വ്യക്തമായ രണ്ടു ചിത്രങ്ങൾ ഇപ്പോൾ നമുക്ക് മുന്നിൽ നിൽക്കുന്നു. ഒന്ന് പ്രജ്ഞാ സിങ്ങ് ഠാക്കൂർ ഭോപ്പാലിൽ നിന്ന് വലിയ ഭൂരിപക്ഷത്തോടെ ഇന്ത്യൻ പാർലമെന്റിലേക്കെത്തുന്ന ചിത്രം. രണ്ടാമത്തേത് ബിഹാറിലെ ബെഗുസറായ് മണ്ഡലത്തിൽ കനയ്യ കുമാർ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ചിത്രം. ഇവർ പ്രതിനിധാനം ചെയ്യുന്ന സാമൂഹികബോധത്തെപ്പറ്റി ചിന്തിച്ചു നോക്കുക. ഇവരുടെ രാഷ്ട്രീയത്തിനപ്പുറം ഈ രണ്ടു യുവനേതാക്കൾ മുന്നോട്ടു വെക്കുന്ന, തീർത്തും വിരുദ്ധമായ ജീവിതവീക്ഷണത്തെപ്പറ്റി ആലോചിച്ചാൽ ഈ തിരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയ ദുരന്തത്തിന്റെ ആഴം വ്യക്തമാവും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ പാർലമെന്റിൽ പ്രജ്ഞാ സിങ്ങുമാർ നിരന്നിരിക്കുമ്പോൾ ഈ നാട് എങ്ങോട്ട് എന്ന ചോദ്യം നമ്മളെ ഭയപ്പെടുത്തണം. ജനാധിപത്യത്തിന്റെ ഈ ദുരന്ത വിധി ഒരാഘാതമായാണ് ലോകം വീക്ഷിക്കുന്നുണ്ടാവുക. അതിനെ ആഴത്തിൽ മനസ്സിലാക്കാനുള്ള വകതിരിവ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷത്തിന് നഷ്ടമായിരിക്കുന്നു എന്നതിന് ഈ വിധിയെഴുത്തിനെക്കാൾ വലിയ തെളിവ് ആവശ്യമില്ല.
ജനാധിപത്യം അതിന്റെ വിധി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യ പുറകോട്ട് നടന്നാൽ മതി. യാഥാസ്ഥിതികത്വത്തിന്റെയും ഹിന്ദുവിശ്വാസത്തിന്റെയും ഭൂതകാലത്തിലേക്ക് ! കണക്കുകൾ പറയുന്നില്ല. കണക്കുകൾക്കപ്പുറത്ത് കാര്യങ്ങളെ കാണാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഈ വിധി ആവശ്യപ്പെടുന്നത്. ഇന്ത്യൻ നിലപാടുകളെ താറുമാറാക്കുന്ന വിധിയാണ് കണക്കുകൾ സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ ശാസ്ത്ര ബോധത്തിനും, സാമൂഹ്യ വീക്ഷണത്തിനും, ലോകവീക്ഷണത്തിനും ക്ഷതമേറ്റിരിക്കുന്നു. അതു കൊണ്ടാണ് ഇത് പുറകോട്ട് നടക്കലിനുള്ള വിധിയെഴുത്താണെന്ന് പറഞ്ഞത്.

ഹിന്ദു ദേശീയതയുടെ തിമിരം ബാധിച്ച് വിഭ്രാന്തിയിലകപ്പെട്ടു പോയ ഒരു ജനത ജനാധിപത്യത്തിലൂടെ നടത്തിയ വിനാശകരമായ ഒരിടപെടലാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സമൂഹത്തിന്റെ വികാസത്തിന് ഭംഗം വരുത്തുന്ന ഒരു വിധിയാണിത്.
ജനാധിപത്യം ഭരണകൂട നിർമ്മാണത്തിനു മാത്രമുള്ളതാണോ? തിരഞ്ഞെടുപ്പുകളിലൂടെ ഭരണകൂട നിർമ്മാണത്തിന് സാധ്യതയൊരുക്കുക എന്നതിനപ്പുറം ജനാധിപത്യത്തിന് ചില ധർമ്മങ്ങൾ നിറവേറ്റാനുണ്ട്. അത്തരമൊരു ശേഷി നമ്മുടെ ജനാധിപത്യത്തിന് നാളിതു വരെ നേടാനായിട്ടില്ല. അതു കൊണ്ടാണ് രാജ്യത്തിന്റെ സഹജസ്വഭാവത്തിന് ചേരാത്ത ഒരു ഭരണകൂടം രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുന്ന ഒരു സാഹചര്യം വന്നു പെട്ടത് .
ജനാധിപത്യ വിജയം അംഗീകരിക്കുമ്പോഴും അതു മുന്നോട്ടു വെക്കുന്ന സാമൂഹിക യാഥാർത്ഥ്യം ഞെട്ടിപ്പിക്കുന്നതാണ്. ഒരു സമൂഹമെന്ന നിലയിൽ ദൂരവ്യാപക ഫലങ്ങൾക്ക് വഴിയൊരുക്കുന്നതുമാണ്. മുകളിൽ സൂചിപ്പിച്ച ഭാരതീയ സ്വഭാവത്തിന് അനുയോജ്യവും അതിന്റെ ധാർമ്മികതയോട് ചേർന്നു നിൽക്കുന്നതും അതേ സമയം ആധുനികവുമായ ഒരു ഭരണഘടന നമ്മുടെ കരുത്തായി നില നികൊള്ളുന്നു. പുതിയ കാലത്ത് അതിന്റെ നിലനില്പ് അപകടത്തിലാവുമോ എന്ന് പലരും ഭയപ്പെടുന്നു. അത്തരമൊരു ഭയം തനിയെ ഉരുത്തിരിഞ്ഞു വന്നതല്ല. അതൊരു ബോധപൂർവ്വ സൃഷ്ടിയാണ്. അതിന്റെ രാഷ്ടീയ വിജയം കൂടിയാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നത്.
Read More: ഹിന്ദുവിൽ നിന്ന് ഹിന്ദുത്വവാദിയിലേക്ക്

മൃദുവർഗീയതയുടെ വിജയം കൂടിയാണിത്. ഹിന്ദുക്കളെ ഏതോ അപായസൂചനയുടെ കെണിയിലകപ്പെടുത്തി ഹിന്ദുത്വം നേടിയ മേൽക്കോയ്മ. ഇതിന്റെ രാഷ്ടീയ മാനത്തെ ഉൾക്കൊള്ളുന്നതിലും ഇതിന്റെ വികരണത്തിന്റെ തോത് തിരിച്ചറിയുന്നതിലും കോൺഗ്രസ്സ് ഉൾപ്പടെയുടെ ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടു. അവർ ഈ പ്രഹേളികയെ തിരഞ്ഞെടുപ്പ് ഗോദയിൽ നേരിടാമെന്ന മൗഢ്യത്തിലായിരുന്നു. അതിന്റെ പരിണതഫലമാണ് പ്രതിപക്ഷത്തിന്റെ ഈ വൻപരാജയം.
ഹിന്ദുവിനെ ഹിന്ദുത്വവാദിയിൽ നിന്ന് അകറ്റി നിർത്തുക എന്ന വലിയ ദൗത്യം സമയോചിതമായി ഏറ്റെടുക്കാൻ സെക്കുലറിസത്തിന്റെ അപ്പോസ്തലന്മാർക്ക് സാധിച്ചില്ല. നമ്മൾ വൈകിപ്പോയി എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ ഒരു രാഷ്ട്രം കീഴ്മേൽ മറിയുകയാണ്. ഇനിയും ജാഗരൂകരായി ഇന്ത്യൻ ജനതയെ ബോധവൽക്കരിക്കുകയും ജനങ്ങളുടെ പ്രതിരോധത്തിലൂടെ വരാനിരിക്കുന്ന ഭവിഷ്യത്തുക്കളിൽ നിന്ന് രക്ഷിക്കുകയും വേണം. അതാണ് ജനാധിപത്യപരമായ കടമ. തിരഞ്ഞെടുപ്പുകൾക്കപ്പുറമുള്ള ജനാധിപത്യ പ്രക്രിയ. അതിലൂടെ മാത്രമെ ഹിന്ദുത്വത്തെ പിടിച്ചുകെട്ടാനാകൂ. അതിൽ നമ്മൾ പരാജപ്പെട്ടുകൂടാ. ഭാരതീയ സംസ്കാരത്തിന്റെ അവസാനം കുറിക്കലായി അത് മാറും. അന്ധന്മാർ എഴുന്നള്ളിക്കുന്ന ഒരാനയാണ് ഹിന്ദുത്വം. അതിന്റെ പുറകെയാണ് മതാന്ധത ബാധിച്ച ഇന്ത്യൻ ജനത.

തിരഞ്ഞെടുപ്പുകൾക്കപ്പുറമുള്ള ജീവിതത്തെ, രാഷ്ടീയത്തിനപ്പുറമുള്ള ജീവിതത്തെ നിർണ്ണയിക്കുന്ന, അതിന് ദിശാബോധം നൽകുന്ന ഒന്നായിരിക്കണം നമ്മുടെ ജനാധിപത്യം. അതിന്റെ മരണ മൊഴിയായി ഈ ജനവിധി മാറാതിരിക്കട്ടെ.
ഒന്നു മാത്രം ഒർമ്മിപ്പിക്കാം … കരുതലോടെയിരിക്കണം. പാഠങ്ങൾ പലതും പഠിക്കാനുണ്ട്. ജനവിധികൾക്കുള്ള സാധ്യത നിലനിർത്തുക. ജനങ്ങളെ പിടികൂടിയിരിക്കുന്ന ദേശസ്നേഹമെന്ന തിമിരത്തെ അടുത്തറിഞ്ഞ് ചികിത്സിക്കുക. നമുക്കും യാത്ര മുന്നോട്ടേക്കാക്കേണ്ടതുണ്ട്. അവസാനത്തെ ചിരിയ്ക്കൊന്നും സമയമായിട്ടില്ല. ഈ പ്രതിസന്ധിയെ എത്രയും വേഗം മറികടക്കേണ്ടതുണ്ട്. അനൈക്യവൈകൃതമാണ് ഇന്ത്യൻ പ്രതിപക്ഷത്തിന്റെ മുന്നിലെ ആദ്യ വെല്ലുവിളി.
Read More: തിരഞ്ഞെടുപ്പ് ഫലം അഖിലേന്ത്യാതലത്തില്‍ ഒരു മോദി തരംഗത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയാം. പക്ഷേ കേരളത്തില്‍ ആ തരംഗം അല്‍പ്പം പോലും സ്വാധീനിച്ചില്ലെന്നും കാണാം… കെ വേണു എഴുതുന്നു, മോദി തരംഗം കേരളത്തില്‍ ചലനമുണ്ടാക്കിയില്ല