്ഞ് തളർത്താമെന്ന് കരുതണ്ട . ഇങ്ങനേയും പെണ്ണുങ്ങളുണ്ട്, കരുത്തുറ്റ പെണ്ണുങ്ങൾ, നിങ്ങൾ ഇതു വരെ ഇങ്ങനുള്ളവരെ കണ്ടിട്ടില്ലെന്ന് മാത്രം.
പെണ്ണിനെ സ്വന്തം ഉടലുകൊണ്ട് ഭയപ്പെടുത്തി മെരുക്കി അടുക്കളയിൽ അടച്ചു വെച്ച കാലം കഴിഞ്ഞു. അവളുടെ സ്വപ്നവും സ്വാതന്ത്ര്യവും സമയവും ജീവിതവുമൊന്നും അവൾ ആർക്കും പതിച്ചു നൽകിയിട്ടില്ല. അവൾ തീരുമാനിക്കും അവൾ എങ്ങനെ ജീവിക്കണമെന്ന്. അസ്വസ്ഥരാകേണ്ടാ ഇനിയും സമയമുണ്ട് പെണ്ണിനെ ഒരു വ്യക്തിയായി പരിഗണിച്ച് കൂടെ നിൽക്കാൻ. അധികാരികളോ ഉടമകളോ ആവാതെ പരസ്പരം കൂടെ നിൽക്ക്…
മാറ്റി നിർത്തപ്പെട്ട ഇടങ്ങളിലേക്കെല്ലാം അവൾ കയറിച്ചെല്ലുന്ന നാൾ ഉണ്ടാകും. അവളുടെ സ്വപ്നങ്ങൾ വെറും സ്വപ്നങ്ങളല്ലാതാവുന്ന കാലത്തിലേക്കുള്ള കുതിച്ചു ചാട്ടങ്ങളാവട്ടെ ഓരോ വനിതാ ദിനവും. ഓരോ ദിനവും ആ കുതിപ്പുകളുടെ തുടർച്ചകളാവട്ടെ.