സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ 75 -ാം വര്‍ഷത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം. അഭിമാനകരമായ ആഘോഷത്തിനും ആഴത്തിലുള്ള പ്രതിഫലനത്തിനും പുതുക്കിയ പ്രതിബദ്ധതകള്‍ക്കുമുള്ള അവസരമാണിത്. നാനാത്വത്താല്‍ ഐക്യപ്പെട്ട, നമ്മുടെ സമ്പന്നമായ ചരിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട, വിധിയില്‍ നമ്മുടെ ശരിയായ സ്ഥാനം തേടുന്ന ആധുനിക ഇന്ത്യയ്ക്ക് അടിത്തറ പാകിയതും സമൃദ്ധവും സ്വരച്ചേര്‍ച്ചയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ജനാധിപത്യ രാഷ്ട്രത്തെ ഇച്ഛാശക്തിയോടെ വിഭാവനം ചെയ്തതുമായ ആളുകളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കാനുള്ള അവസരമാണിത്.
മഹാത്മാഗാന്ധിയുടെ അചഞ്ചലമായ ധാര്‍മിക നേതൃത്വവും സത്യത്തിനും അഹിംസയ്ക്കും സാമുദായിക സൗഹാര്‍ദത്തിനും അന്ത്യോദയയ്ക്കുമുള്ള സമര്‍പ്പണവും; തന്റെ ആദര്‍ശനിഷ്ഠയിലൂടെ ഇന്ത്യയ്ക്കു ലോക വേദിയില്‍ ആദരണീയമായ ഇടം നേടിക്കൊടുത്ത ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജനാധിപത്യം, സമ്പദ്വ്യവസ്ഥ, പൊതു സ്ഥാപനങ്ങള്‍ എന്നിവ പടുത്തുയര്‍ത്തുന്നതിനുള്ള അശ്രാന്ത പരിശ്രമങ്ങള്‍; 560ല്‍ അധികം നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച് ഒറ്റ രാഷ്ട്രം രൂപീകരിക്കാനുള്ള സര്‍ദാര്‍ പട്ടേലിന്റെ ഉറച്ച തീരുമാനം; സുഭാഷ് ചന്ദ്രബോസിന്റെ ദേശീയ ആസൂത്രണ സമിതിയുടെ നേതൃത്വവും സൈനിക ശക്തിയിലെ ഊന്നലും; അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ നീതി, സ്വാതന്ത്ര്യം, വിമോചനം എന്നിവയ്ക്കായി പ്രതിജ്ഞാബദ്ധമായ നമ്മുടെ ഭരണഘടനയ്ക്കു ബാബാസാഹെബ് അംബേദ്കര്‍ രൂപം നല്‍കിയത് എന്നിവ ഉള്‍പ്പെടെയുള്ള നമ്മുടെ രാഷ്ട്രസ്ഥാപകരുടെ സംഭാവനകളെ നാം ആദരിക്കുന്നു.
ആഴത്തില്‍ വേരുകളുള്ള, ഊര്‍ജസ്വലമായ ജനാധിപത്യത്തെ നാം മുക്കാല്‍ നൂറ്റാണ്ടിലേറെയായി പരിപോഷിപ്പിച്ചു. ഭക്ഷ്യോല്‍പ്പാദനത്തില്‍ നാം സ്വയം പര്യാപ്തത കൈവരിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്ന് നാം സൃഷ്ടിച്ചു. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നും രോഗങ്ങളില്‍നിന്നും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ നാം മോചിപ്പിച്ചു. ഏറ്റവും വലുതും ശക്തവുമായ സൈന്യങ്ങളിലൊന്നും മുന്‍പേ നടക്കുന്ന ബഹിരാകാശ ദൗത്യവും നാം പ്രാവര്‍ത്തികമാക്കി. എന്നിട്ടും, നമ്മുടെ വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഇനിയും എത്രത്തോളം മുന്നോട്ടുപോകാനുണ്ടെന്ന് നാം മനസിലാക്കുന്നു. നിര്‍ഭാഗ്യവശാല്‍, സമീപ വര്‍ഷങ്ങളില്‍ വിവിധ തലങ്ങളില്‍ നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയുടെ നേര്‍വിപരീതമാണ് കണ്ടത്.
അടുത്തിടെ സമാപിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം, പാര്‍ലമെന്ററി പ്രക്രിയകളോടും സമവായവും ഉണ്ടാക്കുന്നതിനോടുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവജ്ഞ പ്രകടമാക്കുന്നു. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍, ഭരണഘടനാപരമായ പദവിയിലുള്ളവര്‍, രാഷ്ട്രീയ എതിരാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്താന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത്, പണപ്പെരുപ്പം കുതിച്ചുയരുന്നത്, തൊഴിലില്ലായ്മ എന്നിവയുള്‍പ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള അവസരം പ്രതിപക്ഷത്തിന് ആവര്‍ത്തിച്ച് നിഷേധിക്കപ്പെട്ടു.
സഭയില്‍ ചര്‍ച്ചയോ ബന്ധപ്പെട്ട സമിതിയുടെ പരിശോധനയോ ഇല്ലാതെ നിയമങ്ങള്‍ പാസാക്കപ്പെടുന്നത് കഴിഞ്ഞ ഏഴ് വര്‍ഷമായി വര്‍ധിച്ചുവരികയാണ്. ഇത് പാര്‍ലമെന്റിനെ റബര്‍ സ്റ്റാമ്പാക്കി മാറ്റുന്നു. ജനവിധികളെ മാനിക്കാതെ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ചു. മാധ്യമങ്ങളെ ആസൂത്രിതമായി ഭീഷണിപ്പെടുത്തുകയും അധികാരത്തോട് സത്യം സംസാരിക്കാനുള്ള ഉത്തരവാദിത്തം മറക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. ഉത്തമ ജനാധിപത്യത്തിന്റെ ഘടന നല്‍കാന്‍ ശ്രദ്ധാപൂര്‍വം കെട്ടിപ്പടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി അധിപ്പതിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. നമ്മുടെ ജനങ്ങളുടെ തുല്യതയ്ക്കും നീതിക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള നിഷേധിക്കപ്പെടാനാവാത്ത അവകാശത്തിന് പ്രാധാന്യം നല്‍കുന്ന മൂല്യങ്ങള്‍ ഇല്ലാതാക്കുന്നു.
നിര്‍ഭാഗ്യവശാല്‍, 75 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സാമ്പത്തികത്തകര്‍ച്ചയ്ക്കു നാം സാക്ഷികളായി. സമീപ വര്‍ഷങ്ങളില്‍ കെട്ടിപ്പടുത്ത സാമ്പത്തിക മുന്നേറ്റം കോവിഡ് -19 മഹാമാരി ഇന്ത്യയെ ബാധിക്കുന്നതിനു മുന്‍പ് തന്നെ നഷ്ടപ്പെട്ടു. സാമ്പത്തിക യുക്തിയില്ലാത്ത തെറ്റായ ഉപദേശങ്ങളാണ് ഇതിനു കാരണം. നമ്മുടെ ഏറ്റവും ദുര്‍ബലരായ കുടുംബങ്ങള്‍, സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കര്‍ഷകര്‍, തൊഴിലന്വേഷിക്കുന്ന യുവജനങ്ങളിലും കുടിയേറ്റ തൊഴിലാളികളായി വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ സമൂഹത്തിന്റെയും ഉല്‍പ്പാദന പ്രക്രിയകളുടെയും സുപ്രധാന ഭാഗമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദശലക്ഷക്കണക്കിനു പേരിലും സാമ്പത്തിക മാന്ദ്യം ഭയാനകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. അതിവേഗം വളര്‍ച്ച കാണിക്കുന്ന ഇടത്തരം വിഭാഗത്തിലുള്ളവര്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും പോഷകാഹാരക്കുറവും വഷളായതിനാല്‍ കഷ്ടപ്പെട്ടു. അടുപ്പക്കാരായ ചുരുക്കം ചിലരൊഴികെ എല്ലാ തട്ടുകളിലെയും സംരംഭകര്‍ ദുരിതത്തിലാണ്. പക്ഷേ, ജനങ്ങള്‍ക്ക് നേരിട്ട് പണം കൈമാറിക്കൊണ്ട് ഈ സൂചനകള്‍ ശ്രദ്ധിക്കാനോ കൂടിയാലോചിക്കാനോ സമ്പദ്വ്യവസ്ഥയ്ക്കു പ്രയോജനകരമായ തരത്തില്‍ ഉത്തേജനം നല്‍കാനോ സര്‍ക്കാര്‍ വിസമ്മതിക്കുന്നു. എല്ലാത്തരം ഇന്ധനങ്ങളുടെയും ഉയര്‍ന്ന നികുതി മുതല്‍ വ്യാപകമായ വരുമാന നഷ്ടം വരെ ഭാരം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ആരോഗ്യ പരിപാലന കാര്യത്തിലെ പതിറ്റാണ്ടുകളുടെ പുരോഗതി, പകര്‍ച്ചവ്യാധിയെ നേരിടുന്നതിലെ പിടിപ്പുകേട മൂലം നേര്‍ വിപരീതാവസ്ഥയിലാണ്. അമിതമായ ആത്മവിശ്വാസത്തിന്റെയും മോശം ആസൂത്രണത്തിന്റെയും ഫലമായി ജീവിതവും ഉപജീവനമാര്‍ഗവും തകര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാവെന്നതില്‍ ന്യായമായും നാം അഭിമാനിക്കുന്നു. എന്നിട്ടും, ഓര്‍ഡറുകള്‍ നല്‍കുന്നതിലെ അമിതമായ കാലതാമസം കാരണം, പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് ലഭിച്ച നമ്മുടെ ജനസംഖ്യാ ശതമാനം വളരെ കുറവാണ്. ഇത് ജനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ പാടുപെടുന്ന സമയത്ത് ഭാവി തരംഗങ്ങള്‍ക്ക് നാം ഇരകളാകാന്‍ വിടുന്നു. ആഴത്തിലുള്ളതും ദീര്‍ഘകാലത്തേക്കുള്ളതുമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന തരത്തില്‍ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം പോലും തടസപ്പെട്ടു.
ഹരിത വിപ്ലവത്തിന്റെ വിജയത്തിനു ചുക്കാൻ പിടിച്ച നമ്മുടെ കര്‍ഷകര്‍ നിരവധി മാസങ്ങളായി പ്രതിഷേധത്തിലാണ്. എന്നാല്‍ അവരുടെ ന്യായമായ ആശങ്കകള്‍ വകവയ്ക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ പട്ടിണി കിടക്കുന്നില്ലെന്ന് നാം ഉറപ്പാക്കണം. കൃഷിയെ സാമ്പത്തികമായും പാരിസ്ഥിതികമായും കൂടുതല്‍ സുസ്ഥിരമാക്കണം.
സ്വതന്ത്രമായതു മുതല്‍ ഫെഡറലിസം നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിര്‍ണായക സവിശേഷതയാണ്. നാം പരിപോഷിപ്പിച്ച ഫെഡറല്‍ മനോഭാവം സഹവര്‍ത്തിത്വവും സഹകരണവും വൈവിധ്യത്തെയും പ്രാദേശിക അഭിലാഷങ്ങളെയും ബഹുമാനിക്കുന്നതുമാണ്. പതിറ്റാണ്ടുകളുടെ പരിശ്രമത്തിന്റെ ശ്രമഫലമായാണു ചരക്ക് സേവന നികുതി (ജിഎസ്ടി) സമ്പ്രദായം നടപ്പാക്കിയത്. നമ്മുടെ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിച്ചു. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്ന കേന്ദ്രത്തിന്റെ പങ്കിടാനാകാത്ത സെസുകളുടെ ഉപയോഗത്തിലൂടെ സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിന്റെ ശരിയായ വിഹിതം നഷ്ടപ്പെടുന്നു. സംസ്ഥാനങ്ങള്‍ക്കു കുറഞ്ഞ തുക കൊടുക്കുകയെന്നത് ദീര്‍ഘവീക്ഷണമില്ലാത്ത നയമാണ്. ഇത് നമ്മുടെ ഫെഡറല്‍ ഘടനയെ പൊള്ളയാക്കുകയും വിവിധ പരിപാടികളുടെയും പദ്ധതികളുടെയും നടപ്പാക്കലിനെ തടസപ്പെടുത്തുകയും ചെയ്യുന്നു.
നിയമങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ദുരുപയോഗമാണ് സമീപകാലത്തെ മറ്റൊരു അപകടകരമായ പ്രവണത. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമങ്ങളും തീവ്രവാദികളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള നിയമങ്ങളും പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്ന ആര്‍ക്കെതിരെയും ദുരുപയോഗം ചെയ്യപ്പെടുന്നു. വ്യാജ വീഡിയോകള്‍, കെട്ടിച്ചമച്ച തെളിവുകള്‍, വ്യാജ ടൂള്‍കിറ്റുകള്‍ എന്നിവയെല്ലാം വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഭീഷണിയുടെയും തെറ്റായ വിവരങ്ങളുടെയും ആയുധങ്ങളായി മാറുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അയഞ്ഞ സമീപനം സ്വീകരിക്കുകയാണു പതിവ്. എന്നാല്‍, ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ അടിത്തറയില്‍ തന്നെ ഭീതി ജനിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും ഇത്തരം നീക്കങ്ങള്‍ ലക്ഷ്യമിട്ടു.
നമ്മുടെ സ്വപ്‌നങ്ങളിലെ ഇന്ത്യയിലേക്കുള്ള പതിറ്റാണ്ടുകളുടെ പുരോഗതിക്കു ശേഷം, എന്തുകൊണ്ടാണ് നമ്മുടെ ജനാധിപത്യം അപകടത്തിലാകുന്നത്? വ്യക്തമായ നേട്ടങ്ങള്‍ അധികാരത്തിലുള്ളവര്‍ക്കു മാത്രം പ്രയോജനം ലഭിക്കുന്നതിന് പൊള്ളയായ മുദ്രാവാക്യങ്ങള്‍, ഇവന്റ് മാനേജ്‌മെന്റ്, ബ്രാന്‍ഡ് ബില്‍ഡിങ് എന്നിവയാല്‍ ഭരണച്ചെലവില്‍ മാറ്റിസ്ഥാപിക്കപ്പെട്ടതു കൊണ്ടാണിത്. അര്‍ത്ഥവത്തായ പ്രവര്‍ത്തനത്തിനുമേല്‍ പ്രതീകാത്മകത വിജയകാഹളം മുഴക്കിയതിനാലാണിത്. ജനാധിപത്യത്തെ സ്വേച്ഛാധിപത്യം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനാലാണിത്. പാര്‍ലമെന്റ് മന്ദിരത്തെ മ്യൂസിയമാക്കി മാറ്റുന്നുവെന്നതാണ് ഇന്നത്തെ പ്രതീകാത്മകതയും യാഥാര്‍ത്ഥ്യവും.
സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിയഞ്ചാം വര്‍ഷം ആരംഭിക്കുമ്പോള്‍, നമ്മുടെ റിപ്പബ്ലിക്കിന് സംഭവിച്ച നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ സ്വാതന്ത്ര്യസമര സേനാനികളോട് നാം കടപ്പെട്ടിരിക്കുന്നു. അവര്‍ വളരെയധികം ത്യാഗം ചെയ്തു നേടിത്തന്ന സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും നാം പോരാടണം. ദാരിദ്ര്യം, വിവേചനം, രോഗം എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് പൂര്‍ണവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിനു നമ്മുടെ കോടിക്കണക്കിനു സഹജീവികളെ സഹായിക്കാന്‍ നാം കാരുണ്യം കാണിക്കേണ്ടതുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വിമോചനാത്മക ദര്‍ശനവാദം മാറ്റിവയ്ക്കുന്നതുമായ ഇടുങ്ങിയതും വിഭാഗീയവും മുന്‍വിധിയും വിവേചനവും നിറഞ്ഞ ലോകവീക്ഷണമുള്ളതുമായ ആളുകളെ നേരിടാന്‍ നാം അവരില്‍നിന്ന് ധൈര്യം നേടേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഒരു സംഭാവനയും നല്‍കാത്തവരുടെ, നമ്മുടെ ബിംബങ്ങളെ തട്ടിയെടുക്കാനുള്ള പൊള്ളയായ ശ്രമങ്ങളിൽ നാം സ്വാധീനിക്കപ്പെടരുത്. അവര്‍ ഗാന്ധിജിയുടെ കണ്ണട കടം വാങ്ങിയേക്കാം, പക്ഷേ നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഗോഡ്സെയുടേതാണ്. ഭിന്നിപ്പിക്കല്‍ പ്രത്യയശാസ്ത്രത്തെ നമ്മുടെ സ്ഥാപകര്‍ 74 വര്‍ഷം മുന്‍പ് തള്ളിക്കളഞ്ഞു, നാമത് ഒരിക്കല്‍ക്കൂടി തള്ളിക്കളയണം.
ഐക്യവും യോജിപ്പും കരുത്തുമുള്ള ഇന്ത്യയ്ക്ക് ആഗോള വേദിയില്‍ വലിയ പങ്കുണ്ട്. തന്റെ സുപ്രധാനമായ ‘ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തില്‍, ലോകത്തെ ഒറ്റപ്പെട്ട ശകലങ്ങളായി വിഭജിക്കാനാകില്ലെന്നും സമാധാനം അവിഭാജ്യമാണെന്നും പറഞ്ഞ നെഹ്റു സ്വാതന്ത്ര്യം, സമൃദ്ധി, ദുരന്തം എന്നിവയുടെ കാര്യത്തിലും അടിവരയിട്ടു. കോവിഡ് -19 ഉം കാലാവസ്ഥ വ്യതിയാനവും ബാധിച്ച ലോകത്ത്, ഈ വെല്ലുവിളികളോടുള്ള ഇന്ത്യയുടെ പ്രതികരണം ലോകത്തിനു നിര്‍ണായകമാകും.
മുന്നോട്ടുപോകുമ്പോള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നമ്മുടെ നാഗരിക തത്വങ്ങളും നീതിക്കും സമത്വത്തിനുമുള്ള നമ്മുടെ സ്ഥാപകരുടെ സമര്‍പ്പണവും ഉള്‍ക്കൊള്ളാനുള്ള പ്രതിബദ്ധത പുതുക്കാം. ജനങ്ങള്‍ക്കു പരിവര്‍ത്തനപരമായ ഭാവി സൃഷ്ടിക്കുന്നതിനുവേണ്ടി അത്യസാധാരണമായ അസമത്വം മറികടക്കാന്‍ നമ്മെ പ്രാപ്തരാക്കിയ ഇതാണ് നമ്മുടെ ശക്തി. എണ്ണമറ്റ ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും വംശീയതകളുമുള്ള ഒരു രാജ്യം വൈവിധ്യങ്ങള്‍ ആഘോഷിച്ചുകൊണ്ടു തന്നെ അഭിവൃദ്ധി പ്രാപിക്കുന്നതെങ്ങനെയെന്ന് ഇന്ത്യ ലോകത്തിനു കാണിച്ചുകൊണ്ടേയിരിക്കണം. ഊര്‍ജസ്വലമായ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇന്ത്യയുടെ റെക്കോര്‍ഡ് മറ്റ് രാജ്യങ്ങള്‍ക്ക് ദീപസ്തംഭമായിരിക്കണം. വളര്‍ച്ചയെ നീതിയുമായി സന്തുലിതമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ വിജയം പ്രദര്‍ശിപ്പിക്കണം. ആദര്‍ശപരമായ വീക്ഷണങ്ങള്‍ ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ഇന്ത്യ തെളിയിക്കണം.
- കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായ സോണിയ ഗാന്ധി എഴുതിയ ഈ ലേഖനം ‘ഇന്‍ നീഡ് ഓഫ് റിപ്പയര്‍’ എന്ന പേരില്‍ ഓഗസ്റ്റ് 16ന് ഇന്ത്യന്‍ എക്‌സ്‌പ്രസ് പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്