scorecardresearch

International Women’s Day: അതു വരെ, മാർച്ച് എട്ട് വെറുമൊരു ദിവസം മാത്രം

International Women’s Day: സ്വയം ശക്തിപ്പെടലിന്റെ ഭാഗമായി വേഷവും കാഴ്ചകളും മനോഭാവവും ഒക്കെ മാറുന്നത് നല്ലതു തന്നെ. പക്ഷേ അതിനേക്കാൾ, ഉള്ളിലെവിടെയോ ഭൂരിപക്ഷം പെണ്ണുങ്ങളുമനുഭവിക്കുന്ന ഒരുതരം അരക്ഷിതത്വമുണ്ടല്ലോ, അതില്ലാതാവലാണ് വേണ്ടത്. അതാണ് ശാക്തീകരണം

Shahina EK, women's empowerment, gender equality, വനിതാ ദിനം, അന്താരാഷ്ട്ര വനിതാ ദിനം, വനിത, വനിത ദിനം, ആര്‍ഷ കബനി, women's day, women's day 2019, arsha kabani, happy womens day, happy womens day 2019, happy women's day, happy women's day 2019, women's day images, women's day wishes images, happy women's day images, happy women's day quotes, happy women's day status, happy womens day quotes, happy womens day messages, happy womens day status, international women's day, international women's day quotes, happy international women's day, happy international women's day quotes, happy international women's day status, happy womens day sms, happy womens day wallpapers, happy women's day messages, happy women's day sms, happy women's day quotes, happy women's day wallpapers, happy women's day wallpapers, happy women's day greetings, happy women's day pics, happy womens day wallpapers, happy womens day pics, happy womens day greetings, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

International Women’s Day: എല്ലാം പതിവു പടി.

മാർച്ചു മാസത്തിന്റെ ആദ്യ ആഴ്ച മുതൽക്കു തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് ഒരുക്കങ്ങൾ. എല്ലാ ദിവസങ്ങളും സവിശേഷ ദിനങ്ങളായാചരിച്ചാചരിച്ച് ഇതിന്റെയൊക്കെ ആധിക്യം കാരണം ഓർത്തു വയ്ക്കാനുള്ള കഴിവ് ആളുകൾക്ക് നഷ്ടപ്പെട്ടു വരികയാണെങ്കിലും മാർച്ച് 8 മറക്കാൻ പറ്റില്ലല്ലോ. ഇത് അവളുടെ ദിവസം. പെണ്ണുങ്ങളുടെ ദിവസം. ആചരിക്കപ്പെടേണ്ടത് തന്നെയാണ്; പ്രതീകാത്മകമായി. പ്രത്യേകിച്ചും പല വിധ സ്ത്രൈണ പ്രതിഷേധങ്ങൾ അലയടിക്കുന്നൊരു സാഹചര്യത്തിൽ. ഒരൊറ്റ ദിവസത്തിന്റെ കാര്യമല്ലേയുള്ളു പരമാവധി ഗംഭീരമാക്കാൻ രാഷ്ട്രീയക്കാരും സാമൂഹ്യ നേതാക്കളും സാംസ്ക്കാരിക തലതൊട്ടപ്പന്മാരും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിഥിക്കസേരയിൽ അലങ്കരിക്കത്തക്കതായ വല്ലതുമൊക്കെയുള്ള പെണ്ണാളെത്തന്നെ ഇരുത്തണം. സാമൂഹികമോ, സംസ്‌ക്കാരികമോ രാഷ്ട്രീയമോ കലയോ നൃത്തമോ നാട്യമോ ഏതു മണ്ഡലത്തിലെങ്കിലും വിളക്ക്  തെളിയിച്ച ഒരുത്തിക്കു വേണ്ടിയുള്ള ‘ഉത്രാടപ്പാച്ചിലിലാ’ണ് പല വനിതാ ദിനാഘോഷ സംഘാടകരും.

പെണ്ണെണ്ണം കൂടുതലുണ്ടായിട്ടും നാളിതു വരെ മുഖ്യമന്ത്രിക്കസേര അലങ്കരിക്കാൻ ഒരു പെണ്ണുമില്ലാതായിപ്പോയ സംസ്ഥാനമാണ്. ‘പെണ്ണുങ്ങൾ വണ്ടികളെപ്പോലെയാണ് റോഡിലിറങ്ങിയാൽ മുട്ടും തട്ടും അപകടം പറ്റും’ എന്ന്  പ്രസ്താവനയിറക്കിയ വിചക്ഷണന്മാരുള്ള നാടാണ്. തട്ടിക്കൊണ്ടു പോവലുകൾക്കും ബലാത്സംഗങ്ങൾക്കും പേരു കേട്ട നാടാണ്, ‘ആണുങ്ങളായാൽ അതൊക്കെയുണ്ടാവും’ എന്ന് അത്ര ലളിതമായി വിശദീകരണം തന്നയിടമാണ്. സദാ പെണ്ണിന്റെ പിന്നിൽ സദാചാരക്കാവലുള്ള, ‘ന: സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന് പണ്ടേ ഉള്ളിലരക്കിട്ടുറപ്പിച്ച നാടാണ്. സ്ത്രീധനമരണം, പെൺശിശുഹത്യ, ബാലികാ വിവാഹം, പെൺപീഡനം, ലിംഗ വിവേചനം എല്ലാറ്റിലും പിന്നോട്ടില്ലെന്ന വാശിയോടെ മുന്നേറുന്ന സംസ്‌കൃതിയാണ്.

നമ്മൾ ആചരിക്കുക തന്നെ വേണം ഈ ദിനം. കാരണം ഭാരത സ്ത്രീ അമ്മയാണ്, ശക്തിയാണ്,  പ്രകൃതിയാണ്. പുരാണങ്ങളും സകല മത ഗ്രന്ഥങ്ങളും അവളെ വാഴ്ത്തിപ്പാടുന്നതിനു കണക്കില്ല. എല്ലാത്തിൽ നിന്നുമുള്ള ഉദ്ധരണികൾ കൂടി ചേർത്തുള്ള വനിതാ രത്നത്തിന്റെയും മറ്റു ആൺ പെൺ ‘വേദീരത്നങ്ങളു’ടെയും ഉജ്ജ്വല പ്രസംഗം. അത് തന്നെയാവും ദിനാചരണ പരിപാടിയുടെ ഹൈലൈറ്റ്.

International Women’s Day: കേട്ടിരിക്കുന്ന പാവം പെണ്ണുങ്ങളുടെ ഞരമ്പുകളിലും അതിലൂടൊഴുകുന്ന ചോരയിലും അത് ചെന്നെത്തുന്ന ഹൃദയത്തിലും വിസ്ഫോടനങ്ങൾ ഉണ്ടാക്കാനാവും വിധം പ്രസംഗ പാടവമുള്ള ധാരാളം നേതാക്കന്മാരുണ്ടല്ലോ. ‘അവന്റെ’ ചരിത്രത്തിൽ നിന്ന് ചില ‘അവളു’മാരെയെങ്കിലും ഈ നേതാക്കന്മാർ വലിച്ചു പുറത്തേക്കിടും. ചരിത്രത്തിലാവട്ടെ പറഞ്ഞു പതം വന്ന കുറച്ചു പേരുകളേയുള്ളൂ എങ്കിലും അതു തന്നെ ആവർത്തിച്ചാവർത്തിച്ചു പറയണം. ഝാൻസി റാണി, റസിയ സുൽത്താന, സരോജിനി നായിഡു, അരുണ ആസഫലി, സുചേതാ കൃപലാനി…  ചരിത്രബോധത്തിനനുസരിച്ചു പല കാലങ്ങളിൽ നിന്ന്, മേഖലകളിൽ നിന്ന്  പേരുകളെടുക്കാം. ചരിത്രം വിട്ട് വർത്തമാനത്തിൽ നിന്നും ചിലതെടുക്കാം… ഇറോം ശർമിള, ഓങ്‌സാൻ സൂചി ഈ ഭൂത-ഭാവി വർത്തമാനങ്ങൾ ചേർത്തു കൊണ്ട് ഒരു പൊടി മായക്കാഴ്ച കാട്ടാം.

കാര്യമെന്തായാലും ആനന്ദതുന്ദിലരാവലും അഭിമാനവിജൃംഭിതരാവലും പൂവിട്ടു പൂജിക്കലും ഒക്കെയുമൊക്കെയും വൈകുന്നേരത്തിനു മുൻപേ തീരണം. കാരണം ഭാവശുദ്ധിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഇരുട്ട് വീണു തുടങ്ങിയാൽ വഴി നടക്കുന്നവളെ കുറിച്ച് അത്ര നല്ല മതിപ്പല്ല. ഇരുട്ടത്തു അവളെ കാണുമ്പോൾ, പണിയെടുത്തു തളർന്നവളുടെ വിയർപ്പു മണവും ശരീരതാപവും കടന്നു പോകുമ്പോൾ ഒന്ന് തൊടാൻ, ചായാൻ, ഉരസാൻ, അമർത്താൻ, തട്ടിക്കൊണ്ടു പോവാൻ, നഗ്നത മൊബൈലിൽ പകർത്താൻ, ബലാത്സംഗം ചെയ്യാൻ ഒക്കെ തോന്നിയെന്നിരിക്കും. കാരണഹേതുക്കൾക്കാണ് തടയണ കെട്ടേണ്ടത്. ഇതൊക്കെ മൗനാനുവാദം കൊടുക്കപ്പെട്ട സംഗതികളാണ. ഇതൊന്നും ചെയ്യാൻ മാത്രം ധൈര്യമില്ലെങ്കിൽ ഒരമർത്തി മൂളലോ അശ്ലീലത്തിന്റെ എരിവുപുളിവ് മധുര മസാലകൾ പുരട്ടി ഒരു വാക്കോ നോക്കോ എങ്കിലും കൊടുത്ത് അവളെ പരിഭ്രാന്തയാക്കണം.

ഒറ്റക്കല്ല അവളെങ്കിൽ, കൂടെയുള്ളത് ആൺ വർഗ്ഗത്തിൽ പെട്ട ഒരു ഹതഭാഗ്യനാണെങ്കിൽ ദുർനടത്തപാരമ്പര്യത്തിൽ പെടാതെ അമ്മമാരേ, പെങ്ങന്മാരെ, ഭാര്യമാരെ, പെണ്മക്കളെ കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധരായ ഒരു സദാചാരസേന കൂടിയുണ്ട്. രാപ്പകലില്ലാതെ കാവൽ നിൽക്കുന്നവർ. പോലീസിനും മീതെ വളർന്നു പന്തലിച്ച,യൂണിഫോമില്ലാത്ത പോലീസ്. വൈകിപ്പോകുന്ന പെണ്ണുങ്ങളുടെ ശരീര ഭാഷയിലുണ്ട് ആ ഭയം. തുടരെ വാച്ചു നോക്കി അയ്യോ പതിവിലും വൈകിയല്ലോ എന്നാരെയൊക്കെയോ ബോധ്യപ്പെടുത്തുന്ന, ഫോൺ വിളിച്ചു കൊണ്ട് ഇറങ്ങുന്നിടത്തു ആളെയുറപ്പാക്കുന്ന, സ്വയം സുരക്ഷിതയാണെന്ന് അവനവനെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ബദ്ധപ്പെടുന്ന സാധാരണ പെണ്ണിന്റെ ശരീര ഭാഷ.

ഇതൊക്കെ ചെയ്യണം. എന്തെന്നാൽ  രാത്രികൾ അവൾക്കുള്ളതല്ല. അവൾക്കുള്ളതേയല്ല. കാരണം നിർഭയുണ്ടായത്, സൗമ്യയുണ്ടായത്, നടി ഉപദ്രവിക്കപ്പെട്ടത്, അങ്ങനെ ഒരുപാടൊരുപാട് സംഭവങ്ങളുണ്ടായത് രാത്രിയാത്രകൾ കാരണമാണ്. നേരത്തിനും കാലത്തിനും വീടെത്താഞ്ഞിട്ടാണ്. പെണ്ണിന് പറഞ്ഞ നേരത്ത് പറഞ്ഞു വച്ച പണികൾ ചെയ്യാഞ്ഞിട്ടാണ്. എല്ലിനെണ്ണം കൂടിയാൽ ചിലപ്പോൾ അത് ഒടിച്ചെന്നിരിക്കും. അതൊന്നും പുതിയ കാര്യങ്ങളല്ല. പിന്നെ ശാരീരികമായി ഉപദ്രവിക്കപ്പെട്ടവൾക്ക്, കൊല്ലപ്പെട്ടവർക്ക്  അഥവാ ഇരയ്ക്ക് വെറും കയ്യോടെയൊന്നും മടങ്ങേണ്ടി വരുന്നില്ല ഇപ്പോൾ,രാജ്യത്തിന്റെ ഐക്കണുകൾ ആയി അവരാഘോഷിക്കപ്പെടുകയും ആചരിക്കപ്പെടുകയും ചെയ്യുന്ന കാലമാണ്.

International Women’s Day: പ്രതികളുടെ  കാര്യത്തിലാണ് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചിന്തകൾക്ക് കൂടുതൽ പ്രാധാന്യം. ‘ഇരയാകൽ ‘ സംഭവിക്കുന്നതാണ്. അതേ നേരം -പ്രതി- (ആ വാക്ക് ഉപയോഗിക്കാമോ എന്നറിയില്ല) കൂടുതൽ പരിഗണ അർഹിക്കുന്നുണ്ട്. കാരണം അവന്റെ സാഹചര്യങ്ങളാണ് അവനെ തെറ്റിലേക്ക് നയിച്ചത്.സാഹചര്യങ്ങളുടെ വെറും ഇര മാത്രമാണ് അവൻ. അങ്ങനെ നോക്കുമ്പോൾ ഭൂമിയിൽ ഇരയും വേട്ടക്കാരനുമില്ല. ഇര മാത്രമേയുള്ളു. മാനസാന്തരമുണ്ടാക്കാൻ അവനെ പരിശീലിപ്പിക്കണം. വിദേശത്തെ പോലെ അതിനുള്ള മികച്ച സംവിധാനങ്ങളും ചികിത്സാ രീതികളും ഇവിടെയങ്ങനെ ഉപയോഗിക്കുന്നില്ല. അതിനുള്ള കഴിവില്ല. സാമ്പത്തിക അവസ്ഥയില്ല. ആകയാൽ തല്ക്കാലം തടിച്ചു കൊഴുത്തു തടവറയിൽ കഴിയട്ടെ. ബാക്കിയൊക്കെ അങ്ങ് ഉണ്ടായിക്കൊള്ളും, വിശേഷിച്ചും മാനസാന്തരം. സംഗതിയിതെല്ലാം മനുഷ്യാവകാശത്തിന്റെ കാര്യമാണല്ലോ.

വീടെത്തുമ്പോളാണ് ശാക്തീകരണം എന്ന വാക്കിന്റെ ശക്തി കൃത്യമായറിയുക. അപാര ശക്തി വേണം നൂറായിരം കൈകൾ കൊണ്ടുള്ള കാലുകൾ കൊണ്ടുള്ള ട്രപ്പീസ് കളിക്ക്. ആ ട്രപ്പീസു കളിയും പെൺവിധിയുടെ ഭാഗമാണെന്നാണ് വയ്പ്പ്. അത് പരസഹായം അത്രയൊന്നും പ്രതീക്ഷിക്കാതെ നന്നായി കൊണ്ടു പോകാനാവുന്നവർ ഉത്തമ ‘കുടുംബസ്‌ത്രീ’യായി അറിയപ്പെടും. അടുക്കളയുടെ അലങ്കാരം തന്നെ അവളാണല്ലോ. അതവസാനം വരെ അങ്ങനങ്ങു തുടരേണ്ടതുമാണ്. സഹതാപം തോന്നി അഥവാ സ്നേഹം തോന്നി അടുക്കളയിൽ സഹായിക്കാൻ വരുന്ന ആണുങ്ങളുടെ അവസ്ഥയും പലയിടങ്ങളിലും പരിതാപകരമാണ്. അവൻ  ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കപ്പെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അടുക്കള പകുക്കുന്നവൻ പലർക്കുമിപ്പോളും കോന്തൻ തന്നെ.

അടുക്കള ആണുങ്ങൾക്ക് പറഞ്ഞതല്ലെന്ന വിശ്വാസമൊക്കെ ന്യൂജൻ പിള്ളേരിൽ മിക്കവരും കാറ്റിൽ പറത്തി നല്ല കുക്കുകളും സ്വത്വവാദികളും സമത്വവാദികളുമൊക്കെയാകുന്ന ആഹ്ലാദക്കാഴ്ച പലയിടത്തും കാണുന്നുണ്ട് .കാര്യങ്ങൾ മാറി വരുന്നുണ്ട് ഇക്കാര്യത്തിലെന്നത് സന്തോഷകരം. അത്  ന്യൂനപക്ഷക്കാര്യം. അത്  വിടാം. ഭൂരിപക്ഷത്തിന്റെയും അടുക്കളസ്ഥാനപതിത്വം വളരെ ഉറപ്പോടെ അവരുടെ കയ്യിൽ തന്നെയാണ്. ജോലിക്കു പോകണമെന്നുള്ളവർക്ക് പോകാനുള്ള ഒരവസരമൊക്കെ മിക്കയിടത്തും  കിട്ടിത്തുടങ്ങിയിട്ടുണ്ട്. പകരം ഇരട്ട നുകം വഹിക്കുന്ന കഴുതകളാവാനുള്ള വലിയ കഴിവ് വേണം. എല്ലാം, എല്ലാം  ഔദാര്യങ്ങളിൽ പെടും. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാം.

വ്യക്തികൾക്ക് മേൽ മതങ്ങൾ ഇത്രയേറെ കുരങ്ങു കളിക്കുന്ന ഒരു കാലം ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. മതങ്ങളുടെ അടിച്ചേൽപ്പിക്കലുകളുടെ ഇരകളും ‘അവൾ’ തന്നെയായിരുന്നു. മതങ്ങൾക്ക്, അതേതു മതമായാലും, ഒരു ഫാസിസ്റ് സ്വഭാവമുണ്ട്. ഏതു മതഗ്രന്ഥങ്ങളും പുനർവായിക്കപ്പെടുമ്പോൾ മനുഷ്യരുടെ യാത്ര വല്ലാതെ പിന്നോട്ടേക്കാവുന്നുണ്ട്. പ്രശ്നം മത ഗ്രന്ഥങ്ങളിലല്ല, പുനർവായിക്കുന്നവരുടെ ചിന്തകളിലും ബോധത്തിലുമാണ്. സംരക്ഷണം എന്ന വാക്കു പുനർവായിച്ചു കഴിഞ്ഞപ്പോൾ അത് നിയന്ത്രണമെന്നായത് ആകസ്മികമൊന്നുമല്ല. നിയന്ത്രണവും സംരക്ഷണവും – ആ രണ്ടു വാക്കും അത്രയേറെ സത്യസന്ധതയോടെ ഉപയോഗിക്കപ്പടുന്നതല്ല പലപ്പോഴും. പരിധി വിട്ടുള്ള രണ്ടിന്റെയും പ്രയോഗലക്ഷ്യം അതിരുകൾ വരക്കൽ മാത്രമാണ്. ആ അർത്ഥത്തിൽ രണ്ടു ചതിവാക്കുകളാണവ. പ്രത്യേകിച്ചും ‘സംരക്ഷണം’.

International Women’s Day: സിമോൺ ദെ ബുവ്വെ പറഞ്ഞതു പോലെ ചിറകു മുറിച്ചു കളഞ്ഞു കൊണ്ട്, പറക്കാനാവില്ലെന്നു കുറ്റപ്പെടുത്താൻ എന്തെളുപ്പമാണ് ! വീടകങ്ങൾ അവളോട് പറയുന്നുണ്ട് എപ്പോഴും എപ്പോഴും രണ്ടാമതെന്ന്. ഒതുങ്ങണം, സ്വയം ചെറുതാവണം എന്ന് അത് പഠിപ്പിക്കാതെ പഠിപ്പിക്കുന്നു. ആഗ്രഹങ്ങളാവാം പക്ഷേ വളരെയേറെയാവരുത്. വിജയികളാവാം, പരിധികളില്ലാതെയരുത്. അങ്ങനെയങ്ങനെ പലതും കേട്ടും ചിന്തിച്ചും അറിഞ്ഞും കണ്ടും അറിയാതെ ഉള്ളിൽ പേറുന്ന ഒരു രണ്ടാംകിട പൗരത്വമുണ്ട്; ഭൂരിപക്ഷവും അറിഞ്ഞോ അറിയാതെയോ ഉള്ളിൽ പേറുന്നത്. വീട്ടകങ്ങൾ പഠിപ്പിച്ചതു പോലെ വഴിമാറുന്നുണ്ട്, ഒതുങ്ങിപ്പോകുന്നുണ്ട്,ചെറുതെന്ന് അംഗീകരിക്കുന്നുമുണ്ട്.

സ്വയം ശക്തിപ്പെടലിന്റെ ഭാഗമായി വേഷവും കാഴ്ചകളും മനോഭാവവും ഒക്കെ മാറുന്നത് നല്ലതു തന്നെ. പക്ഷേ അതിനേക്കാൾ, ഉള്ളിലെവിടെയോ ഭൂരിപക്ഷം പെണ്ണുങ്ങളുമനുഭവിക്കുന്ന ഒരുതരം അരക്ഷിതത്വമുണ്ടല്ലോ, അതില്ലാതാവലാണ് വേണ്ടത്. അതാണ് ശാക്തീകരണം. അതില്ലാതാവൽ ഒരെളുപ്പക്കാര്യമല്ല. ഒരുപാടൊരുപാട് കാര്യങ്ങൾ മാറേണ്ടതുണ്ടതിന്. വീടും, മതവും, സമൂഹവും, മനോഭാവങ്ങളും, വിശ്വാസങ്ങളും, ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടുകളും – അങ്ങനെയൊരുപാട്. സമത്വമല്ല, മാനുഷിക പരിഗണനയാണ് ആദ്യമുണ്ടാവേണ്ടത്. അതു വരെ മാർച്ച് 8, വെറുമൊരു ദിവസം മാത്രമാണ് .

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: International womens day 2017 march 8 is meaningless unless mindset changes home religion society shahina ek