അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അപ്രതീക്ഷിതമായിരു ന്നില്ല. ചെറിയ വ്യത്യാസങ്ങളോടെ പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത് തന്നെ. രാജസ്ഥാനില്‍ കോൺഗ്രസ് വന്‍ വിജയം നേടുമ്പോള്‍ മധ്യപ്രദേശിലും ചത്തീസ്ഗഡിലും കഷ്ടിച്ചു കടന്നുകൂടുമെന്നാണ് കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നത്. സംഭവിച്ചതാകട്ടെ ചത്തീസ്ഗഡില്‍ കോൺഗ്രസ് തൂത്തു വാരുകയും മറ്റു രണ്ടിടത്തും കഷ്ടിച്ച് കടന്നു കൂടുകയും ചെയ്തിരിക്കുന്നു. തെലുങ്കാനയില്‍ ടി.ആര് എസ്. വിജയം പ്രതീക്ഷിച്ചത് തന്നെ. മിസോറാമില്‍ കോൺഗ്രസ്സിന് ഇത്ര വലിയ പ്രഹരം പ്രതീക്ഷിച്ചിരുന്നുമില്ല. എങ്കിലും മൊത്തത്തില്‍ പ്രകടമായ പ്രവണത അപ്രതീക്ഷിതം എന്ന് പറയാനാവില്ല.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സംഭവ ങ്ങളാണ്. അനവധി ഭാഷകളും മതങ്ങളും ജാതികളുമെല്ലാം കൊണ്ട് അങ്ങേയറ്റം സങ്കീര്‍ണമായ അതിബൃഹത്തായ ഈ സമൂഹത്തില്‍ ലോക ത്തിലെ ഏറ്റവും മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഒന്നാണ് കൃത്യമായി നടന്നുകൊണ്ടിരിക്കുന്നത് എന്നതാണ് ഈ ശ്രദ്ധയ്ക്ക് കാരണം. ഈ അഞ്ച്, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തന്നെ ലോകനിലവാരത്തില്‍ നോക്കിയാല്‍ ഒരു വലിയ രാജ്യത്തിലെ തിരഞ്ഞെടുപ്പിനു സമാനമാണ്.
ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അല്‍പ്പം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഓരോ സംസ്ഥാനത്തിലെയും വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ധാരണയോടു കൂടി തന്നെയാണ് വോട്ടു ചെയ്യുന്നതെന്ന് കാണാവുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ തയ്യാറെടുപ്പുകളെയും സമീപനങ്ങളെയും മനസ്സിലാക്കി തന്നെയാണ് ജനങ്ങള്‍ തങ്ങളുടെ തീരുമാനമെടുക്കുന്നത്. ചത്തീസ്ഗഡിന്റെ കാര്യം തന്നെ നോക്കാം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാവോയിസ്റ്റ് ആക്രമണത്തില്‍ അവിടത്തെ കോൺഗ്രസ് നേതൃത്വനിരയിലെ പ്രമുഖരെല്ലാം കൊല്ലപ്പെടുകയുണ്ടായി. അവശേഷിച്ച പ്രമുഖനായ അജിത് ജോഗി കോൺഗ്രസ് വിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി നേരിട്ട് ഇടപെട്ടുകൊണ്ട് അവിടെ കോൺഗ്രസ്സിന് പുതിയൊരു സംഘടന കെട്ടിപ്പടുക്കുകയായിരുന്നുവത്രേ. ആദിവാസി, ദലിത്, പിന്നോക്ക വിഭാഗങ്ങളുടെയും ഇടത്തരക്കാരുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ കഴിവുള്ള ഒരു നേതൃത്വനിരയാണ് അങ്ങിനെ വളര്‍ന്നു വന്നത്.
ഈ പുതിയ നേതൃത്വത്തിന്റെ പ്രവര്‍ത്തനമാണ് ചത്തീസ്ഗഡിൽ കോൺഗ്രസ്സിന് ആരും പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാക്കി കൊടുത്തതെന്ന് കാണാം. ജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയുന്ന ഒരു നേതൃനിരയെ ആണ് രാഹുല്‍ഗാന്ധി അവിടെ വളര്‍ത്തിക്കൊണ്ടു വന്നതെന്നര്ത്ഥം.
മറ്റു സംസ്ഥാനങ്ങളില്‍ ശക്തരായ നേതാക്കള്‍ തമ്മിലുള്ള അധികാര വടംവലികളെ നിയന്ത്രിക്കാന്‍ മാത്രമേ രാഹുല്‍ഗാന്ധിക്ക് കഴിയുമായിരുന്നു ള്ളൂ. അത് പരമാവധി ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. താന്താങ്ങളുടെ മേഖലകളില്‍ പിടിമുറുക്കി നില്ക്കുന്ന ഇത്തരം സംസ്ഥാനതല നേതാക്കള്‍ തങ്ങളുടെ പിടി അല്പമൊന്നു അയക്കാന്‍ പോലും തയ്യാറാവുകയില്ല. രാജസ്ഥാനില്‍ ബി ജെ പി മുഖ്യമന്ത്രിയും മുന്‍ രാജകുടുംബാംഗവുമായ വസുന്ധരരാജെ സിന്ധ്യക്കെതിരായ ജനവികാരം ഏറെ പ്രകടമായിരുന്നത് കൊണ്ട് 200-ല്‍ 140 സീറ്റ് വരെ കോൺഗ്രസിന് ലഭിക്കുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായി. എക്സിറ്റ്പോള്‍ പ്രവചനവുമുണ്ടായി. പക്ഷേ, കോൺഗ്രസിന് കിട്ടിയത് നൂറിന് തൊട്ടു താഴെ (99) സീറ്റുകളും. കോൺഗ്രസ്സിന്റെ പഴയ നേതാവ് അശോക് ഗെഹ് ലോട്ടും യുവ അധ്യക്ഷന്‍ സച്ചിന് പൈലറ്റും തമ്മിലുള്ള പോര് തന്നയാണ് ഈ അവസ്ഥക്ക് കാരണം. ബി.ജെ.പി. മുഖ്യമന്ത്രിക്കെതിരായ ജനവികാരം അത്ര ശക്തമായിരുന്നതു കൊണ്ടാണ് കോൺഗ്രസിന് കഷ്ടിച്ചായാലും അധികാരത്തിലെത്താന്‍ ആയത്.
മധ്യപ്രദേശിലെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ല. അവിടെ മൂന്ന് ശക്തരായ നേതാക്കന്മാരാണ് പോരടിക്കാന്‍ ഉണ്ടായിരുന്നത്. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, പഴയ തപ്പാനകളായ കമല്‍ നാഥ്, ദിഗ് വിജയ് സിങ് എന്നിവരാണവര്‍. ഉത്തരേന്ത്യയിലെ ബിജെപി കോട്ടയായിട്ടാണ് മധ്യപ്രദേശിനെ പൊതുവില്‍ കണക്കാക്കി വരുന്നത്. 230 സീറ്റുമുണ്ട്. അവിടെ വീണ്ടും കോൺഗ്രസിന് അധികാരത്തിലെത്താന്‍ ആവുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോന്ന കാര്യമാണ്. കോൺഗ്രസിന് 114 സീറ്റ് ഉറപ്പിച്ചതോടെ അത് സംഭവിക്കുകയും ചെയ്തു. ബി എസ് പി യുടെ രണ്ട് സീറ്റും എസ് പി.യുടെ ഒരു സീറ്റും വാഗ്ധാനം ചെയ്യപ്പെട്ടതോടെ ചിത്രം വ്യക്തമാവുകയും ചെയ്തു.
തെലുങ്കാനയില്‍ ആരംഭം മുതല്ക്കേ തെലുങ്കാനാ രൂപീകരണത്തെ ശക്തമായി എതിര്‍ത്തുപോന്ന ചന്ദ്രബാബുനായിഡുവുമായി കോൺഗ്രസ് സഖ്യമുണ്ടാക്കാന്‍ പോയത് രാഷ്ട്രീയമായി വലിയൊരു പാളിച്ച ആയിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അവിടെ അധികാരത്തിലെത്തിയ ടി ആര് എസ് ബി ജെ പി പക്ഷം ചേരാന്‍ സാദ്ധ്യത കുറവായത് കൊണ്ട് അഖിലേന്ത്യാതലത്തില്‍ അത് വലിയ പ്രശ്നം സൃഷ്ടിക്കുകയില്ല. മിസോറാമില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷിയാണ് അധികാരത്തില്‍ എത്തിയിട്ടുള്ളതെന്നതും മതേതര ജനാധിപത്യ ശക്തികള്‍ക്ക് ആശ്വാസകരമാണ്. എങ്കിലും വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നു കോൺഗ്രസ് പൂര്‍ണമായും നിഷ്ക്കാസിതമാവുന്നത് ഗൗരവമുള്ള അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നത് പൊതുവില്‍ ഉത്ക്കണ്ഠയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഏതായാലും ഈ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അന്തരീക്ഷം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. 2014-ല്‍ മോദി അധികാര ത്തില്‍ വന്നതിനു ശേഷം ഇനി തിരിച്ചുവരാനാകാത്തവിധം കോൺഗ്രസ് തകര്‍ന്നിരിക്കുന്നു എന്നും മോദിക്ക് എതിര് നില്ക്കാന് ശേഷിയുള്ള ഒരു നേതാവ് പെട്ടെന്നൊന്നും ഇന്ത്യയില്‍ ഉയര്‍ന്നു വരില്ലെന്നും ഉള്ള ധാരണ ആസൂത്രിതമായി സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ഉണ്ടായി. രാഹുല്‍ഗാന്ധി രാഷ്ട്രീയമായി നേതൃത്വകഴിവുകളോ ദൃഢനിശ്ചയമോ ഉള്ള ആളല്ലെന്നും പ്രച്ചരിപ്പിക്കപ്പെടുകയുണ്ടായി. ശതകോടികള്‍ ചെലവഴിച്ചു കൊണ്ടുള്ള മോദിയുടെ പ്രചരണ സംവിധാനങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന നിരീക്ഷണം തള്ളിക്കളയാനാവില്ല. ഇത്തരം ദുരുപദിഷ്ഠ മായ പ്രചരണ തന്ത്രങ്ങളാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലത്തോടു കൂടി തകര്‍ന്നു വീണിരിക്കുന്നത്. ഇന്ത്യന്‍ മതേതര ജനാധിപത്യത്തിനു അടിത്തറയൊരുക്കുകയും അതിനെ സംരക്ഷിച്ചു പോരുകയും ചെയ്തിട്ടുള്ള കോൺഗ്രസ് ഇപ്പോഴും ഈ സമൂഹത്തില്‍ വേരുറപ്പിച്ചു നില്ക്കുന്നു എന്നാണ് ഈ തിരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുന്നത്.
ചത്തീസ്ഗഡിൽ രാഹുല്‍ഗാന്ധി നടത്തിയതുപോലുള്ള ഒരു പുനഃസംഘടനാ പ്രവര്‍ത്തനം കോൺഗ്രസ്സിന്റെ ചരിത്രത്തില്‍ മറ്റാരെങ്കിലും നടത്തിയിട്ടു ണ്ടാവാന്‍ സാധ്യതയില്ല. ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന് വ്യക്തവും ശക്തവുമായ ഒരടിസ്ഥാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ഉറപ്പിച്ചെടു ക്കാനുള്ള ഒരു പദ്ധതിയുടെ തുടക്കമായി അതിനെ കാണുകയുമാവാം. മതേതര ജനാധിപത്യത്തെ തകര്‍ത്ത് ഇന്ത്യയെ ഒരു മതാധിഷ്ടിത രാഷ്ട്ര മാക്കാനുള്ള ഹിന്ദുത്വശക്തികളുടെ ഗൂഢനീക്കങ്ങള്‍ക്കുള്ള തുറന്നതും പ്രായോഗികവുമായ മറുപടിയായും ഇതിനെ കാണാവുന്നതാണ്.
ഏതാണ്ട് ഒരു വർഷം മുന്‍പ് ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് രാഹുല്‍ഗാന്ധി തന്റെ രാഷ്ട്രീയ ശൈലി വ്യക്തവും ശക്തവുമായ രീതിയില്‍ അവതരിപ്പിച്ചത്. മോദിയുടെ അക്രമോല്സുകമായ ശൈലിക്ക് ബദലായി രാഹുല്‍ഗാന്ധി പറഞ്ഞു, സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് തന്റേതെന്ന്. ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാണിത്. ഭിന്നവീക്ഷണങ്ങളോടുള്ള സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ മര്‍മ്മം. അനവധി ഭാഷകളും സംസ്കാരങ്ങളും മതങ്ങളും ജാതികളുമെല്ലാം കൊണ്ട് അങ്ങേയറ്റം വൈവിധ്യമാര്‍ന്ന സാമൂഹ്യ വിഭജനങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അക്രമത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം മോദിയും കൂട്ടരും നടപ്പിലാക്കികൊണ്ടിരി ക്കുമ്പോഴാണ് രാഹുല്‍ഗാന്ധി സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും രാഷ്ട്രീയം ഉറച്ച കാല്‍വെയ്പ്പുകളോടെ അവതരിപ്പിക്കുന്നത്. മതേതര ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പരിണാമങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കേണ്ടതുണ്ട്.
രാജസ്ഥാനിലെയും മധ്യപ്രദേശിലേയും ചത്തീസ്ഗഡിലെയും മറ്റും ബഹുഭൂരിപക്ഷം വരുന്ന കര്ഷകസമൂഹങ്ങളിലെ ഗണ്യവിഭാഗങ്ങളും അധികാരിവര്‍ഗങ്ങളുടെ നിലപാടുകള്‍ വിവേചനബുദ്ധിയോടെ തള്ളാനും കൊള്ളാനും കെല്പ്പുള്ളവരായിക്കൊണ്ടിരിക്കുന്നു എന്നാണു ഈ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. പ്രായോഗികാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ താരതമ്യേന ശരിയായ രാഷ്ട്രീയ തീരുമാനങ്ങളില്‍ എത്താന്‍ അവര്‍ക്ക് കഴിയുന്നു എന്നു തന്നെ മനസ്സിലാക്കേണ്ടിയിരിക്കു ന്നു. അതേ, ഇന്ത്യന്‍ ജനാധിപത്യം പക്വത നേടിക്കൊണ്ടിരിക്കുക തന്നെയാണ്.