ഒരു ദിവസം രാവിലെ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജ്യോര്‍ജ് മാത്യു വിളിച്ചു പറഞ്ഞു: “ഇന്നിവിടെ ടി.എന്‍.എ.പെരുമാള്‍ വരുന്നുണ്ട്. വന്നാല്‍ പരിചയപ്പെടാം. ഒന്ന് രണ്ടു ചിത്രങ്ങളും കൈവശമെടുത്തോ,. അദ്ദേഹത്തിന്‍റെ അഭിപ്രായം ചോദിക്കാം”. 1999 – ല്‍ ആയിരുന്നു അത്. അന്ന് ജോലിക്ക് പോകാതെ നേരെ പീച്ചിയിലേക്ക് തിരിച്ചു.

ടി.എന്‍.എ.പെരുമാള്‍ എന്ന് ഏറെ കേട്ടിട്ടുണ്ടെങ്കിലും അതുവരെ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞിരുന്നില്ല. ആജാനുബാഹുവായ, ക്ഷിപ്രകോപിയായ ഒരു ആളെയാണ് പ്രതീക്ഷിച്ചതെങ്കിലും ഭൂമിയോളം വിനയാന്വിതനായ ഒരു ചെറിയ മനുഷ്യനെയാണ് അവിടെ കണ്ടത്! ഏറെനേരം സംസാരിച്ചിരുന്നു. ഞാനെടുത്ത ഏതാനും ഫൊട്ടോഗ്രാഫുകള്‍ അദ്ദേഹത്തെ കാണിച്ചു. ക്ഷമയോടെ ഓരോന്നും കണ്ട് അഭിപ്രായങ്ങള്‍ പറഞ്ഞ്, കുറവുകള്‍ കാണിച്ചുതന്നു. പ്രകൃതി ചിത്രീകരണത്തിന്‍റെ പുതിയ അറിവുകളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്, പുതിയൊരു ഗുരുശിഷ്യബന്ധത്തിന്റെയും. അതിനു ശേഷം അനേകം ക്യാംപുകളിലും പഠനശിബിരങ്ങളിലും യാത്രകളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കുമ്പോള്‍ ആ അനുഭവസമ്പത്തിന്റെ ഒരംശമെങ്കിലും പകര്‍ന്നുകിട്ടുമല്ലോ എന്ന വ്യാമോഹമായിരുന്നു മനസ്സില്‍. പക്ഷെ, അറിവുകള്‍ പറഞ്ഞുതരാന്‍ കഴിയുമെങ്കിലും അനുഭവങ്ങള്‍ പകര്‍ന്നുതരാവുന്നവയല്ല എന്നറിയാന്‍ താമസമുണ്ടായില്ല.

ടി.എൻ.എ.പെരുമാളിനൊപ്പം ഉണ്ണി പുളിക്കൽ

ടി.എൻ.എ.പെരുമാളിനൊപ്പം ഉണ്ണി പുളിക്കൽ

“പ്രകൃതിയില്‍ ഏതൊരു ജീവിക്കും അതിനു ചേര്‍ന്ന ഒരു ഇടം ആവശ്യമുണ്ട്. അതുപോലെ ചിത്രത്തിലും ഒരു സ്വകാര്യ ഇടം ആ ജീവിക്കുചുറ്റും ഉണ്ടാവണം.” ഇതായിരുന്നു ആദ്യ പാഠം. പ്രകൃതിയിലെ ഓരോ ജീവിയേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരാള്‍ ആ ജീവികളുടെ സ്വകാര്യതയെ പോലും അംഗീകരിക്കണം എന്ന് പറഞ്ഞു തന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. “പ്രകൃതിയെ അറിയലും അനുഭവിക്കലും ആണ് ആദ്യ ക്രിയ. പിന്നെയേ ഫൊട്ടോഗ്രാഫി വരുന്നുള്ളൂ. അറിഞ്ഞതിനെയും അനുഭവിച്ചതിനെയും ചിത്രത്തിലെത്തിക്കാന്‍ കഴിഞ്ഞാല്‍ പഠനം കഴിഞ്ഞു എന്ന് പറയാം.” അറിയാനും അനുഭവിക്കാനും തന്നെ ഒരു ജന്മം പോരാ. പിന്നെയെന്ന് ചിത്രത്തിലാക്കാന്‍!

ടി.എൻ.എ.പെരുമാളിന്റെ ചിത്രം

ടി.എൻ.എ.പെരുമാളിന്റെ ചിത്രം

ബെറ്റര്‍ ആര്‍ട്ട് ഫൗണ്ടേഷന്റെ കീഴില്‍ ഞങ്ങള്‍ ഫൊട്ടോമ്യൂസ് എന്ന ഫൊട്ടോഗ്രാഫി മ്യൂസിയം തുടങ്ങിയപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിക്കുകയും നിര്‍ദേശങ്ങള്‍ തരുകയും ചെയ്തു. ഫൊട്ടോമ്യൂസിന്‍റെ ഉപദേശകസമിതിയില്‍ തുടക്കം മുതലേ അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യന്‍ ഫൊട്ടോഗ്രഫിയുടെ ചരിത്രവുമായി ബന്ധപ്പെട്ട അറിവുകള്‍ പകര്‍ന്നുതരാന്‍ അദ്ദേഹം എന്നും സമയം കണ്ടെത്തിയിരുന്നു. ഈ മ്യൂസിയം ഇന്ത്യന്‍ ഫൊട്ടോഗ്രഫി ചരിത്രത്തിന്‍റെ സൂക്ഷിപ്പുശാലയായി മാറണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലമാക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.

ടി.എൻ.എ.പെരുമാളിന്റെ ചിത്രം

ടി.എൻ.എ.പെരുമാളിന്റെ ചിത്രം

“ഫൊട്ടോഗ്രഫിയുടെ സത്യസന്ധതയും ഫൊട്ടോഗ്രഫറുടെ നൈതികതയും സഹജീവികളോടുള്ള ഉത്തരവാദവും ഒന്നു ചേരുമ്പോഴേ നല്ലൊരു മനുഷ്യനായ ഫൊട്ടോഗ്രഫര്‍ ഉണ്ടാകൂ” എന്ന് അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നു.

ടി.എൻ.എ.പെരുമാളിന്റെ ചിത്രം

ടി.എൻ.എ.പെരുമാളിന്റെ ചിത്രം

ഒരു തലമുറയ്ക്ക് മുഴുവന്‍ വെളിച്ചം ചൊരിഞ്ഞ്, സ്നേഹം പകര്‍ന്ന്, കാലത്തിനൊപ്പം യാത്ര പോകുന്ന അദ്ദേഹത്തിന് കണ്ണുകള്‍ നിറയാതെ യാത്രാമൊഴി പറയാന്‍ എനിക്കാവില്ല. അദേഹത്തെ അടുത്തറിഞ്ഞ ആര്‍ക്കും അതിനാവില്ല. വെളിച്ചം വാര്‍ന്നു തീര്‍ന്നാലും കൂടുതല്‍ മഹത്തരമായ ഒരു രാത്രി വാനം നമുക്കുവേണ്ടി എന്നുമുണ്ടാകും – ആ വാനത്തിലെ നക്ഷത്രങ്ങളായി അദ്ദേഹത്തിന്റെ ചിത്രങ്ങളും!

ഫോട്ടോമ്യൂസിന്റെ ഡയറക്ടറാണ് ഡോ.ഉണ്ണി കൃഷ്ണൻ പുളിക്കൽ. ലണ്ടൻ റോയൽ ഫൊട്ടോഗ്രഫിക് സൊസൈറ്റി അസോസിയേറ്റ് അംഗമാണ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ