ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യത്തിലെ രാഷ്ട്രീയം പക്വമാവുന്നത് അതില്‍ എതിരാളികളായി പങ്കെടുക്കുന്നവര്‍ തമ്മിലുള്ള പരസ്പരധാരണയും പരസ്പര ബഹുമാനവും ഉയര്‍ത്തിപ്പിടിക്കുക എന്നതടക്കമുള്ള ചില അലിഖിതമായ നിയമങ്ങള്‍കൂടി പാലിക്കപ്പെടുമ്പോഴാണെങ്കില്‍, ഈ ദിനം അസ്വസ്ഥാജനകമായിരുന്നു എന്ന് പറയേണ്ടി വരും. ഗുജറാത്തിലെ ബനസ്കന്ധ ജില്ലയില്‍ ഞായറാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച ചില വ്യംഗ്യാര്‍ത്ഥപ്രയോഗങ്ങള്‍, അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിനും പദവിയ്ക്കും നിരക്കാത്തതായിരുന്നു.

സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പിറ്റേന്നാണ് ഒരു മുന്‍ പാകിസ്ഥാനി സൈനിക മേധാവി, അഹ്മദ് പട്ടേലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനു പിന്തുണ നല്‍കിക്കൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ‘അനാവശ്യ താല്പര്യം’ കാണിച്ചു എന്ന ആരോപണം മോദി ഉന്നയിച്ചത്. മാത്രമല്ല, ഈ തെരഞ്ഞെടുപ്പിനിടയില്‍ കോൺഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വസതിയില്‍ വെച്ച് ഒരു മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സൈനിക മേധാവി എന്നിവര്‍ ഒരു പാകിസ്ഥാന്‍ ദൗത്യസംഘവുമായി അത്താഴവിരുന്നിനിടെ രഹസ്യ കൂടിക്കാഴ്ച നടത്തി എന്നും അദ്ദേഹം ആരോപിച്ചു.

ഒരൊറ്റ വാചകത്തില്‍ പാകിസ്ഥാനെയും കോൺഗ്രസ്സിനെയും അവരുടെ മുസ്ലിമായ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയും ചേര്‍ത്ത് വെച്ചത് ഇവര്‍ തമ്മില്‍ ഒരജ്ഞാതവും അവിശുദ്ധവും ദേശ വിരുദ്ധവും ആയ ഗൂഡാലോചന നിലനില്‍ക്കുന്നു എന്ന് പ്രഖ്യാപിക്കാനായിരുന്നു എന്നത് ഭീദിതമായ രീതിയില്‍ വ്യക്തമാണ്. തന്റെ രാഷ്ട്രീയ എതിരാളിയെ ദേശസ്നേഹമില്ലാത്തയാളായി മുദ്രകുത്തുന്നതിന് വേണ്ടി തന്റെ പരമോന്നത പദവിയുടെ മുഴുവന്‍ ശക്തിയും, ഇന്ത്യയില്‍ മുഴുവന്‍ മുസ്ലീംങ്ങളെയും പാകിസ്ഥാന്‍ അനുകൂലികളായി ചിത്രീകരിക്കുന്ന സ്റ്റീരിയോടൈപ്പിനു ന്യായീകരണം നല്‍കുന്ന വിധത്തില്‍ ഉപയോഗിച്ചു എന്നത് തീര്‍ത്തു ലജ്ജാകരമായ രാഷ്ട്രീയ നീക്കമായിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ജയിച്ചാലും ഇല്ലെങ്കിലും ഈ പ്രചാരണ പ്രസംഗം അവധാനതയോടെ സൂക്ഷ്മമായി ചിന്തിക്കാനുള്ള ഒരവസരമാണ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണകാലത്ത് മുസ്ലീം സമുദായത്തെ അന്യവല്‍കരിച്ചുകൊണ്ടും ദേശവിരുദ്ധരും ശത്രുക്കളുമായി ചിത്രീകരിച്ചുകൊണ്ടും ഉണ്ടായ പല പ്രസ്താവനകളും പ്രധാനമന്ത്രിയുടെ പദവിക്ക് കളങ്കം ചാര്ത്തിയിരുന്നു. എന്നാല്‍, ഒരു പരിധിവരെ അതില്‍നിന്നും അകലം പാലിക്കാനും ഉത്തരവാദിത്തം തള്ളിക്കളയാനും കഴിഞ്ഞിരുന്നു.
ബി.ജെ.പി. പോലൊരു വലിയ പാര്‍ട്ടിയില്‍ നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനു വെളിയില്‍ പ്രവര്‍ത്തിക്കുന്ന അനേകം ചെറിയ സംഘങ്ങളാവം ഇതിന്റെയൊക്കെ പിന്നിലെന്നും പറയാമായിരുന്നു. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ പ്രചരണം നടത്തിയ മോദി ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മിലടിക്കാതെ ഒരുമിച്ച് ദാരിദ്ര്യത്തിനതിരെ പോരാടണമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ബീഹാറിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഇതാവർത്തിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇവിടെ ബി.ജെ.പി. തോറ്റാല്‍ പാകിസ്ഥാനില്‍ പടക്കം പൊട്ടിച്ചാഘോഷിക്കുമെന്ന അമീത്ഷായുടെ വിവാദ പ്രസ്താവനയ്ക്ക് പോലും പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും തമ്മില്‍ വ്യത്യാസമില്ലെന്ന തോന്നല്‍ ഉണ്ടാക്കാനായില്ല.

പ്രതീക്ഷാവഹമായിരുന്ന ആ വ്യത്യാസത്തെ അപായപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ ഇക്കഴിഞ്ഞ പ്രസ്താവന. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന അത്താഴ വിരുന്നിനെ കുറിച്ചു മോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ അതില്‍ സംബന്ധിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള അതിഥികളെല്ലാം നിഷേധിച്ചിട്ടുണ്ട്. ചര്‍ച്ചകളിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നുല്ലെന്ന് അവര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈ മറുപടികള്‍ക്കെതിരെ രംഗത്തുവന്നെങ്കിലും ഉണ്ടായ ക്ഷതം ഇനി മാറ്റാനാവില്ല. ഈ മുറിവ് ആഴവും വ്യാപ്തിയും ഉള്ളതാണ്. ഭാവിയില്‍ സംഭവിക്കാവുന്ന ഒരു വര്‍ഗീയ അക്രമത്തില്‍, മറ്റൊരു ശംഭുലാല്‍ രേഗര്‍ ഭരണകൂടത്തിന്റെ സഹായത്തോടെ നിയമത്തിന്റെ പിന്നില്‍ ഒളിച്ചിരിക്കുമ്പോള്‍, പ്രധാനമന്ത്രിയുടെ മൗനത്തെ നമുക്ക് കൂടുതല്‍ ഉച്ചത്തില്‍ വിചാരണ ചെയ്യാനാകും, അഥവാ ചെയ്യേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ