മാര്‍ച്ച് എട്ട്. പെണ്കുരിശുദിനം. ആ ദിവസത്തിന്റെ പരിസരത്തുവച്ചു് , കേരളാസംസ്ഥാനചലച്ചിത്രപുരസ്ക്കാരചരിത്രത്തിലാദ്യമായി ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധാനത്തിനുമുള്ള അവാര്‍ഡ് ഒരു സ്ത്രീയുടെ പേരില്‍ കുറിക്കപ്പെടുന്നു . ഞാന്‍ കണ്ടിട്ടില്ല വിധുവിന്‍സന്റിന്റെ സിനിമ. വായിച്ചിട്ടുണ്ട് ആ സിനിമയെ പറ്റി ഒരുപാട്.
കേരള സിനിമാസംസ്ക്കാരത്തിനു പറ്റിപ്പോയ ആണ്പിഴവുകളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് സമുഹവും സമൂഹമനസാക്ഷിയും മുന്നേറുന്നതിനിടെയാണ് ഈ മാന്ഹോളംഗീകാരം ഒരു വനിതയ്ക്ക്. മാര്‍ച്ച് എട്ട് ഒരു വലിയ മാന്ഹോളായി അനുഭവപ്പെടുന്നു , ഈ അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍… ആ മാന്‍ഹോളില്‍ മുഴുവന്‍ സ്ത്രീകളാണ് . അതിനുള്ളിലേക്കുള്ള വീഴ്ചയില്‍ ഏല്ക്കുന്ന മുറിവുകളില്‍ നിന്ന് ആ സ്ത്രീകളെ രക്ഷിക്കാന്‍ വേറെയാരൊക്കെയോ കൈ നീട്ടുന്നു , അതിലേക്കിറങ്ങുന്നു . വീണവരും കണ്ടുനിന്നവരും രക്ഷിക്കാനിറങ്ങിയവരും എല്ലാം പിന്നെ ചെളിയില്‍ പുതഞ്ഞുപോകുന്നു, അതൊരു വലിയ പത്രവാര്ത്തയാകുന്നു. മാന്‍ഹോളില്‍ വീണവരെക്കുറിച്ച് ‘ദയാമയ’മായ പ്രസ്താവനയിറക്കി ആരൊക്കെയോ കടന്നുവരുന്നു, കൈയടി വാങ്ങുന്നു. കൈയടിക്കു തൊട്ടപുറകെ, മാന്‍ഹോളുകള്‍ വീണ്ടും വീണ്ടും കുഴിക്കപ്പെടുന്നു. പഴയ-മാന്‍ഹോള്‍-മുറിവുകളെ മറവിയിലാഴ്ത്തിക്കൊണ്ട് പുതിയ മാന്‍ഹോള്‍-മുറിവുകള്‍ കടന്നുവരുന്നു.
ഒരു കൊട്ട ഡെറ്റോള്‍ കുപ്പികളുടെ ആ പഴയ ഓഫര്‍ വരുന്നു . എനിക്കോ നിങ്ങള്‍ക്കോ മുറിവു പറ്റാതിരിക്കുന്നിടത്തോളം ‘ഡെറ്റോള്‍ മതി മുറിവുസംഹാരിയായി’ എന്ന് എനിക്കോ നിങ്ങള്‍ക്കോ തീസിസുകള്‍ എഴുതാം . എനിക്കു മുറിവു പറ്റുമ്പോഴാണ് മുറിവിനിത്രയും ആഴമുണ്ടെന്നും വേദനയ്ക്കിത്ര വേദനയുണ്ടെന്നും ആ മുറിവിന്റെ ഓര്‍മ്മകളിലേക്കു പാലം പണിതുകൊണ്ട് മുറിപ്പാടുകള്‍ ഉണ്ടാകും അവശേഷിക്കുന്ന ജീവിതത്തിലുടനീളം എന്നും മനസ്സിലാവുക.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഗ്ളോറിഫൈ ചെയ്യുന്ന തരത്തിലുള്ള ഒരു രംഗവും രാജസഭയില്‍ ഒരു കാരണവശാലും ആടില്ല എന്നു ദുര്യോധനനും ദുശ്ശാസനനും പറഞ്ഞാല്‍ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്ന് മാന്‍ഹോളില്‍ തിരകളിളകുന്നുണ്ടാവണം. ഏതു തരം ആളുകള്‍, ദുഷ്ടതകള്‍, നീചകര്‍മ്മങ്ങള്‍ എന്നിവയൊക്കെയാണ് ഭൂമുഖത്തു പാടില്ലാത്തത് എന്നുറക്കെ വിളംബരം ചെയ്യലല്ലേ ദുഷ്ടകഥാപാത്രങ്ങളുടെ ലക്ഷ്യം എന്നും ‘ദുഷ്ടകഥാപാത്രങ്ങളെയെല്ലാം നന്മയില് മുക്കിത്തോര്‍ത്തി അവതരിപ്പിക്കാം രംഗത്ത്’ എന്നു വിചാരിച്ചാല്‍പ്പിന്നെ രാമായണമില്ലല്ലോ, ബൈബിളില്ലല്ലോ, ഷെയ്ക്സ്പിയറില്ലല്ലോ എന്നും ചോദിച്ച് ഒരു കാറ്റ് അന്തരീക്ഷത്തിലൂടെ കടന്നു വരുന്നുണ്ടാവണം …
വിദുരര്‍ക്ക് വിദുരരുടെ ഡയലോഗും ധര്‍മ്മപുത്രര്‍ക്ക് ധര്‍മ്മപുത്രരുടെ ഡയലോഗും ദുര്യോധനന് ദുര്യോധനന്റെ ഡയലോഗും കൊടുക്കുമ്പോഴാണ് രംഗം കൊഴുക്കുക . ദുര്യോധനന് , വിദുരരുടെ പോലെ ഉള്‍ക്കാഴ്ചയോടെ സംസാരിച്ച് വസ്ത്രാക്ഷേപരംഗത്ത് വന്നാലെങ്ങനിരിക്കും ? ‘ദുര്യോധനനും ശല്യരും കൃഷ്ണനും കുന്തിയും കര്‍ണ്ണനും ഒരേ സംസ്ക്കാരികനിലവാരത്തിലേക്കിറങ്ങിവന്നാല് അതോടെ പാഞ്ചാലരാജ്യത്തിലെ സര്വ്വപ്രശ്നവും തീരുമോ ‘ എന്നും കാറ്റ് ചോദിക്കുന്നു.
കുറേനാള്‍ മുന്‍പ് റ്റിവിയില്‍ സിനിമ കാണുന്നതിനിടെ ഒരു നാലുവയസ്സുകാരന് , അമ്മയുടെ അടുക്കളപ്പെരുമാറ്റത്തിനിടയിലേക്ക് വന്നു ചോദിച്ചു , ‘അമ്മേ പഴംപൊരി ഒരവയവമാണോ?’ അമ്മ അന്തം വിട്ട് അടുക്കളയില്‍ നിന്നിറങ്ങി സിനിമയിലേക്കെത്തിനോക്കി. ‘നിന്റെ പഴം പൊരി ഞാന്‍ ഇടിച്ചൊരു പരുവമാക്കും’ എന്ന മട്ടിലെ പോലീസ്ഡയലോഗ് ഉള്ള സിനിമയില്‍ ഒരു ആറുവയസ്സുകാരനാണ് കഥയുടെ പ്രാണന്. അമ്മയുടെ മകനടക്കമുളള എല്ലാ കുട്ടികള്‍ക്കും അതിലെ പാട്ടും ഡാന്‍സും മനപ്പാഠമാണ് . തന്റെ ഏറ്റവും നല്ല കൂട്ടുകാരന് കൂടിയായ തിരക്കഥാകൃത്തിനെ ഫോണില്‍ വിളിച്ച് അമ്മ പറഞ്ഞു, ‘എന്റെ കൈയില്‍ അവനു കൊടുക്കാന്‍ ഉത്തരമേയില്ല. നീയല്ലേ എഴുതിയത്, നീ തന്നെ പറഞ്ഞു കൊടുക്ക് അവന്റെ ചോദ്യത്തിനുള്ള ഉത്തരം.’ മലയാളസിനിമയിലെ ലൈംഗികതാ -അതിപ്രസരസീനുകളെക്കുറിച്ച് എഴുതണമെന്ന് അന്നു തോന്നിയതാണ് അമ്മയ്ക്ക്. പിന്നെ ‘വേലിയില്‍ക്കിടക്കുന്ന എല്ലാപാപാമ്പിനെയും ഞാന്‍ തന്നെ എടുത്തു തോളത്തിടേണ്ട കാര്യമൊന്നുമില്ലല്ലോ’ എന്ന് സ്വാര്‍ത്ഥമതിയായി അമ്മ.
‘ആ കൂട്ടുകാരന് സ്വയം തിരുത്താന്‍ കഴിവുള്ളവനാണ്’ എന്നു തീര്‍ച്ച അന്നും ഇന്നും ബോദ്ധ്യമുള്ളതുകൊണ്ടും കൂടിയാണ്, അന്ന് മലയാള സിനിമാ ഡയലോഗുകള്ക്കെതിരെയുള്ള ആ ‘അമ്മയാക്രമണം’ സംഭവിക്കാതിരുന്നത്.
അല്പംകൂടി വലുതായ ആ കൂട്ടിയെയും കൂട്ടി ഒരു സിനിമാതീയറ്ററില്‍ അമ്മ പിന്നീട് ചെന്നിരുന്നപ്പോള്‍ രണ്ടുവശത്തും നിറയെ നിറയെ ആണുങ്ങളായിരുന്നു ‘ദൃശ്യ’ വിരുന്നിന്റെ തുടക്കത്തില്‍ വന്ന ‘രാത്രിയിലെ സൈക്കിള്‍ ചവിട്ടല്‍’ എന്ന രോമനായകന്റെ വശ്യശൃംഗാര ഡയലോഗ് കേട്ട് അന്നത്തെയാ ഒമ്പതുവയസ്സുകാരന് ഉറക്കെ ചോദിച്ചു, ‘അമ്മേ അയാളെന്തിനാ രാത്രിയില്‍ സൈക്കിള്‍ ചവിട്ടിയത്?’ ‘ആ ഡയലോഗിന് ആ കഥയിലുള്ള സാംഗത്യം’ എന്തെന്നലോചിച്ച് രോഷാകുലയാകാന് നേരമുണ്ടോ എന്നാലോചിക്കാന്‍ പോലും നേരം കിട്ടാതെ, ആ അമ്മ അന്ന് പുരുഷകേസരികളുടെ നടുവിലിരുന്ന് ചൂളിപ്പോയി. അടുത്ത ഡയലോഗിലേക്ക് കുട്ടി ചെവി ചേര്‍ത്തതിനാല്‍ അന്ന് അമ്മ രക്ഷപ്പെട്ടു തത്ക്കാലം.
ആ തിരക്കഥാസംഭാഷണക്കാരന്റെ ഫോണ്‍നമ്പര്‍, ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ആ അമ്മയ്ക്കറിയുമായിരുന്നുമില്ല… പിന്നെ ഒരു റിങ്മാസ്റ്റര്‍ കുറേ നായകളെയും കൂട്ടി വന്നപ്പോള്‍ കുട്ടി, അതിലെ പലതും പലതും തമാശയാണെന്നു കരുതി പൊട്ടിപ്പൊട്ടിച്ചിരിച്ചു. അതിനകത്തെ ദ്വയാര്ത്ഥപ്പെരുമഴ ദഹിക്കാഞ്ഞ് അമ്മയ്ക്ക് ഛര്‍ദ്ദില്‍ വന്നു. അതേത്തുടര്‍ന്നാണോ അമ്മ വിവിധ ശാരീരികാസ്വസ്ഥതകളില്പ്പെട്ട് കുറേക്കാലം കിടപ്പിലായിപ്പോയത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ് .
അമ്മയ്ക്കെഴുന്നേറ്റു നടക്കാറായപ്പോഴേക്ക് വേല്ക്കാരനും പുലിയും വന്നു. ‘അത് രണ്ടാമതും കാണണം’ എന്ന് കുട്ടി പറഞ്ഞു. ‘എന്നാപ്പിന്നെ നീ എന്നെ അങ്ങ് കൊല്ല് ‘ എന്നമ്മ ഹതാശയായിപ്പറഞ്ഞു. സജിതാ മഠത്തില്‍ കാരണം അമ്മ ‘കാളിവേഷക്കലി ‘യില്‍ നിന്ന് രക്ഷപ്പെട്ടു.
‘സഖാവും’ ‘പൂമര’വും മലയാളി നേടുന്ന അതീവഗുരുതരമായ സാംസ്ക്കാരികപ്രശ്നമായി വാഴ്ത്തപ്പെട്ടപ്പോള്‍, അമ്മ അവളുടെ കുട്ടിക്കാലം ഓര്‍ത്തു . ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയുടെ ഇളനീര്‍ക്കുടമിന്നുടക്കും ഞാന്‍’ എന്ന് കാമുകന് പറഞ്ഞത് എന്തിനാവാം എന്ന് മനസ്സിലാകാതെ പോയ കുട്ടിക്കാലം! ‘മാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ’ എന്ന് കേട്ട യൗവ്വനകാലത്ത് ‘ താന്‍ കേട്ടതിലെ തെറ്റാവും ‘ എന്ന് അവള് വീണ്ടും വീണ്ടും പലതവണ വിചാരിച്ചുനോക്കി. ആ പാട്ടൊക്കെ എഴുതിയതിന് ഇനി ആര് മാപ്പുപറയും ? മരിച്ചവരുടെ ലോകത്ത് ഫെയ്സ്ബുക് ഉണ്ടാവും എങ്കില്‍ ഒരു ‘കുമ്പസാരപോസ്റ്റ് ‘വന്നുകൂടായ്കയില്ല!’
കോയീന്റെ മണ ‘മുള്ള സിനിമയില്‍ നിന്ന് ചിരിച്ചുചിരിച്ചു മലയാളി എത്തിയ കുറേദൂരമിപ്പുറമുള്ള ഇടത്തില്‍ , അശ്ലീലചലനങ്ങള് നൃത്തമായി വാഴ്ത്തപ്പെടുകയും പശുവിനെ കറക്കലിന്റെ ആംഗ്യവിക്ഷേപങ്ങള്‍ വൃത്തികെട്ട ചിരി പടര്‍ത്തുകയും ചെയ്യുന്നതായി പിന്നെ കണ്ടു . അങ്ങനെയങ്ങനെ മലയാളസിനിമ, പിടിച്ചാല്‍ കിട്ടാത്ത ‘രാജമാണിക്യ’മായി.
മാന്‍ഹോളില്‍ വീണുകിടക്കുകയാണ് മലയാളസിനിമ . ആണുങ്ങളെ മാത്രം വച്ച് ഒഴിവുദിവസത്തെ കളിയും കാര്യവും. എല്ലാവര്ക്കും ഇടക്കൊന്നു ചെന്ന്തട്ടിമുട്ടാന് ഒരു പെണ്ണ് . അവള്‍ക്ക് കോഴിയെ കൊല്ലാനൊന്നും പറ്റില്ല. ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയാല് മാത്രമേ അവള് പോരുകോഴിയെപ്പോലെ ഒന്ന് തിരിഞ്ഞുനില്ക്കൂകയെങ്കിലും ചെയ്യൂ…
മാന്ഹോളുമായി വിധു വിന്‍സന്റ് എത്തുമ്പോള്‍ ആരുപോകും എസ്കോര്ട്ട്എന്ന് ഇനി താരസംഘടന പറയുമായിരിക്കും ..! ആദ്യത്തെ തിരക്കഥയെഴുത്തു വനിതയായി ലളിതാംബിക അന്തര്‍ജ്ജനം വന്ന മറക്കുടക്കാലത്തിലേക്കല്ലേ മാന്ഹോളുമായെത്തുന്ന വിധു വിന്സെന്റിനെഎസ്കോര്ട്ടുമായി ഇപ്പോള്‍ നമ്മള് അയയ്ക്കുന്നത് എന്നു ഒരു സംശയം ബാക്കിയുണ്ട്. ‘ഏകാന്തമായ് പദയാത്രയില്‍, സഹചാരിയായ് നിഴല്‍മാത്രമായ്. എങ്ങാണോ നിത്യസ്വാതന്ത്യം?’ എന്ന അഗ്നിസാക്ഷിയിലെ പാട്ടുവരികള്‍ ഓര്‍മ്മയുടെ പശ്ചാത്തലത്തിലേക്ക് കടന്നുവരുമ്പോള്‍, മോഹിക്കുകയാണ്, മാന്‍ഹോളില്‍ വീണുകിടക്കുന്ന മലയാളസിനിമയെ തൂത്തുതുടച്ചെടുക്കാന് ഒരുപാട് സ്ത്രീകള്‍ക്ക് പറ്റുമായിരിക്കും. മാന്‍ഹോളുകളുടെ പരിസരത്തുകൂടി ഏതായാലും ഒരു പുണ്യാളനും വരുമെന്ന് തോന്നുന്നില്ല..അവരെല്ലാം വെളുത്തവരുമാണ് . കിണറ്റിന് കരയിലിരുന്ന് രണ്ടുകാലുകളും കൊണ്ട് ഒരേ സമയം ഒരു തെറ്റുപോലും വരാതെ എഴുതുന്ന കളിയില്‍ അവരേര്പ്പെടാനാണ് വഴി… പക്ഷേ , കറുത്തവരെയും മാന്ഹോളുകളെയും ഇല്ലാതാക്കാന്‍ വെളുപ്പു തേച്ചു പാണ്ടാക്കുന്ന വിദ്യ, അതുപേക്ഷിക്കേണ്ട കാലം പണ്ടേ കഴിഞ്ഞുപോയില്ലേ?
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook