scorecardresearch

വിവാഹത്തെയും വിവാഹ മോചനത്തെയും പേടിക്കുന്ന മലയാളി

 പ്രായപൂർത്തിയായവർക്ക്, മനസ്സിനും ശരീരത്തിനും കേടുതട്ടാത്ത, സന്തോഷകരമായ ഒത്തുചേരലുകൾ സാധ്യമാണെങ്കിൽ, ഈ​ ലോകം തകർന്നുപോകുമോ?

 പ്രായപൂർത്തിയായവർക്ക്, മനസ്സിനും ശരീരത്തിനും കേടുതട്ടാത്ത, സന്തോഷകരമായ ഒത്തുചേരലുകൾ സാധ്യമാണെങ്കിൽ, ഈ​ ലോകം തകർന്നുപോകുമോ?

author-image
VM Girija
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിവാഹത്തെയും വിവാഹ മോചനത്തെയും പേടിക്കുന്ന മലയാളി

Representative Image: Vishnu Ram

സ്ത്രീകൾക്ക് സുഖമില്ല, പലപ്പോഴും സന്തോഷിക്കാനറിയില്ല, അവകാശബോധം, അവകാശലബ്‌ധി, പോരാട്ടങ്ങൾ, അറിവ് എന്നിവകൊണ്ട് സന്തോഷം കിട്ടുകയല്ല, സന്തോഷിക്കാനുളള കഴിവ് ഇല്ലാതാവുകയാണ്; ഏന്താണ് സ്ത്രീയുടെ ആവശ്യം? ഏതു മനുഷ്യനെപ്പോലെയും നീതി, സമത്വം, സന്തോഷം ഇത് തന്നെയല്ലേ?

Advertisment

കുടുംബം, പഴയകാലത്തെ സ്നേഹം തുടങ്ങിയ മിഥ്യകൾ ഒരുഭാഗത്ത്. ജാതിയിലധിഷ്ഠിതമായിരുന്നു കുടുംബവ്യവസ്ഥ. എന്റെ ഓർമയിൽ, എന്റെ വീട്ടിലൂടെ കൈമാറിവന്ന കുടുംബത്തിന്റെ ഓർമകൾ ഒട്ടും സന്തോഷപ്രദമല്ല. അതായത് പണ്ടത്തെ മുത്തശ്ശിമാരുടെ ലോകം ഏറെ ദുരിത പൂർണം ആയിരുന്നു. അച്ഛന്റെ അച്ഛനും അമ്മയുടെ അച്ഛനും ഒന്നിലധികം വേളി (വിവാഹം) കഴിച്ചിരുന്നു. കുട്ടികളും. ഏറെ മുത്തശ്ശിമാർ, സ്ത്രീജനങ്ങൾ ഉളള പഴയ നന്പൂതിരിത്തറവാട് ശരിയല്ലാത്തതുകൊണ്ടാണ് ആ വ്യവസ്ഥ തകർന്നു പോയത്. നാം ഇന്ന് കാണുന്ന അണുകുടുംബം, അമ്മ, അച്ഛൻ, കുട്ടികൾ എന്ന സങ്കൽപ്പം ആർക്കും ഇല്ലായിരുന്നു.

പക്ഷേ, ഇന്നത്തെ നമ്മുടെ സ്നേഹസങ്കല്പം വെച്ച് സന്തോഷത്തിന്റെ അളവുകൾവെച്ച് അന്നുളളവരുടെ ജീവിതം അളക്കാനും വയ്യ. ആചാരമായിരുന്നു, നിയമങ്ങളായിരുന്നു, തേവാരവും പാചകവും ശുശ്രൂഷയും ഒക്കെയായിരുന്നു സ്ത്രീയുടെ ലോകം. മക്കളോടുളള വാത്സല്യം പോലും പ്രകടിപ്പിക്കുന്നവർ ചുരുക്കം. തറവാടിനായിരുന്നു, വ്യവസ്ഥയ്ക്കായിരുന്നു പ്രാധാന്യം. ഉണ്ണാനും ഉടുക്കാനും ഉണ്ടായാൽ, ആചാരലംഘനം ഇല്ലാതെ, ദെണ്ണം ഇല്ലാതെ ജീവിക്കാനായാൽ പലരും സന്തുഷ്ടരായിരുന്നു. അനുരാഗം, രതി ഇവയെക്കുറിച്ച് അന്തർജനങ്ങൾക്ക് വലിയ പിടിപാടുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. സ്നേഹവും ഒത്തൊരുമയും, ഉളള ആൺ-പെൺ ബന്ധം ആദിവാസികളിലും പുലയരിലും പാണരിലും ഒക്കെയായിരുന്നു എന്നാണ് എന്റെ അറിവ്; നിഗമനം.

ഇന്നലെ ഒരു കോളജ് അധ്യാപികയുടെ അമ്മ പറഞ്ഞു, അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. പേടിയാണ് കൂട്ടുകാരികളിൽ പലരും വിവാഹമോചിതകളാണ്. ആരേയും പ്രണയിക്കാൻ പറ്റുന്നില്ല. ആലോചിച്ച് നടത്താനാണെങ്കിൽ സ്വാതന്ത്ര്യം പോകുമോ, അത് പിന്നെ, വലിയ ഒരു പ്രശ്നമാകുമോ എന്ന പേടിയാണ് എന്ന് മലയാളികൾ വിവാഹത്തെ പേടിക്കുന്നു, വിവാഹമോചനത്തെയും പേടിക്കുന്നു.

Advertisment

കുടുംബം, സ്ഥിരമായ ഒരു ജീവിതഘടന, കുട്ടികളുടെ വിദ്യാഭ്യാസം, നല്ല വരുമാനം ഇവയാണ് മലയാളി കടന്നുപോകാനാഗ്രഹിക്കുന്ന ജീവിതഘടന. ജാതിയും ജാതകവും ധനസ്ഥിതിയും നോക്കിയോ, പ്രണയിച്ചോ, പ്രണയവും മുൻ പറഞ്ഞതും സംഘടിപ്പിച്ചോ ഒക്കെ ഒരു കുടുംബമുണ്ടാക്കി, ജീവിതാവസാനം വരെ, അതിനേ ചുറ്റിപ്പറ്റി ജീവിക്കേണ്ട അവസ്ഥയാണ് നമുക്ക്. പരസ്പരം ആണും പെണ്ണും പ്രതീക്ഷിക്കുന്നത് ഇതാണ് !

എന്നാൽ, ജീവിതാവസ്ഥയിൽ വന്ന മാറ്റം കൊണ്ട് ശിശുപരിപാലനം, മുലയൂട്ടൽ ഇവ ഏറെ കഷ്ടമായിരിക്കുന്നു. നമ്പൂതിരി കുടുംബങ്ങളിലെ കുട്ടികളെ എല്ലാം മുമ്പ് "ആയിമാർ" (ശിശുപരിപാലനത്തിനുളള പണിക്കാരികൾ) ആണ് നോക്കിയിരുന്നത്. പക്ഷേ, അമ്മമാർ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. ആൺകുട്ടികൾ വേദപഠനവും മറ്റുമായി പുറത്തും പെൺകുട്ടികൾ എന്തെങ്കിലുമായി അകത്തും. അതൊരു നല്ല പൂർവമാതൃക അല്ല.

പുതുവിദ്യാഭ്യാസം കൊണ്ടുവന്ന കാറ്റും വെളിച്ചവുമുളള ബംഗ്ലാവുകളും ചെറുവീടുകളും പൊതുവിദ്യാഭ്യാസവും നമ്മെ മാറ്റി മറിച്ചു. സ്ത്രീകൾ ടീച്ചർമാരോ, നഴ്സുമാരോ ഒക്കെയായി മാറി. കുട്ടികൾ തറവാട്ടിൽ നിന്ന് ഒറ്റവീടുകളിലായി. അവരെ എങ്ങനെ കൂട്ടായി വളർത്തണം എന്ന ചുമതല സമൂഹം വച്ചൊഴിഞ്ഞു. കുട്ടികളെ നോക്കൽ ആനന്ദകരമല്ലാതായിരിക്കുന്നു, ഒരുപാട് വീടുകളിൽ; ഒപ്പം കുട്ടികളുടെ ജീവിതവും. ഓഫീസ്, വീട് എന്നുളള ജീവിതവും ചുരുങ്ങുന്ന പൊതുവിടങ്ങളും ഇന്ന് കുടുംബജീവിതം അസഹ്യമാക്കിയിരിക്കുന്നു. ജാതി, ജാതകം, സമ്പത്ത് എന്നിവയുടെ പ്രദർശനവേദിയായ വിവാഹങ്ങൾ പിന്നീട് തടവറകൾ ആവുന്നു.

സ്ത്രീ- പുരുഷ ബനധത്തിലുളള ആനന്ദം എവിടെ പോയി? രതിയിലുളള സുഖാനുഭൂതികളും സ്പർശനാനുഭവങ്ങളും പരസ്പരം പുഷ്പ്പ്പിക്കാത്തത് എന്ത്? വിദ്യാഭ്യാസം കൊണ്ട് നേടേണ്ട, മനുഷ്യൻ സർവ മേഖലകളിലും കർമ്മവും ആനന്ദവും കൂട്ടിയിണക്കണം എന്ന ലക്ഷ്യം നാം എങ്ങനെ മറന്നു? പരസ്പരമുളള കരുതലാണ് എല്ലാ ആനനന്ദത്തിന്റെയും കാതൽ. പരസ്പരം ആനന്ദിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്, ഒരു ദിവ്യചൈതന്യം രതിയിലും കുടുംബ ജീവിതത്തിലും ഉണ്ടാകുന്നത്. എനിക്കു വേണ്ട ആനന്ദവും സുഖവും പങ്കാളിയിൽ നിന്നും പിഴിഞ്ഞെടുക്കുമ്പോഴല്ല. "പിന്നെ നിത്യ ജീവിതത്തിൽ ആനന്ദമല്ലേ!" എന്ന് എല്ലാവരും എന്നെ കളിയാക്കുമായിരിക്കും.

ഈ നിലയ്ക്കുളള കുടുംബം ഇനിയും നിലനിൽക്കണമോ? ഇപ്പോൾ നിൽക്കുന്ന കുടുംബഘടനയിൽ ആശയപരമായി ജനാധിപത്യവും പ്രായോഗികമായി ജോലി പങ്കാളിത്തവും സാമൂഹികഉത്തരവാദിത്തവും ഉണ്ടാക്കാൻ പറ്റില്ലേ? ജനാധിപത്യവും സ്നേഹവും പരസ്പര വിരുദ്ധമാണോ? അടിമത്തവും ആധിപത്യവും നിലനിന്നാൽ മാത്രമേ ഇപ്പോഴത്തെ കുടുംബ ഘടനയും നിലനിൽക്കൂ.എന്തൊരു കഷ്ടമാണിത്.

പ്രണയത്തിന്റെ കാല്പനികവശങ്ങൾ മായ്ച്ചുകളഞ്ഞാൽ, ലോകം നിറവും സംഗീതവും ഇല്ലാത്തതാകും. എന്റെ മക്കളുടെ ക്യാമ്പസായ ജെ എൻ​യു വിൽ പോകുമ്പോൾ എനിക്ക് തോന്നാറുണ്ട് വിദ്യാർത്ഥിനികൾ കാല്പനികതയുടെ മായാലാവണ്യം സ്പർശിക്കാത്ത പോരാളികളും ബുദ്ധിജീവികളുമാണെന്ന്. അവിടെ സ്വാതന്ത്ര്യമുണ്ട്, ധീരതയുണ്ട്, സ്ത്രീ-പുരുഷ പ്രണയത്തിനോ ശാരീരികബന്ധങ്ങൾക്കോ സാധ്യതയുണ്ട് - പക്ഷേ, മൃദുലമായ ഭാവാത്മകതയില്ല. ഇത് എന്റെ തോന്നൽ മാത്രമാണ്. സ്വാതന്ത്ര്യം സന്തോഷം നൽകും എന്ന് ശരിയാണ് പ്രത്യേകിച്ചും സ്ത്രീ പുരുഷബന്ധത്തിൽ, കുടുംബബന്ധത്തിൽ.അത് സ്വാതന്ത്ര്യം തന്നെ ആയി പങ്കാളികൾ നില നിർത്തും എങ്കിൽ.പക്ഷെ ആചാര ബദ്ധമായി കല്യാണം കഴിച്ചവരുടെ ജീവിതത്തിൽ ഉള്ളതിനേക്കാളും വെളിച്ചം സ്വതന്ത്രരുടെ ജീവിതത്തിൽ കാണാത്തത് എന്ത്?!

divorce Representative Image: Vishnu Ram

സ്നേഹമില്ലാത്ത ബന്ധങ്ങൾ,കുട്ടികൾ നാം പൊതു സമൂഹത്തിൽ കാണുന്നു.ജെ എൻ യു പോലുള്ള പ്രബുദ്ധ ഇടത്തിൽ അത് തന്നെ കാണുക ആണെങ്കിൽ പിന്നെ എന്താണ് സ്നേഹം?പൊതുജീവിതത്തിൽ വികാര വിചാരങ്ങൾ യോജിപ്പിക്കൽ?

രതി, അമ്മയാവൽ, അച്ഛനാവൽ, സ്ത്രീയാവൽ, പുരുഷനാവൽ, കുടുംബം നോക്കി നടത്തൽ ഇതൊക്കെ സന്തോഷകരമാവണമെങ്കിൽ ഇന്നത്തെ ജോലി- കുടുംബ ഘടനകൾ മാറിയേ തീരൂ.അടഞ്ഞ, ദുർഗന്ധപൂരിതമായ ഈ കുടുംബവ്യവസ്ഥ സ്വാർത്ഥികളായ കുഞ്ഞുങ്ങളുടെ സ്വാർത്ഥതരമായ പുതുകുടുംബ സൃഷ്ടിക്ക് ഉതകുന്ന തരമാവരുത്.

ആണും പെണ്ണും കണ്ടും ഇടപഴകിയും ഒപ്പം ജീവിച്ചും ഉറപ്പായാൽ മാത്രം വിവാഹം കഴിച്ചാൽ മതി ; അച്ഛനും അമ്മയും ആയാൽ മതി. ഒരു മതം സ്വീകരിക്കും പോലെ, ജോലി സ്വീകരിക്കും പോലെ, രാഷ്ട്രീയ പാർട്ടിയിൽ ചേരുംപോലെ (യഥാർത്ഥ അർത്ഥത്തിൽ) പ്രധാനമാണ് കുടുംബം ഉണ്ടാക്കലും. പരസ്പരം ആദരവും സ്നേഹവും ആഗ്രഹവും നിലനിൽക്കുമെങ്കിൽ മാത്രം മതി കുടുംബവും കുഞ്ഞുങ്ങളും. വിവാഹമോചനം ഒഴിവാക്കാനുളള എളുപ്പ മാർഗ്ഗം വിവാഹവും ഒഴിവാക്കുകയാണ്. പക്ഷേ കുഞ്ഞുങ്ങളുടെ വളർത്തൽ സ്ത്രീകളെ ഏൽപ്പിച്ച് മുങ്ങുന്നതിനുളള സൗകര്യമായി 'ഒപ്പം താമസിക്കലിനെ' എടുക്കുന്നവരും ഉണ്ട് എന്നതാണ് വിഷമം.

ഇപ്പോഴത്തേപ്പോലെ, ഒരു ദുസ്വപ്നാവസ്ഥയിൽ പങ്കാളികളെ എത്തിച്ച്, കുട്ടികളെ അസ്വസ്ഥരാക്കി പടവെട്ടി പിരിയലാവരുത് വിവാഹമോചനവും. അത് കുറേക്കൂടി പോസിറ്റീവ് ആയ, പിരിയലായിരിക്കണം. പ്രത്യേകിച്ചും കുട്ടികൾ ഉണ്ടെങ്കിൽ.

വിവാഹം കുടുംബങ്ങളുടെയും തറവാടുകളുടെയും ജാതകത്തിന്റേയും ജാതിയുടെയും സമ്പത്തിന്റേയും കഥയാവരുത് ; വലിയ ആർഭാട വിവാഹങ്ങൾ വേണ്ട. ആണും പെണ്ണും ഒരുമിച്ച് ജീവിക്കുകയും പിരിയുകയും ചെയ്യട്ടെ. കന്യാകത്വമോ ബ്രഹ്മചാരിയായിരിക്കലോ ഒരു നന്മയല്ല. വിവാഹിതയാവാൻ പോവുന്ന പെൺകുട്ടി കന്യകയാവാൻ പാടില്ല എന്ന് കൂടി എനിക്ക് തോന്നാറുണ്ട്. എന്തായാലും കന്യകയായി 'പരിശുദ്ധിയോടെ' വിവാഹവേദിയിൽ പെണ്ണ് നിൽക്കുന്നത് ഒരു വിചിത്രവസ്തുതയാണ്. ആരോഗ്യകരമായ രതി പുതിയ തലമുറയെ പഠിപ്പിക്കേണ്ടതാണ്. എങ്കിൽ അക്രമങ്ങൾ കുറയുകയും ചെയ്യും. പ്രായപൂർത്തിയായവർക്ക്, മനസ്സിനും ശരീരത്തിനും കേടുതട്ടാത്ത, സന്തോഷകരമായ ഒത്തുചേരലുകൾ സാധ്യമാണെങ്കിൽ, ഈ​ ലോകം തകർന്നുപോകുമോ?

ഇന്നത്തെ കുടുംബ ഘടന ആഡംബര വിവാഹങ്ങൾ​ കൊണ്ടു തുടുക്കം കുറിക്കുന്ന ജയിൽ ജീവിതമാണ് മിക്കവാറും. അത് മാറ്റാനാണ് വനിതാ ദിന ചിന്തകൾ വരേണ്ടത്.

Womens Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: