ശാസ്ത്രത്തെ പുരാണവുമായി കൂട്ടിക്കുഴച്ചു വികൃതമാക്കി എന്നതാണ് ഹൈന്ദവ രാഷ്ട്രീയം ആധുനിക ഇന്ത്യയിൽ ചെയ്തതും തുടർന്നുകൊണ്ടിരിക്കുന്നതുമായ ഏറ്റവും നികൃഷ്ടമായ പാതകം. ഒരു ജനതയുടെ ശാസ്ത്രീയ ബോധത്തിൽ വിഷം കലർത്തുന്നതിനേക്കാൾ കടുത്തൊരു ഹീനകൃത്യം വെറെയില്ല. തെരുവു പ്രസംഗങ്ങൾ മുതൽ ദേശീയ ശാസ്ത്ര കോൺഗ്രസ്സിലെ പ്രബന്ധങ്ങളിൽ വരെ യാതൊരു ഉളുപ്പുമില്ലാതെ വിഡ്ഢിത്തങ്ങളെ എഴുന്നള്ളിക്കുന്നവരായിരിക്കുന്നു ഹിന്ദുരാഷ്ട്ര വാദികൾ. വീണ്ടുവിചാരമില്ലാതെ വലിയ ശാസ്ത്ര അറിവെന്ന നിലയിൽ ഭക്ത ശിരോമണികളായ ജനങ്ങൾ ഈ വിഡ്ഢിത്തങ്ങൾ നെഞ്ചിലേറ്റുന്നു. വിയോജിപ്പുകൾ പോലും അർഹിക്കാത്ത ഇത്തരം വിടുവായത്തങ്ങൾ ഇത്രയേറെ സ്വീകരിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ആ ദുരന്ത യാഥാർത്ഥ്യത്തോടൊപ്പമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ കടന്നു പോവുന്നത്.

(ഇടത്) ജലന്ധറില്‍ വെച്ചു നടന്ന നൂറ്റിയാറാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഫൊട്ടോ കടപ്പാട് : പി ഐ ബി
ഈ വർഷത്തെ ദേശീയ ശാസ്ത്ര കോൺഗ്രസ്സിലും ‘പുരാണ ശാസ്ത്രം’ കാര്യമായ സ്വാധീനം നിലനിർത്തി.വിത്തുകോശ ഗവേഷണത്തിന് മഹാഭാരതത്തിൽ തെളിവുണ്ടെന്നും കൗരവരുടെ ജനനം ഇതിന്റെ തെളിവാണെന്നും ഇതിന്റെ പിറകിൽ ടെസ്റ്റ് ട്യൂബ് സംവിധാനമാണ് പ്രവർത്തിച്ചതെന്നും ഒരു പ്രധാന പ്രഭാഷകൻ പറഞ്ഞു വെച്ചു. ഉദ്ധരണിയായി എടുത്തെഴുതുമ്പോൾ പോലും ലജ്ജ തോന്നുന്ന ഈ പ്രസ്താവന നടത്തിയത് ചില്ലറക്കാരനൊന്നുമായിരുന്നില്ല. രസതന്ത്രം പ്രൊഫസറും ആന്ധ്ര സർവ്വകലാശാലയുടെ വൈസ് ചാൻസലറുമായ ജി. നാഗേശ്വർ റാവുവാണ്. വിഷ്ണു ചക്രം എന്ന പേരിൽ ഒരു ഗൈഡഡ് മിസൈൽ അന്നുണ്ടായിരുന്നുവെന്നും രാവണന്റെ കാലത്ത് പല തരം വിമാനങ്ങൾ ഉണ്ടായിരുന്നുവെന്നും കൂടി പറഞ്ഞാണ് അദ്ദേഹം ഭൂതകാലത്തെ അടയാളപ്പെടുത്തിയത്. 1905 ൽ പ്രസിദ്ധപ്പെടുത്തിയ ഡോ. പി.സി.റോയിയുടെ History of Hindu Chemistry എന്ന കൃതി ഈ വൈസ് ചാൻസലറെക്കൊണ്ട് വായിപ്പിക്കുകയാണ് ആ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ചെയ്യേണ്ടത്. അതൊരു ശിക്ഷയായി തന്നെ നടപ്പിലാക്കാവുന്നതാണ്.
മറ്റൊരു വീരൻ കടന്നാക്രമിച്ചത് ഐസക് ന്യൂട്ടനെയും ആൽബർട്ട് ഐൻസ്റ്റയിനെയുമായിരുന്നു. ന്യൂട്ടന് ഗുരത്വാകർഷണ ശക്തിയെപ്പറ്റി മനസ്സിലായിട്ടില്ലെന്നും ഐൻസ്റ്റയിൻ ആപേക്ഷിക സിദ്ധാന്തത്തിലൂടെ ലോകത്തെ തെറ്റിദ്ധരിപ്പിച്ചു എന്നുമാണ് തമിഴ്നാട്ടിൽ നിന്നുള്ള ശാസ്ത്ര പ്രതിനിധി കാനൻ ജഗതലകൃഷ്ണൻ അദ്ദേഹത്തിന്റെ പ്രബന്ധത്തിൽ വിവരിച്ചത് .രാജ്യത്തെ ദേശീയ ശാസ്ത്ര കോൺഗ്രസ്സിലാണ് ഈ വിവരക്കേടുകളൊക്കെ നിറഞ്ഞത് എന്നോർക്കണം.
പൗരാണിക ഭാരതത്തിൽ പ്ലാസ്റ്റിക് സർജറി നിലനിന്നിരുന്നു എന്ന് ഇതേ വേദിയിലാണ് മൂന്നു വർഷം മുമ്പ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടി വിട്ടത്. പരിണാമ സിദ്ധാന്തം തെറ്റാണെന്നും അത് കുട്ടികളെ പഠിപ്പിക്കരുത് എന്നും പറയുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുള്ള നാടാണിത്. പേര് സത്യപാൽ സിങ്ങ്. പൈത്തഗോറസ് സിദ്ധാന്തം നമ്മുടെ കണ്ടെത്തലാണെന്നു പറഞ്ഞത് നമ്മുടെ ശാസ്ത്രമന്ത്രി ഹർഷ വർധനാണ്. സ്റ്റീഫൻ ഹോക്കിങ്ങിനെ വേദത്തിന്റെ പ്രചാരകനാക്കാനും അദ്ദേഹം ശ്രമിച്ചു. രാഷ്ട്രീയക്കാർ ഇങ്ങനെ തരം താഴുന്നത് മനസ്സിലാക്കാം. എന്നാൽ ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫസർമാരും സർവ്വകലാശാലകളെ നയിക്കുന്ന വൈസ് ചാൻസലർമാരുമൊക്കെ ഇങ്ങനെ തുടങ്ങിയാൽ ലോകം ഇന്ത്യയെ നോക്കി കളിയാക്കും. വിദേശ രാജ്യങ്ങൾ അവരുടെ വിദ്യാർത്ഥികളോട് ഇവിടെ വരരുതെന്നും പഠിക്കരുതെന്നും ഇന്ത്യയിലെ ശാസ്ത്ര വാർത്തകളെ അവഗണിക്കണമെന്നും നിഷ്കർഷിക്കും.
ഇന്ത്യയിലെ സാധാരണജനം ഈ വിഡ്ഢിത്തങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയും. പക്ഷേ, ഇതിന്റെ പുറകിലെ രാഷ്ട്രീയത്തെ ഉദ്ഘോഷിക്കുന്ന വിദ്യാഭ്യാസമൊക്കെ നേടിയ മധ്യവർഗം ഇവയെ താലോലിക്കും. അതുപോലെ ഇന്ത്യൻ ശാസ്ത്രത്തിന്റെ യശസ്സിന് കളങ്കമേൽക്കും .നമ്മുടെ യുവതലമുറ ഇന്ത്യൻ ശാസ്ത്ര രംഗത്ത് തുടരാൻ മടി കാണിക്കും. ഇതൊക്കെയുണ്ടാക്കുന്ന ദൂരവ്യാപകമായ ദോഷഫലങ്ങളെപ്പറ്റി ആരും ആലോചിക്കുന്നതേയില്ല. ശാസ്ത്ര രംഗത്തു നിന്നുള്ള ചെറുത്തുനില്പുകൾ വേണ്ടത്ര ഫലം കാണുന്നുണ്ടോ എന്നും അറിയില്ല. ഏതായാലും വിഡ്ഢിക്കോമരങ്ങൾ രംഗം വഷളാക്കിക്കഴിഞ്ഞു.
ചരിത്രപരമായി നോക്കുമ്പോൾ ഇത് അവരുടെ രണ്ടാം വരവാണ്. പ്രാചീന ഇന്ത്യയിലെ ശാസ്ത്രത്തെപ്പറ്റി വസ്തുനിഷ്ഠമായി പരിശോധിച്ചാൽ നമുക്കത് മനസ്സിലാക്കാൻ സാധിക്കും. ഇവരുടെ ഭത്സനങ്ങളെ പാടേമാറ്റിനിർത്തി ചിന്തിച്ചു നോക്കാം. നമ്മുടെ ശാസ്ത്രം എന്തായിരുന്നു ? വിശദമായ ഒരന്വേഷണത്തിന് ഞാൻ മുതിരുന്നില്ല. ഒരേകദേശ ചിത്രം മാത്രം കാണാം. നമുക്ക് ചരകനും സുശ്രുതനും വാഗ്ഭടനും ഉണ്ടായിരുന്നു. അവരുണ്ടാക്കിയ വൈദ്യശാസ്ത്രം – ആയുർവേദമുണ്ടായിരുന്നു. ഇന്നും അത് ലോകത്തിന്റെ മുന്നിലുണ്ട്. എന്നാലത് മുന്നോട്ടു പോയില്ല. അതിന്റെ വികാസം ഇടയ്ക്കെയവിടെയോ വച്ച് നിന്നു പോയി. സുശ്രുതൻ ശസ്ത്രക്രിയ (സർജറി) കണ്ടെത്തി. അത് പ്രയോഗത്തിൽ കൊണ്ടുവന്നു. എന്നാൽ അത് നിലച്ചുപോവുകയും ആയുർവേദത്തിൽ നിന്ന് ഇല്ലാതാവുകയും ചെയ്തു. പ്രതി ചാതുർവർണ്യമാണ്. ബ്രാഹ്മണ്യത്തിന്റെ കടുംപിടുത്തമാണ്. നമുക്ക് ഗണിത ശാസ്ത്രമുണ്ടായിരുന്നു. ആര്യഭടനും മാധവനുമുണ്ടായിരുന്നു. കാൽക്കുലസ് പിറന്നത് ഇന്ത്യയിലാണ്. പതിനാലാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടുവരെ നിലനിന്ന ഗണിത ശാസ്ത്രജ്ഞന്മാരുടെ വലിയൊരു നിര കേരളത്തിലുണ്ടായിരുന്നു. ലോകം അതിനെയിപ്പോൾ “കേരള സ്കൂൾ ഓഫ് മാത്തമറ്റിക്സ് ” എന്നാണ് വിശേഷിപ്പിക്കുന്നത്. പൂജ്യവും പൈയും സംഖ്യാശാസ്ത്രവും സംഭാവന ചെയ്ത മഹാപാരമ്പര്യം തുടരാൻ നമുക്ക് കഴിയാതെ പോയി. ഭാരതത്തിൽ നിലനിന്ന സാമൂഹ്യ സാഹചര്യം വൈജ്ഞാനിക വികാസത്തെ തടസ്സപ്പെടുത്തി. നമ്മുടെ സംഭാവനകളെ ലോകത്തിന് വിട്ടുകൊടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും നമ്മൾ പരാജയപ്പെട്ടു. ഗണിതരംഗത്തേക്ക് പിന്നീട് നമ്മൾ കടന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. രാമാനുജനിലൂടെ.

അതുപോലെ ഭാഷാശാസ്ത്രത്തിലും ലോഹ ശാസ്ത്രത്തിലും വാസ്തുവിദ്യയിലും നാട്യശാസ്ത്രത്തിലും ഒരു കാലത്ത് ഭാരതം ലോകത്തിന്റെ ആദരവും ശ്രദ്ധയും നേടിയിരുന്നു. അതിനൊക്കെ പിന്നീട് എന്തു പറ്റി എന്നാലോചിക്കേണ്ടതുണ്ട്. നമ്മുടെ ശാസ്ത്രീയ അന്വേഷണത്തെ ആരാണ് കൊലയ്ക്ക് കൊടുത്തത് ? ജാതിയും ബ്രാഹ്മണ്യവുമാണ് ആ നീച കർമ്മം നിർവ്വഹിച്ചത്. അതുകൊണ്ടാണ് ഇന്നത്തെ അവസ്ഥയെ അവരുടെ രണ്ടാം വരവാണെന്ന് ഞാൻ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ മിടുക്കരായ യുവ പ്രതിഭകൾ ലോക വൈജ്ഞാനിക രംഗത്ത് പാദമുദ്രകൾ അടയാളപ്പെടുത്തുമ്പോൾ ഇവിടെ പുതിയ ബ്രാഹ്മണ്യം നമ്മുടെ ശാസ്ത്രത്തെ ഇരുണ്ട കാലത്തിലേക്ക് വലിച്ചിഴക്കുകയാണ്. അവരുടെ വിഡ്ഢിത്തങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ശാഠ്യം പിടിക്കുകയാണ്! ഇതിനെ എന്തു വില കൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്. ഹൈന്ദവ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ഭീതിദമായ വെല്ലുവിളി ഈ അശാസ്ത്രീയതയുടെ ഊട്ടിയുറപ്പിക്കലാണ്.
യഥാർത്ഥത്തിൽ ഉണ്ടായിരുന്നവയെപ്പറ്റി സംസാരിക്കാനുള്ള കഴിവോ, തയ്യാറെടുപ്പോ അവർക്കില്ല. പകരം മിത്തുകളെ സത്യത്തിന്റെ പരിവേഷമണിയിച്ച് ശാസ്ത്രമെന്ന നിലയിൽ അടിച്ചേല്പിക്കുകയാണ്. പ്രാചീന ഭാരതത്തിന്റെ നേരുകളെ മുക്കിക്കൊല്ലുകയാണ്. ശാസ്ത്രീയത എന്നത് എന്താണെന്ന് തിരിച്ചറിയുവാനുള്ള വിവേകം ഇല്ലാത്ത ഒരു കൂട്ടരിലാണ് അധികാരം വന്നു പെട്ടിരിക്കുന്നത് എന്നാണ് ഇതിൽ നിന്നും ബോദ്ധ്യപ്പെടുന്നത്. ഇന്നലെകളെ അവർ കാണുന്നത് ഇല്ലാത്തത് നിക്ഷേപിക്കുവാനുള്ള ഒരു ചവറ്റുകൊട്ടയായാണ്. അതിന്റെ ദുർഗന്ധമാണ് ഇവിടെയിപ്പോൾ പ്രസരിച്ചു കൊണ്ടിരിക്കുന്നത്. ആ ചവറ്റുകൊട്ടയിൽ നിന്നുള്ള ശാസത്രത്തിന്റെ നിലവിളികൾ നമ്മൾ കേൾക്കാതെ പോവരുത്.
വാൽക്കഷണം: ജെയിംസ് വാട്ട്സണ് 90 വയസ്സായി. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ മോളിക്കുലർ ജീവശാസ്ത്രജ്ഞനാണ്. 1962-ൽ ഡി.എൻ.എയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിന് മെഡിസിനുള്ള നോബൽ പുരസ്കാരം ഫ്രാൻസിസ് ക്രിക്ക്, മോറീസ് വിൽക്കിൻസ് എന്നിവരോടൊപ്പം നേടി. 1968 മുതൽ ന്യൂയോർക്കിലെ കോൾഡ് സ്പ്രിങ്ങ് ഹാർബർ ലബോറട്ടറി ഡയറക്ടറായി ദീർഘകാലം നിലകൊണ്ടു. ഹ്യൂമൺ ജിനോം പ്രൊജക്ടിന് നേതൃത്വം നൽകി. ഈ അടുത്ത ദിവസം കോൾഡ് സ്പ്രിങ്ങ് ലാബ് വാട്ട്സണുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അവർ അദ്ദേഹത്തിനു നൽകിയ എല്ലാ അംഗീകാരങ്ങളും ബഹുമതികളും പിൻവലിക്കുകയും ചെയ്തു. വംശവും ബുദ്ധിയും തമ്മിൽ ബന്ധമുണ്ടെന്ന രീതിയിൽ അദ്ദേഹം നടത്തിയ ‘നിന്ദ്യമായ ‘ പ്രസ്താവനയോടുള്ള പ്രതിഷേധമായാണ് ഈ നടപടി. ഈ പ്രസ്താവനയിലെ വസ്തുത ശാസ്ത്രം അംഗീകരിക്കാത്ത ഒന്നാണ്. അതിനാൽ അത് പറഞ്ഞയാളിനെ അയാൾ എത്ര മഹാനായാലും അംഗീകരിക്കുക വയ്യ. ഇതാണ് ആധുനിക ശാസ്ത്രത്തിന്റെ ആർജ്ജവം. ശാസ്ത്രീയതയിൽ ഒരു തരത്തിലുള്ള നീക്കുപോക്കുകൾക്കും അവർ തയ്യാറല്ല. ഇന്ത്യയിലെ അവസ്ഥയെപ്പറ്റി ഓർത്ത് നമുക്ക് ലജ്ജിക്കാം .