പുതുവര്‍ഷം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുവോ?

“പുരോഗമാനമുഖം രക്ഷിക്കാനുള്ള മറ്റൊരു നീക്കം മാത്രമാണ് വനിതാ മതില്‍. സര്‍ക്കാര്‍ പുരുഷാധിപത്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംഘടിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങ് ഒരിക്കലും ഒരു നവോത്ഥാന പ്രക്രിയ ആവില്ല. ഇതിനു മുന്‍കൈയ്യെടുക്കുന്ന സി.പി.എം. പുരുഷമേധാവിത്തത്തിനു എതിരെ നിലപാടെടുക്കുന്ന ഒരു സംഘടന പോലുമല്ല,” ‘നിറഭേദങ്ങള്‍’ പംക്തിയില്‍ കെ വേണു എഴുതുന്നു

k venu,

കേരളത്തില്‍ നിന്നു നോക്കുമ്പോള്‍ പുതുവര്‍ഷത്തില്‍ വലിയ പ്രതീക്ഷയ്ക്ക് വകയൊന്നുമില്ലെങ്കിലും അഖിലേന്ത്യാതലത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. സമീപകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലമാണ് ആശക്കു വക നല്‍കുന്നത്. മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം ആധിപത്യം ഉറപ്പിക്കാന്‍ കളമൊരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന പ്രചരണം വ്യാപകമായി നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഹിന്ദി മേഖലയുടെ ഹൃദയഭാഗത്ത് തന്നെ നടന്ന വാശിയേറിയ മത്സരത്തില്‍ ബി.ജെ.പി. പരാജയപ്പെടുകയും കോണ്ഗ്രസ് അധികാരത്തില്‍ വരികയും ചെയ്തത്.  അത് ജനാധിപത്യശക്തികള്‍ക്കു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. നാലഞ്ചു മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ സൂചനയാണ് ഈ ഫലങ്ങള്‍ നല്‍കുന്നതെന്ന് ന്യായമായും വിലയിരുത്താവുന്നതെയുള്ളൂ.

Read More: വനിതാ മതിലും കേരളത്തിലെ പെണ്ണവസ്ഥയും

2018 കേരളത്തെ സംബന്ധിച്ചിടത്തോളം പ്രളയത്തിന്‍റെ വര്‍ഷം തന്നെയാണ്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും സംഭവിച്ച പ്രകൃതി ദുരന്തങ്ങളില്‍ ഏറ്റവും വിനാശകാരിയായത് കേരളത്തിലെ പ്രളയമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ വിലയിരുത്തിയിരിക്കുന്നു. അത്രയും വലിയൊരു ദുരന്തത്തെ അസാധാരണമായ ഒത്തൊരുമയും മുന്‍കൈയ്യും പ്രകടമാക്കിക്കൊണ്ടാണ് മലയാളികള്‍ നേരിട്ടതെന്നും ലോകസമൂഹം തന്നെ ശ്രദ്ധിച്ചിരിക്കുന്നു. പക്ഷെ പിണറായി സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ അവതരിപ്പിച്ചിട്ടുള്ള കേരളത്തിന്‍റെ പുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കാന്‍ ഈ ഒത്തൊരുമയും മുന്‍കൈയ്യും ഉപകാരപ്പെടുമെന്ന് ആരെങ്കിലും കണക്കുകൂട്ടുകയാണെങ്കില്‍ ആ പ്രതീക്ഷ അസ്ഥാനത്താവുകയെ ഉള്ളൂ. ഓഖി ഉള്‍പ്പെടെ പല ദുരന്തങ്ങള്‍ക്ക് ശേഷവും ദുരന്ത നിവാരണത്തിനായി അനുവദിക്കപ്പെട്ട ഫണ്ടുകളുടെ സിംഹഭാഗവും ചിലവാക്കപ്പെടാതെ പോയതും വഴിമാറി ചിലവഴിച്ചതുമായ അനുഭവങ്ങളാണ് ഇവിടെയുള്ളതെന്നു ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഫണ്ടുകള്‍ ശരിയായി വിനിയോഗിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥവര്‍ഗത്തിന്‍റെ സാമൂഹ്യവിരുദ്ധസ്വഭാവമാണ് ഈ അവസ്ഥക്ക് കാരണം.k venu,modi

ഉദ്യോഗസ്ഥവര്‍ഗത്തിന്‍റെ അഥവാ ബ്യൂറോക്രസിയുടെ ഈ സ്വഭാവം കേരളത്തിന്‍റെ മാത്രം പ്രശ്നമല്ലെന്ന് പറയാം. മൂന്നാം ലോകരാജ്യങ്ങളിലെ ഉദ്യോഗസ്ഥ വര്‍ഗത്തിന്‍റെ പൊതുസ്വഭാവമാണിതെന്നു കാണാം. പക്ഷേ കേരളത്തില്‍ ഈ വര്‍ഗം അസാധരണമാം വിധം, പ്രത്യേകിച്ചും ഇടതുപക്ഷ നേതൃത്വത്തിന്‍ കീഴില്‍, സംഘടിതരാണ്. അധികാരവും കഴിവും ഉള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും ഇവരെ നിയന്ത്രിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ആദ്യ കാലങ്ങളില്‍ ഇടതുപക്ഷ രാഷ്ട്രീയം സൃഷ്ടിച്ച തരം സാമൂഹ്യ പ്രതിബദ്ധത ചെറിയ തോതിലെങ്കിലും പ്രകടമായിരുന്നെങ്കിലും പില്‍ക്കാലത്ത് അത് പൂര്‍ണമായും അപ്രത്യക്ഷമായതും കാണാം.  നമ്മുടേതു പോലുള്ള ഒരു ജനാധിപത്യ ഘടനയില്‍ ഈ ഉദ്യോഗസ്ഥവര്‍ഗത്തെ കൂടാതെ അധികാരപ്രയോഗം ഒന്നും സാധ്യമല്ല. കേരളത്തിന്‍റെ പുനര്‍ നിര്‍മാണം പോലുള്ള ഒരു ബൃഹത്പദ്ധതിയും ഇവരിലൂടെ തന്നെയേ നടപ്പിലാക്കപ്പെടുകയുള്ളൂ. അവരുടെ കയ്യില്‍ അതെന്താവുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.

2018-ലെ കേരളം അവസാനം ശബരിമലയില്‍ വഴിമുട്ടിനില്‍ക്കുകയാണല്ലോ ഉണ്ടായത്. ഇപ്പോഴും അവിടെ നിന്നു വിടുതല്‍ നേടിയിട്ടുമില്ല. പെട്ടെന്നൊന്നും അതിനുള്ള സാധ്യതയും കാണാനില്ല. മനുഷ്യ ശരീരശാസ്ത്രമെല്ലാം ഏറെ മുന്നേറികഴിഞ്ഞിട്ടുള്ള ഈ കാലഘട്ടത്തില്‍ ആര്‍ത്തവാശുദ്ധി പോലുള്ള ഒരു പ്രാകൃതവിശ്വാസം ഇപ്പോഴും പുലര്‍ത്തുന്ന ഗണ്യമായ ഒരു വിഭാഗം കേരളത്തിലുണ്ടെന്ന് ലോകം മുഴുവന്‍ കണ്ടിരിക്കുകയാണ്. നമ്മുടെ പുരോഗമന മുഖംമൂടിക്കു പിന്നിലെ യാഥാര്‍ത്ഥ്യം ഇതായിരുന്നു എന്നതാണ് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി ഉടനടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും മല കയറാന്‍ ദൃഡനിശ്ചയം ചെയ്തു വന്ന സ്ത്രീകളെപ്പോലും പിണറായിയുടെ പോലീസ് തിരിച്ചയക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പോലീസിനു പരിഹരിക്കാന്‍ കഴിയാത്ത തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൂത്രത്തില്‍ ഭക്തരോടൊപ്പം എന്ന പ്രതീതി സൃഷ്ടിച്ചു വോട്ടുബാങ്ക് സംരക്ഷിക്കാനുള്ള രാഷ്ട്രീയക്കളി മാത്രമാണത്.

Read More: വനിതാ മതിൽ: അറിയേണ്ടതെല്ലാം

k venu,vanitha mathilഈ സാഹചര്യത്തില്‍ പുരോഗമാന മുഖം രക്ഷിക്കാനുള്ള മറ്റൊരു നീക്കം മാത്രമാണ് വനിതാ മതില്‍. സര്‍ക്കാര്‍ പുരുഷാധിപത്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംഘടിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങ് ഒരിക്കലും ഒരു നവോത്ഥാന പ്രക്രിയ ആവില്ല. ഇതിനു മുന്കയ്യെടുക്കുന്ന സി.പി.എം. പുരുഷമേധാവിത്തത്തിനു എതിരെ നിലപാടെടുക്കുന്ന ഒരു സംഘടന പോലുമല്ല. ഇതു പോലൊരു പാര്‍ട്ടിക്ക് ലക്ഷക്കണക്കിന്‌ സ്ത്രീകളെ അണിനിരത്താനാകും. പക്ഷേ അത് സ്ത്രീവിമോചനമോ നവോത്ഥാനമോ ആകില്ല.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊണ്ട സിനിമാരംഗത്തെ സ്ത്രീകൂട്ടായ്മ സിനിമാരംഗത്തുള്ള എല്ലാ വിഭാഗം പ്രവര്‍ത്തകരുടെയും സംഘടനയായ ‘അമ്മ’ക്കുള്ളില്‍ ഒരു തൊഴിലിടത്തിനുള്ളിലെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് ശ്രദ്ധേയമായിരുന്നു.

അങ്ങേയറ്റം ഫ്യൂഡല്‍, പിതൃമേധാവിത്ത ഘടന നിലനിര്‍ത്തുന്ന കേരള ക്രിസ്തീയ സഭയില്‍ കരുത്തനായ ഒരു ബിഷപ്പ്, ഫ്രാങ്കോ മുളക്കല്‍ നടത്തിക്കൊണ്ടിരുന്ന ലൈംഗികാക്രമണത്തിനെതിരെ ഒരു കന്യാസ്ത്രീ ഏതാനും സഹ കന്യാസ്ത്രീകളുടെ പിന്തുണയോടെ നീണ്ട സമരം നടത്തി ബിഷപ്പിനെതിരെ സഭയും പോലീസും നടപടി എടുക്കും വരെ എത്തിച്ചത് കേരളത്തിലെ അവകാശപ്പോരാട്ട ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേട്‌ തന്നെ ആയിരിക്കുന്നു.

ക്രിസ്തീയ സഭക്ക് സമാനമോ അതിനേക്കാള്‍ ഭീകരമോ ആയ പിതൃമേധാവിത്ത ഘടന നിലനിര്‍ത്തുന്ന സി.പി.എമ്മിനുള്ളിലും ഒരു പ്രാദേശിക നേതാവായ പി.കെ.ശശിക്കെതിരെ ഒരു ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് ലൈംഗികപീഡന ആരോപണം ഉന്നയിച്ചപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി അന്വേഷണഷന്‍ ശശിക്ക് ആറു മാസത്തെ സസ്പെന്‍ഷനും പരാതിക്കാരിക്ക് ദുര്‍നടപ്പുകാരിയെന്ന ശകാരവുമാണ് വിധിച്ചത്. ഈ പാര്‍ട്ടിയുടെ പുരുഷമേധാവിത്ത സ്വഭാവമാണ് യാതൊരു മറയുമില്ലാതെ പ്രകടിതമായത്. ത്രിപുരയില്‍ ദീര്‍ഘകാല മേധാവിത്തമുണ്ടായിരുന്ന സി.പി.എമ്മിനെ വേരോടെ പിഴുതെറിഞ്ഞാണ് ബി.ജെ.പി. അധികാരത്തി ലെത്തിയത്. ഈ പാര്‍ട്ടി എന്തു കൊണ്ട് കേരളത്തില്‍ മാത്രമായി ഒതുങ്ങാനിടയായി എന്നു അതിനു സ്വയം കണ്ടെത്താനാവുമെന്ന് തോന്നുന്നില്ല.k venu ,wcc,franko

നേരത്തെ സൂചിപ്പിച്ചതു പോലെ 2018-ലെ ഇന്ത്യ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെങ്കിലും അതിന്‍റെ മറ്റു മുഖങ്ങളും കാണേണ്ടതുണ്ട്. ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന യോഗി ആദിത്യനാഥ് ആദ്യം നടപ്പിലാക്കിയ നടപടികളിലൊന്നു ഒരൊറ്റ പശുവിനെയും കൊല്ലരുതെന്നതായിരുന്നു. ഇപ്പോള്‍ അവിടെ കോടിക്കണക്കിനു പശുക്കളാണ് സംരക്ഷണവും തീറ്റയുമൊന്നും ഇല്ലാതെ നാട്ടിലെങ്ങും അലഞ്ഞു നടക്കുന്നത്. സ്കൂള്‍ കോമ്പൌണ്ടുകളും കെട്ടിടങ്ങളും വരെ പശുക്കളുടെ താവളങ്ങളായി കൊണ്ടിരിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബുലന്ദ്ശഹര്‍ അക്രമങ്ങളെയും കാണേണ്ടത്. ഒരു ഗ്രാമത്തില്‍ കണ്ട പശുക്കളുടെ അവശിഷ്ടങ്ങളാണ് കലാപത്തിലേക്ക് നയിച്ചത്. ഈ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്റ്റര്‍ 2015-ല്‍ ദാദ്രിയില്‍ പശു ഇറച്ചിയുടെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അഖ്ലാഖിന്‍റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണത്രേ. ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്നവയാണ് ഇത്തരം കലാപങ്ങള്‍ പോലും എന്നു കരുതേണ്ടിയിരിക്കുന്നു.

ഈ പശു രാഷ്ട്രീയം ഫലത്തില്‍ ഗ്രാമീണ ജനങ്ങളേയും ഗ്രാമ ജീവിതത്തെ തന്നെയും ആണ് തകര്‍ത്തിരിക്കുന്നത്. രാജസ്ഥാനിലും ചത്തീസ്ഘട്ടിലും മദ്ധ്യപ്രദേശിലും എല്ലാം കണ്ടതു പോലെ ആസന്നമായ തിരഞ്ഞെടുപ്പില്‍ ഗ്രാമീണ ജനങ്ങള്‍ ഇന്ത്യയിലെമ്പാടും തന്നെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ ന്യായമുണ്ട്. ഇത്തരം സാഹചര്യം ഏറ്റവും രൂക്ഷമായ രീതിയില്‍ ഉരുത്തിരിഞ്ഞിട്ടുളത് ഉത്തര്‍പ്രദേശിലും ബീഹാറിലുമാണ്. 2014-ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നിരുന്നെങ്കില്‍ ബി.ജെ.പി.ക്കു തൂത്തുവാരാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ ബീഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാസഖ്യമുണ്ടാക്കുകയും അത് മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ശുഭോദര്‍ക്കമാണ്. എങ്കിലും അധികാര രാഷ്ട്രീയത്തിന്‍റെ തലത്തിലുള്ള ഇടുങ്ങിയ കിട മത്സരങ്ങളും വിഭാഗീയതകളുമെല്ലാം ഈ ഐക്യശ്രമങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് കാണാനിരിക്കുന്നതെയുള്ളൂ.

ഇന്ത്യന്‍ സാഹചര്യത്തില്‍ നിഷേധാത്മകഘടകങ്ങള്‍ പലതുമുണ്ടെങ്കിലും 2019 പ്രതീക്ഷ നല്‍കുന്ന വര്‍ഷം തന്നെയാണ്. സെമിഫൈനലായി കണക്കാക്കപ്പെട്ട അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് ആസന്ന മായ ’19-ലെ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ തുരങ്കം വെക്കുന്ന ഒരു സന്ദര്‍ഭമായി മാറുമോ എന്ന ആശങ്ക ഗണ്യമായ വിഭാഗം ജനങ്ങളെ അസ്വസ്തപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സെമിഫൈനല്‍ ഫലം ആ ആശങ്കക്കു വലിയൊരു പരിധി വരെ വിരാമമിട്ടിരിക്കുന്നു. മതേതര ജനാധിപത്യ ഇന്ത്യ വേരുറപ്പിച്ചു നിലനില്‍ക്കുമെന്ന പ്രതീക്ഷ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യസ്വഭാവം ഊട്ടി ഉറപ്പിക്കാന്‍ കഴിയും വിധം സുപ്രീം കോടതി ഈ വര്‍ഷം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധങ്ങളില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് സുപ്രീം കോടതി എടുത്തു കളഞ്ഞതോടെ സാധാരണ ലൈംഗികബന്ധങ്ങള്‍ക്കു സ്വാഭാവികത ലഭിച്ചിരിക്കുന്നു. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കിയതും സമാനസ്വഭാവത്തിലുള്ള ഇടപെടലാണ്.

ലോകസാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനുഷ്യസമൂഹത്തിന്‍റെ ഭാവിയെക്കുറിച്ച് ഒരു വീക്ഷണവും പുലര്‍ത്താത്ത, ഒരു സാദാ ബിസിനസ്സ്കാരന്‍ മാത്രമായ അമേരിക്കന്‍ പ്രസിഡന്‍റ് ഡോനാല്‍ഡ ട്രമ്പ്‌ തന്‍റെ ശൈലിയില്‍ തന്നെ ഭരണം നടത്തുന്നത് കാണാം. അവിടെ ലോകരാഷ്ട്രീയത്തിനു വലിയ പ്രസക്തിയില്ല. ലോക നിലവാരത്തില്‍ എടുത്തു പറയേണ്ട സംഗതി രണ്ട് കൊറിയകള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചതാണ്. തെക്കന്‍ കൊറിയയുടെ മുന്‍കയ്യില്‍ അമേരിക്കയുടെ സഹകരണത്തോടെയാണ് അത് സംഭവിച്ചതെങ്കിലും വടക്കന്‍ കൊറിയന്‍ യുവനേതാവ് ഉന്നിന്‍റെ തനതായ ചില കണക്കുകൂട്ടലുകളാണ് സമാധാനത്തിലേക്ക് നയിച്ചതെന്ന് കാണാം.

ചൈനയുടെ വൺ  റോഡ്‌ വൺ  ബെല്‍ട്ട്‌ പദ്ധതിയുമായി ലോകവ്യാപാര രംഗം മുഴുവന്‍ കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക്‌ നല്ല പ്രതികരണമല്ല ലോക സമൂഹത്തില്‍ നിന്നു ലഭിച്ചിട്ടുള്ളത്. എല്ലാവരും ആശങ്കയോടു കൂടിയാണ് അതിനെ നോക്കികാണുന്നത്. അതില്‍ നിന്നു വിട്ടു നില്‍ക്കാതെ അതിനെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് നോക്കുകയാണ് ഇന്ത്യക്ക് ചെയ്യാനുള്ളത്.

ലോകരാഷ്ട്രീയത്തിനപ്പുറത്തു ലോകസമൂഹത്തിനു ഗുണകരമായ ചില സംഭവവികാസങ്ങളെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് പറയുന്നത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു മനുഷ്യ സമൂഹം കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കിയിരിക്കുന്നു എന്നും ശാസ്ത്രജ്ഞര്‍ ധ്രുവങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്നുമാണ്. മറ്റൊരു റിപ്പോര്‍ട്ട് കാണിക്കുന്നത് സൗരോര്‍ജം ഉള്‍പ്പെടെയുള്ള ഹരിതോര്‍ജങ്ങളുടെ വില പടിപടിയായി കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നും എണ്ണയില്‍നിന്നും വാതകത്തില്‍ നിന്നും ഉള്ള ഊര്‍ജത്തിന്‍റെ വിലയേക്കാള്‍ അത് കുറവാണെന്നുമാണ്.  ഒരു ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ 2015-ല്‍ ലോകജനസംഖ്യയുടെ 10 ശതമാനമായിരുന്നെങ്കില്‍ 2018-ല്‍ അത് 8.6 ശതമാനമായി കുറഞ്ഞിരിക്കുന്നു. ശ്രദ്ധേയമായ ഒരു നേട്ടമാണിതെന്ന കാര്യത്തില്‍ സംശയമില്ല.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Indian politics 2019 elections narendra modi bjp congress cpm k venu

Next Story
വനിതാ മതിലും കേരളത്തിലെ പെണ്ണവസ്ഥയുംn e sudheer, vanitha mathil, women wall, vanitha mathil time, vanitha mathil time and date, vanitha mathil route, vanitha mathil holiday, vanitha mathil malayalam, vanitha mathil kerala, women's wall, sabrimala protest, sabrimala verdict, sabrimala verdict implementation, Vanitha Mathil, Kerala Vanitha Mathil, വനിതാ മതിൽ, കേരള വനിതാ മതിൽ, വനിതാ മതിൽ ഫോട്ടോസ്, വനിതാ മതിൽ വീഡിയോ, എന്താണ് വനിതാ മതിൽ, What is Vanitha Mathil, Why Vanitha Mathil, Vanitha Mathil Photos, Vanitha Mathil Videos, വനിതാ മതിൽ വാർത്തകൾ, Vanitha Mathil News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com